രണ്ടാമൂഴം നോവൽ സിനിമയാക്കുമ്പോൾ കൂട്ടിച്ചേർക്കലുകൾ ഉണ്ടായിട്ടില്ലെന്ന് എം.ടി. വാസുദേവൻ നായർ. നോവലിന്റെ ഘടനതന്നെയാണ് സിനിമയ്ക്കെന്നും തിരക്കഥ എഴുതാൻ ഏഴുമാസം വേണ്ടി വന്നു എന്നും എം.ടി മലയാള മനോരമ വാർഷികപതിപ്പിന് അനുവദിച്ച അഭിമുഖത്തിൽ വ്യക്തമാക്കി. നോവൽ സിനിമയായി വന്നാൽ മോക്ഷം കിട്ടുമെന്ന വിചാരമൊന്നുമില്ലെന്നും എം.ടി കൂട്ടിച്ചേർത്തു. അഞ്ച് മണിക്കൂർ ഇരുപതു മിനിറ്റ് പാകത്തിനാണ് ഇപ്പോൾ രണ്ടാമൂഴത്തിന് സ്ക്രിപ്റ്റ് തയാറാക്കിയിരിക്കുന്നത്. രണ്ടാമൂഴം സിനിമ അഞ്ചുമണിക്കൂറിൽ രണ്ട് ഭാഗമായി എടുക്കണമെന്നാണ് തന്റെ ആഗ്രഹമെന്നും എം.ടി അഭിമുഖത്തിൽ പറയുന്നു. തിരക്കഥയിൽ നിന്ന് കുട്ടിക്കാലം ഒഴിവാക്കണമെന്ന് ചിലർ പറഞ്ഞിരുന്നെങ്കിലും എം.ടി അതിന് വഴങ്ങിയില്ല.
ചെത്തിയുരുമ്മി പാകപ്പെടുത്തിയെടുക്കുന്ന സംഭാഷണങ്ങളാണ് എം.ടിയുടെ തിരക്കഥകളുടെ മുഖ്യ ആകർഷണം. എം.ടിയുടെ തിരക്കഥകളിലെ നിശബ്ദതകൾ പോലും കഥപറയുന്നു. എം.ടിയുടെ തിരക്കഥയിൽ ഒരുങ്ങുന്ന പുതിയ ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് സിനിമാ–സാഹിത്യ ലോകം.