Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എഴുത്ത് യാദൃശ്ചികമായി സംഭവിക്കുന്നതല്ല; ഉണ്ണി ആർ.

Unni-r ഉണ്ണി ആർ.

എഴുത്ത് യാദൃശ്ചികമായി സംഭവിക്കുന്നതല്ല ബോധപൂർവമായ പ്രവർത്തിയാണെന്ന് കഥാകൃത്ത് ഉണ്ണി ആർ. മറഡോണയുടെ കാര്യത്തിൽ ദൈവത്തിന്റെ കരം എന്നൊക്കെ പറയുന്ന പോലെ തന്റെ എഴുത്തിൽ യാദൃശ്ചികമായി സംഭവിച്ച ഒരേയൊരു കാര്യം ലീലയിൽ കുട്ടിയപ്പൻ ആ പെൺകുട്ടിയെ സ്വയം ലീല എന്ന് വിളിക്കുന്ന ആ ഒരു സന്ദർഭം മാത്രമാണെന്നും ഉണ്ണി ആർ. കോട്ടയം ബസേലിയസ് കോളജ്, ഇംഗ്ലിഷ് വിഭാഗം സംഘടിപ്പിച്ച പ്രഫ. രാജാറാം മേനോൻ മെമ്മോറിയൽ പ്രഭാഷണ പരമ്പരയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബസേലിയസ് കോളജിലെ പൂർവ വിദ്യാർഥി കൂടിയായ ഉണ്ണി ആർ. തന്റെ വിദ്യാഭ്യസ കാലഘട്ടത്തിലെ ഓർമകളും ഇന്നത്തെ സാമൂഹ്യാവസ്ഥയെ കുറിച്ചുള്ള തന്റെ കാഴ്ചപ്പാടുകളും വിദ്യാർഥികളുമായി പങ്കുവച്ചു. പ്രസംഗത്തിൽനിന്ന്:

ജാതീയതയ്ക്കെതിരെയുള്ള ആദ്യ പ്രതിഷേധം

ജാതി, മതം എന്നു പറയുന്നത് പ്രത്യക്ഷത്തിലല്ലെങ്കിലും പ്രകടമായിരുന്ന കാലമായിരുന്നു എന്റെ വിദ്യാഭ്യാസകാലം. അതുകൊണ്ടുതന്നെ കറുത്ത നിറത്തോട്, കറുത്തനിറമുള്ളവർ ധരിച്ചിരുന്ന കടുംനിറമുള്ള വസ്ത്രങ്ങളോട് എല്ലാംതന്നെ പുച്ഛം കലർന്ന മനോഭാവമായിരുന്നു. ഇന്ന് അത്ര വ്യാപകമല്ലാത്ത ചില വൃത്തികെട്ട രീതിയിലുള്ള സൂചകങ്ങളും പദപ്രയോഗങ്ങളും അന്നുണ്ടായിരുന്നു. എന്റെ ക്ലാസിലെ ഒരു വിദ്യാർഥിയെ ജാതി പറഞ്ഞ് ആക്ഷേപിക്കുന്നത് കാണുമ്പോഴാണ് കോളജ് കാലത്ത് ആദ്യമായി ഞാൻ ഒരാളെ അടിക്കുന്നത്. അത്തരത്തിൽ പ്രതികരിക്കാനുള്ള ധൈര്യം തന്നത് ഉള്ളിലുണ്ടായിരുന്ന രാഷ്ട്രീയ ബോധമാണെന്ന് ഇന്നു ഞാൻ മനസ്സിലാക്കുന്നു. 

