Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹാരിസ്: ചിന്തകൾക്കു തീപിടിച്ച പേര്

vc.haris വി.സി. ഹാരിസ് തിരക്കഥാകൃത്തും നടനുമായ പി.ബാലചന്ദ്രൻ, സംവിധായകൻ ബി. ഉണ്ണിക്കൃഷ്ണൻ എന്നിവരോടൊപ്പം. (ഫയൽ ചിത്രം)

വി.സി.ഹാരിസ്‌ ഒരു പാഠമാണെന്നു ഞാനെഴുതിയാൽ, അതിനെ ആദ്യമെതിർക്കുക ഹാരിസാവും. കാർക്കശ്യത്തോടെ ഹാരിസ്‌ എന്നോട് ചോദിക്കും‌: "why singular?" (എന്തേ ഏകവചനത്തിൽ പറഞ്ഞത്?) 

ശരിയാണ്‌. ഹാരിസ്‌ ഒന്നല്ല, ഒട്ടനവധി പാഠങ്ങളുടെ നീൾച്ചയും തുടർച്ചയും ഇടർച്ചയുമാണ്‌. 

എനിക്കു മാത്രമല്ല, ഹാരിസിന്റെ ഓരോ വിദ്യാർഥിക്കും ഹാരിസ്‌ ജനാധിപത്യവും വിപ്ലവവും സംവാദങ്ങളുടെ ബഹുസ്വരതയും വ്യവസ്ഥയുടെ അപനിർമാണവുമാണ്. പാഠങ്ങളുടെ അനന്തമായ തുടർച്ചയാണ്‌. 

കണ്ടുമുട്ടുന്ന ഓരോരുത്തരുടെയും ജീവിതത്തെ അഗാധമായി സ്പർശിക്കുവാനും അഴിച്ചുപണിയാനും സാധിച്ച ധൈഷണിക സാന്നിധ്യമായിരുന്നു ഹാരിസ്‌. 1989-90 കാലയളവിൽ എംജി സർവകലാശാലയിലെ സ്കൂൾ ഓഫ്‌ ലെറ്റേഴ്സിൽ വച്ചാണു ഹാരിസിനെ ഞാൻ ആദ്യമറിയുന്നത്‌. ഉത്തരാധുനികത എന്ന ഭൂതം മലയാളത്തിലെ സാഹിത്യ-സാംസ്കാരിക ചർച്ചകളെ ആവേശിച്ച കാലം. എംഫിൽ വിദ്യാർഥികൾക്കായി മൂന്നു മണിക്കൂർ നീണ്ടുനിൽക്കുന്ന ലെക്ചർ സെഷനുകൾ. പ്ലേറ്റോയിൽ തുടങ്ങി, കാന്റിലൂടെ, ദെക്കാർത്തയിലൂടെ, ഹെഗലിലേക്കും ഹുസ്സെർലിലേക്കും മാർക്സിലേക്കും ഫ്രോയിഡിലേക്കും ലെവിസ്റ്റ്രോസിലേക്കും നീളുന്ന ഉജ്വലമായ ആമുഖ പ്രഭാഷണങ്ങൾ. പിന്നെ, ഫുക്കൊ, ലക്കാൻ, അൽത്യുസർ, ല്യൊറ്റാർഡ്‌, ദെല്യൂസ്‌, ഫെഡറിക്‌ ജെയിംസൺ... ഉത്തരാധുനികതയുടെ നിർമാണവും അപനിർമാണവും. 

ഹാരിസിന്റെ പ്രിയപ്പെട്ട ചിന്തകൻ ഴാക്‌ ദെരിദയായിരുന്നു. ദെരിദയുടെ ക്ലിഷ്ടവും സങ്കീർണവുമായ ചിന്തയെ ഇത്രയ്ക്കു സൂക്ഷ്മമായി മനസ്സിലാക്കിയ ഒരു അക്കാദമിക്‌ ചിന്തകനെ വേറെ കണ്ടിട്ടില്ല. 

