Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

2017 ൽ മലയാളിയെ പ്രകോപിപ്പിച്ച പുസ്തകങ്ങൾ

nirbhayam

മൂന്നു പുസ്തകങ്ങൾ, കഥയും കവിതയുമല്ല നോവലും നോവലെറ്റുമല്ല, ഉപന്യാസങ്ങളല്ല വ്യത്യസ്തമായ മൂന്നു പുസ്തകങ്ങളാണ് 2017–നെ സ്വന്തമാക്കിയത്. ആത്മകഥ എന്ന വിഭാഗത്തിൽപെടുത്താവുന്ന വിചാരണ– വിമർശന പുസ്തകങ്ങൾ. മൂന്നു പുസ്തകങ്ങളും തമ്മിൽ ബന്ധമുണ്ട്. എഴുതിയവർ തമ്മിലുമുണ്ട് ബന്ധം. കേരള സമൂഹവുമായും ഇഴുകിച്ചേർന്നവരാണവർ. ജേക്കബ് തോമസ്, സിബി മാത്യൂസ്, നമ്പി നാരായണൻ എന്നിവരാണവർ.

ആദ്യമെത്തിയത് ജേക്കബ് തോമസിന്റെ പുസ്തകം- സ്രാവുകൾക്കൊപ്പം നീന്തുമ്പോൾ. സർക്കാരിന്റെ ഭരണ സംവിധാനത്തിന്റെ ഭാഗമാണ് ജേക്കബ് തോമസ് ഇപ്പോഴും. ചില വിവാദങ്ങളിലെ നായകനും. ജോലിയിലിരിക്കെ അദ്ദേഹം എഴുതിയ ആത്മകഥ സ്വാഭാവികമായും വിവാദങ്ങൾ ക്ഷണിച്ചു വരുത്തി. കുട്ടിക്കാലം മുതലുള്ള സ്വന്തം കഥയും സമൂഹത്തെക്കുറിച്ചുള്ള സ്വപ്നങ്ങളുമാണ് പറയുന്നതെങ്കിലും ഉദ്യോഗസ്ഥസംവിധാനത്തിലെ ചുവപ്പു നാടകളെക്കുറിച്ചും അർബുദം പോലെ പടർന്നു പിടിച്ച അഴിമതിയെക്കുറിച്ചുമാണ് അദ്ദേഹം പറയുന്നത്. വിമർശനശരങ്ങൾ ഭരണസംവിധാനത്തിന് എതിരെ നീളുന്നു. സത്യസന്ധനായ ഒരു ഉദ്യോഗസ്ഥൻ എങ്ങനെ ബലിയാടാക്കപ്പെടുന്നു എന്ന വേദനിപ്പിക്കുന്ന സത്യവും അദ്ദേഹം പങ്കുവച്ചു.

സ്രാവുകൾക്കൊപ്പം നീന്തി മുറിവേറ്റ ജേക്കബ് തോമസിനെ സമൂഹം ഏറ്റെടുത്തെങ്കിലും സർക്കാർ കൈവിട്ടു. പുസ്തകമെഴുതിയതിന്റെ പേരിൽ അച്ചടക്കനടപടിയും ശുപാർശ ചെയ്യപ്പെട്ടു. എഴുതിയതു വളരെ കുറച്ചു മാത്രമാണെന്നും തനിക്കിനിയും എഴുതാനുണ്ടെന്നും എഴുതുമെന്നും മറുപടി നൽകിയ ജേക്കബ് തോമസ് അക്ഷരങ്ങളുടെ ആജ്ഞാശക്തിക്കാണ് അടിവരയിട്ടത്.

കേരളത്തെ മുൾമുനയിൽ നിർത്തിയ ചില വിവാദങ്ങളുടെ കേന്ദ്രബിന്ദുവും സത്യസന്ധനായ പൊലീസ് ഉദ്യോഗസ്ഥൻ എന്ന പേരു നേടിയ ആളുമായ സിബി മാത്യൂസിന്റെ പുസ്തകമെത്തിയത് 2017 മധ്യത്തിൽ. ഐഎസ്ആർഒ ചാരക്കേസ്, സൂര്യനെല്ലി എന്നിങ്ങനെയുള്ള കേസുകളുടെ കാണാപ്പുറം അദ്ദേഹം അനാവരണം ചെയ്തു, നിർഭയം എന്ന പുസ്തകത്തിലൂടെ. സൂര്യനെല്ലി കേസിനെക്കുറിച്ചുള്ള സിബി മാത്യൂസിന്റെ പരാമർശങ്ങള്‍ വിവാദമാകുകയും ഇരയായ പെൺകുട്ടി വക്കീൽ നോട്ടീസ് അയയ്ക്കുകയും ചെയ്തു വ്യാപക ചർച്ചയ്ക്ക് വഴി തെളിച്ച പുസ്തകം ഇപ്പോഴും ഏറെപ്പേർ അന്വേഷിച്ചെത്തി വായിക്കുന്നു.

