കസബയിലെ സ്ത്രീവിരുദ്ധ പരാമർശത്തിന്റെ പേരിൽ എന്തുകൊണ്ടാണ് മമ്മൂട്ടിയെ മാത്രം വിമർശിക്കുന്നതെന്ന് എൻ.എസ് മാധവൻ. ട്വീറ്റിലൂടെയാണ് എൻ.എസ് മാധവൻ തന്റെ നിലപാട് വ്യക്തമാക്കിയത്. സിനിമയിലെ സംഭാഷണങ്ങളുടെ ഉത്തരവാദിത്തം സംവിധായകനും തിരക്കഥാകൃത്തിനുമാണ്. എന്നാൽ കസബയിലെ സ്ത്രീവിരുദ്ധ പരാമർശത്തിനെതിരെ നടി പാർവതി വിമർശനമുന്നയിച്ചതോടെ തുടർചർച്ചകൾ മമ്മൂട്ടിയെ കേന്ദ്രീകരിച്ചാവുകയും ഫാൻസ് വിഷയം ഏറ്റെടുക്കുകയുമായിരുന്നു.
ആ ഡയലോഗുകൾ എഴുതിയ തിരക്കഥാകൃത്തും സംവിധായകനുമായ നിഥിൻ രൺജി പണിക്കരാണ് യഥാർത്ഥ കുറ്റക്കാരനെന്ന് എൻ.എസ് മാധവൻ തന്റെ ട്വീറ്റിൽ സൂചിപ്പിക്കുന്നു. എന്തുകൊണ്ടാണ് ശരിക്കുള്ള തെറ്റുകാരൻ നിഥിനെ വെറുതെ വിട്ട് മമ്മൂട്ടിയ്ക്കെതിരെ മാത്രം വിരൽ ചൂണ്ടുന്നതെന്ന് അദ്ദേഹം ചോദിക്കുന്നു. എന്നാൽ മുതിർന്ന നടനായ മമ്മൂട്ടി ജാഗ്രത പുലർത്തേണ്ടിയിരുന്നുവെന്നും എൻ.എസ് മാധവൻ അഭിപ്രായപ്പെട്ടു.
പ്രശസ്ത നടനും തിരക്കഥാകൃത്തുമായ രൺജി പണിക്കരുടെ മകനാണ് നിഥിൻ രൺജി പണിക്കർ. ഇദ്ദേഹത്തിന്റെ ആദ്യ ചിത്രമാണ് കസബ. ലേലം രണ്ടാം ഭാഗത്തിന്റെ പണിപ്പുരയിലാണ് ഇപ്പോൾ അദ്ദേഹം.
കസബയിലെ സ്ത്രീവിരുദ്ധ പരാമർശത്തിനെതിരെ നടി പാർവതി വിമർശനമുന്നയിച്ചതോടെയാണ് സംഭവം വിവാദമായത്. തുടർന്ന് നടിക്കെതിരെ സമൂഹമാധ്യമങ്ങളിൽ വ്യാപകമായ സൈബർ ആക്രമണവും നടന്നു.
Books In Malayalam Literature, Malayalam LiteratureNews, മലയാളസാഹിത്യം