ക്ലാസ്മുറികളിൽ ബഹിഷ്കരിക്കേണ്ടത്

ക്ലാസിൽ ഇരിക്കാനുള്ള മടി കാരണവും ഒരു ക്ലാസ് പൂർണമായി കേട്ടിരിക്കാനുള്ള ഒരു ഏകാഗ്രത എനിക്കില്ല എന്ന തോന്നലുകൊണ്ടും പല ക്ലാസുകളിലും കയറാറില്ലായിരുന്നു. അതുകൊണ്ട് ചില നഷ്ടങ്ങളും ഉണ്ടായിട്ടുണ്ട്. ക്ലാസിൽ ഇരിക്കേണ്ടതല്ല, അത് ബഹിഷ്കരിക്കേണ്ടതാണെന്ന ശക്തമായ ഒരു തോന്നലും അന്നുണ്ടായിരുന്നു. ക്ലാസ് ബഹിഷ്കരിക്കേണ്ടതാണെന്ന് പറയുമ്പോള്‍ നാം ബഹിഷ്കരിക്കേണ്ടത് ക്ലാസ് മുറികളിൽ അക്കാദമിക സ്വഭാവങ്ങൾ നമ്മിൽ അടിച്ചേൽപ്പിക്കുന്ന ചില ശാഠ്യങ്ങളെയാണ്. അതല്ലാതെ ഏറ്റവും ജനാധിപത്യപരമായി വിദ്യാർഥികളോടു സംവദിക്കുന്ന, ഏറ്റവും സത്യസന്ധമായി സംസാരിക്കുന്ന ഒരധ്യാപികയുടെയോ അധ്യാപകന്റെയോ ക്ലാസിൽ ഇരിക്കുമ്പോൾ ലോകത്തെ കൂടുതൽ തിരിച്ചറിയാൻ കഴിയും. ആ അധ്യാപകരുടെ ഒപ്പം നിൽക്കുകയാണ് വേണ്ടത്. കാരണം സ്വാതന്ത്ര്യം എന്നാലെന്ത് എന്നതിനെക്കുറിച്ചുള്ള രാഷ്ട്രീയബോധം, തിരിച്ചറിവ്, വളരെ പ്രധാനമാണ്.

വർധിച്ചുവരുന്ന അസഹിഷ്ണുത

ഇന്നത്തെ പ്രധാനവാർത്തകളിൽ ഒന്ന് സമൂഹമാധ്യമം വഴി വിദ്വേഷം പരത്തിയാൽ കടുത്ത ശിക്ഷ എന്നതാണ്. വ്യക്തികളെക്കുറിച്ചുള്ള പരാമർശങ്ങൾ ഇനി മുതൽ പാടില്ല എന്ന് കോടതി വിധിയിൽ പറയുന്നു. ബാൽതാക്കറെയുെട വിഷയത്തിൽ രണ്ട് പെണ്‍കുട്ടികൾ അറസ്റ്റിലായ വാർത്ത നമുക്കറിയാം. ഇത് ഒരു പ്രധാന പ്രശ്നമാണ്. 

ഇന്ന് ട്രോളുകൾ എല്ലാവർക്കും പരിചിതമാണ്. ട്രോളുകളെ പിന്തുടർന്ന് ചില പ്രയോഗങ്ങൾ വരെ മലയാളികൾ ഇറക്കിക്കൊണ്ടിരിക്കുന്നു. ഇത് ഒരുതരം നിഷേധമാണ്. ഒരു തരം വിമർശനമാണ്. ഇത്തരം വിമർശനങ്ങളെ അംഗീകരിക്കാൻ കഴിയാത്തവിധം അസഹിഷ്ണുത വളർന്നു വരുന്നുണ്ട്. അതിന് രാഷ്ട്രീയ വ്യത്യാസങ്ങളില്ല. വിമർശനങ്ങളോട് കാണിക്കുന്ന അത്തരം അസഹിഷ്ണുത അപകടകരം തന്നെയാണ്.

