Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മരണത്തിനുശേഷം മറഞ്ഞിരിക്കുന്നത്

x-default

ജീവിതത്തിലെ ഏറ്റവും ദുഃഖാകുലമായ കാഴ്ചയെക്കുറിച്ച് എഴുതിയിട്ടുണ്ട് ഗബ്രിയേൽ ഗാർസിയ മാർക്കേസ്. മക്കൊണ്ടൊ എന്ന സാങ്കൽപ്പിക ഭൂമിയെ ലോകഭൂപടത്തിൽ അക്ഷരങ്ങൾ കൊണ്ട് അടയാളപ്പെടുത്തിയ അതേ മാർക്കേസ്. ഉത്തരവും അദ്ദേഹം തന്നെ പറഞ്ഞു തന്നു. ശൂന്യമായ കിടക്ക, ഒരിക്കൽ ചലനാത്മകമായിരുന്ന, ജീവിതത്തിന്റെ ചലനങ്ങൾ വിട പറഞ്ഞ കിടക്ക, വേർപാടിനെക്കുറിച്ച് എപ്പോഴും ഓർമിപ്പിക്കുന്ന കിടക്ക, വിരഹത്തിന്റെ ശയ്യ. മരണത്തിന്റെ തൽപം. ശൂന്യമായ കിടക്ക എന്ന പ്രതീകത്തിൽ നിന്ന് ഉൽകൃഷ്ടമായ സൃഷ്ടികൾ ഉയിർക്കൊണ്ടിട്ടുണ്ട്. കലകൾ, നോവലുകൾ, കവിതകൾ ഒക്കെ, ഒരു പക്ഷേ മികച്ച ഒട്ടേറെ കഥകൾ. വിരോധാഭാസമായിരിക്കാം; മരണം മികച്ച കലാസൃഷ്ടികൾക്കു കാരണമാകുന്നത്, കാര്യവും കാരണവും കണ്ടെത്താനാകാത്ത പ്രതിഭാസം. 2017 എന്ന വർഷം വിടപറയുമ്പോൾ അടർന്നു വീഴാന്‍ കാത്തു നിൽക്കുന്ന കണ്ണുനീർത്തുള്ളി പോലെ പിറന്നു വീണ ഒരു കഥയുണ്ട്. തണുത്തുവിറങ്ങലിച്ച ഡിസംബറിൽ മരണത്തിന്റെ തണുപ്പ് അനുഭവിപ്പിച്ച ഒരു കഥ: മരണാനന്തര ജീവിതങ്ങൾ ഘനീഭവിപ്പിച്ച മൗനത്തിനും സാന്ദ്രമായ ദുഃഖങ്ങൾക്കും കഥയുടെ ഭാരം പകർന്ന അഷിതയുടെ കഥ. പോയ വർഷം മലയാളത്തിനു സമ്മാനിച്ച ഏറ്റവും മികച്ച സൃഷ്ടികളിലൊന്ന്. 

മരണാനന്തര ജീവിതങ്ങളിൽ ആവർത്തിച്ചു വരുന്ന ഒരു വാക്കുണ്ട്. തണുപ്പ് മരണത്തിന്റെ തണുപ്പ്. മരണത്തിനുശേഷം എന്ത്? ഉത്തരമില്ലാത്ത ആ ചോദ്യം വീണ്ടും. അഷിതയുടെ കഥയിലെ രണ്ടു സ്ത്രീ കഥാപാത്രങ്ങളിലൊരാളായ വിമല പുനർജന്മത്തിൽ വിശ്വസിക്കുന്നു. ഈശ്വരനിൽ വിശ്വസിക്കുന്നു. മരണാനന്തര ജീവിതത്തിൽ വിശ്വസിക്കുന്നു. പ്രിയപ്പെട്ടവൾ എല്ലാവരും പ്രിയത്തോടെ അരികിൽ ഉണ്ടായിരുന്നപ്പോഴായിരുന്നു ആ ദൃഢ വിശ്വാസം. ക്രൂരമായ  സ്വപ്നത്തിൽ പോലും കാണാത്ത ദുരന്തം സ്വന്തം ജീവിതത്തിൽ സംഭവിച്ചപ്പോൾ ഇളക്കം തട്ടിയില്ലേ വിമലയുടെ വിശ്വാസത്തിന്? വിശ്വസിക്കാതിരിക്കുന്നതെങ്ങനെ എന്നാണ് വിമല ചോദിക്കുന്നത്; കൂട്ടുകാരിയോടും തന്നോടു തന്നെയും. 