സിനിമയെക്കുറിച്ചും നാടകത്തെക്കുറിച്ചും ഹാരിസിനുണ്ടായിരുന്ന ഉൾക്കാഴ്ചകൾ വേണ്ടവിധം പ്രതിഫലിക്കാതെ പോയി. ഞാൻ ആദ്യമായി തിരക്കഥയെഴുതിയ ജലമർമരത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചതു ഹാരിസായിരുന്നു. എത്രയോ നാടകങ്ങളിൽ ഹാരിസ്‌ വേഷമിട്ടു. പക്ഷേ, ഞാൻ കാത്തിരുന്നത്‌ സി.അയ്യപ്പന്റെ "പ്രേതഭാഷണ"ത്തെ അടിസ്ഥാനപ്പെടുത്തി ഹാരിസ്‌ തയാറാക്കിയ തിരക്കഥ ഹാരിസ്‌ തന്നെ സംവിധാനം ചെയ്‌തു കാണാനായിരുന്നു. ഞങ്ങളൊരുമിച്ച്‌ ഒരുപാടു നിർമാതാക്കളെ കണ്ടിട്ടുണ്ട്‌; അപ്പോൾ നടന്ന തമാശകൾ ഇപ്പോൾ പറയുന്നത്‌ ഔചിത്യമാവില്ല. 

derida ഫ്രഞ്ച് ചിന്തകൻ ഴാക്‌ ദെരിദയായിരുന്നു ഡോ. വി.സി.ഹാരിസിനെ ഏറ്റവും സ്വാധീനിച്ച എഴുത്തുകാരൻ. ദെരിദ മരിച്ചത് 2004 ഒക്ടോബർ ഒൻപതിന്. 13 വർഷത്തിനുശേഷം അതേ ദിവസം ‘കേരള ദെരിദ’ ഹാരിസും മരിച്ചത് ഭൂഖണ്ഡങ്ങളുടെ അകലം മായ്ച്ച ചിന്തകളിലെ ആ ഇഴയടുപ്പം കൊണ്ടായിരിക്കാം.

അങ്ങനെ ഒരിക്കൽ ഹാരിസ്‌ പറഞ്ഞു, "അത്‌ വിട്ടുകള, ഇനി ഞാനില്ല..." 

16 വർഷങ്ങൾക്കു മുൻപ്‌, ഹാരിസ്‌ കുറെനാൾ എന്റെ വീട്ടിൽ താമസിച്ചു; മുഴുവൻ സമയവും ചർച്ചകളും എഴുത്തുമായി ഞങ്ങൾ തീപിടിച്ചിരിക്കുമ്പോൾ, സ്കൂൾ വിട്ടുവന്ന എന്റെ അഞ്ചുവയസ്സുകാരിയായ മകൾ അപ്രതീക്ഷിതമായി ഹാരിസിനോട് ചോദിച്ചു: "ഹാരിസ്‌ മാമൻ മുസ്‌ലിമാണോ?" 

സ്തബ്ധനായി ഇരിക്കുന്ന എന്നെ നോക്കാതെ, ഹാരിസ്‌ അവളോട് പറഞ്ഞു, "well, the answer is both yes and no" (അങ്ങനെ ചോദിച്ചാൽ, ആണെന്നും അല്ലെന്നും പറയാം). അവൾക്കൊന്നും മനസ്സിലായില്ല. എന്നെ നോക്കി ഹാരിസ്‌‌ പറഞ്ഞു, "അവൾ യഥാർഥ അന്തരങ്ങളുടെ ലോകത്തിലേക്ക്‌, പൗരത്വത്തിലേക്ക്‌ പ്രവേശിച്ചുകൊണ്ടിരിക്കുകയാണ്‌. It is tough learning. (കഠിനമായ തിരിച്ചറിവിന്റെ കാലമാണ്)."

ഹാരിസിന്റെ ഓരോ വിദ്യാർഥിയും, ഹാരിസിനാൽ പ്രചോദിപ്പിക്കപ്പെട്ട ഓരോരുത്തരും ഇതു തന്നെ പറയും. അതുകൊണ്ടു തന്നെ ഹാരിസ്‌ ഒരിക്കലും വായിച്ചുതീരാത്ത പാഠങ്ങളായി, നിരന്തരം നവീകരിക്കപ്പെടുന്ന ചിന്തകളും വാക്കുകളുമായി നമ്മളെ ജാഗരൂകരാക്കിക്കൊണ്ടിരിക്കും.

Books In Malayalam LiteratureMalayalam Literature Newsമലയാളസാഹിത്യം