യന്ത്രങ്ങൾ പ്രവർത്തിക്കുന്നതിന്റെ ശബ്ദം ശ്രദ്ധിച്ചിട്ടുണ്ടോ? പതിഞ്ഞതാളത്തിന് യോജിക്കുന്ന വിധം ഒരു വാക്ക് മനസ്സിൽ സങ്കൽപിച്ചാൽ യന്ത്രം തുടർച്ചയായി ആ പദം വിളിച്ചു പറഞ്ഞു കൊണ്ടിരിക്കുന്നതായി തോന്നും. ഇത്തരം സങ്കൽപങ്ങളിലൂടെ അത്രസന്തോഷകരമല്ലാത്ത നിമിഷങ്ങളെ രസകരമായി അവതരപ്പിക്കുകയാണ് കഥാകൃത്ത് പ്രിയ എ.എസ്.
എംആർഐ സ്കാനിംഗ് അനുഭവമാണ് ഫെയ്സ്ബുക്ക് കുറിപ്പിലൂടെ പ്രിയ എ.എസ് പങ്ക് വയ്ക്കുന്നത്. ആശുപത്രി അനുഭവ പരിസരങ്ങൾ പ്രിയയുടെ എഴുത്തിൽ കടന്നുവരുന്നത് ഇത് ആദ്യമല്ല. സമൂഹത്തിൽ നടക്കുന്നതെന്തും അറിയുന്ന സ്കാനിങ് മെഷീൻ പേയ്ടിഎം, ദിലീപ് എന്നൊക്കെ വിളിച്ചുപറയുന്നതായി കഥകാരി സങ്കൽപിക്കുന്നു. കഥപോലെ മനോഹരമായ പ്രിയ എ.എസിന്റെ ഫെയ്സ്ബുക്ക് കുറിപ്പ് ഇങ്ങനെ–
'രണ്ടു ദിവസം മുൻപ് വീണ്ടും MRI Scan. ഇത്തവണ ആദ്യം മെഷീൻ നീണ്ട കുരവയിട്ടു. പിന്നെ ഓരോരോ ശബ്ദങ്ങൾ. എല്ലാം ഞാൻ ചിരിച്ചു കൊണ്ട് വിവർത്തനം ചെയ്തു കൊണ്ടേയിരുന്നു. പതിവുപോലെ കുറേ തവണ ഇട്ടി, ഇട്ടി എന്നു പറഞ്ഞു. പിന്നെ വട്ടം, വട്ടം, മൊത്തത്തിൽ വട്ടം എന്ന് നിർത്താതെ പറഞ്ഞു. പിന്നെ പറഞ്ഞത് paytm, paytm എന്നാണ്. ഇടയ്ക്ക് ദിലീപ്, ദിലീപ് എന്നായി കിഞ്ചന വർത്തമാനം. ചുറ്റും നടക്കുന്നതൊക്കെ MRI മെഷീൻ അറിയുന്നുണ്ടെന്നു സാരം. (എത്രയോ തരക്കാരാണ് അതിനുള്ളിലേക്ക് വരുന്നതും പോകുന്നതും' അപ്പോപ്പിന്നെ ലോക പരിചയം ഉണ്ടാവാതെ തരമില്ലല്ലോ.). പിന്നെയും ഒരു പാട് രസമുള്ള കാര്യങ്ങൾ അത് പറഞ്ഞു. ഉറക്കത്തിനും ഉണർവ്വിനും നടുവിലെ ഒരു മോഹന - അവസ്ഥ വന്നെന്നെ പൊതിയും ആ യന്ത്ര ടണലിൽ കിടക്കുന്ന നേരം. അന്നേരമതിന്റെ പുലമ്പലുകളിൽ രസിച്ചാണ് കിടക്കാറെങ്കിലും പിന്നെ ഓർത്തുനോക്കുമ്പോൾ പലതും കിട്ടാറില്ല. മയക്കം മായുന്നതിനോടൊപ്പം പുലമ്പലുകളെച്ചൊല്ലിയുള്ള ഓർമ്മയും നേർത്തു വരും. അതറിയാവുന്നതുകൊണ്ട്, യന്ത്രവാക്കു രസങ്ങൾ ആ തുരങ്കത്തിൽ കിടന്നു കൊണ്ട് കുറിച്ചു വയ്ക്കാൻ ഒരു കടലാസും പേനയും തരാമോന്ന് ആരോടേലും ചോദിക്കാൻ തോന്നിപ്പോയി. (അനങ്ങരുത് ഒരു തരി പോലും എന്നു പറഞ്ഞാണ് അതിനകത്തേക്ക് കിടത്തുന്നതെന്നും കൈ, തല ഇതൊന്നും അനക്കാതിരിക്കാനുള്ള സംവിധാനങ്ങളോടെയാണ് MRI ശയ്യ എന്നും ഉള്ള വ്യക്തമായ ബോധത്തോടെ ഒരു ചുമ്മാ സ്വപ്നച്ചോദ്യം..) ഏതു ശരശയ്യയിൽ കിടക്കുമ്പോഴും ഏതു സ്വപ്നാടനത്തിലായിരിക്കുമ്പോഴും എഴുതിക്കൊണ്ടേയിരിക്കണം എന്നല്ലാതെ ഒരെഴുത്തുകാരി പിന്നെന്തു മോഹിക്കാൻ?'