Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രാമന്റെ ഏദൻതോട്ടവും രഞ്ജിത്തിന്റെ സത്യാന്വേഷണ പരീക്ഷണങ്ങളും

ranjith-sankar രഞ്ജിത്ത് ശങ്കർ

വായന എപ്പോഴും മാറ്റങ്ങൾക്ക് വിധേയമായിക്കൊണ്ടിരിക്കും, സ്വാഭാവികമായ വായനാ രുചികൾ കാലം കഴിയുന്തോറും ചുരുങ്ങുകയോ വീർക്കുകയോ ചെയ്ത് പക്വതയ്ക്കും മാനസികനിലയ്ക്കും അനുസരിച്ച് സ്വയം തരംതിരിവുകൾ നടത്തിക്കൊണ്ടിരിക്കും. ഒരുപക്ഷെ സ്വകാര്യ വായനകളിൽ എല്ലാവരും സമ്മതിക്കുന്ന ഒരു കാര്യവുമാണത്. ഒരാളുടെ വായനയുടെ ഇഷ്ടങ്ങൾ അയാളെ കണ്ടെത്താൻ സഹായിക്കുമെന്ന് ആരാണ് പറഞ്ഞത്! 

"അതെ, ഓരോ പ്രായത്തിലും വായനകൾ മാറി വന്നിട്ടുണ്ട്, കുട്ടിക്കാലത്ത് ഫിക്‌ഷനുകളോടായിരുന്നു താൽപ്പര്യമെങ്കിൽ പിന്നീട് അത് ജീവചരിത്രങ്ങളിലും ഇപ്പോൾ അത് ഫിലോസഫിക്കൽ വായനയിലും എത്തി നിൽക്കുന്നു", വായനയുടെ ഈ മാറ്റത്തെ കുറിച്ച് പറയുന്നത് രഞ്ജിത്ത് ശങ്കർ ആണ്. മലയാളി സ്ത്രീകളുടെ ചിന്തയെ ഒരു സ്വയം യാത്രയ്ക്ക് പ്രേരിപ്പിച്ച "രാമന്റെ ഏദൻതോട്ടം" എന്ന ചിത്രത്തിന്റെ സംവിധായകൻ. സു സു സുധി വാത്മീകം, പ്രേതം, പാസഞ്ചർ എന്നീ ചിത്രങ്ങളൊക്കെ രഞ്ജിത്തിന്റേതാണെങ്കിലും ഓരോ കലാകാരനുമുണ്ടാകാം അയാളുടേതായ ഒരു മാസ്റ്റർ പീസ്. ഇതുവരെയിറങ്ങിയ രഞ്ജിത്ത് ശങ്കർ ചിത്രങ്ങളിൽ ഏറ്റവുമധികം കയ്യടി നേടിയത് അദ്ദേഹത്തിന്റെ ഏദൻ തോട്ടത്തിലെ രാമനും മാലിനിയും തന്നെയായിരുന്നു.

"2009 നു ശേഷം ചെയ്ത ഒരു നെല്ലിയാമ്പതി യാത്രയിൽ നിന്നാണ് രാമന്റെ ഏദൻ തോട്ടം ഉണ്ടാകുന്നത്. അവിടെ താമസിച്ച റിസോർട്ട്, ട്രെക്കിങ്ങിനു കൊണ്ടു പോയ ഡ്രൈവർ, അദ്ദേഹത്തിന്റെ മൃഗങ്ങളെ ഓടിക്കാനുള്ള ട്രിക്കുകൾ എല്ലാം സ്വാധീനിച്ചു. ഒരു പ്രണയകഥയ്ക്കുള്ള വഴി അവിടെ നിന്നുമാണ് കണ്ടെടുത്തത്"-രഞജിത് ശങ്കർ അദ്ദേഹത്തിന്റെ ബ്ലോഗിൽ കുറിയ്ക്കുന്നു. സിനിമയെ കുറിച്ച് മാത്രമല്ല വായനയെ കുറിച്ചും പുസ്തകങ്ങളെ കുറിച്ചും വ്യക്തമായ അഭിപ്രായവും രഞ്ജിത്ത് ശങ്കറിനുണ്ട്.

