ഞാൻ മറ്റൊരു ഭൂഖണ്ഡത്തിൽ ചെന്നു,
അപരിചിത ഭാഷകൾ എന്നെ വളഞ്ഞു
പെട്ടെന്ന്, വാൽസല്യം നിറഞ്ഞ ഒരു കവിത,
മഴ നിർത്താതെ പെയ്യുകയായിരുന്നു,
മലയാളത്തിൽ
മലയാളത്തിന്റെ മാധുര്യത്തെക്കുറിച്ചു മധുരമായി എഴുതുകയും കവിതകളിലൂടെ മലയാളം എന്ന അനുഭവത്തെ അനുഭൂതിയാക്കുകയും ചെയ്ത കവിക്ക് മലയാളദിനത്തിൽ ഭാഷാപിതാവിന്റെ പേരിലുള്ള പുരസ്കാരം. മലയാളം ഒരു ഭാഷ മാത്രമല്ല സച്ചിദാനന്ദന്. വൃക്ഷങ്ങൾ മീട്ടി കാറ്റു പാടുന്നതുപോലും മലയാളത്തിൽ കേൾക്കുന്ന കവി. വെളിച്ചത്തിന്റെ അക്ഷരമാലയും കവിക്കു മലയാളം. മാനം തിളക്കി കൊള്ളിയാൻ വീശുന്നതുപോലും മലയാളത്തിലെന്ന് എഴുതിയ കവിക്കല്ലാതെ മറ്റാർക്കാണ് എഴുത്തച്ഛൻ പുരസ്കാരത്തിന് അർഹത.
മലയാളത്തിലെ മഹാനായ കവി ആയിരിക്കുമ്പോൾതന്നെ ലോക കവിതയിലേക്കു തുറന്ന ജാലകം കൂടിയാണ് സച്ചിദാനന്ദൻ മലയാളിക്ക്. ഒപ്പം ലോകം മലയാളത്തെ അറിഞ്ഞതും ഒരുപരിധിവരെയെങ്കിലും സച്ചിദാനന്ദനിലൂടെ തന്നെ. വിദേശ ഭാഷാ കവിതകൾ ഏറ്റവുമധികം മലയാളത്തിലേക്കു വിവർത്തനം ചെയ്ത കവിയാണദ്ദേഹം. പാബ്ളോ നെരൂദയും ഡെറക് വാൽക്കോട്ടുമുൾപ്പെടെ പ്രശസ്തരും അപ്രശസ്തരുമായ നൂറുകണക്കിനു കവികളുടെ സൃഷ്ടികൾ അർഥം നഷ്ടപ്പെടാതെ സച്ചി മലയാളത്തിലേക്കു മൊഴി മാറ്റി. സ്വന്തം കവിതകൾ ഇംഗ്ലിഷ് ഉൾപ്പെടെ ലോകഭാഷകൾക്കു സമ്മാനിക്കാനും അദ്ദേഹം മറന്നില്ല. വിദേശഭാഷകളിലുള്ളതെല്ലാം ലോകോത്തരവും ഇന്ത്യയുടെ സൃഷ്ടികളെല്ലാം മൂന്നാം കിടയുമെന്ന വിചാരവും സച്ചിദാനന്ദന് അന്യം. ലോക കവിതകൾ മൊഴിമാറ്റിയ അതേ ആവേശത്തോടെ അദ്ദേഹം ഇന്ത്യയിലെ ഇതര ഭാഷകളിലെ അറിയപ്പെടാത്ത കവികളെപ്പോലും മലയാളത്തിന്റെ മുറ്റത്തെ മുല്ലയാക്കി. അക്ക മഹാദേവിയുടെ, ഗുരു നാനാക്കിന്റെ, നാം ദേവിന്റെ... ചരിത്രത്തിൽനിന്നും ഐതിഹ്യത്തിൽനിന്നുപോലും അദ്ദേഹം കവിത കണ്ടെടുത്തു. പരിഭാഷപ്പെടുത്തി. മലയാളത്തിന്റെ ഈണവും താളും നൽകി അതിശയിപ്പിച്ചു. വെറുതയല്ല 2011–ൽ സാഹിത്യത്തിനുള്ള നൊബേൽ സമ്മാന സാധ്യതാ പട്ടികയിൽ ഇന്ത്യയിൽനിന്ന് അദ്ദേഹം ഇടംപിടിച്ചത്.
മലയാളത്തിന്റെ ഏതാണ്ടെല്ലാ പ്രിയ കവികളെക്കുറിച്ചും അദ്ദേഹം എഴുതിയിട്ടുണ്ട്: ഗദ്യത്തിലല്ല, അതിസുന്ദരവും അർത്ഥപുഷ്കലവുമായ പദ്യത്തിൽ. എഴുത്തച്ഛൻ, കുമാരനാശാൻ, വള്ളത്തോൾ, എൻ.എൻ.കക്കാട്, വൈലോപ്പിള്ളി, സുഗതകുമാരി മുതൽ ബാലചന്ദ്രൻ ചുള്ളിക്കാടു വരെയുള്ള കവികൾ സച്ചിയുടെ അക്ഷരസ്പർശത്താൽ അനശ്വരരായി; അമരത്വം നേടി. ആചാരമായോ അനുഷ്ഠാനമായോ കടമയായോ അല്ല അദ്ദേഹം മറ്റു കവികളെക്കുറിച്ചെഴുതിയത്. അവ മംഗളപത്രങ്ങളുമല്ല. വൈലോപ്പിള്ളിയെക്കുറിച്ചെഴുതിയ ഇവനെക്കൂടി എന്ന കവിത വായിക്കുക:
പാവമീ നാടിൻ സ്വർണക്കിണ്ണമായിരുന്നവൻ
ദാ നോക്കൂ വാനിൽ പൂർണചന്ദ്രനായവൻ വീണ്ടും!
