കവിതയെ കവിത കൊണ്ടു തന്നെ നേരിടണം. അങ്ങനെ സാഹചര്യങ്ങളാണ് സുരേന്ദ്രനെ ഒരു കവി ആക്കി മാറ്റിയത്. കവി കുരീപ്പുഴ ശ്രീകുമാറിനെതിരെയും കുരീപ്പുഴയ്ക്കെതിരെയുളള ആക്രമണത്തെ അപലപിച്ച് കവിതയെഴുതിയ പവിത്രൻ തീക്കുനിക്കെതിരെയും കവിതയിലൂടെ തന്നെ മറുപടിയുമായി എത്തിയിരിക്കുകയാണ് സുരേന്ദ്രൻ. ആർക്കും കവിതയെഴുതാമോ? എന്ന് സംശയിക്കരുത്. കഥയിൽ മാത്രമല്ല കവിതയിലും ചോദ്യമില്ല.
'ഉളളി കവിതകൾ' എന്ന പരിഹാസപ്രയോഗത്തോടെയാണ് ട്രോളൻമാർ സുരേന്ദ്രന്റെ കവിതയെ വരവേറ്റത്. ഈ വിഷയത്തിൽ സുരേന്ദ്രൻ ഇട്ട കുറിപ്പുകളും ട്രോളന്മാർ ഏറ്റെടുത്തു കഴിഞ്ഞു.
ട്രോളൻമാർ ആഘോഷമാക്കിയ സുരേന്ദ്രന്റെ കവിത ഇങ്ങനെ–
കവിത എഴുതിപ്പോവും
ഉള്ളതുപറയാം
ഇല്ലാത്തതും പറയാം
ഇല്ലാത്തതുണ്ടാക്കിയും പറയാം
നടന്നതു പറയാം
നടക്കാത്തതും പറയാം
നടക്കാത്തതു നടന്നെന്നും പറയാം
നടന്നുകാണണമെന്നാഗ്രഹിക്കുന്നതും പറയാം
പറഞ്ഞതു പറയാം
പറയാത്തതും പറയാം
പറഞ്ഞതു പറഞ്ഞില്ലെന്നും പറയാം
പറഞ്ഞുണ്ടാക്കിയതും പറയാം
കവിക്കു തോന്നുന്നതെന്തും കാൽപ്പനികത തന്നെ
എന്നാൽ
കാല്പനികലോകം മാത്രമല്ല
നമുക്കൊരു യഥാർത്ഥലോകവുമുണ്ടെന്ന്
കവിക്കുതോന്നാൻ പ്രജയെന്തുചെയ്യണം?
ആദ്യം അവരുടെ നഗ്നത മറച്ച് വരൂ...’
കവി കുരീപ്പുഴ ശ്രീകുമാറിനെതിരെ നടന്ന അക്രമണത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി എഴുത്തുകാരും സാംസ്കാരിക പ്രവർത്തകരും രംഗത്തെത്തിയിരുന്നു. ശക്തമായ വാക്കുകളിലൂടെയാണ് അക്രമണത്തിനെതിരെ പവിത്രൻ തീക്കുനി പ്രതികരിച്ചത്. തീക്കുനി കവിത ഇങ്ങനെ–
പല ദൈവങ്ങൾക്കും
തുണിയില്ല
അടിവസ്ത്രം പോലുമില്ല
ആദ്യം
അവരുടെ
നഗ്നത മറച്ച്
വരൂ
മനുഷ്യ സ്നേഹികളെ
ആക്രമിക്കാൻ!
തീക്കുനിയുടെ കവിതയോട് കുമാരനാശാനെയും വയലാറിനെയും കടമ്മനിട്ടയെയും പി ഭാസ്കരനെയും ഒ.എൻ.വിയെയും വരെ കൂട്ടുപിടിച്ചാണ് സുരേന്ദ്രൻ പ്രതികരിച്ചത്.
'ദൈവങ്ങൾക്കു തുണിയില്ലെന്നു കവി പറഞ്ഞതു സത്യം. അടി വസ്ത്രം പോലുമില്ല. എന്നാൽ കവിയുടെ ഇഷ്ടദൈവങ്ങളായ മന്ത്രിമാരും പാർട്ടി സെക്രട്ടറിമാരും ഒന്നാന്തരം തുണിയുടുത്തിട്ടെന്തുകാര്യം? ഖദർ സിൽക്കും ലിനനും ധരിച്ച് ലക്ഷങ്ങളുടെ കണ്ണടയും വെച്ച് നടക്കുന്ന ഇക്കൂട്ടരുടെ തുണിയാണുരിഞ്ഞുകിടക്കുന്നതെന്ന് കവികൾ അറിയുന്നില്ലേ?
