മലയോര നാടും കുടിയേറ്റ ചരിത്രവും പലപ്പോഴും ചർച്ചയ്ക്കു വരുന്നത് കൈയ്യേറ്റ കഥകളുടെ അകമ്പടിയോടെയാണ്. കുടിയേറ്റങ്ങൾ കൈയ്യേറ്റങ്ങളായി മാറുന്നതിനിടയിൽ ഒരു ജനതയുടെ ജീവിതത്തിന്റെയും അതിജീവനത്തിന്റെയും ചരിത്രമുണ്ട്. വളർന്നു വന്ന പരിസരങ്ങളിൽ നിന്ന് തികച്ചും വ്യത്യസ്തമായ മറ്റൊരു പരിസരത്ത് പറിച്ചുനടപ്പെട്ട ഒരു ചെടി പുതിയസാഹചര്യങ്ങൾക്കൊത്ത് പാകപ്പെടുന്ന പോലെ കുറച്ചുനാൾ മുരടിച്ചും നരകിച്ചും, അനുഭവങ്ങളിൽ നിന്നും സാഹചര്യങ്ങളിൽ നിന്നും കൂടുതൽ ശക്തരായ കുറെയേറെ മനുഷ്യരുടെ ജീവിത കഥ. ചരിത്രത്തിന്റെയും സമൂഹത്തിന്റെയും ഭാഗമായിരുന്നിട്ടു പോലും അവരുടെ ജീവിതങ്ങളും ജീവിത പരിസരങ്ങളും മലയാള സാഹിത്യത്തിൽ വിരളമാണ്.
മണ്ണിനോട്, കാടിനോട് മല്ലിട്ട് ജീവിതത്തിന് അടിത്തറപാകാൻ ശ്രമിച്ച ഒരു ജനതയുടെ പിൻതലമുറ, കണ്ണീരിലും വിയർപ്പിലും നനഞ്ഞ് നിശ്ചയദാർഢ്യത്തിൽ ഉറച്ച ആ അടിത്തറയിൽ കാലുകുത്തി നിന്ന് ചിന്തിക്കാനും സ്വപ്നം കാണാനും ജീവിതത്തിന്റെ പലമേഖലകളിൽ സ്വയം അടയാളപ്പെടുത്താനും തുടങ്ങിയിട്ട് അധികകാലം ആയിട്ടില്ല. മലയാള സാഹിത്യത്തിൽ കുടിയേറ്റത്തിന്റെയും, മലയോര ഭൂപ്രകൃതിയുടെയും അടയാളപ്പെടുത്തലാവുന്നുണ്ട് അബിൻ ജോസഫിന്റെയും, വിനോയ് തോമസിന്റെയും കഥകൾ. ആ കഥകളിൽ നിങ്ങൾക്ക് കാടു കാണാം. കാടുപോലെ നിഷ്കളങ്കമായ, കാടു പോലെ വന്യമായ, കാടുപോലെ നിഗൂഢമായ, കാടുപോലെ ക്രൂരമായ ചില ജീവിതാനുഭവങ്ങളിൽ പങ്ക് പറ്റാം. കാടിന്റെ കരുത്തുണ്ട് ആ കഥാപാത്രങ്ങൾക്ക്.