"ചെറുപ്പത്തിൽ എം.ടി , പദ്മരാജൻ എന്നിവരെയൊക്കെ വായിക്കാനായിരുന്നു ഏറെ താൽപ്പര്യം പിന്നീട് ആലോചിച്ചപ്പോൾ തോന്നി ഒരുപക്ഷേ സിനിമയോട് ഇഷ്ടം ഉണ്ടായതു കൊണ്ടായിരിക്കാം അവരെ കൂടുതൽ വായിക്കാൻ ശ്രമിച്ചിട്ടുണ്ടാവുക. പക്ഷെ ആ ഒരു പ്രായത്തിൽ ജീവിതത്തെയും വായനയേയും സ്വാധീനിച്ച ഒരു പുസ്തകമെന്നു പറയാനുള്ളത് മഹാത്മാ ഗാന്ധിജിയുടെ "എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ" ആണ്. പതിനഞ്ചു വയസ്സുള്ള ഒരു കുട്ടി അദ്ദേഹത്തിന്റെ ആത്മകഥ വായിക്കുകയാണെങ്കിൽ നമുക്ക് തോന്നും ആ പ്രായത്തിൽ ഗാന്ധിജിയെക്കാൾ എത്രയോ നല്ല കുട്ടിയായിരുന്നു നമ്മൾ, എന്നിട്ടും അദ്ദേഹം ഇങ്ങനെയൊരു ആദരണീയനായ വ്യക്തിയായി, അപ്പോൾ എന്തുകൊണ്ട് നമുക്ക് പറ്റില്ല!. ഏതു പ്രായത്തിൽ വായിക്കുന്ന ഒരാൾക്കും പ്രചോദനം നൽകുന്ന ഒരു വായനയാണ് എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ. 

സാഹിത്യത്തോടുള്ള താൽപ്പര്യം എന്തോ ഇപ്പോൾ നഷ്ടപ്പെട്ട അവസ്ഥയാണ്. ഒരുകാലം കഴിഞ്ഞപ്പോൾ ഫിക്‌ഷൻ വായനകൾ വിട്ടു പോയി. ഇഷ്ടപ്പെട്ട ഒ.വി. വിജയന്റെ ഒരു കഥയുണ്ട്, "കാറ്റ് പറഞ്ഞ കഥ", അത് വായിച്ചിട്ട് വല്ലാത്ത ഒരു അനുഭവമായിരുന്നു, കുറഞ്ഞത് പത്ത് തവണയെങ്കിലും ആ പുസ്തകം വായിച്ചിട്ടുണ്ടാവണം. ഓരോ തവണയും വായിക്കുമ്പോൾ പുസ്തകം തന്നത് ഓരോ അനുഭവങ്ങളാണ്. രണ്ടു സഹോദരങ്ങളുടെ ജീവിതത്തിന്റെ അമ്പതു വർഷങ്ങളിൽ കൂടി കടന്നു പോകുന്ന കഥയാണത്. പക്ഷെ എന്താണ് അവരുടെ ജീവിതമെന്നാൽ ആദ്യ വായനയിൽ ചിലപ്പോൾ കിട്ടി എന്ന് വരില്ല, അത് തന്നെയാണ് ആ എഴുത്തിന്റെ സൗന്ദര്യവും. ഇപ്പോഴും അത്തരം വായനകൾ മിസ് ചെയ്യുന്നു എന്ന തോന്നലുണ്ട്, പക്ഷെ മനസ്സിനെ കൊണ്ട് നിർബന്ധിച്ച് ഒരിക്കലും ഇത്തരം കാര്യങ്ങളിൽ തീരുമാനം എടുക്കാനാവില്ല. തോന്നുമ്പോൾ മാത്രം വായിക്കുക എന്ന രീതിയാണ് ശരി.

