എഴുത്താണി മൂര്‍ഖനും ചാച്ചനും
ചാച്ചന്‍, അതായത് അപ്പന്റെ അപ്പന്‍ ഒരിക്കല്‍ പറമ്പില്‍ കിളച്ചുകൊണ്ടിരിക്കുകയായിരുന്നു. പത്തുനാല്‍പ്പത്തഞ്ച് കൊല്ലം മുന്‍പാണ്. കൂടെ അപ്പനും ഒന്നുരണ്ടു പണിക്കാരുമൊക്കെയുണ്ട്. പെട്ടെന്ന് ചാച്ചന്‍ പണി നിര്‍ത്തി. തൂമ്പാ കണ്ടത്തിന്റെ വരമ്പില്‍ വെച്ചശേഷം കാലു കഴുകി. കൂടെയുള്ളവര്‍ എന്താ കാര്യമെന്ന് തിരക്കി.
'എതാണ്ട് കടിച്ചു. ഞാന്‍ കേറുവാ. നിങ്ങള് കെള' ചാച്ചന്‍ പറഞ്ഞു.
പിന്നെ, തലയില്‍ക്കെട്ടിയിരുന്ന തോര്‍ത്തെടുത്ത് മേല് തുടച്ചുകൊണ്ട് വീട്ടിലേക്ക് മടങ്ങി.
അപ്പനും മറ്റുള്ളവരും ചാച്ചന്‍ കിളച്ചുകൊണ്ടിരുന്ന സ്ഥലത്ത് പരതി. പാമ്പ്. എഴുത്താണി മൂര്‍ഖന്‍ എന്ന നാട്ടിന്‍പുറത്തൊക്കെ വിളിക്കുന്ന പാമ്പ്. വലിപ്പം കുറഞ്ഞ മൂര്‍ഖന്‍. ആരോ അതിനെ തട്ടിക്കളഞ്ഞു. പക്ഷേ, എല്ലാവരുടെയും ഉള്ളില്‍ ടെന്‍ഷന്‍ കയറുന്നുണ്ടായിരുന്നു. നേരെ വീട്ടിലേക്ക് വെച്ചുപിടിച്ചു. ചാച്ചന്‍ കഞ്ഞികുടിച്ചുകൊണ്ടിരിക്കുന്നു.
' എഴുത്താണി മൂര്‍ഖനാണ് കടിച്ചത്'
' ഞാന്‍ കണ്ടാരുന്നു' നിസംഗതയോടെ ചാച്ചന്‍ മറുപടി പറഞ്ഞു.
കഞ്ഞികുടികഴിഞ്ഞ് പുള്ളിക്കാരന്‍ കിടന്നു.
' വൈദ്യരെ ഒന്നു കാണിക്കണ്ടേ '
അപ്പോഴേക്കും ചാച്ചന്‍ കൂര്‍ക്കം വലിച്ചു തുടങ്ങിയിരുന്നു.
കുറച്ചു നേരത്തെ മയക്കം കഴിഞ്ഞ് പതിയെ എഴുന്നേറ്റ്, ചാച്ചന്‍ പുറത്തേക്കിറങ്ങി. ഒരു തോര്‍ത്തെടുത്ത് തോളിലിട്ടു വൈദ്യരുടെ വീട്ടിലേക്ക് നടന്നു. പാമ്പു കടിച്ചിടത്ത് വൈദ്യര്‍ വിഷക്കല്ല് വെച്ചു. കിട്ടിയ നേരംകൊണ്ട് അകത്തേക്കു നുഴഞ്ഞുകയറിയ കുറച്ചംശം വിഷം ചാച്ചന്റെ ഞരമ്പില്‍ത്തന്നെ സ്ഥിരതാമസമാക്കി. വര്‍ഷാവര്‍ഷം അത് ഞരമ്പുകളെ വീര്‍പ്പിച്ചു. തട്ടത്ത് അവിരാച്ചേട്ടന്‍ മരിക്കുന്നതുവരെ കാല്‍ഞരമ്പുകള്‍ വീര്‍ത്തുകിടന്നു.
