പുസ്തകങ്ങൾക്ക് നിരോധനം ഏർപ്പെടുത്തുന്നത് ഒരു പുതിയ സംഭവമല്ല. പല ലോക ക്ലാസിക് പുസ്തകങ്ങളും ഓരോ ഘട്ടത്തില്‍ നിരോധനത്തിന് വിധേയമായിട്ടുണ്ട്. നിരോധിക്കപ്പെട്ട പുസ്തകങ്ങളുടെ ഓർമ്മയ്ക്കായി ഒരാഴ്ചയാണ് ലോകം മാറ്റിവച്ചത്. സെപ്റ്റര്‍ 24 മുതല്‍ 30 വരെ ആയിരുന്നു ബാന്‍ഡ് ബുക്ക്‌സ് വീക്ക്-Banned Books Week ലോകം കൊണ്ടാടിയത്. നിരോധനം നേരിടുകയും ലോകചരിത്രത്തിൽ വന്‍വിവാദങ്ങള്‍ സൃഷ്ടിക്കുകയും ചെയ്ത ഏഴ് പുസ്തകങ്ങളെ പരിചയപ്പെടാം...
1. ദി കാള്‍ ഓഫ് ദി വൈല്‍ഡ്
പ്രശസ്ത സാഹിത്യകാരന്‍ ജാക്ക് ലണ്ടന്‍ 1903–ലാണ് ഈ പുസ്തകം എഴുതിയത്. റാഡിക്കലായ ആശയങ്ങളാണ് ഇതില്‍ കടന്നുകൂടിയതെന്നായിരുന്നു പ്രധാന പരാതികള്‍. പുസ്തകം യുഗ്ലോസ്ലാവിയയിലും ഇറ്റലിയിലും നിരോധിച്ചു. സോഷ്യലിസ്റ്റ് ആശയങ്ങളോട് പ്രതിബദ്ധതയുള്ള കൃതിയെന്ന് പറഞ്ഞ് നാസികളും ഇത് ചുട്ടുചാമ്പലാക്കി.
2. ദി ഗ്രേപ്പ്‌സ് ഓഫ് റാത്ത്
ജോണ്‍ സ്റ്റീന്‍ബെക്കിന്റെ ഈ പുസ്തകം പുറത്തിറങ്ങിയത് 1939–ലാണ്. ഭൂവുടമകളായ കര്‍ഷകരുടെയും സാമ്പത്തിക തിരിച്ചടികളുടെയും കഥയാണിത്. പശ്ചാത്തലം ഒക്ക്‌ലഹോമയും കാലിഫോര്‍ണിയയും. പുസ്തകം നാഷണല്‍ ബുക്ക് അവാര്‍ഡും പുലിറ്റ്‌സര്‍ പ്രൈസും നേടി. എന്നാല്‍ അമേരിക്കക്കാര്‍ക്ക് അത്ര പിടിച്ചില്ല. കമ്യൂണിസ്റ്റ് മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നു എന്ന് പറഞ്ഞായിരുന്നു വിമര്‍ശനം. അമേരിക്കയിലെ ചില ഭാഗങ്ങളില്‍ നിരോധനം വന്നു.
3. യുളീസ്സെസ്
ജെയിംസ് ജോയ്‌സ് ഈ പുസ്തകം പുറത്തിറക്കിയത് 1922 ലാണ്. ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും പ്രധാനപ്പെട്ടതും സ്വീധനം ചെലുത്തിയതുമായ സാഹിത്യസൃഷ്ടികളിലൊന്നായി ഇത് മാറി. എന്നാല്‍ ലൈംഗികതയുടെ അതിപ്രസരമെന്നായിരുന്നു വിമര്‍ശനങ്ങള്‍. പുസ്തകം പലയിടങ്ങളിലും നിരോധിക്കപ്പെട്ടു. പലരും സംഘം ചേര്‍ന്ന് കത്തിക്കാനും തുടങ്ങി.
