പേനയോളം മൂർച്ചയുള്ള മറ്റ് എന്ത് ആയുധമാണുള്ളത്. ആ ആയുധം നന്നായി ഉപയോഗിക്കാൻ അറിയാവുന്നവനെ പ്രതിരോധിക്കുക എളുപ്പമല്ല. അവനെ ഇല്ലാതാക്കുക എന്നതു തന്നെ പ്രതിരോധത്തിനുള്ള ഏകമാർഗം. ധാബോൽക്കർ, പൻസാരെ, കൽബുർഗി എന്നിവരുടെ വഴിയെ ഇപ്പോൾ ഗൗരി ലങ്കേഷും ഉറച്ച വാക്കുകളുടേയും നിലപാടുകളുടെയും പേരിൽ ഇല്ലാതായിരിക്കുന്നു. ഗൗരി ലങ്കേഷ് കൊലപാതകത്തിൽ കെ.ആർ മീര, സാറാ ജോസഫ്, പ്രിയ എ.എസ് എന്നിവരുടെ പ്രതികരണങ്ങൾ–
കെ.ആർ മീര
നമ്മുടെ സ്വാതന്ത്ര്യത്തിന്റെ ഏഴു പതിറ്റാണ്ടുകള്‍ എത്ര വ്യര്‍ത്ഥവും നിഷ്ഫലവുമായിത്തീര്‍ന്നിരിക്കുന്നു എന്നു വിളിച്ചു പറയുന്ന ഒരു രാത്രിയാണിത്.
‘ഭഗവാന്റെ മരണം’ എന്ന കഥ ഡോ. കെ. എസ്. ഭഗവാന്‍ കന്നഡയിലേക്കു പരിഭാഷപ്പെടുത്തിയപ്പോള്‍ അതു പ്രസിദ്ധീകരിച്ചത് ഗൗരി ലങ്കേഷ് ആയിരുന്നു.
കഥ വായിച്ച് ഗൗരി ലങ്കേഷ് ആവേശഭരിതയായെന്നും ഇതുപോലെ ഒരു കഥ കന്നഡയില്‍ ആരും എഴുതിയില്ലല്ലോ എന്നു നിരാശ പ്രകടിപ്പിച്ചെന്നും ഡോ. ഭഗവാന്‍ പറഞ്ഞറിഞ്ഞതുമുതല്‍ അവരെ കാണാന്‍ ആഗ്രഹിച്ചിരുന്നതാണ്.
ബാംഗ്ലൂര്‍ ഫെസ്റ്റിവലിനു പോയപ്പോള്‍ മറ്റു തിരക്കുകള്‍ മൂലം, അതു സാധിച്ചില്ല.
ഇനി സാധിക്കുകയുമില്ല.
കാരണം, ഗൗരി ലങ്കേഷ് കൊല്ലപ്പെട്ടിരിക്കുന്നു.
അമ്പത്തിയഞ്ചാം വയസ്സില്‍.
എഴുപത്തേഴുകാരനായിരുന്ന ഡോ. കല്‍ബുര്‍ഗി കൊല്ലപ്പെട്ട അതേ വിധം.
രാത്രി എട്ടുമണിക്ക് ഓഫിസില്‍നിന്നു തിരികെയെത്തി ഗേറ്റു തുറക്കുകയായിരുന്നു. അപ്പോഴാണ് ആക്രമണമുണ്ടായത്. മോട്ടോര്‍സൈക്കിളില്‍ എത്തിയ മൂന്നു പേര്‍ വെടിവയ്ക്കുകയായിരുന്നു.
അവര്‍ ഏഴു റൗണ്ട് വെടിവച്ചു. മൂന്നു വെടിയുണ്ടകള്‍ ഗൗരി ലങ്കേഷിന്റെ ശരീരത്തെ തുളച്ചു. ഒന്ന് നെറ്റിയില്‍, ഒന്ന് കഴുത്തില്‍, ഒന്ന് നെഞ്ചില്‍. നാലു വെടിയുണ്ടകള്‍ ലക്ഷ്യം തെറ്റി ഭിത്തിയില്‍ തറച്ചു.