സാഹചര്യങ്ങളുടെ സമ്മർദ്ദത്തിൽ നടക്കുന്ന മൂന്ന് കൊലപാതകങ്ങളുടെ കഥയാണ് അബിൻ ജോസഫിന്റെ അരിവാൾ ചുറ്റിക നക്ഷത്രം. കൊല്ലപ്പെടുന്നത് മൂന്ന് ആണുങ്ങൾ. തന്റെ വ്യക്തി ജീവിതത്തിന്റെ ഗതി കീഴ്മേൽ മറിച്ച ഭർത്താവിനെ ഭാര്യ തന്നെ ഇല്ലാതാക്കുന്നു എന്നതാണ് പല നാടുകളിൽ പല നാളുകളിൽ നടന്ന ആ മൂന്ന് കൊലപാതകങ്ങളുടെ പൊതു സവിശേഷത. ജീവിതത്തിലെ ഒരു വഴിത്തിരിവിൽ ഒറ്റയ്ക്കായിപ്പോയ ആ സ്ത്രീകൾ മറ്റേതോ വഴിത്തിരിവുകളിൽ വച്ച് പരസ്പരം കണ്ടുമുട്ടുന്നു. ഒരറ്റത്ത് തുടങ്ങി ക്രമേണ വളർന്ന് വികസിച്ച് മറ്റൊരറ്റത്ത് അവസാനിക്കുന്ന കഥന രീതിയല്ല ഈ കഥയുടേത്. പല സന്ദർഭങ്ങളിൽ പല ഇടങ്ങളിൽ നടക്കുന്ന കഥകളെ കഥാകൃത്ത് നാലു ഭാഗങ്ങളിലായി കോർത്തിണക്കുന്നു. സംഭവങ്ങളുടെ കാലഗണനയെ അക്കങ്ങളിലൂടെ അടയാളപ്പെടുത്തുമ്പോൾ കഥാഘടനിയിൽ പലകാലങ്ങളിലെ സംഭവങ്ങൾ തിരിഞ്ഞും മറിഞ്ഞും വരുന്നു. ഏത് ക്രമത്തിൽ വായിക്കണമെന്ന് വായനക്കാരന് തീരുമാനിക്കാം. കഥയെക്കാൾ ഒരു പിടി മുന്നിൽ തന്നെയാണ് കഥാപാത്രങ്ങളും, കഥയുടെ പശ്ചാത്തല ഭൂപ്രകൃതിയും.
ഹൈറേഞ്ചും മലബാറും
അബിൻ കഥയിൽ വരച്ചിടുന്ന ബൈസൺബാലി, കട്ടപ്പന, തുടങ്ങിയ ഇടുക്കി ജില്ലയിലെ ഭൂപ്രദേശങ്ങളും, കീഴ്പ്പള്ളി, ഇരട്ടി, ആറളം തുടങ്ങിയ കണ്ണൂർ ജില്ലയിൽ ഉൾപ്പെടുന്ന ഭൂപ്രദേശങ്ങളും കുടിയേറ്റ പ്രദേശങ്ങളാണ്. മധ്യകേരളത്തിൽ നിന്ന് ഒരുകാലത്ത് ഹൈറേഞ്ചിനും മലബാറിനും കുടിയേറിയ ജനതയുടെ ജീവിതരീതികളും സംസ്കാരവും സാഹചര്യത്തിന് അനുസരിച്ച് രൂപപ്പെട്ട് വന്നതാണ്. പ്രതികൂല സഹചര്യങ്ങളോടു പൊരുതിയുള്ള അവരുടെ അതിജീവനത്തിന്റെ കഥകളിൽ തൂമ്പകൊണ്ട് മണ്ണിൽ കിളയ്ക്കേണ്ടി വന്ന, കോടാലി കൊണ്ട് മരം മുറിക്കേണ്ടി വന്ന, അതുമല്ലെങ്കിൽ ആണനുവാദത്തിന് കാക്കാതെ എതിരെ ചീറ്റിയ കാട്ടു മൃഗത്തെ കീഴ്പ്പെടുത്തേണ്ടി വന്ന സ്ത്രീകളുടെ കഥകൾ കുറവല്ല. അതിജീവിതത്തിനായി പൊരുതുന്ന മൂന്ന് സ്ത്രീകളുടെ കഥ പറയുവാൻ കഥാകൃത്ത് തിരഞ്ഞെടുത്ത പശ്ചാത്തലവും ഭൂപ്രകൃതിയും കഥയെക്കാൾ ഒരു പിടി മുന്നിൽ എത്തിയെങ്കിൽ അതിനു കാരണവും മറ്റൊന്നല്ല. കഥയിൽ പേരുപറഞ്ഞ് കോറിയിട്ട ഭൂപ്രദേശങ്ങളോട് പൂർണ്ണമായി നീതി പുലർത്താൻ കഥാകൃത്തിന് കഴിഞ്ഞു. ബ്ലൗസിന് മുകളിൽ ഷർട്ടിട്ട് പറമ്പിൽ കിളയ്ക്കുന്ന പെണ്ണുങ്ങളും, അരിവാളും പുല്ലുകെട്ടും, ഇഞ്ചിക്കണ്ടവും മുതൽ വാറ്റുചാരായം വരെ കുടിയേറ്റ നാടിനെ കഥയിൽ അടയാളപ്പെടുത്തുന്നു. അമ്മിണിക്കും, താരയ്ക്കും, ചന്ദ്രികയ്ക്കും അനുവദിച്ചു കിട്ടിയ സ്വാതന്ത്ര്യങ്ങൾ ഈ ഭൂപ്രകൃതിയുമായി കൂടി ബന്ധപ്പെട്ടിരിക്കുന്നു. ഏത് പ്രതിബന്ധത്തോടും പടവെട്ടി ജീവിതം മുമ്പോട്ട് കൊണ്ടുപോകുന്ന കാര്യപ്രാപ്തരായ ഒരു പറ്റം പെണ്ണുങ്ങളെ ഹൈറേഞ്ചിലും മലബാറിലും ഇന്നും കാണാൻ കഴിയും. മൂന്നാറിലെ പെമ്പിളൈഒരുമൈ സമരം കേരളത്തിന് കാട്ടികൊടുത്ത അതേ പെൺകരുത്ത് തന്നെ.