4. അനിമല്‍ ഫാം
ഇതിഹാസ എഴുത്തുകാരന്‍ ജോർജ്ജ് ഓര്‍വലിന്റെ ഇതിഹാസമാനമായ പുസ്തകം. 1945ലായിരുന്നു പ്രസിദ്ധീകരണത്തിന് തയാറായത്. അധികാരത്തിന്റെ മത്ത് പിടിച്ച ഭരണാധികാരികളെ അലോസരപ്പെടുത്തിയ പുസ്തകമാണിത്. സ്റ്റാലിന്‍ വിരുദ്ധ ആശയമെന്ന് പറഞ്ഞ് യുകെയില്‍ പ്രസിദ്ധീകരണം വൈകിപ്പിച്ചു. ജര്‍മനിയില്‍ അനിമല്‍ ഫാം കണ്ടുകെട്ടി. യുഗോസ്ലാവിയയില്‍ 1946ല്‍ നിരോധനം വന്നു. കെനിയയില്‍ 1991ലും പുസ്തകം നിരോധിച്ചു. 2002ലാണ് യുഎഇ പുസ്തകം നിരോധിച്ചത്.
5. ആസ് ഐ ലേ ഡയിംഗ്
വില്ല്യം ഫൗള്‍ക്‌നറിന്റെ 1930ല്‍ പുറത്തിറങ്ങിയ നോവല്‍ അമേരിക്കന്‍ സാഹിത്യത്തിലെ ക്ലാസിക് പീസ് ആയിട്ടാണ് വിലയിരുത്തപ്പെടുന്നത്. എന്നാല്‍ പുസ്തകം ദൈവത്തിന്റെ നിലനില്‍പ്പ് ചോദ്യം ചെയ്തതിന്റെ പേരിൽ അമേരിക്കയിലെ ചില പ്രദേശങ്ങളില്‍ വിലക്ക് നേരിട്ടു.
6. ലോലിത
വ്‌ളാഡിമിര്‍ നബോകോവിന്റെ ഏറെ കോളിളക്കം സൃഷ്ടിച്ച പുസ്തകം. മധ്യവയസ്‌കനായ സാഹിത്യ പ്രൊഫസര്‍ 12 വയസുകാരിയോട് അടുക്കുന്നു. 1955ലാണ് പുസ്തകം പുറത്തിറങ്ങിയത് സദാചാരത്തിന്റെ പേര് പറഞ്ഞ് ഫ്രാന്‍സ്, ഇംഗ്ലണ്ട്, അര്‍ജന്റീന, ന്യൂസിലന്‍ഡ്, സൗത്ത് ആഫ്രിക്ക, കാനഡ തുടങ്ങിയ രാജ്യങ്ങളില്‍ പുസ്തകത്തിന് വിലക്ക് വന്നു. രണ്ടാനച്ഛന് 12 വയസുകാരിയോട് തോന്നിയ ലൈംഗികതാല്‍പ്പര്യത്തെ ഉള്‍ക്കൊള്ളാന്‍ സമൂഹം തയാറായില്ല.
7. ദി കാച്ചര്‍ ഇന്‍ ദി റൈ
16 വയസുകാരനായ ആണ്‍കുട്ടിയുടെ ജീവിതത്തിലെ കുഴപ്പം നിറഞ്ഞ മൂന്ന് ദിവസങ്ങള്‍ അവതരിപ്പിക്കുന്ന പുസ്തകം 1951ല്‍ പ്രസിദ്ധീകരിച്ചു. രണ്ടാഴ്ചയ്ക്കുള്ളില്‍ ജെ ഡി സലിങ്കറിന്റെ നോവല്‍ ന്യൂയോര്‍ക്ക് ടൈംസ് ബെസ്റ്റ് സെല്ലറായി. എന്നാല്‍ പുസ്തകത്തെ വെട്ടാന്‍ സമൂഹം അതിനേക്കാള്‍ ആവേശം കാണിച്ചു.
Read More Articles on Malayalam Literature & Books to Read in Malayalam