ഹാരി പോട്ടറുടെ വിസ്മയ ലോകം കുട്ടികൾക്ക് വേണ്ടിയുള്ള കഥകളായി മാത്രം കാണുന്നതിൽ വലിയ പിഴവുണ്ട്. നമ്മുടെ കാലത്തിന്റെ പ്രശ്നങ്ങളെ കൈകാര്യം ചെയ്യുന്നതിൽ നിന്ന് ഈ കഥകൾ മാറി നിൽക്കുന്നില്ല. ഹാരി പോട്ടർ കഥകളുടെ ലോകത്ത് മാജിക് അറിയാവുന്ന ആൾക്കാരുടെയും അല്ലാത്തവരുടെയും ലോകങ്ങൾ ഉണ്ട്. മാജിക് അറിയുന്നവർ മാജിക് അറിയാത്തവരേക്കാൾ (റൗളിങ്ങിന്റെ ഭാഷയിൽ മഗിൾസ്) മെച്ചപ്പെട്ടവർ ആണെന്നാണ് ഒരു കൂട്ടരുടെ വിശ്വാസം. ഇതിനാൽ തന്നെ എല്ലാവരുടെയും നന്മയ്ക്കായി സാധാരണക്കാർ മന്ത്രവാദികളുടെ അടിമകൾ ആവണം എന്നതാണ് ഇവരുടെ വാദം. ഇതിന് കാരണമായി അവർ പറയുന്നത് സാധാരണക്കാരേക്കാൾ അറിവും കഴിവും ഉള്ളവരാണ് തങ്ങൾ എന്നതാണ്. ഇതേ കാരണങ്ങൾ ആണ് ലോകം മുഴുവൻ കാൽകീഴിലാക്കാൻ ഇറങ്ങി പുറപ്പെട്ട യുറോപ്യന്മാരും ലോകത്തോട് പറഞ്ഞത്. ഒരു കണക്കിന് യൂറോപ്പിന്റെ ഒരു ചെറിയ പതിപ്പാണ് റൗളിങ്ങിന്റെ മന്ത്രവാദികളുടെ ലോകം. തങ്ങളുടെ ഭരണം കോളനിവൽകരിക്കപ്പെട്ടവർക്ക് ഒരു അനുഗ്രഹം ആണെന്നാണ് യൂറോപ്യരും പറഞ്ഞത്. മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് മെച്ചപ്പെട്ട ആയുധങ്ങളും യുദ്ധതന്ത്രവും അവർക്ക് ഉണ്ടായിരുന്നു എന്നതും സത്യം ആണ്. ഇതേപോലെ തന്നെ മന്ത്രവാദം വശം ഉണ്ടായിരുന്നവർ സാധാരണക്കാരെ എളുപ്പം കീഴടക്കാൻ കഴിവുള്ളവർ ആയിരുന്നു. റൗളിങ്ങിന്റെ കഥയിൽ മന്ത്രവാദികളുടെ സ്വപ്നങ്ങൾക്ക് വിലങ്ങുതടി ആവുന്നത് അവരുടെ ഇടയിൽ ഉള്ള കിടമത്സരം ആണ്. ഇതേപോലെ തന്നെ യൂറോപ്യൻ ശക്തികളും തമ്മിൽ അടിച്ച് അവരുടെ കോളനികൾ നഷ്ടപ്പെടുത്തി.
