Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഫ്രഞ്ച് മയമാകും ഇത്തവണ കൊല്‍ക്കത്ത പുസ്തകോത്സവം

kolkata-book-fair

ഇന്ത്യയിലെ ഏറ്റവും വലിയ പുസ്തകോത്സവങ്ങളിലൊന്നാണ് കൊല്‍ക്കത്തയിലേത്. ഇന്റര്‍നാഷണല്‍ കൊല്‍ക്കത്ത ബുക് ഫെയര്‍ എന്ന പേരില്‍ അതിന്റെ പ്രശസ്തി ആഗോളതലത്തില്‍ തന്നെ എത്തിയിട്ടുണ്ട്. ചിന്താധാരകള്‍ രൂപപ്പെടുത്തിയെടുക്കുന്നതിനും സാംസ്‌കാരിക വിനിമയത്തിനും പുതിയ ആശയങ്ങളുടെ ആവിര്‍ഭാവത്തിനുമെല്ലാം ഇടവെച്ചിട്ടുണ്ട് ഈ പുസ്തകത്തിന്റെ സന്ധ്യകള്‍. 

ഇത്തവണ കൊല്‍ക്കത്ത അന്താരാഷ്ട്ര പുസ്തകോത്സവത്തിന് ഒരു പ്രത്യേകതയുണ്ട്. പുസ്തകോത്സവത്തിന്റെ നാല്‍പ്പത്തിരണ്ടാം പതിപ്പില്‍ ഒരു രാജ്യത്തെയാണ് ഫോക്കസ് ചെയ്യുന്നത്, ഫ്രാന്‍സിനെ. 

2018 ജനുവരിയില്‍ നടക്കുന്ന കൊല്‍ക്കത്ത അന്താരാഷ്ട്ര പുസ്തകോത്സവം സര്‍വത്ര ഫ്രഞ്ച് മയമായിരിക്കുമെന്നാണ് സംഘാടകരുടെ ഭാഷ്യം. ഫ്രാന്‍സും കൊല്‍ക്കത്തയുമായുള്ള സാമൂഹ്യ, സാംസ്‌കാരിക ബന്ധങ്ങളുടെ ആഘോഷമാണ് സംഘാടകര്‍ പദ്ധതിയിടുന്നത്. ഇതിനായി 'ബഞ്ചൗര്‍ കൊല്‍ക്കത്ത'  എന്ന പേരില്‍ പ്രത്യേക ഫെസ്റ്റിവല്‍ തന്നെ തങ്ങള്‍ പദ്ധതിയിട്ടിരിക്കുന്നതായി പബ്ലിഷേഴ്‌സ് ആന്‍ഡ് ബുക്ക്‌സെല്ലേഴ്‌സ് ഗില്‍ഡിന്റെ സെക്രട്ടറി ത്രിദിബ് ചാറ്റര്‍ജി പറയുന്നു.

സാധാരണയായി മിലന്‍ മേളയാണ് പുസ്തകോത്സവത്തിന് വേദിയാകാറുള്ളത്. എന്നാല്‍ ഇത്തവണ സാള്‍ട്ട്‌ലേക്ക് ടൗണ്‍ഷിപ്പിലെ സെന്‍ട്രല്‍ പാര്‍ക്കിലേക്ക് പുസ്തകോത്സവത്തിന്റെ വേദി മാറ്റുമെന്നും സംഘാടകന്‍ കൂടിയായ ത്രിദിബ് പറഞ്ഞു. 

ഓരോ വര്‍ഷവും ഒരു രാജ്യത്തെ ശ്രദ്ധ വെച്ചുള്ള പരിപാടികള്‍ പുസ്തകോത്സവത്തിലുണ്ടാകാറുണ്ട്. ഒരു പവില്ലിയന്‍ മുഴുവന്‍ ആ രാജ്യത്തിനായി നീക്കിവെക്കും. അവിടുത്തെ സംസ്‌കാരം, പാരമ്പര്യം, ഭക്ഷണം, ടൂറിസം, സാഹിത്യം തുടങ്ങിയ മേഖലകളുമായി ബന്ധപ്പെട്ട മുഴുവന്‍ കാര്യങ്ങളും സന്ദര്‍ശകര്‍ക്ക് ബോധ്യമാകുന്ന രീതിയിലായിരിക്കും ക്രമീകരണങ്ങൾ. ഫ്രാന്‍സില്‍ നിന്നുള്ള പ്രശസ്ത എഴുത്തുകാരും സര്‍ഗാത്മക സെലിബ്രിറ്റികളുമെല്ലാം ഇത്തവണത്തെ പുസ്തകോത്സവത്തിന് എത്തും. 

1976–ലാണ് ആദ്യമായി കൊല്‍ക്കത്ത അന്താരാഷ്ട്ര പുസ്തകോത്സവം നടത്തുന്നത്. ലോകത്തിലെ ഏറ്റവും വലിയ നോണ്‍-ട്രേഡ് ബുക്ക് ഫെയറായാണ് ഇത് വിലയിരുത്തപ്പെടുന്നത്. 

മാത്രമല്ല ഏഷ്യയില്‍ ഏറ്റവും കൂടുതല്‍ പേര്‍ സന്ദര്‍ശിക്കുന്ന പുസ്തകോല്‍സവവും ഇതുതന്നെയാണ്. ഏകദേശം 3 ദശലക്ഷത്തോളം പേരാണ് പ്രതിവര്‍ഷം സന്ദര്‍ശകരായി പുസ്തകോത്സവത്തിലേക്ക് എത്തുന്നതെന്നാണ് കണക്കുകള്‍. രാജ്യത്തെ മറ്റ് നിരവധി പുസ്തകോത്സവങ്ങള്‍ക്ക് പ്രചോദനമേകിയത് കൊല്‍ക്കത്ത ബുക് ഫെയറാണ്. 

Books In Malayalam LiteratureMalayalam Literature Newsമലയാളസാഹിത്യം