കുമാരനാശാനും വയലാറും കടമ്മനിട്ടയും പി ഭാസ്കരനും ഒ.എൻ.വിയും എഴുതിയതിൽ പലതും അധികാരിവർഗ്ഗത്തിന്റെ കണ്ണുതുറപ്പിക്കാനായിരുന്നു. മുതലാളിമാരുടെ പാദസേവ ചെയ്ത് തൊഴിലാളികളെ വഞ്ചിക്കുന്ന ചൂഷക വർഗ്ഗത്തിനെതിരെയാണ് അവർ തൂലിക ചലിപ്പിച്ചത്. ഇന്നിപ്പോൾ ദൈവങ്ങളെ തുണിയുടുപ്പിക്കാൻ നടക്കുന്നവരുടെ കൂട്ടത്തിലൊരാളെങ്കിലും കേരളത്തിൽ നടക്കുന്ന ഇത്തരം അനീതികൾക്കെതിരെ ഒരു വരി എഴുതുന്നുണ്ടോ? പട്ടികവർഗ്ഗക്കാരിയായ ഒരു മഹാമഹതിയെ അതും നാട്ടറിവിന്റെ അക്ഷയഖനിയായ ഒരാളെ രാഷ്ട്രം പത്മശ്രീ നൽകി ആദരിച്ചപ്പോൾ അടച്ചാക്ഷേപിച്ച മന്ത്രി ബാലനെതിരെ ഒരക്ഷരം ഈ സാഹിത്യപഞ്ചാനനന്മാരാരെങ്കിലും മിണ്ടിയോ?
പാവങ്ങളെ പട്ടിണിക്കിട്ട് കൊല്ലുമ്പോൾ സർക്കാർ ഖജനാവ് ധൂർത്തടിക്കുന്ന മന്ത്രിമാർക്കെതിരെ ഇവർ മിണ്ടിയോ? ഉഴിയുമ്പോൾ ഉടുപ്പിക്കുന്ന കൗപീനത്തിനുപോലും കണക്കു പറഞ്ഞ് എണ്ണി വാങ്ങുന്ന മന്ത്രിമാരെക്കുറിച്ച് ആരുടെയെങ്കിലും നാവനങ്ങിയോ? . പട്ടികജാതിയിൽപെട്ടവർ പതിനാറെണ്ണം കൊലചെയ്യപ്പെട്ടപ്പോൾ, പാവങ്ങൾക്ക് പട്ടയം കൊടുക്കാതിരുന്നപ്പോൾ, എന്തിന് റേഷൻകാർഡുപോലും കൊടുക്കാതെ നടത്തിക്കുമ്പോൾ ഏതു മാളത്തിലായിരുന്നു ഈ കവികൾ? കമ്യൂണിസ്റ്റുകാരുടെ പാദസേവ ചെയ്യുന്നവരാണ് ഇപ്പോൾ ബഹളം വെക്കുന്നവരിലധികവും. കവികൾ രാഷ്ട്രീയം പറഞ്ഞാൽ തിരിച്ചും പറയാതിരിക്കാൻ ഇത് ചൈനയോ വടക്കൻ കൊറിയയോ അല്ലെന്ന് അവരെ വിനയപൂർവം ഓർമ്മിപ്പിക്കുന്നു.'
കുരീപ്പുഴ ശ്രീകുമാറിന്റേത് ആഗോളപ്രശസ്തനാകാനുള്ള അടവായിരുന്നെന്നും കെട്ടിക്കിടക്കുന്ന പുസ്തകങ്ങളൊക്കെ ഇനി എളുപ്പത്തിൽ വിററു തീരുമെന്നും സുരേന്ദ്രൻ പറയുന്നു.
