Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്നും കത്തുന്ന കത്തുകൾ

x-default

ഭൂമിയോളം കനമുള്ള ചില ദൂതുകളുണ്ട്. ലോകത്തിലെ ഏറ്റവും നല്ല പദങ്ങൾ കൂട്ടിക്കെട്ടി നിർമിച്ചവ. ഓർമയുടെയും കരുതലിന്റെയും ഒരു വൻകരയിൽനിന്നു മറ്റൊന്നിലേക്കും തിരിച്ചുമുള്ള ‘ഷട്ടിലടിപോലെ’ ചില കത്തുകൾ. അതുകൊണ്ടാകണം, ചുംബനങ്ങളേക്കാൾ മനസ്സുകളെ ബന്ധിപ്പിക്കുന്നത് കത്തുകളാണെന്നു ജോൺ ഡൺ പറഞ്ഞത്. ഇംഗ്ലീഷ് സാഹിത്യത്തിലെ ആദ്യ നോവലുകളിലൊന്നുതന്നെ ഒരു നെടുനീളൻ കത്താണ്– സാമുവൽ റിച്ചാർഡ്സണിന്റെ പമീല. (Epistolary novel)

ചിത്രകാരനായ വിൻസെന്റ് വാൻ ഗോഗിന്റെ ജീവചരിത്രമെന്ന് ഏറെക്കുറെ വിളിക്കാവുന്ന, ഇർവിങ് സ്റ്റോണിന്റെ ജീവിതാസക്തി (Lust for Life) എന്ന നോവലിൽ വാൻ ഗോഗും സഹോദരൻ തിയോ വാൻ ഗോഗും തമ്മിലുള്ള അഗാധമായ ബന്ധത്തിന്റെ ചില അധ്യായങ്ങളുണ്ട്. വിഷാദത്തിന്റെ  പടുകുഴിയിലായിരുന്ന വാൻഗോഗിനെ കുറച്ചെങ്കിലും ഭൂമിയിൽ ചവിട്ടിനിർത്തിയത് അവർക്കിടയിലുള്ള കത്തുകളായിരുന്നു, തീർച്ച.

രണ്ടാംലോക മഹായുദ്ധം അടുക്കുന്ന സമയം. നാസികളുടെ രാഷ്ട്രീയത്തോടു ചേർന്നു നിൽക്കാത്ത എഴുത്തുകാരുടെ പുസ്തകങ്ങൾ ബെർലിനിൽ (ജർമനി) വ്യാപകമായി തെരുവിൽ അഗ്നിക്കിരയായി. പുസ്തകങ്ങൾ കത്തിക്കുന്നതിനായി മുപ്പത്തഞ്ചോളം റാലികൾ പല സമയങ്ങളിലായി നടത്തി. അമ്പതിനായിരത്തിനു മുകളിൽ ആളുകൾ പങ്കെടുത്ത അത്തരം റാലികൾക്കു നേതൃത്വം കൊടുത്തത് നിർഭാഗ്യവശാൽ അവിടുത്തെ വിദ്യാർഥികളായിരുന്നു. ആ പ്രതിഷേധം Holocaust of books എന്ന് പിൽക്കാലത്ത് അറിയപ്പെട്ടു. അതിൽ പങ്കെടുത്ത വിദ്യാർഥികളെ അഭിസംബോധന ചെയ്ത് ഹെലൻ കെല്ലർ ഒരു കത്തെഴുതി. അതിന്റെ ആദ്യ വരികൾ ഇങ്ങനെയാണ്.

‘നിങ്ങൾക്ക് അക്ഷരങ്ങളെയും ആശയങ്ങളെയും എന്നന്നേക്കുമായി നശിപ്പിക്കാമെന്നാണു കരുതുന്നതെങ്കിൽ, ചരിത്രം നിങ്ങളെ ഒന്നും പഠിപ്പിച്ചിട്ടില്ലെന്നു സാരം.ഏകാധിപതികൾ ഇതിനു മുമ്പും ഇങ്ങനെയൊക്കെ ചെയ്തിട്ടുണ്ട്. ആശയങ്ങൾ ഉയിർത്തെഴുന്നേൽക്കും. അവ എല്ലാക്കാലത്തേക്കുമായി എഴുതപ്പെട്ടവയാണ്.’

അസൂയപ്പെടുത്തിയ ചില ‘കത്തുകാവ്യങ്ങളിൽ’ ഒന്ന്, ലെബനീസ് എഴുത്തുകാരനായ ഖലീൽ ജിബ്രാനും പ്രണയിനിക്കും (അങ്ങനെ വിളിക്കാമെങ്കിൽ) ഇടയിലുള്ള ചില ‘ദൂതുകളായിരുന്നു’. പ്രണയത്തിലായിരിക്കുമ്പോഴും ഒരിക്കലും തമ്മിൽ കാണേണ്ടെന്ന ജിബ്രാന്റെ ചില വാശികൾക്കു മുമ്പിൽ തോറ്റുകൊടുത്തവൾ. മെയ് സിയാദ് എന്നായിരുന്നു അവളുടെ പേര്.

കാഫ്ക സുഹൃത്ത് മിലേനയ്ക്കയച്ച കത്തുകളും പ്രസിദ്ധം. പുറംലോകത്തിനു തീരെ പരിചയമില്ലാതിരുന്ന കാഫ്കയായിരുന്നു ആ കത്തുകളിൽ മുഴുവൻ. Kafka, Letters To Milena എന്ന പേരിൽ അവ പുസ്തകമായിട്ടുണ്ട്.