കവിതകളിലൂടെ നടത്തിയ ആഹ്വാനങ്ങൾ നിഷ്ഫലമായപ്പോൾ ഇനിയീ മനസ്സിൽ കവിതയില്ലെന്നെഴുതിയ സുഗതകുമാരിയെ കവിതയിലൂടെ ഉണർത്തി ഒരിക്കൽ സച്ചി:
കൈ പിടിക്കുക സോദരീ സോദരീ
കൈത പൂത്ത വരമ്പിൽ വഴുക്കുമേ......
സച്ചിദാനന്ദൻ കാവ്യസപര്യ തുടങ്ങുന്നത് 1965–ൽ. ഗാനം എന്ന ചെറുകവിതയുമായി. രണ്ടുവർഷം മുമ്പ് അദ്ദേഹം കവിതയുടെ അരനൂറ്റാണ്ട് ആഘോഷിച്ചു. ഇക്കഴിഞ്ഞ അൻപതുവർഷങ്ങൾക്കിടെ നിശ്ശബ്ദനായോ നിസ്സംഗനായോ സച്ചിയെ കണ്ടിട്ടില്ല. സമൂഹത്തോടു പ്രതികരിച്ച്, പ്രശ്നങ്ങളിൽ പ്രകോപിതനായി, സമൂഹജീവിതത്തിൽ സർഗാത്മകമായി ഇടപെട്ട്, എന്നും നല്ല കവിതയുടെ ഉറ്റതോഴനായി അദ്ദേഹം നിലകൊണ്ടു. ആനുകാലികങ്ങളിലെ ഏറ്റവും പരിചിതനായ കവിയാണദ്ദേഹം. സച്ചിദാനന്ദന്റെ കവിതയില്ലാത്ത വാർഷികപ്പതിപ്പുകൾക്കുപോലും വായനക്കാർ കുറവ്. സ്ത്രീത്വത്തിനുവേണ്ടി, പരിസ്ഥിതിക്കുവേണ്ടി, ഭൂമിക്കുവേണ്ടി, അമ്മ മലയാളത്തിനുവേണ്ടി ആദ്ദേഹം കവിതയെ സർഗാത്മകതയുടെ അയുധമണിയിച്ച് സമരസന്നദ്ധമാക്കി. പരമാത്മാവ് എന്നാണു ശബ്ദതാരാവലി സച്ചിദാനന്ദൻ എന്ന വാക്കിനു നൽകുന്ന അർത്ഥം. സത്, ചിത്, ആനന്ദം എന്നീ രൂപങ്ങളോടു കൂടിയവൻ എന്നു വിശദീകരണവും. 1965– മുതൽ 57 വർഷമായി മലയാളത്തിന്റെ പരമാത്മാവാണു സച്ചി; അക്ഷരാർഥത്തിൽ. ഇന്നും തുടരുന്ന ഗാനത്തിന്റെ, കാവ്യത്തിന്റെ അമൃതധാര.
ഇപ്പോൾ പുരസ്കാരത്താൽ സച്ചിയെ ആനുഗ്രഹിച്ച ഭാഷാപിതാവിനും അദ്ദേഹം അക്ഷരങ്ങളാൽ സ്മാരകം തീർത്തിട്ടുണ്ട്:‘എഴുത്തച്ഛനെഴുതുമ്പോൾ’ എന്ന കവിതയിൽ.
എഴുത്തച്ഛനെഴുതുമ്പോൾ
സംഭവിപ്പതെന്തന്നറിയുന്നു എന്നു തുടങ്ങുന്ന കവിത.
എഴു,ത്തച്ഛനായ് മാറുന്നു
പിന്നെ,യച്ഛനെഴുത്തായും എന്ന് കവിത അവസാനിക്കുന്നു. എൻ.എസ്.മാധവൻ കഥാസമാഹാരത്തിന്റെ ആമുഖമായി എടുത്തുചേർത്ത പ്രിയപ്പെട്ട വരികൾ.
ഭൂമിയുടെ പുഴകൾക്കും കനികൾക്കും മുമ്പേ കവിയെ അമൃതൂട്ടിയ പൊക്കിൾക്കൊടിയാണു മലയാളം. പൊന്നും വയമ്പും കൊണ്ട് നാവിൻതുമ്പിൽ ഖനികളുടെ ആഴവും വനങ്ങളുടെ സാന്ദ്രതയും പകർന്ന മലയാളം. ഇരയിമ്മന്റെ താരാട്ടും ഉണ്ണായിയുടെ പദങ്ങളുംകൊണ്ട് സ്വപ്നങ്ങളിലേക്കുറക്കിക്കിടത്തിയവൾ...
എഴുതിയാലും എഴുതിയാലും തീരുന്നില്ല മലയാൺമയുടെ മാധുര്യം. സച്ചിയുടെ ഏറ്റവും ദീർഘമായ കവിതയും മലയാളത്തെക്കുറിച്ചാണ്– മലയാളം എന്ന പേരിൽ തന്നെ.
ഒടുവിൽ ഞാൻ സ്വർഗത്തിൽചെന്നു,
മരിച്ചവരുടെ സംസാരം എനിക്കു മനസ്സിലായില്ല
പെട്ടെന്ന്, അനന്തതയുടെ ഒരു പ്രാർഥന
ദൈവം ദലമർമരം പോലെ സംസാരിക്കുകയായിരുന്നു,
മലയാളത്തിൽ
(എന്റെ ഭാഷ: സച്ചിദാനന്ദൻ)
Books In Malayalam Literature, Malayalam Literature News, മലയാളസാഹിത്യം