'അജ്ഞാതനായ ഒരാൾ ടെലിഫോണിൽ വിളിച്ചു ഭീഷണിപ്പെടുത്തി എന്നു പറഞ്ഞാണ് പെരുമാൾ മുരുകൻ എഴുത്തുനിർത്തൽ വിളംബരം നടത്തിയത്. പിന്നെ പ്രതിഷേധമായി ബഹളമായി മോദി മറുപടി പറഞ്ഞേ അടങ്ങൂ എന്നായി ജീവിതത്തിൽ ഇതാരാണെന്നു പോലും അറിയാത്തവരും അദ്ദേഹത്തിൻറെ കൃതികളിലൊന്നുപോലും കണ്ടിട്ടില്ലാത്തവരും ആർ. എസ്. എസിൻറെ ഫാസിസത്തിനെതിരെ സാഹിത്യസമ്മേളനങ്ങളും പുരസ്കാരം മടക്കലും. തന്റെ നാട്ടിലെ പെണ്ണുങ്ങൾ പലരും രാത്രിയിൽ ക്ഷേത്രങ്ങളിലെ ഉൽസവത്തിനുപോകുന്നത് വ്യഭിചരിക്കാനാണെന്ന് മുരുകൻ പറഞ്ഞതാണ് പ്രകോപനത്തിനു കാരണമായത്.
മുരുകന്റെ നാട്ടിൽ ആർ. എസ്. എസും ബി ജെ പിയും കഷായത്തിൽ കൂട്ടാൻ പോലുമില്ല. അവസാനം പോലീസ് കേസ്സായി അന്വേഷണമായി. ഒരിടത്തും ആർ.എസ്.എസുമില്ല ബി.ജെ.പിയുമില്ല. ആർ.എസ്.എസിനെ പിടിക്കാനായില്ലെങ്കിലും മുരുകൻ എഴുതിയതും ആരും തിരിഞ്ഞുനോക്കാതെ കെട്ടിക്കിടന്നിരുന്നതുമായ ചവറുകൾ പലതും വിററുപോയി. ഇന്ത്യ മുഴുവൻ അറിയപ്പെടുന്ന എഴുത്തുകാരനുമായി. പ്രശസ്തനാവാനും കെട്ടിക്കിടക്കുന്ന പുസ്തകങ്ങൾ വിററഴിക്കാനുമുള്ള എളുപ്പവഴി താൻ മോദിയുടെ വിമർശകനാണെന്നും എനിക്ക് ആർ.എസ്.എസ് ആക്രമണ ഭീഷണിയുണ്ടെന്നും വരുത്തിത്തീർക്കുക എന്നതാണ്. കുരീപ്പുഴ ഇന്നുമുതൽ ആഗോളപ്രശസ്തനായിക്കഴിഞ്ഞു. കെട്ടിക്കിടക്കുന്ന പുസ്തകങ്ങളൊക്കെ എളുപ്പത്തിൽ വിററു തീരും. മിനിമം ആറുമാസത്തേക്ക് എല്ലാ ചാനലുകളിലും എന്നും മുഖം കണ്ടുകൊണ്ടേയിരിക്കും. കർണ്ണാടകയിൽ ഒരുത്തൻ സിനിമയെല്ലാം പൂട്ടിപ്പോയിട്ടും എന്നും മോദിയെ ചീത്ത വിളിച്ച് മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്നത് ഇവിടേയും മാതൃകയാക്കാവുന്നതാണ്.'
കൈരളി ഗ്രന്ഥശാലാ സംഘടിപ്പിച്ച ചടങ്ങില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടെയാണ് കുരീപ്പുഴയെ ഒരു സംഘം ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ആക്രമിച്ചത്. ഗ്രന്ഥശാലാ ചടങ്ങില്‍ വടയമ്പാടി ജാതി മതില്‍ സമരത്തെക്കുറിച്ചും ചിത്രകാരന്‍ അശാന്തന്റെ മൃതദേഹത്തോട് കാണിച്ച അനാദരവിനെ കുറിച്ചും സംസാരിച്ച അദ്ദേഹം ആര്‍എസ്എസിനെയും സംഘപരിവാറിനെയും രൂക്ഷമായി വിര്‍ശിച്ചു. ഇതിനെ തുടര്‍ന്നാണ് ആക്രമണമുണ്ടായത്. സംഭവത്തിൽ ഇട്ടിവ പഞ്ചായത്തംഗം ആറു പേര്‍ അറസ്റ്റിലായിരുന്നു.
Books In Malayalam Literature, Malayalam Literature News, മലയാളസാഹിത്യം