ആദ്യമായി ശ്രീകുമാരൻ തമ്പിയെ നേരിൽകണ്ടതും അദ്ദേഹത്തിനൊപ്പമുള്ള വിമാനയാത്രയും അനുസ്മരിക്കുകയാണ് സുഭാഷ് ചന്ദ്രൻ. കുട്ടിക്കാലത്തിനെ നീരൊഴിച്ച് കരിഞ്ഞുപോകാതെ കാത്ത ശ്രീകുമാരൻ തമ്പിയുടെ അനശ്വരഗാനങ്ങളെക്കുറിച്ച് ഓർക്കുന്ന സുഭാഷ് ചന്ദ്രൻ ശ്രീകുമാരൻ തമ്പിക്കൊപ്പം ചിലവഴിച്ച നിമിഷങ്ങളും തന്റെ ഫെയ്സ്ബുക് കുറിപ്പിലൂടെ പങ്ക് വയ്ക്കുന്നു.
മകൻ മരിച്ച വിഷമത്തിൽ ഉറങ്ങാതെ രാത്രികൾ കഴിച്ചുകൂട്ടുന്ന ശ്രീകുമാരൻ തമ്പിയോടുള്ള സ്നേഹം വാക്കുകളിലൂടെ പ്രകടിപ്പിച്ച സുഭാഷ് ചന്ദ്രൻ തമ്പിച്ചേട്ടനുള്ള സ്നേഹാദരമായി തന്റെ ഘനഗംഭീര ശബ്ദത്തിൽ
എൻ മന്ദഹാസം ചന്ദ്രികയായെങ്കിൽ
എന്നും പൗർണ്ണമി വിടർന്നേനെ
എൻ സ്വപ്ന രേണുക്കൾ രത്നങ്ങളായെങ്കിൽ
എന്നും നവരത്നമണിഞ്ഞേനെ.. എന്ന ഗാനം സ്മ്യൂളിൽ ആലപിച്ചിതും പങ്കു വയ്ക്കുന്നു
സുഭാഷ് ചന്ദ്രന്റെ ഫെയ്സ്ബുക് കുറിപ്പിന്റെ പൂർണ്ണ രൂപവും ഗാനവും–
തമ്പിച്ചേട്ടന് ഒരു പാട്ട്; ആകാശയാത്രയിലെ ആ മന്ദഹാസത്തിന്റെ ഓർമ്മയ്ക്ക്
കഴിഞ്ഞ വർഷം അവസാനമാണ് ഞാൻ ആദ്യമായി ശ്രീകുമാരൻ തമ്പിയെ നേരിൽ കണ്ടത്. കോഴിക്കോട്ടു വച്ച് നടന്ന ഗംഭീരമായ ഒരു ആദരസന്ധ്യയിൽ നായകനായി പങ്കെടുത്തതിനുശേഷം, കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് ഷാർജ്ജയ്ക്കുള്ള വണ്ടി കാത്തിരിക്കുകയായിരുന്നു അദ്ദേഹം. ഷാർജ്ജ ബുക്ക് ഫെസ്റ്റിവലിൽ പങ്കെടുക്കാനായി ഞാനും ഞരളത്ത് ഹരിഗോവിന്ദനും അതേ വിമാനം പിടിക്കാൻ ചെന്നത് എന്റെ ഭാഗ്യമായി.
"വി ഐ പി ലോഞ്ചിൽ നമ്മുടെ തമ്പിച്ചേട്ടൻ ഇരിപ്പുണ്ട്. നിങ്ങളുടെ അതേ വിമാനം കാത്ത്!", വിമാനത്താവളത്തിലെ ഉദ്യോഗസ്ഥനും എന്റെ സുഹൃത്തുമായ രാജേഷ് ഞങ്ങളെ അകത്തേക്കു നയിക്കുമ്പോൾ പറഞ്ഞു.
"ശ്രീകുമാരൻ തമ്പി?" , ഞാൻ അത്ഭുതത്തോടെ ചോദിച്ചു.
പഴയ പാട്ടുകളോടുള്ള എന്റെ തീരാപ്രണയം അറിയാവുന്ന രാജേഷ് അതേയെന്ന് തലയാട്ടിയപ്പോൾ ഞാൻ ഇടയ്ക്കലമ്പടൻ ഹരിഗോവിന്ദനോടു പറഞ്ഞു:"എങ്കിൽ ഇന്നു രാത്രി ആകാശത്ത് പാട്ടും കൊട്ടും മുഴങ്ങും!"
