Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിവേചനത്തിന്റെ ഓറഞ്ച് കാർഡ്

benyamin-interview ബെന്യാമിൻ

ലോകമെമ്പാടുമുള്ള രാജ്യങ്ങൾ അവരുടെ പൗരന്മാരെയെല്ലാം സമശീർഷരായി കാണുകയും നേരിയ അസമത്വങ്ങൾ പോലും തുടച്ചുനീക്കാനുള്ള ശക്തമായ നടപടികൾ സ്വീകരിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്ന കാലമാണിത്. ജാതി, മതം, ലിംഗം, വർണം, കഴിവ്, കുറവ് ഇതൊന്നും പരിഗണനയ്ക്കോ അവഗണനയ്ക്കോ കാരണമായിക്കൂടാ എന്നൊരു ബോധ്യത്തിലേക്കു മനുഷ്യകുലം വളർന്നതിന്റെ അനന്തരഫലമാണത്. 

സ്ത്രീയ്ക്കും പുരുഷനും വ്യത്യസ്ത ‘ക്യൂ’ മാത്രമല്ല ‘ശുചിമുറി’ ഉണ്ടാവുന്നതു പോലും അസമത്വമായി പരിഗണിക്കുന്ന രാജ്യങ്ങൾ ഇന്നുണ്ട്. എന്നുമാത്രമല്ല, ഏതെങ്കിലും തരത്തിൽ പാർശ്വവത്കരിക്കപ്പെട്ടു പോയവരുടെ അവകാശങ്ങളെക്കുറിച്ചും അവരെ പൊതുധാരയിലേക്കു കൈപിടിച്ചുയർത്തി കൊണ്ടുവരുന്നതിനെക്കുറിച്ചും നിറയെ സംവാ‍ദങ്ങൾ നടക്കുന്ന കാലം കൂടിയാണിത്. വാക്കുകളുടെ പ്രയോഗത്തിൽ പോലും സൂക്ഷ്‌മത പാലിക്കേണ്ടതിന്റെ ആവശ്യകത നമുക്ക് ബോധ്യപ്പെട്ടു കഴിഞ്ഞു. അങ്ങനെയാണ് ‘അന്യ’ എന്ന പദം ‘ഇതര’ എന്ന പദത്തിനു വഴിമാറുന്നത്. അല്ലെങ്കിൽ ‘അംഗപരിമിതൻ’ എന്ന വാക്ക് ‘ഭിന്നശേഷിക്കാരൻ’ എന്നായി പരിണമിക്കുന്നത്. അവ വെറും വാക്കിലുള്ള മാറ്റമല്ല, മനോഭാവത്തിൽ വന്ന വ്യത്യാസമാണത്. 

എന്നാൽ, ഡിജിറ്റൽ യുഗത്തിലേക്കു കുതിച്ചുകൊണ്ടിരിക്കുന്നു എന്നവകാശപ്പെടുന്ന നമ്മുടെ ഇന്ത്യ എങ്ങനെ ഇതിൽ നിന്നെല്ലാം പിന്തിരിഞ്ഞു നടക്കാൻ ശ്രമിക്കുന്നു എന്നതിന്റെ ഏറ്റവും നല്ല ഉദാഹരണമായി മാറുന്നുണ്ട് കേന്ദ്രസർക്കാരിന്റെ ‘ഓറഞ്ച് പാസ്പോർട്ട്’ എന്ന പുതിയ തീരുമാനം. രാജ്യത്തുനിന്നു പുറത്തേക്കു സഞ്ചരിക്കുമ്പോൾ ‘എമിഗ്രേഷൻ ക്ലിയറൻസ് ആവശ്യമായവരുടെ’ (ഇസിആർ) പാസ്പോർട്ടുകളുടെ നിറം ഇപ്പോഴുള്ള നേവി ബ്ലൂവിൽ നിന്ന് ഓറഞ്ചിലേക്കു മാറ്റാനുള്ള തീരുമാനമാണത്. 

ഹിറ്റ്ലറിന്റെ നാസി ജർമനിയിൽ ജൂതന്മാർ മുഴുവൻ ‘ദാവീദിന്റെ മഞ്ഞനക്ഷത്രം’ കൊത്തിയ വസ്ത്രം ധരിക്കണം എന്ന് ഉത്തരവുണ്ടായിരുന്നു. ജർമനിയിൽ അവർ നേരിട്ട വിവേചനത്തിന്റെ പ്രത്യക്ഷ ഉദാഹരണമായിരുന്നു അത്. സമാനമായ ഒരു ഉത്തരവാണ് ഓറഞ്ച് പാസ്പോർട്ടിലൂടെ കേന്ദ്രസർക്കാർ നടപ്പാക്കാൻ ശ്രമിക്കുന്നത്. സാധാരണക്കാരും വിദ്യാഭ്യാസമില്ലാത്തവരും ഇനിമുതൽ രാജ്യത്തെ രണ്ടാംതരം പൗരന്മാർ ആണെന്നു പറയാതെപറയുന്ന ഒരു നടപടി. 

