Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പേനയെ പേടിക്കുന്നവർ

Kancha Ilaiah

പേനതുമ്പുകൊണ്ടുള്ള ഓരോ പോറലിലും കടലാസിനെക്കാളേറെ മറ്റാർക്കൊക്കെയോ നോവുന്നുണ്ട്. ഈ പോറലുകളിൽ തന്നെയാണ് ജനാധിപത്യത്തിന്റെയും, നാളെയുടെയും ഭാവി. ആശയങ്ങളോട് പോരാടേണ്ടത് ആശയങ്ങളാണ്. അക്ഷരങ്ങളോട് പോരാടേണ്ടത് അക്ഷരങ്ങളും, വാക്കുകളോടു വാക്കുകളും. എന്നിട്ടും ആശയങ്ങളെ എതിർക്കാൻ ആയുധങ്ങളുയരുന്നു.  

ആശയങ്ങൾക്കെതിരെയുള്ള പോരാട്ടത്തിന് കാലങ്ങളോളം പഴക്കമുണ്ട്. ആശയങ്ങൾക്കുവേണ്ടി നാടുകടത്തപ്പെട്ടവരുടെയും, ജീവൻ തന്നെ നഷ്ടപ്പെട്ടവരുടെയും എണ്ണം കുറവല്ല.

പ്രമുഖ ദലിത് ചിന്തകനും എഴുത്തുകാരനുമായ പ്രഫ. കാഞ്ച ഇളയ്യയ്ക്കു നേരെ നടന്ന അക്രമണമാണ് എഴുത്തുകാർക്കെതിരെ രേഖപ്പെടുത്തപ്പെട്ട അക്രമണങ്ങളിൽ അവസാനത്തേത്. ഹൈദരാബാദിൽ കാറിൽ സഞ്ചരിക്കുമ്പോള്‍ ഒരു സംഘമാളുകൾ വാഹനം ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചന്ന് കാഞ്ച ഇളയ്യ പൊലീസിനു നൽകിയ പരാതിയിൽ പറയുന്നു.  

ദക്ഷിണേന്ത്യയിലെ ഒരു ഗ്രാമീണ കുടുംബത്തിൽ പിന്നാക്ക ജാതികളിലൊന്നായ കുറുമ ഗൊല്ല സമുദായത്തിലാണ് ഇളയ്യ ജനിച്ചത്. ചെറുപ്പത്തിലേ അനുഭവിക്കേണ്ടി വന്ന ജാതിവ്യവസ്ഥയുടെ ക്രൂരതകൾ ദലിത് വിഷയങ്ങളിലെ നിരന്തര ഇടപെടലുകളിലേക്ക് അദ്ദേഹത്തെ നയിച്ചു.  ‘ആര്യ വൈശ്യ ജാതികൾ’ എന്ന പുസ്തകത്തിലെ വൈശ്യ സമുദായത്തിനെതിരായ പരാമർശങ്ങളാണ് ഇപ്പോൾ പ്രതിഷേധത്തിനു കാരണമായത്. ആര്യ വൈശ്യ അസോസിയേഷനുകൾ പ്രതിഷേധിക്കുകയും തങ്ങൾക്ക് അപമാനകരമായ പുസ്തകം പിൻവലിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഹൈദരാബാദിൽ പുസ്തകത്തിനെതിരെ നടത്തിയ പ്രതിഷേധത്തിനിടെയാണ് ഡോ.കാഞ്ചയ്‌ക്കു നേരെ ആക്രമണശ്രമമുണ്ടായത്. ഒരു സംഘമാളുകൾ പ്രഫ. കാഞ്ച സഞ്ചരിച്ചിരുന്ന വാഹനത്തിനുനേരെ ചെരിപ്പുകളും കല്ലും എറിയുകയായിരുന്നു.

മാധ്യമ പ്രവർത്തക ഗൗരി ലങ്കേഷിനും, ത്രിപുരയിൽ നിന്നുള്ള പ്രാദേശിക മാധ്യമ പ്രവർത്തകൻ ശാന്തനു ഭൗമികിനും ആശയങ്ങളുടെയും നിലപാടുകളുടെയും പേരിൽ ജീവൻ നഷ്ടമായത് ഈ മാസമാണ്. ആശയങ്ങൾക്കും എഴുത്തുകൾക്കും ലോകത്തെ മാറ്റിമറിക്കാൻ ശക്തിയുണ്ടെന്നും ആ ശക്തിയെ ഭയക്കുന്നുവരുണ്ടെന്നും എഴുത്തുകാർക്ക് എതിരെയുള്ള ഓരോ അക്രമണങ്ങളും സൂചിപ്പിക്കുന്നു.