മാനിക്കപ്പെടേണ്ട സ്വകാര്യത 

ഒരു വ്യക്തിയുടെ സ്വകാര്യതയിലേക്ക് എങ്ങനെയാണ് മാധ്യമങ്ങൾ കടന്നു കയറുന്നത്. ഉദാഹരണത്തിന് ദിലീപിന്റെ അറസ്റ്റുമായി ബന്ധപ്പെട്ടുള്ള ചർച്ചകൾ കേരളത്തിൽ സീരിയലുകളെക്കാൾ നന്നായി ഓടിക്കൊണ്ടിരിക്കുന്നു. ഇത് വാണിജ്യമാധ്യമ തന്ത്രത്തിന്റെ ഭാഗമാണ്. ദിലീപിനെ കണ്ട് തിരിച്ചിറങ്ങുന്ന കാവ്യാമാധവന്റെയും മകൾ മീനാക്ഷിയുടെയും ചിത്രം നിരന്തരമായി ചാനലുകൾ കാണിക്കുന്നുണ്ടായിരുന്നു. ഇവിടെ ഒരു പ്രശ്നമുണ്ട്. ഇതുവരെ ലോകത്തെ ഒറ്റയ്ക്ക് നേരിടാൻ തയാറായിട്ടില്ലാത്ത, ഇപ്പോഴും കുടുംബത്തിന്റെ തണലിൽ കഴിയുന്ന ഒരു പതിനേഴ് വയസ്സുകാരി പെൺകുട്ടിയുടെ മുഖം നിരന്തരം ചാനലുകളിലൂടെ സംപ്രേഷണം ചെയ്യുമ്പോൾ അവൾക്ക് ഒരു സ്വകാര്യതയില്ലേ? ആ സ്വകാര്യതയിലേക്ക് കടന്നു കയറാൻ മറ്റുള്ളവർക്ക് എന്താണ് അധികാരം? ഒരു വ്യക്തിയുടെ സ്വകാര്യതയിലേക്ക് കടന്നുകയറാൻ ആർക്കും അധികാരമില്ല. പ്രായപൂർത്തിയായ മക്കളുടെ വ്യക്തിപരമായ കാര്യങ്ങളിൽ ഇടപെടാൻ മാതാപിതാക്കൾക്ക് പോലും അധികാരമില്ല. അധ്യാപകരോടും അച്ഛനമ്മമാരോടും സഹോദരങ്ങളോടും ഒക്കെ ഇത്തരത്തിലുള്ള ഒരു തുറന്ന സംവാദമാണ് ആവശ്യം.

സ്ത്രീകൾ അവരുടെ ഇടം കണ്ടെത്തുന്നു

ഗ്ലോബലൈസേഷനു ശേഷം ആൺപെണ്‍ സമീപനങ്ങളിൽ വ്യത്യാസം കണ്ടിട്ടുണ്ട്. സ്ത്രീകൾ അവരുടെ ഇടം കണ്ടെത്തുകയും അവരുടെ സ്വത്വം തിരിച്ചറിയുകയും അവളുടെ ശരീരത്തെ സ്വന്തമാക്കുകയും ചെയ്ത ഒരു കാലഘട്ടമാണിത്. കുറച്ചെങ്കിലും നമ്മുടെ കാലം മാറിയിരിക്കുന്നു. പെൺകുട്ടികൾ ഇന്ന് കൂടുതൽ ശക്തരാവുകയും അവരുടെ കാര്യങ്ങൾ തുറന്ന് സംസാരിക്കുകയും ചെയ്യാൻ തുടങ്ങിയിരിക്കുന്നു. നമ്മുടെ നാട്ടിൽ ഡിവോഴ്സുകൾ കൂടുന്നു എന്ന് പറയുന്നു. എന്തുകൊണ്ടാണിത്? സാമ്പത്തിക സ്വാതന്ത്ര്യമുള്ള ഒരു പെൺകുട്ടി, തന്റെ പങ്കാളി തന്റെ സ്വാതന്ത്ര്യത്തെ ഹനിക്കുന്നുവെന്നും നിയന്ത്രണങ്ങൾ വയ്ക്കുന്നുവെന്നും തിരിച്ചറിയുമ്പോൾ, അത് സഹിക്കാൻ കഴിയാതെ വരുമ്പോൾ സ്വതന്ത്രയാകാൻ ശ്രമിക്കുന്നു. ജീവിതകാലം മുഴുവൻ സഹിക്കുന്നതിനേക്കാള്‍ നല്ലത് ഇത്തരം ഡിവോഴ്സുകളാണ്. അത് ആണായാലും പെണ്ണായാലും. 

unni-r-2

കോട്ടയത്തെ നസ്രാണികളും ജിമിക്കികമ്മലും

അടുത്തകാലത്ത് പുറത്തുവന്ന, കന്യാസ്ത്രീകൾ ചുവടുവെയ്ക്കുന്ന ജിമിക്കി കമ്മലിന്റെ ഒരു വീഡിയോ ഉണ്ട്. അതെന്നെ വല്ലാതെ ആകർഷിച്ചു. ജീവിതത്തിൽ എനിക്ക് ആകർഷണം തോന്നിയിട്ടുള്ള ഒരാൾ ക്രിസ്തുവാണ്. ക്രിസ്തുവിനെ നോക്കുകയാണെങ്കിൽ ബോബ് മാർലിയുടെയും ചെ ഗവാരയുടെയും ഒക്കെ ഛായ ഉള്ള ഒരാളാണ്. ഒരു നിഷേധിയാണ്. അതുകൊണ്ടുതന്നെ കുരിശിൽ ഏറ്റപ്പെട്ടു. കോട്ടയം അച്ചായന്മാരിലും ഈ ഒരു സ്വാതന്ത്ര്യബോധം ഞാൻ കണ്ടിട്ടുണ്ട്. ഒരു ശീലത്തിന്റെ ഭാഗമായി ഞായറാഴ്ചകളിൽ പള്ളിയിൽ പോകുമെങ്കിലും അവരിൽ പ്രത്യേകിച്ചൊരു ആശയം അടിച്ചേൽപിക്കാൻ കഴിയില്ല.