കൊച്ചിലേതൊട്ട് കേള്‍ക്കുന്നതാണ് അതിശയോക്തിയുണ്ടല്ലോ എന്നു സംശയിക്കുന്ന ഈ കഥ. കഥയല്ല, ശരിക്കും അനുഭവം. ചാച്ചന്‍ നാലു വര്‍ഷം മുന്‍പ് മരിച്ചു. ഇതിനെക്കുറിച്ച് ഒരിക്കല്‍ ചോദിച്ചിരുന്നു എന്നാണ് ഓര്‍മ. പണ്ടെപ്പോഴോ കൊതുകു കടിച്ചതിനെപ്പറ്റി ചോദിച്ചാല്‍ നമ്മുടെയൊക്കെ മുഖത്തുണ്ടാകുന്നൊരു പുച്ഛച്ചിരിയുണ്ടല്ലോ, അങ്ങനൊരെണ്ണം ചിരിച്ചുകൊണ്ട് ചാച്ചന്‍ വെറ്റിലച്ചെല്ലം തുറന്നു. അത്രമാത്രം.
കുടിയേറ്റക്കാരുടെ മണ്ണ് കഥകളുടെ അക്ഷയപാത്രമാണ്; ജീവിതത്തിന്റെയും. അറുപതുകളിലാണ് ചാച്ചന്‍ മലബാറിലെത്തുന്നത്. തൊണ്ണൂറുകളില്‍ ജനിച്ച ഞങ്ങളുടെ ഓര്‍മയില്‍ മെയിന്‍ റോഡ് മാത്രമേ ടാറിട്ടിട്ടുണ്ടായിരുന്നുള്ളു. ബാക്കിയെല്ലാം മണ്‍വഴികളായിരുന്നു. ചാച്ചാവീട് എന്ന് ഞാനും അനിയനും വിളിക്കുന്ന തറവാട്ടിലേക്കുള്ള വഴി ടാറിന് തൊട്ടുമുന്‍പിലത്തെ അവസ്ഥയില്‍ അനാഥമായി കിടക്കുകയായിരുന്നു. വലിയ കല്ലുപാകിയ വഴിയിലൂടെ സൈക്കിള്‍ ചവിട്ടിയാണ് ഞങ്ങളുടെയൊക്കെ കുട്ടിക്കാലം വളര്‍ന്നത്. എസ്.കെ. പൊറ്റക്കാട്ടിന്റെ വിഷകന്യകയിലൊക്കെയുള്ളതുപോലെ കരുത്തരായ, പാമ്പുകടിച്ചാലും കാട്ടുപന്നി കുത്തിയാലും കാട്ടാന പോരിനുവന്നാലും തരിമ്പും പേടിക്കാത്ത ഒരു കൂട്ടം ആളുകള്‍ കണ്‍മുന്നിലൂടെ പോയി മറഞ്ഞത് പക്ഷേ, അറിഞ്ഞില്ല.
ജോയിച്ചേട്ടനും കാട്ടുപന്നിയും
ആറളം വന്യജീവി സങ്കേതത്തെയും കീഴ്പ്പള്ളി എന്ന ഞങ്ങളുടെ ഗ്രാമത്തെയും വേര്‍തിരിക്കുന്നത് ചീങ്കണ്ണിപ്പുഴയാണ്. ചെറിയ ചെറിയ കയങ്ങളും കുഞ്ഞുപാറകളുമൊക്കെയുള്ള ഒരുപുഴ. ആറളം ഫാമില്‍ പണിക്കുപോയാണ് പണ്ട് പല കുടുംബങ്ങളും കഴിഞ്ഞിരുന്നത്. അന്നത് കേന്ദ്ര സര്‍ക്കാരിന്റെ കൈയിലായിരുന്നു. പിന്നീടാണ് സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്തതും ആദിവാസി സെറ്റില്‍മെന്റ് വന്നതുമെല്ലാം.