വെള്ളക്കാർ കറുത്തവരോട് ചെയ്തപോലെ വിദ്യാഭ്യാസം നിഷേധിക്കുക എന്നതാണ് മന്ത്രവാദികളും സാധാരണക്കാരോട് ചെയ്യാൻ ശ്രമിച്ചത്. ഇതിന്റെ പേരിലാണ് മന്ത്രവാദികളുടെ ഇടയിലെ ആദ്യത്തെ വഴക്ക് ഉടലെടുക്കുന്നത്. തങ്ങളിൽ നിന്ന് വ്യത്യസ്തരായവരെ അംഗീകരിക്കാൻ ഉള്ള ബുദ്ധിമുട്ട് ആണ് മന്ത്രവാദികളിലും വെള്ളക്കാരിലും നമുക്ക് കാണാൻ സാധിക്കുന്നത്. ഹാരി പോട്ടർ കഥയിൽ വിദ്യാഭ്യാസം നേടാൻ ശ്രമിക്കുന്ന സാധാരണക്കാരെ കൊല്ലാൻ ആണ് ഒരു മന്ത്രവാദിയുടെ തീരുമാനം. ഹിറ്റ്ലർ ജൂതരെ ഉന്മൂലനം ചെയ്യാൻ ശ്രമിച്ച പോലെ മന്ത്രവാദികളിലെ ഒരു വിഭാഗം സാധാരണക്കാരെ വേട്ടയാടാൻ ശ്രമിക്കുന്നു. താൻ ജീവിക്കുന്ന ലോകത്തിന്റെ യഥാർത്ഥ പ്രശ്നങ്ങൾക്കും ചരിത്രത്തിനും സാഹിത്യഭാഷ നൽകുക മാത്രമാണ് റൗളിങ് ചെയുന്നത്. അതിനാൽ തന്നെ മറ്റേത് എഴുത്തുകാരെയും പോലെ അവരും സൂഷ്മമായ വായന അർഹിക്കുന്നു.
മറ്റുള്ളവരെ കൊല്ലുന്നതിലൂടെ സ്വർഗ്ഗം നേടാം എന്ന് വിശ്വസിക്കുന്ന മതവിശ്വാസികൾ ഉള്ള ലോകത്താണ് നമ്മൾ ജീവിക്കുന്നത്. ഇതേ വിശ്വാസം വെച്ചുപുലർത്തുന്ന ആളാണ് ഹാരി പോട്ടർ കഥകളിലെ പ്രധാന വില്ലനായ വോൾഡിമോർട്ട്. അമരത്വത്തിന് വേണ്ടി മറ്റുള്ളവരെ കൊല്ലുക എന്ന മാർഗം ആണ് അയാൾ തിരഞ്ഞെടുക്കുന്നത്. എന്നാൽ പ്രശ്നങ്ങളെ അവതരിപ്പിക്കുക മാത്രമല്ല അതിന് പരിഹാരം നിർദ്ദേശിക്കാനും റൗളിങ് ശ്രമിക്കുന്നുണ്ട്. സാധാരണക്കാരോട് വലിയ അനുഭാവം വെച്ച് പുലർത്തുന്ന മന്ത്രവാദികളെയും നോവലുകളിൽ നമുക്ക് കാണാൻ സാധിക്കുന്നു. അവരിൽ പലരും സാധാരണക്കാരെ സംരക്ഷിക്കാൻ വേണ്ടി സ്വന്തം കൂട്ടത്തിൽ ഉള്ളവരോട് പോരാടാൻ തയാറാകുന്നവർ ആണ്. റൗളിങ്ങിന്റെ ഭാവനാലോകത്ത് നന്മ തിന്മയ്ക്കുമേൽ വിജയം നേടുന്നു. എന്നാൽ നമ്മുടെ യഥാർത്ഥ ലോകത്ത് കഥ മറിച്ചാണ്. ദളിതർക്കും, കറുത്തവർക്കും, പാവപ്പെട്ടവർക്കും അവകാശങ്ങൾ ഇല്ലാത്ത, അവരുടേതല്ലാത്ത ഒരു ലോകത്താണ് നമ്മൾ ജീവിക്കുന്നത്. റൗളിങ്ങിന്റെ നോവലുകളിൽ കാണുന്ന പോലെ ഹിംസ ഒരു ജീവിതശൈലി ആക്കിയ മനുഷ്യർ ചുറ്റും വർധിക്കുന്നു. ഹൃദയവിശാലത ഉള്ള മനുഷ്യർ വാഴുന്ന ഒരു ലോകത്തിലേക്കുള്ള പരിണാമം ആണ് റൗളിങ്ങിന്റെ നോവലുകളിൽ നാം കാണുന്നത്.
Books In Malayalam Literature, Malayalam Literature News, മലയാളസാഹിത്യം