സ്ത്രീ സ്വാതന്ത്ര്യത്തിന്റെ മഴ നൃത്തം
ഭർത്താക്കൻമാരെ കൊന്ന ഭാര്യമാർ എന്നതല്ല അബിന്റെ കഥയിലെ പെണ്ണുങ്ങളുടെ ഐഡന്റിറ്റി. പലപ്പോഴായി സമൂഹത്തിൽ നിന്ന്, ആണിൽ നിന്ന് അനുഭവിക്കേണ്ടി വന്ന നീതികേടുകളിൽ നിന്ന് സ്വയം മോചനം നേടിയ സ്ത്രീകളാണ് അവർ. സ്വന്തം ജീവിതം അവർ സ്വയം കണ്ടെത്തുന്നു. അവർ പുകവലിക്കുന്നു, മദ്യപിക്കുന്നു, ഹാൻസ് വലിക്കുന്നു, വാറ്റുകയും, കുടിക്കുകയും, സിനിമ കാണുകയും, ചെയ്യുന്നു. കുടിക്കുകയും വലിക്കുകയും ചെയ്യുന്നതാണോ സ്ത്രീ സ്വാതന്ത്ര്യമെന്ന ലളിതയുക്തികളെ മാറ്റി നിർത്തി ചിന്തിച്ചാൽ തങ്ങളുടെ സന്തോഷങ്ങൾ സ്വയം കണ്ടെത്തിയവരാണ് അവർ. ആരുടെ ഒക്കെയോ താൽപര്യങ്ങൾക്കൊത്ത് ജീവിച്ച് ഒടുവിൽ, ഒടുവിൽ മാത്രം സ്വന്തം താല്പര്യത്തിനൊത്ത് ജീവിക്കുന്നവരാണവർ. ഒരുപാട് ആണുങ്ങളുടെ ഉപദ്രവങ്ങൾ ഏറ്റുവാങ്ങിയ വെറുമൊരു പെൺശരീരം എന്നതിൽ നിന്ന്, പെണ്ണുപറയാതെ ഒരാണും ദേഹത്ത് തൊടില്ല, അല്ലെങ്കിൽ തൊടാൻ പാടില്ല എന്ന ബോധ്യത്തിൽ പായ വിരിച്ച് കൂടെയൊരാണിനെ ദേഹത്ത് തൊടാതെ കിടത്താൻ ധൈര്യം നേടിയവരാണ് അവർ. അവരാണ് മഴയത്ത് സർവസ്വതന്ത്രരായി, പൂർണ്ണ നഗ്നരായി നൃത്തം ചെയ്തുകൊണ്ടിരിക്കുന്നത്.
ഒപ്പം മലയാള കഥയും പുതു എഴുത്തുകാരിലൂടെ, പുതു ഇടങ്ങളിൽ കുടിയേറി ആവരണങ്ങളില്ലാതെ നൃത്തം ചെയ്ത് തുടങ്ങിയിരിക്കുന്നു.
Read More Articles on Malayalam Literature & Interviews