എണ്ണിയെണ്ണി പറയാൻ കഴിയുന്ന ഭൗതികനേട്ടങ്ങളെല്ലാം സ്വന്തമാക്കിയ മലയാളി അതോടൊപ്പം കൈവരിക്കേണ്ടിയിരുന്ന മാനസികവളർച്ച പല കാര്യത്തിലും നേടിയെടുത്തിട്ടുണ്ടോ? സംശയമാണ്. ദിനംപ്രതി നാം ഇടുങ്ങിയ മനോഗതിക്കാരാവുകയല്ലേ ?
കഴിഞ്ഞ ദിവസം ‘പൊന്മുട്ടയിടുന്ന താറാവ്’ എന്ന സിനിമ കണ്ടു. അതിലെ ഗ്രാമം കേരളത്തിലെമ്പാടുമുള്ള ഗ്രാമമായിരുന്നു. കമ്യൂണിസവും കോൺഗ്രസിസവും മാവോയിസവും ഹൈന്ദവികതയും ഇസ്‌ലാമികതയും ക്രൈസ്തവതയുമെല്ലാം ഇടകലർന്നുകിടന്നിരുന്ന കേരളം. അതുണ്ടാക്കിയെടുത്തതോ ദേശീയപ്രസ്ഥാനങ്ങളും കമ്യൂണിസവും കലയും നവോത്ഥാന പുരോഗമന യുക്തിവാദ ശാസ്‌ത്രസംഘങ്ങളും കൂടിച്ചേർന്നാണ്. അന്നു പൊട്ടിച്ചിരിക്കുന്ന, പൊട്ടിച്ചിരിപ്പിക്കുന്ന, സംവാദം നടത്തുന്ന, വിശകലനം നടത്തുന്ന മനുഷ്യരായിരുന്നു ചുറ്റിനും. തമാശ കേട്ടാൽ ആർക്കുമന്നു ഹൃദയം തകരുമായിരുന്നില്ല, വികാരം വ്രണപ്പെടുമായിരുന്നില്ല. ഇന്നു പൊട്ടിക്കരയിപ്പിക്കുന്ന പെട്ടിക്കുള്ളിലെ മനുഷ്യരുടേതായി കേരളം. വീർപ്പടക്കി നിൽക്കുന്ന ആ പെട്ടി വീടുകളാണ്. ‘ഇന്റർനാഷനൽ ചളി യൂണിയനുകൾ’ക്ക് നിത്യപ്പൂരത്തിനുള്ള ആക്ഷേപഹാസ്യപടക്കങ്ങൾ ഇട്ടുകൊടുക്കുന്നവരായി മലയാളിയും കലാ സാംസ്കാരിക, രാഷ്‌ട്രീയ, മാധ്യമ മുഖങ്ങളും മാറി. അവിടേക്കാണു ചിങ്ങം പുലരുന്നത്. കമ്യൂണിസമില്ലാത്ത, കോൺഗ്രസിസമില്ലാത്ത, കൺസ്യൂമറിസവും ജാതിരാഷ്‌ട്രീയവും മാത്രമുള്ള കേരളത്തിലേക്ക്.
ഓണം ഹിന്ദുക്കളുടെ മാത്രം ആഘോഷമായ കേരളമാണിപ്പോഴുള്ളത്. ചിങ്ങം ഒന്നായാലും പത്തായാലും ചിക്കൻ വാങ്ങണമെന്നാലോചിക്കുന്ന വിധത്തിൽ ഗതികെട്ട പരിണാമത്തിലകപ്പെട്ട പച്ചിലക്കീറിലെ തോറ്റ ജനതയാണു നാം. ഈ സന്ദർഭത്തിൽ പൊട്ടിക്കരയാനല്ലാതെ പൊട്ടിച്ചിരിക്കാനോ സഹോദരനെ കെട്ടിപ്പിടിക്കാനോ കഴിയാത്തവിധത്തിലായി പല കാര്യങ്ങളും.