എമിഗ്രേഷൻ ഉദ്യോഗസ്ഥരുടെ എളുപ്പത്തിനുവേണ്ടി എന്ന വിചിത്രമായ വാദമാണ് സർക്കാർ അതിനുവേണ്ടി ഉയർത്തുന്നത്. എന്നാൽ ഭാവിയിൽ അതുണ്ടാക്കാൻ പോകുന്ന ഭവിഷ്യത്തുകൾ സർക്കാർ മനപ്പൂർവം മറന്നുകളയുകയാണ്. ഇപ്പോൾ മെട്രിക്കുലേഷൻ കടക്കാത്തവർക്കാണ് ഇസിആർ നിർബന്ധമാക്കിയിട്ടുള്ളത്. എന്നാൽ, വരുംകാലത്ത് സർക്കാരിന് അനഭിമതരായ ജനങ്ങളെ മുഴുവൻ ഇതിന്റെ പരിധിയിൽ കൊണ്ടുവന്ന് സംശയത്തിന്റെയും ചോദ്യം ചെയ്യലിന്റെയും മുനമ്പിൽ നിറുത്തുക എന്നൊരു ഗൂഢോദ്ദേശ്യം ഉണ്ടോ എന്ന് ആരെങ്കിലും സംശയിച്ചാൽ അതിൽ തെറ്റുപറയാനാവില്ല. 

അല്ലെങ്കിൽ തന്നെ എങ്ങനെയാണ് രാജ്യം ഒരു പൗരന്റെ മികവ് അളക്കുന്നത്? അവൻ നേടുന്ന ഔദ്യോഗിക വിദ്യാഭ്യാസം മാത്രമാണോ അതിന്റെ മാനദണ്ഡം? അവൻ ജീവിതത്തിലൂടെ നേടിയെടുത്ത പ്രായോഗിക പരിജ്ഞാനത്തെ അടയാളപ്പെടുത്തുന്ന, അളക്കുന്ന ഏകകം എന്ത് ? അതിനു ദേശം ഒരുവിലയും കൽപിക്കുന്നില്ലേ? എന്നിങ്ങനെ ഒട്ടേറെ ചോദ്യങ്ങൾ ഇവിടെ ഉയർന്നു വരുന്നുണ്ട്. 

പ്രവാസലോകത്തുള്ള അറുപതു ലക്ഷത്തിൽ പരം തൊഴിലാളികളെയാണ് ഇതു പ്രത്യക്ഷത്തിൽ ബാധിക്കാൻ പോകുന്നത്. ഇപ്പോൾത്തന്നെ എജന്റുമാർ, എമിഗ്രേഷൻ വിഭാഗം, എയർലൈൻസ് ഉദ്യോഗസ്ഥർ തുടങ്ങിയവരിൽ നിന്ന് വിവേചനം അനുഭവിക്കുന്ന ഈ വിഭാഗത്തെ കൂടുതൽ വിവേചനത്തിലേക്കു തള്ളിവിടാൻ ഈ നടപടി കാരണമാകും. അതിലൂടെ അവർ അനുഭവിക്കുന്ന അപകർഷാതാബോധവും നിരാശയും എത്രയാണെന്ന് ഒരു ഭരണകൂടം നിശ്ചയമായും മനസ്സിലാക്കേണ്ടതുണ്ട്. എന്നുമാത്രമല്ല ഇന്ത്യയിൽനിന്നു തന്നെ തരം താഴ്ത്തപ്പെട്ട്, ഓറഞ്ച് പാസ്പോർട്ടുമായി ചെന്നിറങ്ങുന്ന ഒരു ഇന്ത്യൻ പൗരനെ എങ്ങനെയാവും മറ്റൊരു ദേശം സ്വീകരിക്കുന്നത് എന്നൊരു ചോദ്യം കൂടി ഉയർന്നുവരുന്നുണ്ട്. 

‘ഭാവിയിലേക്കു വളർത്തിയെടുക്കാവുന്ന ഗൂഢാലോചന’ എന്ന ആശയം തള്ളിക്കളഞ്ഞാൽ തന്നെ ഒരു പൗരനോടു കാണിക്കുന്ന വിവേചനം എന്ന നിലയിൽ ഈ തീരുമാനത്തെ എതിർത്തു തോൽപിക്കേണ്ടതുണ്ട്. അല്ലെങ്കിൽ, പൗരനെ പല തട്ടുകളായി തരംതിരിക്കുന്ന നടപടികളുടെ ആദ്യ ചുവടുവയ്പായി ഇതു മാറിയേക്കാം. 

Books In Malayalam LiteratureMalayalam Literature Newsമലയാളസാഹിത്യം