books

ആ ഒരു പ്രായം കഴിഞ്ഞ ശേഷം ഫിക്‌ഷനുകൾ മാറ്റി വച്ചു, പിന്നീട് ഇഷ്ടമുണ്ടായിരുന്നത് ജീവ ചരിത്രങ്ങൾ വായിക്കാനായിരുന്നു. ഒരു പത്തു വർഷം മുൻപ് വരെ അത്തരം വായനകൾ. ഒരുപക്ഷേ യാഥാർഥ്യത്തോട് ചായ്‌വുള്ള കഥകളോടുള്ള ഇഷ്ടം കൊണ്ടായിരിക്കാം. അങ്ങനെ വായിച്ചതിൽ ഏറെ ഇഷ്ടപ്പെട്ട ഒരു ജീവചരിത്രം സെയിൽസിങ്ങിന്റേതാണ്. രാഷ്ട്രപതിയായി മാത്രമേ പൊതുവെ നമ്മൾ അദ്ദേഹത്തെ വായിക്കാറുള്ളൂ, പക്ഷെ അതിനുമപ്പുറം അദ്ദേഹം കണ്ട ലോകം, ആരായിരുന്നു അദ്ദേഹം എന്നൊക്കെ പുസ്തകം തന്ന അറിവുകളാണ്. പിന്നീട് വന്ന വായന ഫിലോസഫിക്കലായിരുന്നു. അത്തരം വായനയിലേക്ക് വന്നിട്ട് ഏതാണ്ട് ഒരു വർഷമായിട്ടേയുള്ളൂ.

പണ്ടൊരു പുസ്തകമായിരുന്നെങ്കിൽ ഇപ്പോൾ വായന കൂടുതലും ഓൺലൈൻ വഴി തന്നെയാണ്. വായനയുടെ മാധ്യമം മാറിയത് വായനയെ ഒരുപാട് സ്വാധീനിച്ചിട്ടുമുണ്ട്. ഇപ്പോൾ നമുക്കിഷ്ടമുള്ള ഒരാളുടെ പുസ്തകം പിഡിഎഫ് ആയി മൊബൈലിൽ ഉണ്ടാവും, അയാളുടെ പ്രസംഗങ്ങൾ, പുസ്തകങ്ങൾ ഒക്കെ ഓഡിയോ രൂപത്തിൽ കേൾക്കാൻ കഴിയും. സാങ്കേതികത മാറിയപ്പോൾ മാറി വന്നതാണ് ഇത്തരം സൗകര്യങ്ങളും. അങ്ങനെ ഒരുപാട് സാധ്യതകൾ ഇപ്പൊ വായനയ്ക്കുണ്ട്, അതുകൊണ്ടു തന്നെ അധികവും വായന ഇപ്പോൾ ഈ സാങ്കേതിക മാർഗം ഉപയോഗിച്ച് തന്നെയാണ്. നമ്മുടെയൊക്കെ പത്രവായന വരെ മാറിയിട്ടുണ്ട്. കഴിഞ്ഞ ദിവസം കെ.എൽ. മോഹനവർമ്മ സാറുമായി സംസാരിച്ചപ്പോൾ അദ്ദേഹം പറഞ്ഞത് വർഷങ്ങളായി പത്രം വായിച്ചിട്ട് എന്നാണ്. എന്ത് നടന്നാലും അപ്പോൾ തന്നെ ഓൺലൈൻ പേജുകളിൽ നിന്ന് വായിച്ചെടുക്കാം പിന്നെ പിറ്റേ ദിവസം വരെ കാത്തിരിക്കേണ്ട ആവശ്യം വരുന്നില്ലല്ലോ. സാങ്കേതികത മാറിക്കൊണ്ടിരിക്കുന്നു. ഓൺലൈനിലും പണം നൽകി നമുക്ക് വായിക്കാനുള്ള സൗകര്യമിപ്പോൾ ഉണ്ട്, അതുകൊണ്ടു തന്നെ എന്തും ലഭിക്കാനും സൗകര്യമുണ്ട്. വളരെ സെലക്ടീവ് ആയ വായനയാണ് എന്റേത്. മറ്റൊരു വിധത്തിൽ പറഞ്ഞാൽ "സെൽഫിഷ്" ആയ വായന. ആയിരം പേജൊക്കെ ഉള്ള പുസ്തകമാണെങ്കിൽ പോലും ഒരു മണിക്കൂർ കൊണ്ട് വായിക്കും. ആദ്യം തന്നെ പുറകിലെ സമ്മറിയാണ് നോക്കുക, അങ്ങനെ കഥയിലെ ഒരു കഥാപാത്രത്തെ ഇഷ്ടപ്പെട്ടാൽ പിന്നെ ആ കഥാപാത്രത്തിന് എന്താണ് സംഭവിക്കുന്നത് എന്നറിയാൻ വേണ്ടിയാകും ആ പുസ്തകം മുഴുവൻ വായിക്കുന്നത്. അതും അടുത്ത ഒരു മണിക്കൂറിനുള്ളിൽ തന്നെ അത് അറിഞ്ഞില്ലെങ്കിൽ സ്വസ്ഥതയില്ല. അതുകൊണ്ട് പെട്ടെന്ന് വായിച്ച് തീർക്കും. പണ്ട് ഫിക്ഷൻ വായനക്കാലത്തെ കാര്യമാണിത്. പക്ഷെ ഇത് ഒരിക്കലും നല്ല വായനാ രീതിയല്ല. എന്തായാലും പിന്നെ വായന ജീവചരിത്രത്തിലേയ്ക്കും ഇപ്പോൾ ഫിലോസഫിയിലേയ്ക്കും മാറി.