ആരാണ് മലയാളിയെ മാറ്റിയത്? തീർച്ചയായും ആഗോളവൽക്കരണവും ഉദാരവൽക്കരണവും നവമുതലാളിത്തവും കൂടിച്ചേർന്ന് എറിഞ്ഞുകൊടുത്ത പുത്തൻ പണത്തിന്റെ സംസ്കാരമാണ് മാറ്റത്തിന്റെ അടിസ്ഥാനകാരണമെന്നു മനസ്സിലാക്കാം. വിദ്യാഭ്യാസനിലവാരം വർധിച്ചു, തൊഴിൽമേഖല വിപുലമായി, രാജ്യാന്തരവിപണിയിലെ ആധുനിക വാർത്താവിനിമയസൗകര്യങ്ങൾ കൈപ്പിടിയിലായി, ആഴ്‌ചയ്‌ക്കാഴ്‌ചയ്‌ക്കു ഫോണും കാറും ഉടയാടകളും ജോലിയും മാറ്റുന്ന മലയാളി കരുത്തനായ ഉപഭോക്താവായി. അപ്പോൾ മനസ്സിലേക്കു ജാതിബോധം തിരികെ വന്നു. മതബോധം കരുത്താർജിച്ചു. ദേവാലയങ്ങൾ ദൈവങ്ങളില്ലാത്തതും പുരോഹിതന്മാർ തിങ്ങുന്നതുമായ പണമാളികകളായി. അടുക്കളയിൽനിന്നു പുറത്തെത്തിയ സ്‌ത്രീ തനിക്കുചുറ്റും പുത്തൻ സദാചാരമതിലുകളുയരുന്നതു കണ്ട് അമ്പരക്കുന്നു. പുതിയ ‘ആങ്ങളമാർ’ തെരുവു കയ്യടക്കുന്നു. വിവാഹം പണത്തിന്റെ കൂത്താട്ടവേദികളായി. സാമ്പത്തികമായി മാത്രമല്ല, മാനുഷികമായും പാവങ്ങളില്ലാതായി. മനസ്സിൽ പാവത്തമുള്ളവർ പരിഹസിക്കപ്പെടേണ്ടവരായി. മനസ്സിലെ നന്മ പോയി. മതനിരപേക്ഷത പോയി. ആഘോഷങ്ങൾ തൽപരകക്ഷികളുടെ ബ്രാൻഡുകളിലായി. നമ്മൾ പാതിയിലധികം യന്ത്രഭാഗങ്ങളായി. പേസ്‌മേക്കറായും ഫെയ്സ്‌ബുക്കായും വാട്‌സാപ്പായും ‘ആപ്പു’കളായും ‘പാര’കളായും നാം പരസ്‌പരം മത്സരിക്കുന്ന വിധത്തിലായി.
ഇന്ന്, ഉന്നതവിദ്യാഭ്യാസത്തിനും ആശുപത്രിവാസത്തിനും കാർ–വീട് ലോണുകൾക്കും തീറെഴുതി നൽകിയ ജീവിതവുമായി ആജീവനാന്ത കടക്കാരനായി മാറിയ മലയാളി അഭിമാനത്തോടെ പറയുന്നു, കയ്യിലുള്ളതെല്ലാം സ്വന്തമാണെന്ന്! ചുവപ്പു മങ്ങി കാവിയാകുന്ന കേരളത്തിൽ പ്രത്യാശ നഷ്‌ടപ്പെടുത്താതെ ജീവിക്കാൻ കഷ്‌ടപ്പെടുകയാണു വിരലിലെണ്ണാവുന്ന വിധത്തിൽ ചുരുങ്ങിവരുന്ന മാനവികബോധമുള്ള മലയാളികൾ. തിരിച്ചറിയേണ്ടത് അതാണ്. തിരിച്ചുപിടിക്കേണ്ടതും അവരെയാണ്.