Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വരട്ടെ, ന്യൂ ജെൻ മാവേലി

maveli

രണ്ടുവർഷം മുൻപ് ഉത്രാടത്തിന് ഹെൽമറ്റ്‍ വച്ച് ഒരു ക്യൂവിൽ നിൽക്കുമ്പോഴാണ് അടുത്തുള്ള ചന്തയിൽനിന്നു രണ്ടു കിലോ ചിക്കനും വാങ്ങിവരുന്ന പഴയ സുഹൃത്തിനെ കണ്ടത്. കയ്യിൽ ബിരിയാണിയരി പായ്ക്കറ്റുമുണ്ട്. ‘ഓണത്തിനു ബിരിയാണിയോ?’ – ഞാൻ ചോദിച്ചു. ‘ഇപ്പോ അതാ രീതി. ഓണത്തിന് ഇറച്ചീം മീനും, ക്രിസ്മസിനു പച്ചക്കറി’ സംഗതി അവൻ പറഞ്ഞുകേട്ടപ്പോൾ കുഴപ്പമില്ല. രണ്ടാഘോഷവും അങ്ങോട്ടുമിങ്ങോട്ടും മാറ്റിയാൽ മതി. സാധനങ്ങൾ വിലക്കുറവിൽ കിട്ടും. കാത്തുനിൽക്കുകയും വേണ്ട. 

ഇനി ഓണസദ്യ അൽപം വ്യത്യസ്തമാക്കിയാൽ എന്തെങ്കിലും കുഴപ്പമുണ്ടോ? കുറച്ചുകാലം പിന്നോട്ടാലോചിച്ചു നോക്കിയാൽ ഇതിലൊന്നും ഒരു കാര്യവുമില്ലെന്നു മനസ്സിലാകും. കാരണം, നമ്മുടെ ആഘോഷങ്ങൾ കാലത്തിനനുസരിച്ച് അത്രയേറെ മാറിയിട്ടുണ്ട്. 

ഓണം മലയാളിയുടെ പ്രാചീനമായ പിതൃപൂജ തന്നെയായിരിക്കാനിടയുണ്ട്. പിതൃക്കളെ അനുസ്മരിക്കുന്നതിനു ബലിയിടുക എന്നാണല്ലോ പറയുന്നത്. മാവേലിയും മഹാബലിയാണല്ലോ. പിതൃക്കൾക്കു തിരിച്ചുവരാൻ കർക്കടകത്തിലൊരു ദിവസം, മാവേലിക്ക് ചിങ്ങത്തിലൊരു ദിവസം. ഒരുപക്ഷേ, പഴയകാലത്ത് രണ്ടും ഒന്നായിരിക്കാനും സാധ്യതയുണ്ട്. പിന്നെ കസവുസാരിയും മുല്ലപ്പൂവും ഓണവുമായി ഒരു ബന്ധവുമില്ല. സാരി മലയാളിയുടെ വേഷമായിട്ട് നൂറുവർഷം പോലും ആയിട്ടില്ല. നമ്മുടെ ഔദ്യോഗിക വേഷം ‘കുറിയാണ്ട്’ എന്നു പഴമക്കാർ പറയുന്ന തോർത്ത് ആയിരുന്നു. 

ഓണസദ്യയുടെ കാര്യമാണ് അതിലും വിചിത്രം. തുമ്പപ്പൂപോലത്തെ ചോറ് നമ്മളുണ്ണാൻ തുടങ്ങിയിട്ട് അധിക കാലമായില്ല. കഞ്ഞിയായിരുന്നു; അതും ഒന്നോ രണ്ടോ നേരം, നമ്മുടെ ആഹാരം. കൂടാതെ ചാമയും മുതിരയുമുണ്ട്. ചോറ് കർമങ്ങൾക്കാണു കൂടുതലുപയോഗിച്ചിരുന്നത്. പച്ചക്കറിയെന്നാൽ പുത്തരിച്ചുണ്ടയും കുമ്പളങ്ങയും ചീരയും തകരയും പയറും. സാമ്പാറും പരിപ്പും നമ്മുടെ കറിയല്ല. പഴയ സദ്യവട്ടങ്ങളിലൊന്നും അവിയലിനെക്കുറിച്ചു പരാമർശമേയില്ല. എരിശ്ശേരിയായിരുന്നു പ്രധാനം. 

ഓണത്തിനെക്കുറിച്ചു പറയുമ്പോൾ ചാനലുകൾ തിരുവാതിരകളിയുടെ വിഷ്വലുകൾ കാണിക്കുന്നതെന്തിനാണെന്നു ചിന്തിച്ചാൽ നമുക്ക് ഒരു പിടിയും കിട്ടില്ല.‌ മാവേലി തന്നെ നമ്മുടെ കൺമുന്നിൽ ഒരുപാടു മാറി. 1930 കളിലും നാൽപതുകളിലുമാണ് ഒരു സോഷ്യലിസ്റ്റ് മാവേലി സങ്കൽപം രൂപപ്പെടുന്നത്. ആ കാലഘട്ടത്തിലാണ് ഇവിടെ കമ്യൂണിസ്റ്റ് വിശ്വാസം വേരോടിത്തുടങ്ങിയതെന്നോർക്കണം. മൻമോഹൻ സിങ് ധനകാര്യമന്ത്രിയായ 1990 നു ശേഷമാണ് മാവേലി മുതലാളി രൂപപ്പെടുന്നത്. ഓണക്കാലം വലിയ കച്ചവടമേളയായി. കുടവയറും മീശയും പൂണൂലുമുള്ള മാവേലി പ്രധാന സ്ഥാപനങ്ങളുടെ പരസ്യ മോഡലായി. ഇതിനിടയിൽ മിമിക്രിക്കാരുടെ വക കോമാളി മാവേലിയുമുണ്ടായി. അദ്ദേഹത്തിന് ഇന്നസെന്റിന്റെ ശബ്ദമായിരുന്നു. 

ഇതൊന്നും മോശം കാര്യങ്ങളല്ല. കാലത്തിനനുസരിച്ച മാറ്റം തന്നെയാണ് ഒരു ചലനാത്മക സമൂഹത്തിന്റെ ലക്ഷണം. നമ്മുടെ ആഘോഷങ്ങൾ അതിജീവനത്തിനായി പുതിയ കാലത്തിനനുസരിച്ചു കോലം മാറുന്നതാണു നല്ലത്. അതിലൂടെ നമ്മുടെ പിതൃസ്മരണകളല്ലേ അതിജീവിക്കുന്നത്. ഒരു ന്യൂ ജനറേഷൻ മാവേലിക്കായി കാത്തിരിക്കുന്നു. 

Read More Articles on Malayalam Literature & Books to Read in Malayalam