Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എന്നെയും സിനിമയിലെടുത്തു...

tiny-tom

ടിനി ടോം എന്ന നടൻ ജനങ്ങൾക്ക് പരിചിതനാണ്. എന്നാൽ ടിനി ടോം എന്ന എഴുത്തുകാരനെകുറിച്ച് അധികമാർക്കും അറിയാൻ തരമില്ല. സിനിമ പോലെ തന്നെ പ്രിയങ്കരമാണ് ടിനി ടോമിന് വായനയും എഴുത്തും. 'എന്നെയും സിനിമയിലെടുത്തു' എന്ന ടിനി ടോമിന്റെ ആദ്യ പുസ്തകം നവംബർ അഞ്ചിന് ഷാർജ സാഹിത്യോത്സവത്തിൽ വെച്ച് പ്രസിദ്ധീകരിക്കും. എന്നെയും സിനിമയിലെടുത്തു എന്ന പുസ്തകത്തെ കുറിച്ച്, എഴുത്തിനെയും വായനയെയും കുറിച്ച് ടിനി ടോം മനസ്സ് തുറക്കുന്നു.

എന്നെയും സിനിമയിലെടുത്തു...

ജീവിതത്തിലെ മനസ്സ് തൊട്ട അനുഭവങ്ങളുടെ നർമ്മത്തിൽ ചാലിച്ചുള്ള അവതരണമാണ് എന്നെയും സിനിമയിലെടുത്തു എന്ന പുസ്തകം. ഓരോ അനുഭവമുഹൂർത്തങ്ങളെയും ലളിതമായ ഭാഷയിൽ ചിരിയുടെയും ചിന്തയുടെയും അകമ്പടിയോടെ അവതരിപ്പിക്കുകയാണ് പുസ്തകത്തിൽ. സിനിമയിലെ അനുഭവങ്ങളോടൊപ്പം സിനിമയിൽ എത്തുന്നതിനു മുമ്പുള്ള ജീവിതം സമ്മാനിച്ച രസകരമായ സന്ദർഭങ്ങളും പുസ്തകം പറഞ്ഞുവയ്ക്കുന്നു. ജീവതത്തിലെ ഏത് സന്ദർഭത്തെയും നർമ്മത്തിന്റെ കണ്ണിലൂടെ നോക്കികാണാനുള്ള എഴുത്തുകാരന്റെ കഴിവാണ് പുസ്തകത്തിന്റെ പ്രധാന ആകർഷണീയത. ഒരു സാഹിത്യഗ്രന്ഥം എന്നതിലുപരി ആർക്കും മനസ്സിലാകുന്ന വിധത്തിൽ, ആരെയും ആകർഷിക്കുന്ന ജീവിതാനുഭവങ്ങൾ പകർത്താനുള്ള ശ്രമമാണ് ഈ പുസ്തകം.

എന്നെയും എഴുത്തിലെടുത്തു...

പുസ്തകങ്ങൾ വായിക്കാൻ എനിക്കിഷ്ടമാണ്. രസകരമായി തോന്നുന്ന അനുഭവങ്ങൾ കുറിച്ചിടുന്ന ശീലവുമുണ്ടായിരുന്നു. യാത്രകൾ എനിക്കിഷ്ടമാണ്. ഓരോ യാത്രയും ഓരോ അനുഭവങ്ങളാണ്. യാത്രകളും ജീവിതവും സമ്മാനിച്ച ഓരോ അനുഭവങ്ങളും വായനയോടും എഴുത്തിനോടുമുള്ള താൽപര്യവുമാണ് പുസ്തകം എന്ന സ്വപ്നം യാഥാർഥ്യമാക്കാൻ തന്നെ സഹായിച്ചതെന്ന് ടിനി ടോം. പുതിയ ഒരു സിനിമ റിലീസ് ചെയ്യുമ്പോഴുള്ള അതേ ആകാംഷയും സന്തോഷവും തന്നെയാണ് ആദ്യ ബുക്കിറങ്ങാൻ പോകുമ്പോൾ എനിക്ക് അനുഭവപ്പെടുന്നത്. ഷാർജാ സാഹിത്യോൽസവം പോലെ ഒരു വലിയ വേദിയിൽ വെച്ച് ആദ്യപുസ്തകം പുറത്തിറക്കാൻ‌ അവസരം ലഭിച്ചതിലും വളരെയേറെ സന്തോഷമുണ്ട്.

tiny-tom-book

സമയമില്ലായ്മ എന്നൊരു പ്രശ്നമേയില്ല

സിനിമ, ചാനൽ പ്രോഗ്രാമുകൾ, സ്റ്റേജ് ഷോകൾ എന്നിങ്ങനെ നീളുന്ന തിരക്കുകൾക്കിടയിൽ വായനയ്ക്കും എഴുത്തിനുമൊക്കെ എപ്പോൾ സമയം എന്ന ചോദ്യത്തിന് ടിനി ടോമിന്റെ മറുപടി ഇങ്ങനെ– സമയമില്ലായ്മ എന്നൊരു പ്രശ്നം ജീവിതത്തിലില്ല. നമ്മൾ എന്ത് ചെയ്യാനായി സമയം മാറ്റിവയ്ക്കുന്നു എന്നതാണ് പ്രധാനം. ഷൂട്ടിങ് ഉള്ള ദിവസങ്ങളിലാണെങ്കിലും രാത്രിയിൽ വായനയ്ക്ക് സമയം കണ്ടെത്താറുണ്ട്. ഒറ്റ രാത്രികൊണ്ടൊക്കെ വായിച്ചു തീർത്ത പുസ്തകങ്ങളുണ്ട്. വയനയും യാത്രകളും എനിക്കിഷ്ടമാണ്. യാത്രകളിൽ പുസ്തകവും കൈയ്യിൽ കരുതും. യാത്രകൾക്കിടയിൽ വായിക്കാറുണ്ട്. ആലങ്കാരിക ഭാഷകളിൽ എഴുതുന്ന സാഹിത്യത്തെക്കാള്‍ വളരെ ലളിതമായി വായനക്കാരന്റെ ഉള്ളു തൊടും വിധം പറഞ്ഞുവയ്ക്കുന്ന പുസ്തകങ്ങളോടാണ് എനിക്ക് താൽപര്യം.

വായനയിലെ ഇഷ്ടങ്ങൾ

ബെന്യാമിന്റെ എഴുത്തു ശൈലി എന്നെ ആകർഷിച്ചിട്ടുണ്ട്. ലളിതമായ ഭാഷയിൽ കാര്യങ്ങൾ പറയുന്ന എഴുത്തുകാരനാണ് ബെന്യാമിൻ. ചില പുസ്തകങ്ങൾ വായിച്ചു തുടങ്ങിയാൽ അത് വായിച്ച് തീർക്കാതെ താഴെ വയ്ക്കാൻ തോന്നില്ല. അത്തരത്തിൽ വായിച്ചു തീർത്ത ഒരു പുസ്തകമാണ് ടി.ഡി രാമകൃഷ്ണന്റെ ഫ്രാൻസിസ്ഇട്ടിക്കോര. അതു പോലെ തന്നെ യാത്രാ വിവരണ പുസ്തകങ്ങൾ എനിക്ക് വളരെയേറെ ഇഷ്ടമാണ്. എസ്‍.കെ. പൊറ്റെക്കാടിന്റെ സഞ്ചാരസാഹിത്യകൃതികൾ ആകർഷിച്ചിട്ടുണ്ട്.

Malayalam Literature ReviewBooks In Malayalam LiteratureMalayalam Literature Newsമലയാളസാഹിത്യം