Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പെണ്ണിനെ നോക്കി അശ്ലീലം പറയുന്ന, കണ്ണിറുക്കുന്ന ആണുങ്ങളെ ഇന്ന് കണ്ടിരിക്കാനാവുന്നില്ല; ശാരദക്കുട്ടി

saradakutty

കഴുത്തിറക്കി വെട്ടിയ ബ്ലൗസിട്ടു കുളക്കടവിൽ തുണിയലക്കുന്ന പെണ്ണിനെ നോക്കി, ഇത്ര പച്ചക്ക് അശ്ലീലം പറയുന്ന, കണ്ണിറുക്കുന്ന ആണുങ്ങളെ പറങ്കിമലയുടെ കാലത്തു കണ്ടിരുന്നതു പോലെ ഇന്ന് കണ്ടിരിക്കാനാവുന്നില്ലെന്ന് എഴുത്തുകാരിയും സാമൂഹ്യപ്രവർത്തകയുമായ ശാരദക്കുട്ടി. കാറ്റ് എന്ന സിനിമയെ കുറിച്ച് ഫെയ്സ്ബുക്കിൽ പ്രതികരിക്കുകയായിരുന്നു അവർ. തകര, കള്ളൻ പവിത്രൻ, ചെല്ലപ്പനാശാരി, എൺപതുകളിലെ ഗ്രാമജീവിതം, എന്നിവയൊക്കെ കാറ്റ് എന്ന ചലച്ചിത്രം ഓർമ്മിപ്പിക്കുന്നു എന്ന് കുറിച്ച ശാരദക്കുട്ടി മുരളി ഗോപിയുടെ ദ്വയാർഥപ്രയോഗമുള്ള സംഭാഷണങ്ങൾ കേൾക്കുമ്പോൾ എൺപതുകളിലെ കഥയെ 2017 ന്റെ അവസ്ഥകളിലേക്ക് റീ ക്രിയേറ്റ് ചെയ്തിരുന്നു എങ്കിൽ എന്ന് ആശിച്ചു എന്നും ഫെയ്സ്ബുക് കുറിപ്പിൽ പറയുന്നു. മുരളി ഗോപി, വരലക്ഷ്മി ശരത് കുമാർ, ജോളി ചിറയത്ത് എന്നിവരുടെ അഭിനയത്തെ പ്രശംസിക്കാനും ശാരദക്കുട്ടി മറന്നില്ല.

ശാരദക്കുട്ടിയുടെ കുറിപ്പിന്റെ പൂർണ്ണ രൂപം–

തകര, കള്ളൻ പവിത്രൻ, ചെല്ലപ്പനാശാരി, എൺപതുകളിലെ ഗ്രാമജീവിതം, ഇതൊക്കെ ഓർമ്മിപ്പിക്കുന്നു കാറ്റ് എന്ന ചലച്ചിത്രം. ആ കാലഘട്ടത്തിലെ സിനിമാസ്വാദകരെ നൊസ്റ്റാൾജിക് ആക്കാതിരിക്കില്ല. എൺപതുകളിലല്ല ഈ സിനിമ കാണുന്നത് എന്നതുകൊണ്ടു തന്നെ വ്യക്തികളിൽ വലുതായി സംഭവിച്ച ചിന്തയുടെയും കാഴ്ചയുടെയും വ്യതിയാനങ്ങൾ സിനിമാസ്വാദനത്തെ തടസ്സപ്പെടുത്തുന്നുമുണ്ട്. കഴുത്തിറക്കി വെട്ടിയ ബ്ലൗസിട്ടു കുളക്കടവിൽ തുണിയലക്കുന്ന പെണ്ണിനെ നോക്കി, ഇത്ര പച്ചക്ക് അശ്ലീലം പറയുന്ന, കണ്ണിറുക്കുന്ന ആണുങ്ങളെ പറങ്കിമലയുടെ കാലത്തു കണ്ടിരുന്നതു പോലെ ഇന്ന് കണ്ടിരിക്കാനാവുന്നില്ല. അന്ന്, കാഴ്ചയിൽ പ്രകടമായിരുന്ന ആ ആഭാസത്തരം ഇന്ന് അതിനേക്കാൾ അപകടകരമായ ആക്രമണ സ്വഭാവങ്ങളിലേക്ക് മാറിക്കഴിഞ്ഞു. കട്ടബൊമ്മനായി വരുന്ന മുരളി ഗോപിയുടെ ദ്വയാർഥപ്രയോഗമുള്ള സംഭാഷണങ്ങൾ കേൾക്കുമ്പോൾ എൺപതുകളിലെ കഥയെ 2017 ന്റെ അവസ്ഥകളിലേക്ക് റീ ക്രിയേറ്റ് ചെയ്തിരുന്നു എങ്കിൽ എന്ന് ആശിച്ചു. മുരളി ഗോപിയുടെ ചലനങ്ങളിലും ശരീരഭാഷയിലും ചിലപ്പോഴൊക്കെ ഭരത് ഗോപിയെ കണ്ടും, മുരളി ഗോപി ആയിത്തന്നെ മറ്റു ചിലയിടങ്ങളിൽ കണ്ടും വല്ലാതെ ഇഷ്ടപ്പെട്ടു. ദൃശ്യഭംഗി ഭരതന്റെ ചലച്ചിത്ര കാലങ്ങളിലേക്ക് കൊണ്ടു പോയി. സംവിധായകൻ തന്റെ മുൻ സിനിമകളിൽ എന്നതുപോലെ സൂക്ഷ്മാംശങ്ങളിൽ ശ്രദ്ധാലുവാണ്. വയലൻസ് ഉണ്ടെങ്കിലും അത്രയ്ക്കു ശബ്ദകോലാഹലങ്ങളില്ല. ആശ്വാസം. വരലക്ഷ്മി ശരത് കുമാർ, ജോളി ചിറയത്ത്, ചെറിയ റോളുകളെങ്കിലും ഭംഗിയാക്കി. പെണ്ണിനെ വെറുംപെണ്ണ്, ഇപ്പോ വളച്ചൊടിച്ചു കയ്യിത്തരാം, പശു കുത്തുകേം തൊഴിക്കുകേം ചെയ്യുമെങ്കിലും പെണ്ണല്ലേ ഒതുക്കാം എന്നാവർത്തിക്കുന്ന ഡയലോഗുകൾ, എന്തായാലും ഈയുള്ള കാലത്ത് കേട്ടിരിക്കാനുള്ള സഹനശക്തിയില്ല. കാലത്തിനനുസരിച്ചുള്ള മാറ്റിവായന ഇല്ലാതെ, ഭരതൻ പത്മരാജൻ കാലത്തെ റീ ക്രിയേറ്റ് ചെയ്യുന്നതിലെ വലിയ അപകടവും അതു തന്നെയാണ്. കുറച്ചു കൂടി നല്ല കെട്ടുറപ്പോടും സൂക്ഷ്മതയോടും കൂടി അഛന്റെ കാലത്തിന്റെ ബാധ തീണ്ടാതെ അടുത്ത സിനിമാ രചന നിർവ്വഹിക്കുവാൻ അനന്തപത്മനാഭനു കഴിയട്ടെ.

Books In Malayalam LiteratureMalayalam Literature Newsമലയാളസാഹിത്യം