അക്കാലത്ത് ഫാമില്‍ പണിക്കുപോകുന്ന സ്ത്രീകളെ കണ്ടാല്‍ത്തന്നെ തിരിച്ചറിയാമായിരുന്നു. കൈലിമുണ്ട്, അരയ്‌ക്കൊപ്പം നില്‍ക്കുന്ന ബ്ലൗസ്, കഴുത്തിലൊരു തോര്‍ത്ത്, പ്ലാസ്റ്റിക് വള്ളികൊണ്ട് മെടഞ്ഞൊരു സഞ്ചി- ഏതാണ്ടൊരു യൂണിഫോം പോലെ. മഴക്കാലമാണെങ്കില്‍ രണ്ടു മടക്കിന്റെ ഒരു കുടകൂടിക്കാണും കൈയില്‍.
വേനല്‍ അവധിക്ക് കുട്ടികളും ഫാമില്‍ പോകും. കശുവണ്ടി പെറുക്കിയാല്‍ കാശൊക്കും. അന്ന് ഒരു കിലോ കശുവണ്ടി പെറുക്കി ഓഫീസില്‍ എത്തിച്ചാല്‍ മൂന്നുരൂപയാണ് കൂലി കിട്ടുക. ദിവസം പത്തു കിലോ പെറുക്കില്‍ മുപ്പതു രൂപ. അങ്ങനെ രണ്ടു മാസം പോയി വരുമ്പോഴേക്കും പിറ്റത്തെ അധ്യയനവര്‍ഷത്തേക്കുള്ള ബാഗിനും കുടയ്ക്കും യൂണിഫോമിനുമൊക്കെയുള്ള പൈസ കൈയിലുണ്ടാകും.
ഞങ്ങളുടെയൊക്കെ ഓര്‍മയുറയ്ക്കുന്നതിനു മുന്‍പാണ്. തറവാടിന്റെ അടുത്തുള്ള വീട്ടിലെ ജോയിച്ചേട്ടന്‍ ഒരു വെളുപ്പാങ്കാലത്ത് പുഴവക്കില്‍ വെളിക്കിറങ്ങി. എന്തോ ശബ്ദംകേട്ട് നോക്കിയപ്പോള്‍ ഒരു കാട്ടുപന്നി. അതിന് മുറിവേറ്റിട്ടുണ്ട്. ആരോ വെടിവെച്ചതാണ്. അക്കാലത്തൊക്കെ ഫാമില്‍ വേട്ടക്കാരിറങ്ങുമായിരുന്നു. ജോയിച്ചേട്ടന്റെയടുത്തേക്ക് പന്നിയെത്തി. അവശതയോടെയാണ് അതിന്റെ നടപ്പ്. നേര്‍ക്കുനേര്‍ എത്തിയപ്പോള്‍ ജോയിച്ചേട്ടന്‍ പന്നിയെ വട്ടംപിടിച്ചു. പിന്നെ നടന്ന മല്ലയുദ്ധത്തിന് ചീങ്കണ്ണിപ്പുഴ സാക്ഷി. പോരാട്ടം അവസാനിപ്പിച്ച് പന്നി തിരിച്ച് കാടുകയറി. പക്ഷേ, അത് ജോയിച്ചേട്ടന്റെ കാലു തകര്‍ത്തിരുന്നു. പിന്നീട് കാല് നീക്കം ചെയ്തു. രണ്ടു കൈയിലും ക്രച്ചസുമായിട്ടാണ് ജോയിച്ചേട്ടനെ ഞങ്ങള്‍ കണ്ടിട്ടുള്ളത്.
കൂറ്റന്‍ കാട്ടുപന്നിയായാലും നേര്‍ക്കുനേരെ നിന്നാല്‍ ഒരു കൈ നോക്കുന്ന കുടിയേറ്റക്കാരുടെ തനിസ്വഭാവത്തിന് ഇങ്ങനെ എത്രയെത്ര ഉദാഹരണങ്ങള്‍. ആ തലമുറ അത്രയും കരുത്തരായത് എണ്ണിയാലൊതുങ്ങാത്ത കഠിനാനുഭവങ്ങളിലൂടെ സഞ്ചരിച്ചാണ്. അന്തക്കാലത്ത് കാടുതന്നെയായിരുന്നു നാട്. തൊട്ടപ്പുറത്തെ ആറളം ഫാമിന്റെ ബാക്കിപോലെ. നടുക്കൊരു പുഴയുണ്ടെന്നു മാത്രം. വെട്ടിത്തെളിച്ച കാട്ടില്‍ കപ്പ നട്ടു- അത് പട്ടിണിയില്ലാതിരിക്കാന്‍. പിന്നെ കശുവണ്ടി നട്ടു- അത് വരുമാനത്തിന്. പിന്നെ റബ്ബര്‍ നട്ടു- കാശുണ്ടാക്കാന്‍. കാട് തെളിഞ്ഞ് നാടായിട്ട് കാലം അധികമായിട്ടില്ല.