‘ഈ നാട്ടില്‍ യു.ആര്‍. അനന്തമൂര്‍ത്തിയും ഡോ. കല്‍ബുര്‍ഗിയും എന്റെ പിതാവ് പി. ലങ്കേഷും പൂര്‍ണ ചന്ദ്ര തേജസ്വിയും ഒക്കെയുണ്ടായിരുന്നതാണ്. അവരൊക്കെ ജവഹര്‍ലാല്‍നെഹ്റുവിനെയും ഇന്ദിരാഗാന്ധിയെയും രാജീവ് ഗാന്ധിയെയും ഒക്കെ നിശിതമായി വിമര്‍ശിച്ചിട്ടുള്ളവരുമാണ്. പക്ഷേ അതിന്റെ പേരില്‍ അവര്‍ ശാരീരികമായി ആക്രമിക്കപ്പെട്ടിരുന്നില്ല. കൊല്ലപ്പെട്ടിരുന്നില്ല, അവര്‍ക്കു വധഭീഷണികള്‍ ലഭിച്ചിരുന്നില്ല ’ എന്നു ഗൗരി ലങ്കേഷ് പറഞ്ഞിട്ട് അധികം നാളുകള്‍ കഴിഞ്ഞിട്ടില്ല.
‘എന്റെ രാജ്യത്തെ ഭരണഘടന എന്നെ പഠിപ്പിക്കുന്നത് മതനിരപേക്ഷത പാലിക്കുന്ന പൗരനാകാനാണ്. അല്ലാതെ വര്‍ഗീയ വാദിയാകാനല്ല. അതുകൊണ്ട്, വര്‍ഗീയവാദികളെ എതിര്‍ക്കേണ്ടത് എന്റെ കടമയാണെന്നു ഞാന്‍ കരുതുന്നു ’ എന്ന് ഉറക്കെപ്പറയാന്‍ അവര്‍ അധൈര്യപ്പെട്ടിട്ടില്ല.
തളംകെട്ടി നില്‍ക്കുന്ന രക്തത്തില്‍ വീണു കിടക്കുന്ന മെലിഞ്ഞ ശരീരം.
തുളഞ്ഞു പോയ ഒരു കണ്ഠം, ഹൃദയം, മസ്തിഷ്കം.
അതുകൊണ്ട്?
വെടിയുണ്ടകളേറ്റു തൊണ്ട തുളഞ്ഞാല്‍ അവരുടെ ശബ്ദം നിലയ്ക്കുമോ? വാക്കുകളും അര്‍ത്ഥങ്ങളും ഇല്ലാതാകുമോ?
കൊല്ലപ്പെടുന്നവര്‍ക്കാണ് കൊല്ലുന്നവരേക്കാള്‍ ദീര്‍ഘായുസ്സ്. അവര്‍ പിന്നെയും പിന്നെയും ഉയിര്‍ത്തെഴുന്നേറ്റുകൊണ്ടിരിക്കും.
നിത്യമായി ഉയിര്‍ക്കുക, ഗൗരി ലങ്കേഷ്.
സാറാ ജോസഫ്
'കൽ ബുർഗിയുടെ ഘാതകരെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.പ്രതികൾ സംരക്ഷിയ്ക്കപ്പെട്ടിരിയ്ക്കുന്നു.ഗൗരിയുടെ നേർക്കും
സമാനമായ കൊലയാണ് നടന്നിരിക്കുന്നത്..
അഭിപ്രായ സ്വാതന്ത്ര്യത്തിനെതിരെയാണ് ഈ വെടിയുണ്ടകൾ ചീറിപ്പാഞ്ഞത്.ഗൗരി ലങ്കേഷിന്റെ നെഞ്ച് തുളച്ച് കടന്നു പോയി അത് ഇന്ത്യയുടെ ഹൃദയം തകർത്തിരിക്കുന്നു. ഇന്ത്യയിൽ മാധ്യമ പ്രവർത്തനം അത്യന്തം അപകടത്തിലാണ്.
പ്രിയ എ.എസ്
വാക്ക്- തോക്ക്... രണ്ടും തമ്മിൽ എന്തൊരു വൈരുദ്ധ്യാത്മക ചേർച്ച!! പക്ഷേ വെടിവച്ചാൽ തുളയുമോ അക്ഷരം ?? തുളകൾക്കുള്ള ഇടം നിറയെ നിറയെ ഇട്ടാണ് ഓരോ ഭാഷയിലെയും അക്ഷരങ്ങൾ പണിതിരിക്കുന്നത്. അക്ഷരം തുളയ്ക്കാൻ വരുന്നവരെക്കുറിച്ച് അവരെല്ലാം വളരെ നേരത്തേതന്നെജാഗരൂകരായിരുന്നിരിക്കാം..ചിരി വരുന്നു, തുള എന്ന വാക്കിലെ തുളകളെ തുളക്കാൻ ആർക്കു കഴിയും?? വിവരദോഷം എന്ന വാക്കിൽ ഒരു തോക്കിന്റെ രൂപം പതിഞ്ഞു കിടപ്പുണ്ടല്ലോ എന്നോർക്കുമ്പോൾ പിന്നെയും ചിരി വരുന്നു.. ചിരിയിലുമുണ്ടല്ലോ തുളകൾ....
Read More Articles on Malayalam Literature & Books to Read in Malayalam