ഫിലോസഫിക്കൽ വായനയിൽ തന്നെ ഏറ്റവും പ്രിയം ഓഷോയോടാണ്. എങ്ങനെ അദ്ദേഹത്തിലേയ്ക്ക് എത്തി എന്ന് ചോദിച്ചാൽ അടിസ്ഥാനമായുള്ള കാരണം പറയാനാകില്ല, ചെന്നെത്തുകയായിരുന്നു. യാദൃശ്ചികമായി അദ്ദേഹത്തെ കേൾക്കാൻ കഴിഞ്ഞു. പ്രണയത്തിന്റെ മൂന്നു ഘട്ടങ്ങൾ എന്നതായിരുന്നു ആ വിഷയം, അതെനിക്ക് ഇഷ്ടമായി. പിന്നീട് അദ്ദേഹത്തിന്റെ വായനകളിലേയ്ക്ക് ആഴത്തിൽ ഇറങ്ങി ചെന്നു. ഒരു സമയത്തു നമുക്ക് ഒരു ഇഷ്ടമുണ്ടാകും, ഇപ്പോൾ താൽപര്യം ഓഷോയോടാണ് എന്നതാണ് സത്യം. ഒരു വായനയിൽ നമുക്ക് എടുക്കാൻ കഴിയുന്നത് നമ്മൾ എടുക്കുക. അല്ലെങ്കിലും ഒന്നും ബാധിക്കാതിരിക്കാൻ എല്ലായ്പ്പോഴും ശ്രദ്ധിക്കാറുണ്ട്, ഒരു സിഗരറ്റു വലിച്ചാൽ പോലും സിഗററ്റിനെ നമ്മൾ നിയന്ത്രിക്കുക, അതുണ്ടാക്കുന്ന അടിമത്തത്തിലേയ്ക്ക് പോകാതിരിക്കുക, അതുപോലെ തന്നെ ഫിലോസഫിയും. നമ്മുടേതായ കൺസപ്റ്റുമായി ചേർന്നവ, നമുക്കാവശ്യമായവ വായനയിൽ നിന്ന് തിരഞ്ഞെടുക്കുക, ആവശ്യമില്ലാത്തതിനെ ശ്രദ്ധിക്കാതിരിക്കുക. മതത്തെ കുറിച്ചുള്ള, കുടുംബത്തെ കുറിച്ചുള്ള ഓഷോയുടെ നിലപാടുകളോട് തെല്ലും താൽപ്പര്യം തോന്നിയില്ല, പക്ഷെ താൽപര്യം തോന്നിയ മറ്റു ആശയങ്ങൾ ഉണ്ട് താനും. എന്ത് തന്നെയായാലും നമ്മളെക്കാൾ ആഴത്തിൽ വായനയും അറിവും ഉള്ള ആൾക്കാരാണ് അവർ, പക്ഷെ ആരും ഈ ലോകത്ത് പൂർണ്ണരല്ല, അങ്ങനെ വരുമ്പോൾ നമുക്ക് ആവശ്യമുള്ളത് എടുക്കുക അത്ര തന്നെ."

Read More Articles on Malayalam Literature & Books to Read in Malayalam