അച്ചാച്ചിയും നാട്ടുവഴിയും
അമ്മയുടെ അപ്പനും(അച്ചാച്ചി) അമ്മയും കൂടി കടയില്‍നിന്ന് വീട്ടിലേക്കു മടങ്ങുകയാണ്. സമയം സന്ധ്യ കഴിഞ്ഞു. ഇരുട്ടുവീണു തുടങ്ങി. വര്‍ഷങ്ങളായി നടന്നുപോകുന്ന വഴിയാണ്. ചെറിയ ടോര്‍ച്ചുവെട്ടമുണ്ട്. ഒരു തിരിവിലെത്തിയപ്പോള്‍ അച്ചാച്ചി നിന്നു. പിന്നില്‍ അമ്മയും. വഴി മനസ്സിലാകുന്നില്ല. റബ്ബര്‍ തോട്ടമാണ്. ഇരുട്ടുണ്ട്. രാത്രിജീവികളുടെ ശബ്ദവും കുറുക്കന്‍മാരുടെ ഓരിയുമുണ്ട്. ടോര്‍ച്ചടിച്ച് നാലുപാടും നോക്കി ഇല്ല വഴി മനസ്സിലാകുന്നില്ല. എന്തോ മായാവലയം കണ്ണില്‍ക്കയറിയതുപോലെ. അച്ചാച്ചി അപ്പോള്‍ കുറച്ചുനേരം കണ്ണടച്ചുനിന്നു. പിന്നെ ടോര്‍ച്ചു തെളിക്കാതെ നടന്നു. മുന്‍പോട്ടു പോകുന്നതിനിടയില്‍ വീണ്ടും ടോര്‍ച്ചു തെളിച്ചു. വഴി ശരിയാണ്. ഏത് മാടനാണ്, മറുതയാണ്, ചാത്തനാണ് വഴി മുടക്കിയതെന്ന് അച്ചാച്ചി പിന്നെയന്വേഷിച്ചില്ല. കഴുത്തിലെ വെന്തിങ്ങം മുറുകെപ്പിടിച്ച് കുറച്ചുനേരം പ്രാര്‍ഥിച്ചു. പിന്നെ, വീട്ടിലെത്തി, മണ്ണെണ്ണ വിളക്ക് കെടുത്തി കിടന്നുറങ്ങി.
കീഴപ്പള്ളിയും കെ.എസ്.ആര്‍.ടി.സിയും
വെളുപ്പിനെ നാലരയ്ക്ക് കണ്ണൂരിലേക്കു പുറപ്പെടുന്നൊരു കെ.എസ്.ആര്‍.ടി.സിയുണ്ട്. അതിലാണ് ഞങ്ങളുടെ നാടിന്റെ ടൈംടേബിള്‍ ആരംഭിക്കുന്നത്. മിക്കവാറും ആളുകളുടെയെല്ലാം ജീവിതത്തിലെ പ്രധാനപ്പെട്ട യാത്രകളില്‍ ഞങ്ങള്‍ കോട്ടയം ഫാസ്റ്റ് എന്നുവിളിക്കുന്ന ഈ വണ്ടിയുണ്ട്. അതില്‍ കേറിയാല്‍ കണ്ണൂരില്‍നിന്ന് രാവിലത്തെ പരശുറാം പിടിക്കാം. നമുക്കു മുന്‍പ് നാട്ടില്‍ ജീവിച്ച ഒരുപാട് 'കഥാപാത്രങ്ങളുടെ' ഓര്‍മകള്‍ക്കു മീതേയാണ് കോട്ടയംഫാസ്റ്റിന്റെ യാത്ര. ഒരു കാലത്ത് നാട്ടിലെ മംഗലശ്ശേരി നീലകണ്ഠനായിരുന്ന അത്തിക്കല്‍ കുഞ്ഞിക്കണ്ണന്‍, ജന്മിയായിരുന്ന അപ്പനായര്‍, ആറളം