Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

' ആ ഭയം നിങ്ങളെ ഭ്രാന്തിൽ എത്തിച്ചിരിക്കുന്നു' അക്രമണ ഭീഷണിയിൽ എഴുത്തുലോകം ശക്തം!

kureepuzha-sreekumar കുരീപ്പുഴ ശ്രീകുമാർ

കവി കുരീപ്പുഴ ശ്രീകുമാറിനെതിരെ ഭീക്ഷണിയുമായി രംഗത്തെത്തിയവർക്കെതിരെ പ്രതിഷേധങ്ങളുമായി മലയാള സാംസ്കാരിക ലോകം. കൊല്ലം കോട്ടുക്കലിൽ ഒരു ഗ്രന്ഥശാലയുടെ വാർഷികത്തോടനുബന്ധിച്ചുള്ള സംസ്കാരിക സമ്മേളനത്തിൽ പങ്കെടുത്തു മടങ്ങുമ്പോഴായിരുന്നു ആക്രമണ ഭീഷണി.

സാംസ്കാരിക സമ്മേളനത്തിന്റെ ഭാഗമായി നടത്തിയ പ്രസംഗത്തിൽ കുരീപ്പുഴ ശ്രീകുമാർ പ്രകോപനപരമായി സംസാരിച്ചുവെന്നാരോപിച്ചാണ് ഒരു വിഭാഗം ബിജെപി പ്രവർത്തകർ അദ്ദേഹത്തെ തടഞ്ഞു നിർത്തിയത്. ഇതിനെതെരെയുള്ള പ്രതിഷേധം സമൂഹമാധ്യമങ്ങളിൽ ശക്തമായിരിക്കുകയാണ്.

ആ ഭയം നിങ്ങളെ ഭ്രാന്തിൽ എത്തിച്ചിരിക്കുന്നു : ബെന്യാമിൻ

benyamin-interview

നിസ്സഹായകനായ നിർമമനായ ഒരു പാവം കവിയെ നിങ്ങൾ ഭയപ്പെടുന്നു എങ്കിൽ നിങ്ങൾ സമൂഹത്തിലെ ഏറ്റവും ദുർബലനെപ്പോലും ഭയപ്പെട്ടു തുടങ്ങിയിരിക്കുന്നു എന്നാണർത്ഥം. സ്വന്തം വാക്കുകളും ചെയ്തികളും സമൂഹം തിരിച്ചറിയുന്നു എന്നതിന്റെ ഭയം. ആ ഭയം നിങ്ങളെ ഭ്രാന്തിൽ എത്തിച്ചിരിക്കുന്നു. സമൂഹത്തെ ഇല്ലായ്മ ചെയ്യാൻ ആഗ്രഹിക്കുന്ന ഭ്രാന്തിൽ.

ആ വാക്കുകൾ ആവർത്തിക്കട്ടെ : ഡോ. ബിജു

dr-biju

പേരറിയാത്തവർ സിനിമ റിലീസ് ചെയ്തപ്പോൾ ഉള്ള ഒരു പോസ്റ്റർ ആണിത് . പ്രിയ കവി കുരീപ്പുഴ ആ സിനിമയിൽ സ്ത്രീകളുടെയും കുട്ടികളുടെയും ഒരു സമരം ഉദ്ഘാടനം ചെയ്തു കൊണ്ട് പ്രസംഗിക്കുന്ന ഒരു രംഗം ഉണ്ട് . 

അതിൽ അദ്ദേഹം പറയുന്ന വാക്കുകൾ ഇപ്പോൾ ആവർത്തിക്കട്ടെ ...

ഇത് നമ്മുടെ സമരം ആണ് .

നമ്മൾ ജനിച്ച മണ്ണിൽ ആരോഗ്യത്തോടെ പ്രണയിച്ചു സ്നേഹിച്ചു ജീവിക്കാനുള്ള സമരം ആണ് . 

നമ്മൾ ജനിച്ചത് ഈ മണ്ണിലാണ് ..

ഈ മണ്ണിൽ കുരുത്തവരാണ് നമ്മൾ ....

ഈ വയലിൽ കുരുത്തവരാണ് നമ്മൾ ..

നമ്മുടെ സമരായുധം കവിതയാണ് ...

അതേ കവിയുടെ സമരായുധം കവിതയാണ്,

തീ പിടിപ്പിച്ച വാക്കുകൾ ആണ് ..

കായികമായി ദുർബലനായ ഒരു മനുഷ്യനെ നിങ്ങൾക്ക് സംഘം ചേർന്ന് നേരിടാൻ കഴിഞ്ഞേക്കും ..