എന്നെ കണ്ടപ്പോൾ ആജന്മ സുഹൃത്തിനെ എന്ന പോലെ അദ്ദേഹം എഴുന്നേറ്റുവന്നു കെട്ടിപ്പിടിച്ചു: "നാറാപിള്ളയെ സൃഷ്ടിച്ചയാളല്ലേ, ഞാനന്നു മുതൽ തന്റെയൊരു ഫാനാണ്" എന്ന് അദ്ദേഹം പറഞ്ഞപ്പോൾ എന്റെ പ്രാണൻ വിറച്ചു.
തമ്പിച്ചേട്ടാ! ഞാൻ വിളിച്ചു. താങ്കളുടെ എത്രയെത്ര അനശ്വരഗാനങ്ങളാണ് എന്റെ കുട്ടിക്കാലത്തിനെ നീരൊഴിച്ച് കരിഞ്ഞുപോകാതെ കാത്തത്! ഞാൻ ആ കൈവിരലുകളിൽ പിടിച്ചു. ഒരസ്സൽ ഗാനം പോലെ ലോലം!
ആ യാത്രയുടെ വിശദാംശങ്ങളെക്കുറിച്ച് ഞാൻ വഴിയെ എഴുതാം. ഇപ്പോൾ അതിലെ ഒരു നിമിഷം മാത്രം പങ്കു വയ്ക്കട്ടെ.
സംഭാഷണമെല്ലാം ഒടുങ്ങി ഞാനും ഹരിഗോവിന്ദനും വിമാനത്തിൽ ഉറക്കം പിടിച്ചിട്ടും അദ്ദേഹം ഒരു പോള കണ്ണടച്ചില്ല. പുലർച്ചെ ഷാർജ്ജയിൽ ഇറങ്ങുവോളവും ഓരോ അരമണിക്കൂറിലും ഞാൻ കണ്ണുതുറന്ന് അങ്ങേ വശത്ത് ഏകാകിയായി പുറത്തെ ഇരുട്ടിലേക്ക് നോക്കി ഏതോ പഴയ ഗാനം മൂളിക്കൊണ്ടിരിക്കുന്ന ആ മനുഷ്യനെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു.
"തമ്പിച്ചേട്ടൻ ഉറങ്ങുന്നില്ലേ", ഒടുവിൽ ഞാൻ ചോദിച്ചു.
അതിനദ്ദേഹം പറഞ്ഞ മറുപടി ഇപ്പോഴും എന്റെ ഹൃദയത്തിൽ മുഴങ്ങുന്നു: " ഇറ്റ്സ് ഓക്കെ സുഭാഷ്. എന്റെ മോൻ മരിച്ചതിൽപ്പിന്നെ എനിക്ക് രാത്രികൾ ഉറക്കമില്ലാത്തതായി!"
ഉമ്മ തമ്പിച്ചേട്ടാ. അങ്ങ് അന്നു രാത്രി ഒറ്റയ്ക്കുമൂളി നേരം വെളുപ്പിച്ച ആ പാട്ടുകൾ ഏതൊക്കെയാണെന്നു എനിക്കു തിരിഞ്ഞില്ല. എങ്കിലും അക്കൂട്ടത്തിൽ ഈ ഗാനം ഉണ്ടാകുമെന്നെനിക്കുറപ്പാണ്. കാരണം വേദന നിറഞ്ഞ ആ വാചകം ഉച്ചരിക്കുമ്പോഴും അങ്ങയുടെ മുഖത്ത് ലോകത്തെ അറിഞ്ഞവർക്കുമാത്രം സ്വന്തമായുള്ള ആ മനോഹര മന്ദഹാസം ഉണ്ടായിരുന്നു.
'എൻ മന്ദഹാസം ചന്ദ്രികയായെങ്കിൽ!' എന്ന് ലോകത്ത് ഒരേയൊരു പുരുഷനേ പ്രാർത്ഥിച്ചിട്ടുള്ളൂ. ആ തമ്പിച്ചേട്ടന് നമ്മൾ രണ്ടാളും ജീവിച്ചിരിക്കേ എന്റെ സ്നേഹാദരമായി ഈ ഗാനം സമർപ്പിക്കുന്നു.
Read More Articles on Malayalam Literature & Books to Read in Malayalam