ഫാമിലെ ഊരുകളില്‍ നാടറിയാതെ വിടവാങ്ങിയ അനേകം മൂപ്പന്‍മാര്‍, ചെറിയ ജീവിത്തിന്റെ ദ്രാക്ഷാരസം കുടിച്ചവര്‍, ഇരുന്ന ഇരിപ്പില്‍ ചീട്ടുകളിച്ച് ഏക്കറുകണക്കിന് സ്ഥലം പണയപ്പെടുത്തിയവര്‍, മൊബൈല്‍ ടവറില്‍ കയറിമാത്രം ആത്മഹത്യാഭീഷണി മുഴക്കുന്ന ടവര്‍ ആന്റണി, പൂട്ടിപ്പോയ പട്ടഷാപ്പിനെ ചുറ്റിപ്പറ്റി നടന്ന തനി അച്ചായന്മാര്‍- എഴുതപ്പെട്ട ചരിത്രത്തിലൊന്നും ഇവരില്ല. പക്ഷേ, നാടിന്റെ ചരിത്രം തുടങ്ങുന്നതും വളരുന്നതുമെല്ലാം ഇവരിലൂടെയാണ്.
അത്തിക്കല്‍ കുഞ്ഞിക്കണ്ണനെക്കുറിച്ച് അദ്ദേഹത്തിന്റെ കൊച്ചുമകന്‍ പറഞ്ഞൊരു കഥയുണ്ട്. കഥയല്ല, അനുഭവംതന്നെ. ' ഫ്രഞ്ച് വിപ്ലവത്തിന്റെ പ്ലാന്‍' എന്ന കഥയില്‍ ഞാനത് എഴുതിയിട്ടുണ്ട്.
വലിയൊരു മാടമ്പി സെറ്റപ്പില്‍ അദ്ദേഹം കഴിഞ്ഞുവരുന്നു. ഒരു ദിവസം പറമ്പിന്റെ ഓരത്തുകൂടി നടന്നുപോകുന്ന പെണ്‍കുട്ടി കണ്ണില്‍പ്പെടുന്നു. പുള്ളിക്കാരനന്ന് അന്‍പതിനടുത്ത് പ്രായമുണ്ട്. പെണ്‍കുട്ടിയെ പുള്ളിക്ക് ഇഷ്ടമായി. നേരെ വീട്ടിലേക്ക് വെച്ചുപിടിച്ചു. കല്യാണം കഴിച്ചു തരണമെന്ന് ആവശ്യപ്പെട്ടു. പെണ്‍കുട്ടിയുടെ അച്ഛന്‍ വഴങ്ങിയില്ല. പ്രായത്തില്‍ വലിയ വ്യത്യാസമുണ്ട്. കുഞ്ഞിക്കണ്ണേട്ടനാണെങ്കില്‍ മുന്‍പ് കല്യാണം കഴിച്ചതുമാണ്, പലവട്ടം. രക്ഷയില്ല. പുള്ളിക്കാരന്‍ തിരിച്ചെത്തി. ഒറ്റക്കുഴല്‍ തോക്കുമായി വീണ്ടും പെണ്‍കുട്ടിയുടെ വീട്ടിലേക്ക്. അച്ഛന്‍ മുറ്റത്തിറങ്ങി വന്നു. തോക്കിന്‍ കുഴല്‍ അങ്ങേരുടെ നെറ്റിയില്‍വെച്ചു. തൊട്ടടുത്ത ശുഭമുഹൂര്‍ത്തത്തില്‍ കല്യാണം.
ഇത്തരം 'ഭീകര' ജീവിതം ജീവിച്ചവരുടെ കഥകള്‍ എങ്ങനെയാണ് എഴുതിഫലിപ്പിക്കാന്‍ പറ്റുക. എത്ര പറഞ്ഞാലാണ് തീരുക?.
Books In Malayalam Literature, Malayalam Literature News, മലയാളസാഹിത്യം