പക്ഷെ അദ്ദേഹത്തിന്റെ ആ വാക്കുകളെ , അക്ഷരങ്ങളെ , ആശയത്തെ ..നിങ്ങൾ എങ്ങനെ നേരിടും. .. 

നിങ്ങൾക്ക് അതിനെ ഒരിക്കലും നേരിടാനാവില്ല .. തകർക്കാനുമാവില്ല .. 

വടയമ്പാടി ജാതി മതിലിനെതിരെയും അശാന്തൻറ്റെ മൃതദേഹത്തോട് കാട്ടിയ അനീതിക്കെതിരെയും ശബ്‌ദിച്ചതിനാണ് നിങ്ങൾ കവിയെ കായികമായി ആക്രമിച്ചത് .. 

അതിന്റെ അർഥം നിങ്ങൾ അദ്ദേഹത്തിന്റെ വാക്കുകളെ പേടിക്കുന്നു എന്നതാണ് ...

ആ വാക്കുകളെ നിശബ്ദമാക്കുവാൻ,ആ അക്ഷരങ്ങളെ ഇല്ലായ്‌മ ചെയ്യുവാൻ നിങ്ങൾക്ക് സാധിക്കും എന്ന് കരുതുന്നത് മൗഢ്യം മാത്രമാണ്

....കുരീപ്പുഴ ശ്രീകുമാർ എന്നത് കേവലം ഒരു കവി മാത്രമല്ല .. മണ്ണിൽ നിലയുറപ്പിച്ച് നിൽക്കുന്ന ഒരു വന്മരമാണ് ...അതിന്റെ ഒരു ഇല പോലും കൊഴിച്ചു കളയാൻ നിങ്ങൾക്ക് സാധിക്കില്ല ....

കുരീപ്പുഴയങ്ങു വിരണ്ടു കാണും.‌ : കെ.ആർ മീര 

kr-meera

എഡേ മിത്രോം,

കുരീപ്പുഴയങ്ങു വിരണ്ടു കാണും.‌‌

പേടി കൊണ്ടു നാവു വരണ്ടു കാണും.

ശരീരം കിടുകിടാ വിറച്ചു കാണും.

കേട്ട തെറിയോര്‍ത്തു കരഞ്ഞു കാണും.

ഇനിയെങ്ങും പ്രസംഗിക്കുകയില്ലെന്ന് തീരുമാനിച്ചു കാണും.

ഇനി കൊന്നാലും കവിതയില്ല എന്ന് ആണയിട്ടു കാണും.

ഉള്ളിലെ ഹിന്ദുവിനെ വിളിച്ചുണര്‍ത്തിക്കാണും.

രക്തപുഷ്പാഞ്ജലി കഴിപ്പിച്ചു കാണും.

ഏലസ്സും രക്ഷയും ജപിക്കാന്‍ കൊടുത്തു കാണും.

മൃത്യുഞ്ജയത്തിനു രസീതെടുത്തു കാണും.

ജാതി സംഘടനയില്‍ അംഗത്വമെടുത്തു കാണും.

ഒരു തടയണ കൊണ്ടു പുഴയങ്ങു വരണ്ടു പോകുന്നതു പോലെ

ഒരു തടയല്‍ കൊണ്ടു കുരീപ്പുഴയങ്ങു കൂരിപ്പുഴയായിക്കാണും.

ഇഷ്ടമുടിക്കായല്‍ ക്ലിഷ്ടമുടിക്കായലായിക്കാണും.

ശാഖയില്‍ ചേര്‍ന്നു കാണും.‌

നിക്കറെടുത്തിട്ടു കാണും.‌

ചുവന്ന കുറി തൊട്ടു കാണും.

ഓറഞ്ച് ചരടു കെട്ടിക്കാണും.

എഡേ മിത്രോം, കുരീപ്പുഴയിപ്പോള്‍ ജാതി മതില്‍ പണിയാന്‍ പോയിക്കാണും.

നാടു മുഴുവന്‍ വടയമ്പാടിയായിക്കാണും.

‘പ്രേതബാധ ഏറ്റ പോലെ രാത്രി വണ്ടി കൂകിടുമ്പോള്‍‌

പാലവും കേളനും’ പാടേ കുലുങ്ങിക്കാണും !

എഴുത്തുകാർക്കും സാമൂഹിക പ്രവർത്തകർക്കും എതിരെ ഉയരുന്ന അക്രമണങ്ങളുടെ പശ്ചാത്തലത്തിൽ വിഷയത്തിൽ സാംസ്കാരികമേഖലയിൽ നിന്നുള്ള പ്രതിഷേധം ശക്തമായിരിക്കുകയാണ്.

Books In Malayalam LiteratureMalayalam Literature Newsമലയാളസാഹിത്യം