Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹിലരിയുടെ പുസ്തകം: 900 റിവ്യുകള്‍ ആമസോണ്‍ ഡിലീറ്റ് ചെയ്തു

what-happened

ഹിലരി ക്ലിന്റന്റെ ഏറെ പ്രതീക്ഷയര്‍പ്പിച്ച പുസ്തകം 'വാട്ട് ഹാപ്പന്‍ഡ്' ചൊവ്വാഴ്ച്ച മുതലാണ് വില്‍പ്പനയ്‌ക്കെത്തിയത്. എന്നാല്‍ പുസ്തകം പുറത്തിറങ്ങി 24 മണിക്കൂര്‍ കഴിയും മുമ്പ് ഏകദേശം 1,600 റിവ്യൂകളാണ് എത്തിയത്. പലതും പുസ്തകത്തെ അടച്ചാക്ഷേപിക്കുന്ന തരത്തിലായിരുന്നു. ഇതില്‍ 900ത്തോളം റിവ്യൂകള്‍ ആമസോണ്‍ നീക്കം ചെയ്തതായാണ് സൂചന. 

പുസ്തകം യഥാര്‍ത്ഥത്തില്‍ വായിക്കാതെയാണ് ആളുകള്‍ അഭിപ്രായപ്രകടനങ്ങളും നിരൂപണവുമായി ഇറങ്ങിയതെന്നുള്ള പ്രസാധകന്റെ പരാതിയെത്തുടര്‍ന്നാണ് ഇ-കൊമേഴ്‌സ് ഭീമനായ ആമസോണിന്റെ നടപടി. 

ഹിലരി ക്ലിന്റണ് അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ നേരിട്ട അപ്രതീക്ഷിത പരാജയത്തെക്കുറിച്ചാണ് പുസ്തകം. എന്താണ് യഥാര്‍ത്ഥത്തില്‍ നവംബര്‍ എട്ടിന് സംഭവിച്ച ഡൊണാള്‍ഡ് ട്രംപിന്റെ വിജയത്തിന് കാരണം എന്നതാണ് പുസ്തകത്തിലൂടെ ഹിലരിയെന്ന അസാധാരണ രാഷ്ട്രീയ വ്യക്തിത്വം ചര്‍ച്ച ചെയ്യുന്നത്. 

അമേരിക്കയുൾപ്പെടെ എല്ലാ ലോക രാജ്യങ്ങളും പ്രതീക്ഷിച്ചത് ഹിലരിയുടെ വിജയമായിരുന്നു. പ്രസിഡന്റാകാന്‍ അവര്‍ തയാറെടുത്തും കഴിഞ്ഞിരുന്നു. എന്നാല്‍ സകലരെയും ഞെട്ടിച്ചായിരുന്നു അമേരിക്കന്‍ രാഷ്ട്രീയത്തില്‍ യാതൊരു തയാറെടുപ്പുകളുമില്ലാതെ വന്ന ഡൊണാള്‍ഡ് ട്രംപ് എന്ന കൗശലക്കാരനായ ബിസിനസുകാരന്‍ ഹിലരിയെ പരാജയപ്പെടുത്തി പ്രസിഡന്റ് പദവിയിലെത്തിയത്. ഇതിനുള്ള കാരണമാണ് പുസ്തകത്തിലൂടെ ഹിലരി വിവരിക്കാന്‍ ശ്രമിക്കുന്നത്. കുറ്റം തന്റേതല്ലെന്ന വിളിച്ചുപറയലാണോ ഇതെന്ന ചോദ്യം പല നിരൂപണങ്ങളിലും ഉയര്‍ന്നുവരുന്നുണ്ട്. 

വാട്ട് ഹാപ്പന്‍ഡ് എന്ന പുസ്തകത്തെ ഏറെ പ്രതീക്ഷയോടെയാണ് സാഹിത്യലോകവും അമേരിക്കന്‍ രാഷ്ട്രീയ ലോകവും കണ്ടത്. എന്നാല്‍ പൊടുന്നനെയുള്ള നെഗറ്റീവ് റിവ്യുകള്‍ പുസ്തകത്തിനെതിരെയും ഹിലരിക്കെതിരെയുമുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഫലമായിട്ടാണെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. 1,600 നിരൂപണങ്ങളില്‍ 338 എണ്ണം മാത്രമേ ആമസോണിലെ വെരിഫൈഡ് ഉപയോക്താക്കളില്‍ നിന്നൊള്ളൂവെന്നാണ് കണ്ടെത്തല്‍. എന്നാല്‍ പുസ്തകം ബുക്‌സ്‌റ്റോറില്‍ നിന്നുവാങ്ങി ആമസോണില്‍ ലോഗ് ഇന്‍ ചെയ്ത് റിവ്യൂ നടത്തിയവരാകാം ബാക്കിയുള്ളവർ എന്ന വാദത്തെ ആമസോണ്‍ അത്ര പരിഗണിക്കുന്നില്ല. 

സിമണ്‍ ആന്‍ഡ് സ്‌കസ്റ്റെര്‍ ആണ് പുസ്തകം പുറത്തിറക്കിയിരിക്കുന്നത്. ഇന്ത്യയില്‍ 523 രൂപയാണ് പുസ്തകത്തിന്റെ വില. ആദ്യമായാണ് ഇലക്ഷന്‍ പരാജയത്തെക്കുറിച്ചുള്ള ഹിലരിയുടെ വെളിപ്പെടുത്തല്‍ പുറത്തുവരുന്നത് എന്നതാണ് വാട്ട് ഹാപ്പന്‍ഡ് എന്ന പുസ്തകത്തിന്റെ പ്രസക്തി. തനിക്ക് പറ്റിയ തെറ്റുകള്‍ എന്തെല്ലാമാണെന്ന് ഹിലരി ഇതില്‍ തുറന്നു പറയുന്നുണ്ട്. 

പൊതുസമൂഹത്തില്‍ ശക്തയായ ഒരു സ്ത്രീ എന്ന പ്രതിച്ഛായയില്‍ നില്‍ക്കുന്നതിന്റെ വെല്ലുവിളികളും തന്റെ അനുഭവത്തിന്റെ പശ്ചാത്തലത്തില്‍ വിവരിക്കുന്നു ഹിലരി. തന്റെ പരാജയത്തെ എങ്ങനെയാണ് കാണേണ്ടതെന്ന സന്ദേശമാണ് പുസ്തകത്തിലൂടെ ഹിലരി നല്‍കുന്നത്. അതിലൂടെ യഥാര്‍ത്ഥത്തില്‍ താന്‍ പരാജയപ്പെട്ടിട്ടില്ലെന്ന ഓര്‍മപ്പെടുത്തലും. 

Read More Articles on Malayalam Literature & Books to Read in Malayalam