ആശയങ്ങളോടും, ബഹുസ്വരതയോടുമുള്ള അസഹിഷ്ണുത വളർത്തുന്ന ഭീതി ചെറുതല്ല. മാധ്യമപ്രവർത്തകയും സാമൂഹിക പ്രവർത്തകയുമായ ഗൗരി ലങ്കേഷ് കൊല്ലപ്പെട്ട സാഹചര്യത്തിൽ പത്രപ്രവർത്തകരാകാൻ പഠിക്കുന്ന മക്കളുടെ സുരക്ഷയെ കുറിച്ചുള്ള ആശങ്ക തന്റെ ഫെയ്സ്ബുക് കുറിപ്പിലൂടെ പങ്ക് വയ്ക്കുകയാണ് സുഭാഷ് ചന്ദ്രൻ.
സുഭാഷ് ചന്ദ്രന്റെ കുറിപ്പ് ഇങ്ങനെ–
ലങ്കേഷിന്റെ മകൾ ഗൗരി
'മകൾക്ക് ഗൗരി എന്നു പേരിട്ട ലങ്കേഷ് എന്ന എഴുത്തുകാരനുമായി ഈ രാത്രി ഞാൻ മുഖാമുഖം ഇരിക്കുന്നു. കഥാകൃത്തും കവിയും നാടകകൃത്തും സിനിമാക്കാരനുമൊക്കെയായ അദ്ദേഹം രണ്ടായിരത്തിൽ മരിച്ചിട്ടും ഇപ്പോൾ എന്റെ മുന്നിൽ ഇരിക്കുന്നു; മരണത്തേക്കാൾ വലിയ മരവിപ്പോടെ.
എന്റെ മകൾ ഗൗരിയെ അവർ കൊന്നു!, അദ്ദേഹം പറയുന്നു.
നീയും എഴുത്തുകാരനല്ലേ?, അദ്ദേഹം പരേതാത്മാക്കളുടെ ശബ്ദത്തിൽ തിരക്കുന്നു.
നിന്റെ മക്കളും ബാംഗ്ലൂരിലല്ലേ?, അദ്ദേഹം നിർദ്ദയം ചോദിക്കുന്നു.
അവരും പത്രപ്രവർത്തകരാകാനും സത്യം എഴുതാനും കൊതിക്കുന്നവരല്ലേ?, അദ്ദേഹം കണ്ണീരടരാതെ ശ്രദ്ധിക്കുന്നു.
ഓർത്തോളൂ, അദ്ദേഹം പൂർത്തിയാക്കുന്നു: അവർ പരാക്രമം സ്ത്രീകളോടും തുടങ്ങിക്കഴിഞ്ഞു.
ബുദ്ധിമതികളായ സ്ത്രീകളോട്, അനുസരിക്കാൻ കൂട്ടാക്കാത്ത, വ്യക്തിത്വമുള്ള ആരോടും!'
Read More Articles on Malayalam Literature & Books to Read in Malayalam