ദൈവത്തെ ഭയക്കുകയല്ല വേണ്ടത്. ദൈവത്തെ ഭയന്നിട്ട് ഒരു കാര്യവുമില്ല. ദൈവത്തോട് സംവദിക്കുകയും ചോദ്യം ചെയ്യുകയുമാണ് വേണ്ടത്. ഓരോരുത്തർക്കും ഓരോ ദൈവമാണ്. എന്റെ ദൈവം പുസ്തകമാണ്. നിങ്ങളുടെ സ്വാതന്ത്ര്യങ്ങളെ, നിങ്ങളുടെ രാഷ്ട്രീയത്തെ, നിങ്ങൾ തന്നെ തീരുമാനിക്കുക. അഥവാ കണ്ടെത്തുക.

സ്വാതന്ത്ര്യം ശ്വസിക്കുക

സ്വാതന്ത്ര്യം എന്നത് വളരെ പ്രധാനമാണ്. സ്വാതന്ത്ര്യം ശ്വസിക്കാൻ തന്നെയാണ് നമ്മൾ ഈ നാട്ടിൽ ജനിച്ചത്. ജാതി, മത, ലിംഗ ഭേദങ്ങളില്ലാതെ മനുഷ്യനായി ജീവിക്കാൻ കഴിയണം. മലയാളി റാഷണലായി ചിന്തിച്ചിരുന്ന ഒരു കാലത്തുനിന്ന് ഇപ്പോൾ ഒരുപാട് മതചിഹ്നങ്ങൾ കണ്ടുവരുന്നു. മുസ്‌ലിം ആയാലും ഹിന്ദു ആയാലും ക്രിസ്ത്യൻ ആയാലും മതങ്ങൾ ഒരു അപ്രമാദിത്വം, അധികാരം നമ്മുടെ മേൽ അടിച്ചേൽപ്പിക്കുന്നുണ്ട്. 

സ്വന്തം ജീവിതത്തെ, അതിന്റെ സ്വാതന്ത്ര്യങ്ങളെ, മതത്തിന്റെയോ സ്ഥാപനത്തിന്റെയോ ഉൾപ്പെടെയുള്ള എല്ലാ കെട്ടുപാടുകളിൽനിന്നും വിട്ട് സ്വാതന്ത്ര്യം ശ്വസിക്കാൻ ശ്രമിക്കുമ്പോൾ മാത്രമാണ്, സഹജീവികളോട് സഹാനുഭൂതിയോടെ പെരുമാറുമ്പോൾ മാത്രമാണ് ഒരാൾ മനുഷ്യനാകുന്നത്. സ്വയം സ്വതന്ത്രരാകുക. സ്വാതന്ത്ര്യം എന്നത് നിത്യേന ചോദ്യം ചെയ്യപ്പെട്ടു കൊണ്ടിരിക്കുന്ന ഒരു രാജ്യത്താണ് നമ്മൾ ജീവിക്കുന്നത്. നിങ്ങൾ മുസ്‌ലിം ആണ്, നിങ്ങൾ ഹിന്ദുവാണ്, നിങ്ങൾ ക്രിസ്ത്യാനിയാണ് എന്ന് നിരന്തരം പറഞ്ഞു കൊണ്ടിരിക്കുന്ന കാലത്ത്, നീ പെണ്ണാണ് എന്ന് നിരന്തരം പറഞ്ഞു കൊണ്ടിരിക്കുന്ന ഒരു കാലത്ത്, ഞാൻ മനുഷ്യനാണെന്ന് സംസാരിക്കാൻ എനിക്ക് മനുഷ്യന്റെ ഭാഷ മതി എന്ന് പറയാൻ മനസ്സിനെ പാകപ്പെടുത്തുവാനും ആ സ്വാതന്ത്ര്യം ശ്വസിക്കുവാനും നിങ്ങൾക്കാവട്ടെ. 

Books In Malayalam LiteratureMalayalam Literature Newsമലയാളസാഹിത്യം