വിധിയിൽ വിശ്വസിക്കുന്നവർ വിധി നിയോഗത്തിന്റെ ശക്തിയിൽ അദ്ഭുതം കൂറുകയും വിശ്വസിക്കാത്തവരെ വിശ്വസിക്കാൻ നിർബന്ധിതരാക്കുകയും ചെയ്യുന്ന പുസ്തകമാണ് മൂന്നാമത്തേത്. നമ്പി നാരായണന്റെ ആത്മകഥ ഓർമകളുടെ ഭ്രമണപഥം. കേരള ചരിത്രത്തിലെ ഏറ്റവും വിവാദമുണ്ടാക്കിയ ഒരു കേസിലെ നായകൻ. രാജ്യത്തിന്റെ അഭിമാനസ്തംഭമായ ഒരു സ്ഥാപനത്തിലെ ഉയർന്ന പദവിയിൽ നിന്ന് അപമാനത്തിന്റെ ചെളിക്കുണ്ടിലേക്കും ജയിലറകളിലേക്കും പതിച്ച ഒരു മനുഷ്യ ന്റെ കണ്ണീരും, ചോരയും പുരണ്ട പുസ്തകം. ഐഎസ്ആർഒ ചാരക്കേസിൽ നമ്പി നാരായണൻ എങ്ങനെ പ്രതിയാക്കപ്പെട്ടു. എന്തിന് ? ഈ ചോദ്യങ്ങൾ അദ്ദേഹത്തെപ്പോലെ തന്നെ വായ നക്കാരെയും വേട്ടയാടും. കേരള പൊലീസിന്റെയും സിബിഐ യുടെയും സത്യ‌സന്ധതയിലും ആത്മാർത്ഥതയിലും കരിനിഴൽ വീഴ്ത്തിയ കേസ് ആരും എപ്പോൾ വേണമെങ്കിലും പ്രതിയാക്ക പ്പെടുകയും വിചാരണ കൂടാതെ ജയിലിൽ അടയ്ക്കപ്പെടുകയും ചെയ്യുന്ന അടിയന്തിരാവസ്ഥ കാലത്തല്ല ഈ കേസ് സംഭവിച്ചതെന്നതാണു പ്രസക്തമായ കാര്യം. ജനാധിപത്യ കേരളത്തിൽ സത്യസന്ധരെന്നു കീർത്തി കേട്ടവരുടെ അന്വേഷണ മേൽനോട്ടത്തിൽ. ഒരു മുഖ്യമന്ത്രിക്കു സ്ഥാനം തന്നെ ത്യജിക്കേണ്ടിവന്ന കേസ് ഇന്നും ചാരം മൂടാതെ ആളിക്കത്തുന്നുണ്ട്. വൈകിയാണെങ്കിലും കോടതിയിൽ നിന്ന് ഭാഗികമായെങ്കിലും നീതി കിട്ടിയ നമ്പിനാരായണൻ തന്റെ പോരാട്ടം ഇപ്പോഴും തുടരുന്നു. രാജ്യാന്തര കോടതിയെ സമീപിച്ച് സത്യം തെളിയിക്കുമെന്ന് കേസിൽ പ്രതി ചേർക്കപ്പെട്ട മറിയം റഷീദയും ഫൗസിയ ഹസ്സനും ആവർത്തിച്ചു വ്യക്തമാക്കുന്നു.

ഇനിയും പലതും തെളിയിക്കാനുണ്ട്. തെളിയിക്കപ്പെടാനുണ്ട്. ഒരു പക്ഷേ, പുതിയ പ്രതികളും ഉണ്ടായേക്കാം. മാധ്യമങ്ങളുടെ വിശ്വാസ്യതയെപ്പോലും ഇല്ലാതാക്കിയ കേസിന്റെ അറിയാക്കഥ പുറത്തുകൊണ്ടുവന്ന ഓർമകളുടെ ഭ്രമണപഥം 2017–ലെ ഏറ്റവും മികച്ച മലയാള പുസ്തകം കൂടിയാണ്. ഉള്ളടക്കവും പ്രമേയവും രചനാരീതിയും പ്രത്യാഘാതവുമെല്ലാം പരിഗണിച്ചാൽ ഒന്നാമത് ഓടിയെത്തുന്ന മികച്ച പുസ്തകം.

സ്രാവുകൾക്കൊപ്പം നീന്തുമ്പോഴും ഓർമ്മകളുടെ ഭ്രമണപഥവും തൃശൂർ കറന്റ് ബുക്സ് പ്രസിദ്ധീകരിച്ചപ്പോൾ നിർഭയം പ്രസിദ്ധീകരിച്ചത് ഗ്രീൻ ബുക്സ്.

നല്ല കവിതകളും കഥകളുമുണ്ടായെങ്കിലും 2017–നെ പിടിച്ചടക്കിയത് ഈ മൂന്ന് ആത്മകഥകളായിരുന്നു; അവ ആത്മാവിന്റെ കഥകളായതുകൊണ്ടല്ല മറിച്ച് നമ്മുടെ കാലത്തെ ഇഴകീറി പരിശോധിച്ച് സത്യം പുറത്തുകൊണ്ടുവരാൻ ശ്രമിച്ചതിന്റെ പേരിൽ... സത്യം വിജയിക്കട്ടെ; ഒപ്പം അക്ഷരങ്ങളും. 

Books In Malayalam LiteratureMalayalam Literature Newsമലയാളസാഹിത്യം