Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രവാസത്തോട് വിട, പൃഥിരാജിനോട് അനുഭവങ്ങളുടെ ചുരുളഴിക്കാൻ നജീബ്

benyamin-najeeb ലോക കേരള സഭയ്ക്കെത്തിയ ബെന്യാമിനും നജീബും

‘‘വീസ തീരുകയാണ്, നാട്ടിലൊരു തൂപ്പുകാരനായിട്ടെങ്കിലും പണി കിട്ടിയാൽ മതിയാരുന്നു...’’ നജീബിന്റെ കണ്ണുകളിൽ ആശങ്കയും ആശ്വാസവും ഇടകലർന്നിരുന്നു. ബെന്യാമിന്റെ ആടുജീവിതമെന്ന നോവലിലെ കഥാപാത്രമായ നജീബ് സംഭവബഹുലമായ പ്രവാസ ജീവിതത്തോടു വിടപറയുന്നു. 

ഒരു വർഷംകൂടി മാത്രമാണ് ഇനി ബഹ്റൈനിലെ വീസയുള്ളത്. നാട്ടിലേക്കു മടങ്ങുന്നത് ഒരേസമയം ആശ്വാസത്തോടും ആശങ്കയോടെയുമാണ്. തന്റെ കഥയെഴുതിയ ബെന്യാമിനെ ലോക കേരളസഭയിൽ വച്ചു വീണ്ടും കണ്ടുമുട്ടിയപ്പോൾ നജീബ് പറഞ്ഞു: 'സാറേ, ഒരു ചെറിയ ജോലി മേടിച്ചുതരണേ..'. രണ്ടു വർഷത്തിനുശേഷമാണ് നജീബും ബെന്യാമിനും കണ്ടുമുട്ടുന്നത്. നാട്ടിലെത്തുമ്പോഴൊക്കെ നജീബ് ബെന്യാമിനെ കാണാതെ മടങ്ങാറില്ല. 

നാം അനുഭവിക്കാത്ത ജീവിതങ്ങളെല്ലാം നമുക്കു കെട്ടുകഥകളാണെന്ന മുഖവുരയോടെ ബെന്യാമിൻ നജീബിന്റെ കഥയൊപ്പിയെടുത്തതോടെ ജീവിതത്തിലുണ്ടായ മാറ്റങ്ങളെപ്പെറ്റി ചോദിച്ചപ്പോൾ നജീബിന്റെ മുഖത്തു പുഞ്ചിരി. "ജീവിതമൊന്നും മാറിയില്ലെങ്കിലും നിയമസഭയുടെ കോംപൗണ്ടിലൊക്കെ എനിക്കു കയറാൻ പറ്റിയില്ലേ.. ഇതിൽ കൂടുതലെന്തു വേണം". നാട്ടിലേക്കു തിരിച്ചപ്പോൾ സുഹൃത്തുക്കളൊക്കെ വലിയ ആവേശത്തിലായിരുന്നു, ലോക കേരളസഭ കഴിഞ്ഞാൽ അവർക്കൊക്കെ നാട്ടിൽ തന്നെ നല്ല ജോലി കിട്ടുമെന്നു പറഞ്ഞു വലിയ സന്തോഷത്തിലാണെന്നു നജീബ്. 

വെള്ളം കുടിച്ചു കിടന്നാലും നാട്ടിൽ കിട്ടുന്ന സുഖം മറ്റൊരിടത്തുമില്ലെന്നു പറയുമ്പോൾ കണ്ണുകൾ തിളങ്ങി. ലോക കേരളസഭയ്ക്കായി ഇന്നലെ രാവിലെയാണു ബഹ്റൈനിൽനിന്നു നജീബെത്തിയത്. ആദ്യ ദിവസം കണക്‌ഷൻ ഫ്ലൈറ്റ് നഷ്ടപ്പെട്ട് ഒരു ദിവസം മുഴുവൻ എയർപോർട്ടിൽ ഒരു കസേരയിൽ ഇരിക്കേണ്ടി വന്നു. സർക്കാർ ഇടപെട്ടാണു രണ്ടാമതു ടിക്കറ്റെടുത്തു നൽകിയത്. 

സ്വന്തം കഥാപാത്രത്തെ ഓരോ തവണയും കാണുമ്പോൾ എന്തു തോന്നുമെന്നു ചോദിച്ചാൽ ബെന്യാമിനു പുഞ്ചിരി മാത്രമാണു മറുപടി. നജീബ് കഴിഞ്ഞാൽ മറ്റൊരു നജീബ് മനസ്സിലുണ്ടോയെന്നു ചോദിച്ചാൽ ഇല്ലെന്നു ബെന്യാമിൻ. ഒരേ രീതിയിലുള്ള നോവലുകൾ എഴുതാൻ ഇഷ്ടപ്പെടുന്നില്ല എന്നതാണു നയം. പ്രവാസം കഴിഞ്ഞു തിരിച്ചെത്തുന്നവരുടെ പുനരധിവാസത്തെക്കുറിച്ചു സർക്കാർ കാര്യമായി ആലോചിക്കണമെന്നാണ് അദ്ദേഹത്തിനു പറയാനുള്ളത്.

ആടുജീവിതം സിനിമയാക്കുന്നതിനുള്ള ചർച്ചകൾ അന്തിമ ഘട്ടത്തിലാണ്. രണ്ടു ദിവസത്തിനുള്ളിൽ ബെന്യാമിനും നജീബും സംവിധായകനൊപ്പം ചർച്ച നടത്തും. നജീബിനെ അവതരിപ്പിക്കുന്ന പൃഥ്വിരാജിനോടു തന്റെ അനുഭവങ്ങളുടെ ചുരുളഴിക്കാൻ കാത്തിരിക്കുകയാണ്. ഏതാനം ദിവസത്തെ അവധിക്കുശേഷം നജീബ് ബഹ്റൈനിലേക്കു മടങ്ങും, ഒരു വർഷം കഴിഞ്ഞു തിരികെയെത്താനുള്ള സ്വപ്നവുമായി.

Books In Malayalam LiteratureMalayalam Literature Newsമലയാളസാഹിത്യം