അമേരിക്കൻ കവി എമിലി ഡിക്കൻസണിന്റെ മരണത്തിനു ശേഷം അവരുടെ മുറിയിൽനിന്നു സഹോദരി കണ്ടെടുത്ത നൂറ്റിയെൺപതിൽപരം കവിതകൾ ആർക്കൊക്കെയോ ഉള്ള കത്തുകൾത്തന്നെ. ഒരു തലക്കെട്ടുപോലും ഇടാതെ, മുറിക്കുള്ളിൽ അവർ ഒളിപ്പിച്ച കവിതകൾക്കു പിന്നീട് അച്ചടിമഷി പുരണ്ടു. കവിയുടെ മരണശേഷം മാത്രം ലോകത്തിനു വെളിപ്പെട്ട ആ കവിതകൾ എനിക്കും നിനക്കുമുള്ള കത്തുകളല്ലാതെ മറ്റെന്ത്.

ഒന്നാന്തരം ‘നിഷേധിയായിരുന്നു’ സിൽവിയാ പ്ലാത്ത്. ന്യായമായ ഭ്രാന്തുകളുള്ള ഒരു എഴുത്തുകാരി. ഭർത്താവ് ടെഡ്ഡി ഹ്യൂസിന് അവർ അയച്ച ആദ്യകാല കത്തുകളിൽ നിറഞ്ഞുനിന്നത് പ്രണയവും സംഗീതവും ഉന്മാദവുമായിരുന്നു. അവർക്കിടയിലുള്ള പ്രണയം വരണ്ടശേഷമുളള സിൽവിയയുടെ കത്തുകൾ വായിക്കണം. ടെഡ്ഡിയുടെ കുറ്റങ്ങൾ, ശകാരങ്ങൾ, പിന്നെ അവളുടെ കവിതകൾപോലെതന്നെ ചില തുറന്നുപറച്ചിലുകള്‍.

ഇന്നോളം എഴുതപ്പട്ടവയിൽ ഏറ്റവും ചെറിയ കത്ത് മാർക് ട്വയ്‌ന്റേതാകാനേ തരമുള്ളൂ. തന്റെ പുസ്തകങ്ങളുടെ പ്രസാധകനാണ് അദ്ദേഹമതയച്ചത്. പുസ്തകം എങ്ങനെ വിറ്റുപോകുന്നു എന്നറിയാൻ വെള്ള കടലാസിൽ ഒരു ചോദ്യ ചിഹ്നം (?) മാത്രം അടയാളപ്പെടുത്തിയ ഒരു കത്ത്. പ്രസാധകന്റെ മറുപടിയാണ് അതിലും ക്ലാസ്. വലിയൊരു പേജിനു നടുവിൽ ഒരു ആശ്ചര്യ ചിഹ്നം (!) മാത്രം.

എങ്കിലും ഉള്ളുലച്ച കത്തുകളുടെ കഥയിൽ മുൻപന്തിയിൽ ഇംഗ്ലിഷ് കവിയായ എലിസബത്ത് ബാറ്റ്സണിന്റെ ജീവിതമാണുള്ളത്. കവിയായ റോബർട്ട് ബ്രൗണിങ്ങിനെ വിവാഹം ചെയ്തതിന്റെ പേരിൽ വീട്ടിൽനിന്ന് ആട്ടിയിറക്കപ്പെട്ടവൾ. മാതാപിതാക്കൾക്ക് ഇഷ്ടമില്ലായിരുന്നു ബ്രൗണിങ്ങുമായുള്ള വിവാഹം. പാരീസിലായിരുന്നു തുടർന്നുള്ള അവരുടെ ജീവിതം.

എന്നിട്ടും കാലങ്ങളോളം അവൾ തന്റെ മാതാപിതാക്കൾക്ക് കത്തുകളെഴുതിക്കൊണ്ടിരുന്നു. അവയിൽ ചിലത് ക്ഷമാപണം, മറ്റു ചിലത് കവിതകൾത്തന്നെ. ഒന്നിനും മറുപടി ലഭിച്ചില്ല.

ഒടുവിൽ പത്തുവർഷത്തിനു ശേഷം അവളുടെ പിറന്നാൾ ദിനത്തിൽ മാതാപിതാക്കൾ തിരിച്ച് അവൾക്ക് ഒരു പെട്ടി സമ്മാനമായി അയച്ചു. വർഷങ്ങളായി അവൾ എഴുതിയ കത്തുകൾ ഒന്നുപോലും പൊട്ടിച്ചു നോക്കാതെ പെട്ടിക്കുള്ളിലാക്കി തിരിച്ചയയ്ക്കുകയായിരുന്നു. ലോകാവസാനത്തോളം നീണ്ട പിടിവാശികൾ, അല്ലാതെന്ത്...

അപരന്റെ കത്തുകൾ തുറന്നു വായിക്കുന്നതുപൊലെ മറ്റൊരു അശ്ലീലമില്ല. എങ്കിലും ഈ കത്തുകളൊക്കെ ചരിത്രമാണ്. ഇന്നും കത്തുന്നവ. ഇവ ഒരിക്കലെങ്കിലും വായിക്കാതെ പോകുന്നതാണു നഷ്ടം, സൗരയൂഥനഷ്ടം...

Novel ReviewLiterature ReviewMalayalam Literature News