Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അരുന്ധതി റോയിയുടെ ' ദ മിനിസ്ട്രി ഓഫ് അറ്റ്മോസ്റ്റ് ഹാപ്പിനസ് ' വീണ്ടും വായിക്കണോ?

arundhathi0

ഒരു കൃതി എത്ര ആവർത്തി വായിക്കും? ചില പുസ്തകങ്ങൾ വായിച്ചടയ്ക്കുമ്പോൾ അതിന്റെ ആത്മാവിലൂടെ ഒരാവർത്തികൂടി കടന്നു പോകാൻ തോന്നാറില്ലേ? വായിച്ചു മടക്കി നാളുകൾക്ക് ശേഷം ചില പുസ്തകങ്ങൾ വീണ്ടും നമ്മെ തിരിച്ചുവിളിക്കാറില്ലെ. ഇത്തരം പുനർവായനകളിൽ പലപ്പോഴും സമയം ഒരു വില്ലനായി കടന്നുവരാറുണ്ട്. മറ്റൊരു പുതിയ പുസ്തകത്തിന്റെ വായനയ്ക്കുള്ള സമയത്തെ പുനർവായനകൾ അപഹരിക്കാറുമുണ്ട്. വായിച്ച കൃതികളുടെ ഓരോ അധ്യായങ്ങളുടെയും പ്രധാന സംഭവങ്ങളിലൂടെ മാത്രം കടന്നുപോകാൻ എളുപ്പമാർഗങ്ങളെന്തെങ്കിലുമുണ്ടെങ്കിൽ നല്ലതല്ലേ?

പല ആവർത്തി വായന ആവശ്യപ്പെടുന്ന പുസ്തകമാണ് അരുന്ധതി റോയ്‌യുടെ ദ മിനിസ്ട്രി ഓഫ് അറ്റ്മോസ്റ്റ് ഹാപ്പിനസ് എന്ന പുസ്തകം. പുസ്തകം പറഞ്ഞുവെച്ച രാഷ്ട്രീയം ഇനിയും നാളുകളോളം പ്രസക്തമാണ് എന്നതു തന്നെ കാരണം. ഇരുപതു വർഷങ്ങൾക്കുശേഷം പുറത്തിറങ്ങിയ അരുന്ധതിയുടെ പുതിയ നോവലിനെ വായനാലോകം ഇരുകൈകളും നീട്ടി സ്വീകരിച്ചു കഴിഞ്ഞു. അരുന്ധതിയുടെ എഴുത്തിനെയും രാഷ്ട്രീയത്തെയും സ്നേഹിക്കുന്നവരൊക്കെ ഓരാവർത്തി പുസ്തകം വായിച്ചും കഴിഞ്ഞു. വീണ്ടും പുസ്തകം വായിക്കാൻ ആഗ്രഹിക്കുകയും സമയപരിമിതികാരണം വായന നടക്കാതെ പോവുകയും ചെയ്യുന്നുവെങ്കിൽ നിങ്ങൾക്ക് ദ മിനിസ്ട്രി ഓഫ് അറ്റ് മോസ്റ്റ് റീ റീഡർ വെബ്പേജ് പരീക്ഷിക്കാം. 

www.theministryofutmosthappiness.com എന്ന് തിരഞ്ഞാൽ ദ മിനിസ്ട്രി ഓഫ് അറ്റ്മോസ്റ്റ് ഹാപ്പിനസ് റീ റീഡർ പേജിൽ എത്താം. ഓരോ അധ്യായത്തിന്റെയും പ്രധാനഭാഗങ്ങൾ നിങ്ങൾക്ക് ആനിമേഷന്റെയും ചിത്രങ്ങളുടെയും അകമ്പടിയോടെ റീ റീഡറിൽ വീണ്ടും വായിക്കാം. നോവൽ മുമ്പ് വായിച്ചിട്ടുള്ളവർക്ക് നോവലിലൂടെ ഒരിക്കൽ കൂടി സഞ്ചരിക്കാനും, നോവൽ ഇതുവരെ വായിച്ചിട്ടില്ലാത്തവർക്ക് നോവലിന്റെ ഏകദേശം രൂപം മനസ്സിലാക്കാനും ഇത് സഹായകമാണ്. നോവലിന്റെ പ്രധാനഭാഗങ്ങൾ നോവലിസ്റ്റിന്റെ ശബ്ദത്തിലും ഭാവത്തിലും വായിച്ചു കേൾക്കാം. കഥയുടെയും കഥാപാത്രങ്ങളുടെയും ജീവിതപരിസരങ്ങളുടെ ദൃശ്യങ്ങൾ ഉൾപ്പെടുന്ന ചലചിത്രരൂപത്തിലുള്ള നോവലിന്റെ പ്രധാനഭാഗങ്ങളുടെ അവതരണവും റീ റീഡറിൽ ലഭ്യമാണ്. അരുന്ധതി റോയിയുടെ ശബ്ദത്തിലുള്ള അവതരണവും കഥ നടക്കുന്ന പരിസരങ്ങളുടെ‍ ദൃശ്യ അവതരണങ്ങളും റീറീഡറിനെ കൂടുതൽ ശ്രദ്ധേയമാക്കുന്നു.