ജീവിതത്തെ നടുക്കിയ ദുരന്തങ്ങളെ കണ്ണീരൊഴിക്കിയാണു വിമല സ്വീകരിച്ചിട്ടുള്ളത്. സാക്ഷിയായിരുന്ന പ്രിയ കൂട്ടുകാരി അഞ്ചു കൊല്ലത്തോളം ഒരുമിച്ചു ജീവിച്ചിട്ടുണ്ട്. അവർ കൈമാറാത്ത രഹസ്യങ്ങളില്ല, സങ്കടങ്ങളും. ആദ്യത്തെ പ്രണയം തകർന്നപ്പോൾ ഒരാഴ്ചയോളം നിർത്താതെ കരഞ്ഞിട്ടുണ്ട്. വിമല. അതേ വിമല ജീവിതത്തിൽ ഏറ്റവും വലിയ ദുരന്തത്തിനു മുന്നിൽ ഒരു തുള്ളി കണ്ണീർ പോലും ചൊരിയാതെ നിൽക്കുന്നതിന്റെ കാരണമെന്താവാം?

ജീവിതത്തിന്റെ ദുരന്തം; മരണമല്ല വളർച്ചയാണ് എന്നെഴുതിയിട്ടുണ്ട് മാധവിക്കുട്ടി. ഒരു സ്ത്രീയെ സംബന്ധിച്ചിടത്തോളം എത്രയോ ശരിയാണത്. ജീവിതത്തിന്റെ ഒരു ഭാഗം തന്നെയായ പ്രിയ ശരീരത്തെ വിട്ടകലുന്നത് എങ്ങനെ? ജന്മം കൊടുത്ത കുട്ടി അകാലത്തിൽ വിട പറയുന്നത് എങ്ങനെ സഹിക്കും ഒരമ്മ. മാധവിക്കുട്ടിയുടെ വാക്കുകളുടെ കഥയിലെ ആവിഷ്ക്കാരമാണ് അഷിതയുടെ കഥ. 

ആ നോട്ടം, ജന്മാന്തരങ്ങളുടെ കത്തിമുനയിൽ കോർത്തു കിടന്നു പിടയ്ക്കുന്ന ആ നോട്ടം.. ശാന്തമായ സ്വരത്തിൽ പുറത്തു വരുന്ന വാക്കുകൾ.. സമുദ്രത്തിൽ തിരമാലയുടെ തല്ല് ഏറ്റ് നിർമമമായി നില്‍ക്കുന്ന സമുദ്രശില പോലത്തെ സാന്നിധ്യം.. വിമലയുടെ കൂട്ടുകാരിയെപ്പോലെ വായനക്കാരും ഒരു നിമിഷം ആലോചിക്കും, ജീവിതത്തിൽ നിന്നിറങ്ങിപ്പോയ കുഞ്ഞുങ്ങളെക്കുറിച്ച്. അവരെച്ചൊല്ലി കരയുന്ന അമ്മമാരെക്കുറിച്ച്. 

മറ്റൊരാളുടെ അഭാവം സ്വന്തമനുഭവമായി തോന്നിപ്പിക്കാൻ കഴിയുമ്പോഴാണ് ഒരു കഥ വിജയിക്കുന്നത്. കഥയാണെന്നറിഞ്ഞിട്ടും ‘കാര്യ’മായി സ്വീകരിക്കുന്ന ജീവിതാവസ്ഥ. അഷിതയുടെ കഥ ചെറുകഥയ്ക്കു പ്രാപ്യമായ ഉയരങ്ങളിൽ നിലയുറപ്പിക്കുന്നു കൊളുത്തി വലിക്കുന്ന നോട്ടം പോലെ. മുറിവിൽ ആഴ്ന്നിറങ്ങിയ കത്തിമുന പോലെ.

ജീവിച്ചിരിക്കുമ്പോഴും മരിച്ചവരെപ്പോലെ ജീവിക്കുന്ന എത്രയോ പേരുണ്ട് നമുക്കിടയില്‍. വേർപാടിന്റെ വേദനയിൽ ഉള്ളുരുകി കഴിയുന്നവര്‍. ജീവന്റെ ചലനങ്ങൾ നഷ്ടമായവർ. ഈ ലോകത്തല്ല ജീവിക്കുന്നതെന്നു തോന്നിപ്പിക്കുന്നവർ. അവർക്കു വേണ്ടിയുള്ള തിലോദകമാണ് അഷിതയുടെ കഥ. 2017 ലെ ഏറ്റവും മികച്ച ചെറുകഥകളിൽ ഒന്ന് :മരണാനന്തര ജീവിതങ്ങൾ.

Books In Malayalam LiteratureMalayalam Literature Newsമലയാളസാഹിത്യം