Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വീണപൂവല്ല; വീഴ്ചയും ഉന്‍മാദമാക്കുന്ന ആമി

foot-pathil-oru-urumb

മൂന്നു ബിംബങ്ങള്‍ ചേര്‍ന്നു സൃഷ്ടിക്കുന്നതു സമൃദ്ധമായൊരു ചിത്രം. സമ്മോഹനമായ സങ്കല്‍പം. ഇന്നിപ്പോള്‍ സങ്കല്‍പമായി തോന്നാമെങ്കിലും ജീവിച്ചിരുന്ന, മജ്ജയും മാംസവുമുണ്ടായിരുന്ന, സുഗന്ധ പുഷ്പങ്ങള്‍ വാരിവിതറിയിരുന്ന വ്യക്തിയില്‍നിന്നാണ് ആ സങ്കല്‍പത്തിന്റെ പിറവി. അസാന്നിധ്യത്തില്‍ അനാഥമാക്കുന്ന ഒരു സാന്നിധ്യത്തിന്റെ അഭാവം. മരണം എന്ന കപ്പിത്താനൊപ്പം മറ്റൊരു യാത്രയ്ക്കു പോയെങ്കിലും ഇന്നും ഓരോ നിമിഷവും സാന്നിധ്യമറിയിക്കുന്ന സജീവ വ്യക്തിത്വം. ആമി എന്ന മാധവിക്കുട്ടി എന്ന കമലാ ദാസ് എന്ന കമലാ സുരയ്യ. ജീവിച്ചിരുന്നപ്പോള്‍ വാക്കുകളുടെ നറുമണത്താല്‍ വിരുന്നൂട്ടിയ മലയാളത്തിന്റെ നീര്‍മാതളം കൊഴിഞ്ഞിട്ടും മണ്ണോടു ചേര്‍ന്നിട്ടും ഇന്നും അസുലഭവും അസാധാരണവുമായ ഒരു വനപുഷ്പത്തിന്റെ ഓര്‍മയുണര്‍ത്തി ആസ്വാദക ഹൃദയങ്ങളെ കീഴടക്കുന്നു. 

ഭൂമിയിലെ ഇലകള്‍ക്കും പൂക്കള്‍ക്കുമുയരെ ആകാശത്തോടു ചേര്‍ന്ന്, ഉയരങ്ങളില്‍, ഉറച്ചവേരുകളാല്‍ വഴികാട്ടി നില്‍ക്കുന്ന പൂമരമായി മാധവിക്കുട്ടിയെ എഴുതിയതു പുതിയ തലമുറയിലെ കവയത്രി കണിമോള്‍. ഫുട്പാത്തില്‍ ഒരുറുമ്പ് എന്ന കവിതാ സാമാഹാരത്തിലെ ശ്രദ്ധേയ കവിതകളിലൊന്നായ മണക്കും പൂവ് എന്ന കവിതയില്‍. 

മരിക്കുമ്പോള്‍ തന്റെ അസ്ഥികള്‍ കൂട്ടിവച്ചാല്‍ അവ സ്നേഹത്തിന്റെ മാധുര്യത്തെക്കുറിച്ചും ഭൂമിയിലെ ജീവിതത്തിന്റെ മേന്‍മയെക്കുറിച്ചും പറയുമെന്നെഴുതിയ മാധവിക്കുട്ടിയെക്കുറിച്ചു കഥകളും കവിതകളുമുണ്ടായി ഇക്കഴിഞ്ഞ വര്‍ഷങ്ങളില്‍. കെ. ജയകുമാറിന്റെ കവിത. സോണിയ റഫീക്കിന്റെ പെണ്‍കുരിശ് എന്ന കഥ. ആ കൂട്ടത്തില്‍ വേറിട്ടുനില്‍ക്കുന്നു കണിമോളുടെ മണക്കും പൂമരം. 

അരികെച്ചെല്ലുമ്പോള്‍ മരം മണക്കും പൂവിനാല്‍ വലയെറിഞ്ഞ് ഉള്ളം കുടുക്കുന്നു. വലയിലൂടെ ഒരു ശിശുവിനെപ്പോലെ നീന്തി മറുകര ചെന്നാല്‍ മണക്കുന്നതു മനം. 

കടലും കപ്പലും നാവികനും ആവര്‍ത്തിച്ചു പ്രത്യക്ഷപ്പെട്ടിട്ടുണ്ട് മാധവിക്കുട്ടിയുടെ കഥകളില്‍; കമലാ ദാസിന്റെ കവിതകളില്‍. മരണം മുഖമില്ലാത്ത കപ്പിത്താനാണെന്ന് എഴുതിയിട്ടുണ്ട് മുഖമില്ലാത്ത കപ്പിത്താന്‍ എന്ന കഥയില്‍ മാധവിക്കുട്ടി. അതു സമുദ്രം വേലിയേറ്റത്തില്‍ എന്നതുപോലെ ചീറിക്കൊണ്ടു മുന്നേറും. അതൃപ്തമായ ശരീരത്തെ മരണം അഗാധതയിലേക്കു വലിച്ചിറക്കും.

വേരറ്റ കാട് വിളിക്കുമ്പോള്‍ വിരല്‍നീട്ടിച്ചെന്നു കരയുന്ന മരമാണ് കണിമോളുടെ കവിതയുടെ മണക്കും പൂമരം. ഒരുപറ്റം നീലക്കിളികള്‍ ചില്ലയില്‍ കൂടുവച്ചിരിക്കുന്ന പൂമരം. കൊഴിഞ്ഞാലും വീണ്ടും പുനര്‍ജനിക്കുന്ന പൂവുകളുടെ മൃത്യുഞ്ജയ മരം. ഋതുപ്പകര്‍ച്ചകള്‍ കടന്നുപോകുമ്പോള്‍ മാറുന്നുണ്ടു മരം. മണക്കും പൂവെല്ലാം കുടഞ്ഞ് അന്തിവെയിലുടുത്തു നില്‍ക്കുന്നുമുണ്ട്. 

ആകാശത്തോടു തൊട്ടുനില്‍ക്കുന്നു മലമുകളിലെ പൂമരം. ആകാശമോ കടലില്‍ കലരുന്നു. പ്രണയം ഉപ്പുപരലില്‍ ധ്യാനിച്ചുപറയുന്നു: 

ഒരു ദലം തരൂ...

ഓര്‍മകളുടെ പൂക്കള്‍ അതെത്ര സൗരഭ്യമുള്ളവയായിരുന്നാലും അവ കൊഴിയും. ഒരു പൂവും ഇല്ലെങ്കിലെന്ത്. മറവി പോലും ഉന്‍മാദമാണ് ഈ പൂമരത്തിന്. മനോഹരമായ ഉന്‍മാദം. 

അനന്തഗാന്ധാര സ്മൃതികളില്‍ ലയ- 

മുണര്‍ന്നു പൂവുകള്‍ പുനര്‍ജ്ജനിക്കുന്നു. 

Books In Malayalam LiteratureMalayalam Literature Newsമലയാളസാഹിത്യം