'ഞങ്ങൾ മലയാളത്തിലെ നടൻമാർ ഏതു റോളിൽ അഭിനയിച്ചാലും അതിൽ ഞങ്ങളെ കണ്ടെത്താനാകും. എന്നാൽ നെടുമുടി വേണു അഭിനയിക്കുമ്പോൾ പ്രേഷകൻ കഥാപാത്രത്തെ മാത്രമേ കാണൂ, അദ്ദേഹത്തെ കാണില്ല' മലയാള കലാസാംസ്കാരിക ചരിത്രത്തിൽ നിന്ന് മാറ്റിനിർത്താനാവാത്ത നെടുമുടി വേണു എന്ന നടനെകുറിച്ച് ചലച്ചിത്രതാരം മധുവിന്റെ അഭിപ്രായമാണ് മുകളിൽ കുറിച്ചത്.
അഭിനയിച്ച ഏതാണ്ട് എല്ലാ സിനിമകളിലും സ്വന്തം കഥാപാത്രത്തെ വ്യത്യസ്തമായ അനുഭവമാക്കി പ്രേഷകനു സമ്മാനിച്ച നടനാണ് നെടുമുടി വേണു. നാലു പതിറ്റാണ്ടു പിന്നിടുന്ന അഭിനയ ജീവിതത്തിൽ പ്രേഷകൻ നെഞ്ചേറ്റിയ നെടുമുടി കഥാപാത്രങ്ങൾ ഏറെ. അഭിനയിച്ച കഥാപാത്രങ്ങളിൽ നടന്റെ ഉള്ളുതൊട്ട പത്തു കഥാപാത്രങ്ങൾ ഏതൊക്കെയെന്ന് വെളിപ്പെടുത്തുകയാണ് നെടുമുടി വേണു. ആരവത്തിലെ മരുത് മുതൽ ബെസ്റ്റ് ആക്ടറിലെ ദാദ വരെ നീളുന്ന ആ ലിസ്റ്റിൽ ഉൾപ്പെടാതെ പോയ പ്രേഷക പ്രീതി നേടിയ കഥാപാത്രങ്ങൾ ഏറെ.. ആലോലത്തിലെ തമ്പുരാനും, പത്മരാജന്റെ കള്ളൻ പവിത്രനും ഒന്നും നെടുമുടി വേണുവിന്റെ തിരഞ്ഞെടുപ്പിൽ ഉൾപ്പെട്ടിട്ടില്ല.
ലെനിൻ രാജേന്ദ്രന്റെ വേനലിലെ നിരാശാകാമുകൻ എന്തുകൊണ്ടാണ് തിരഞ്ഞെടുത്ത കഥാപാത്രങ്ങളിൽ പെടാത്തത് എന്ന ചോദ്യത്തിന് നെടുമുടി വേണുവിന്റെ മറുപടി ഇങ്ങനെ–
'എന്നിൽനിന്നേറെ അകലെയല്ലാത്ത കഥാപാത്രമാണയാൾ. റിസ്കില്ലാത്ത അഭിനയ ചിത്രം.'
ഭാഷാപോഷിണിക്ക് അനുവദിച്ച അഭിമുഖത്തിലാണ് നെടുമുടി വേണു മനസ്സ് തുറന്നത്. അഭിമുഖത്തിന്റെ പൂർണരൂപം ജനുവരി ലക്കം ഭാഷാപോഷിണിയിൽ.
Books In Malayalam Literature, Malayalam Literature News, മലയാളസാഹിത്യം