Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അമ്മ കാത്തിരിക്കുന്നു; മകളുടെ എഴുത്തിന്

arundhathi0

എന്നെ വളർത്തി വലുതാക്കിയ, സംസാരത്തിനിടെ ശല്യപ്പെടുത്തും മുൻപ് ‘എക്‌സ്‌ക്യൂസ് മി’ എന്നു പറയാൻ പഠിപ്പിച്ച, സ്വന്തം ഇഷ്‌ടത്തിനു പോകാനനുവദിക്കാൻ മാത്രം വാൽസല്യത്തോടെ എന്നെ സ്‌നേഹിച്ച എന്റെ അമ്മ മേരി റോയിക്ക്...’ ദ് ഗോഡ് ഓഫ് സ്‌മോൾ തിങ്‌സിന്റെ സമർപ്പണ വാചകങ്ങളാണിത് കോട്ടയത്തെയും അയ്മനത്തെയും ലോകസാഹിത്യ ഭൂപടത്തിൽ അടയാളപ്പെടുത്തിയ ആദ്യ നോവൽ ‘ഗോഡ് ഓഫ് സ്മോൾ തിങ്സ്’ അരുന്ധതി റോയി സമർപ്പിച്ചത് അമ്മ മേരി റോയിക്കാണ്. ആക്ടിവിസത്തിന്റെയും രാഷ്ട്രീയ എഴുത്തിന്റെയും 20 വർഷത്തിനുശേഷം അരുന്ധതിയുടെ രണ്ടാം നോവൽ ‘ദ് മിനിസ്ട്രി ഓഫ് അറ്റ്മോസ്റ്റ് ഹാപ്പിനെസ്’ പുറത്തിറങ്ങുമ്പോൾ മേരി റോയിക്കു വലിയ സന്തോഷം. പ്രായത്തിന്റെ അവശതകൾക്കിടയിലും നോവൽ വായിച്ചുതീർക്കാൻ തിടുക്കം. 

പുതിയ നോവൽ അരുന്ധതി അയച്ചുതരാമെന്നു പറ‍ഞ്ഞിട്ടുണ്ട്. കോപ്പി വരാൻ കാത്തിരിക്കുകയാണ് മേരി റോയി. പുതിയ പുസ്തകവുമായി ബന്ധപ്പെട്ട യാത്രകളുമായി എഴുത്തുകാരിക്ക് ഇതു തിരക്കുപിടിച്ച കാലം. സ്കൂൾ കാലംമുതൽ മകളുടെ എഴുത്തിന് എന്തൊരു തെളിച്ചമെന്നു തിരിച്ചറിഞ്ഞയാൾ പ്രിൻസിപ്പലായിരുന്ന അമ്മ തന്നെ.

അമ്മയുമായി പിണങ്ങി ഡൽഹിക്കുപോയ പെൺകുട്ടി ആർക്കിടെക്ചർ പഠനവും കഴിഞ്ഞു പ്രണയവും ദാരിദ്ര്യവും സിനിമയും തിരക്കഥയെഴുത്തുമായി അലഞ്ഞുതിരിയുമ്പോൾ, മേരിയുടെ വാൽസല്യം ഒരു കാവൽമാലാഖയെപ്പോലെ കൂട്ടിനുണ്ടായിരുന്നു. അമ്മയും താനും രണ്ട് ആണവരാഷ്ട്രങ്ങളെപ്പോലെയാണെന്നു ചിലപ്പോഴൊക്കെ തോന്നുമെങ്കിലും സ്നേഹവും ആദരവും മാത്രമാണു തനിക്കുള്ളതെന്ന് അരുന്ധതി പറഞ്ഞിട്ടുണ്ട്. അമ്മയെപ്പോലെ പോരാളിയാകാൻ തനിക്കൊരിക്കലും കഴിഞ്ഞിട്ടില്ലെന്നും. 

ഡൽഹിയും കശ്മീരുമാണ് അരുന്ധതിയുടെ പുതിയ നോവലിൽ. ഡൽഹിയെ അതിന്റെ എല്ലാ പോരായ്മകളോടും കൂടി സ്നേഹിക്കുന്ന എഴുത്തുകാരി പുതിയ പുസ്തകത്തിൽ ആ നഗരത്തെ അതിന്റെ ആത്മാവ് കാണുവോളം തുറന്നിട്ടിരിക്കുന്നു. എഴുത്തിന്റെ ഒഴുക്കിൽ സംഭവിച്ചുപോകുന്ന മനഃപൂർവമോ കരുതിക്കൂട്ടിയുള്ളതോ ആയ ആത്മാംശം പലയിടത്തുമുണ്ട്. ഗോഡ് ഓഫ് സ്മോൾ തിങ്സിൽ അരുന്ധതിയുടെ ആത്മകഥാംശം തിരഞ്ഞുപോയവർക്ക് ‘മിനിസ്ട്രി’യിലെ കഥാപാത്രങ്ങളുടെയും മാതൃക തേടിപ്പോകാം. അതു പക്ഷേ, പാഴ്ശ്രമമാകുമെന്ന് എഴുത്തുകാരി ഇപ്പോഴേ പറയുന്നു.