Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആമി കണ്ടില്ല. കാണുന്നുമില്ല : ശാരദക്കുട്ടി

aami

ആമി കണ്ടില്ല. കാണുന്നുമില്ലെന്ന് ശാരദക്കുട്ടി. പുതിയ സിനിമകൾ തരുന്ന പ്രതീക്ഷകളാണ് ആ തീരുമാനത്തിലെത്തിച്ചതെന്നും ഇപ്പോൾ ചെറുപ്പക്കാരുടെ സിനമകൾ കാണുന്നതിനെ താൽപര്യമുള്ളു എന്നും അവർ കൂട്ടി ചേർത്തു. അതിനുള്ള കാരണവും ശാരദക്കുട്ടി വിശദമാക്കുന്നുണ്ട്. ആമിയെ കുറിച്ചു പറയൂ എന്ന് നിരന്തരം ആവശ്യപ്പെടുന്നവരോട് ശാരദക്കുട്ടിക്ക് പറയാനുള്ളത് –

" ആമിയെ കുറിച്ചു പറയൂ എന്ന് നിരന്തരം ആവശ്യപ്പെടുന്നവരോട്,

ആമി കണ്ടില്ല. കാണുന്നുമില്ല. അത് മറ്റൊന്നും കൊണ്ടല്ല, ഇപ്പോൾ ചെറുപ്പക്കാരുടെ സിനിമകൾ കാണാനേ താൽപര്യമുള്ളു. കലാകാരന്റെ/ കലാകാരിയുടെ പ്രായമല്ല, വിഷൻ ആണ് എന്റെ ഊന്നൽ എന്ന് എടുത്തു പറയട്ടെ. താരങ്ങളായാലും സംവിധായകരായാലും. പുതിയ സിനിമകൾ തരുന്ന പ്രതീക്ഷകളാണ് ആ തീരുമാനത്തിലെത്തിച്ചത്. നമുക്ക്, സ്വന്തം എഴുത്തിനെയും വായനയെയും കാഴ്ചകളെയും നമ്മളെത്തന്നെയും മടുത്തു തുടങ്ങുമ്പോൾ പുതിയതിലേക്കു നോക്കുകയല്ലാതെ മാർഗ്ഗമില്ല. അവർക്കു മാത്രമേ വേറിട്ടതെന്തെങ്കിലും ഇനി കലയിൽ കൊണ്ടുവരാൻ കഴിയൂ എന്ന തോന്നൽ ശക്തമായിരിക്കുന്നു. മലയാളത്തെ സംബന്ധിച്ചെങ്കിലും സംവിധായകർ മറ്റൊന്നു തെളിയിക്കുന്നതു വരെ അങ്ങനെയേ പറയാൻ കഴിയൂ.

കമലിന്റെ ചെറുപ്പകാല സിനിമകളൊക്കെ ആസ്വദിച്ച ആളാണ് ഞാൻ അന്നെനിക്കും ചെറുപ്പമാണല്ലോ. അടൂർ ഗോപാലകൃഷ്ണന്റെയോ, ജീവിച്ചിരുന്നെങ്കിൽ പത്മരാജന്റെയോ ഭരതന്റെയോ അവരെടുക്കാനിടയുണ്ടായിരുന്ന സിനിമകളെ പണ്ടു സ്വീകരിച്ചതു പോലെ സ്വീകരിക്കാൻ കഴിയുമെന്നും തോന്നുന്നില്ല. അവരുടെയൊക്കെ അവസാനകാല സിനിമകളുടെ സംവേദനശൂന്യത വല്ലാതെ മടുപ്പിക്കുന്നതായിരുന്നു.

അരവിന്ദൻ അതിനു കാത്തു നിന്നില്ല. ഇലവങ്കോടു ദേശത്തിലൂടെ മലയാളത്തിലെ ഏറ്റവും മികച്ച പൊളിറ്റിക്കൽ കാഴ്ചപ്പാടുള്ള സംവിധായകൻ കെ.ജി ജോർജും ഏറെക്കുറെ തന്റെ സിനിമാക്കാലത്തിന്റെ അന്ത്യം പ്രവചിച്ചിരുന്നു. അപ്പോൾ അതൊക്കെയാണ് കാരണങ്ങൾ. അല്ലാതെ കമൽ. കമാലുദ്ദീൻ ആണെന്നതോ, മഞ്ജു, വാര്യത്തി ആണെന്നതോ അല്ല. അവർ ഇനി ഇത്രക്കേ ചെയ്യൂ എന്ന് ഏറെക്കുറെ ഊഹിക്കാനാകും എന്നതു കൊണ്ടാണ്. പുതുതെന്തെങ്കിലും പറയാനായിട്ടല്ലാതെ ഇനി പുസ്തകമിറക്കില്ല എന്ന് സ്വയം തീരുമാനിച്ചതു പോലെയാണിതും. പണം കൊടുത്ത് വായിക്കേണ്ടി വരുന്ന ഘട്ടത്തിൽ എന്റെ എഴുത്തിനും എന്നെ വായിക്കുന്നതിനും ഇത് ബാധകമാണ് എന്ന് പ്രത്യേകം വായിക്കുക.

എനിക്ക് കമലിനോടുള്ള എതിർപ്പ് നടിയെ തെരഞ്ഞെടുത്തതിനെ സംബന്ധിച്ചു നടത്തിയ ഒരു പ്രസ്താവനയെ കുറിച്ചായിരുന്നു. അത് അന്നു തന്നെ രേഖപ്പെടുത്തിക്കഴിഞ്ഞു.

നിയന്ത്രണങ്ങളും പ്രതിബന്ധങ്ങളും ഇല്ലാതെ ഏറ്റവും ശുദ്ധമായ കല സൃഷ്ടിക്കണമെങ്കിൽ ഒരു രണ്ടാമത്തെ യൗവ്വനത്തിലേ സാധ്യമാകൂ. അതിന് ഉള്ളിലെ മുഴുവൻ ജഡാവസ്ഥകളും സഞ്ചിത ബോധ്യങ്ങളും കഴുകിക്കളഞ്ഞ് ഒരു പുതു ജന്മം തന്നെ ജനിക്കേണ്ടി വരും.

'എന്റെ യഥാർത്ഥമായ കല ഇനി തുടങ്ങാനിരിക്കുന്നതേയുള്ളൂ' എന്ന തോന്നൽ ഉള്ളിൽ ശക്തമാകുകയാണ് ആ രണ്ടാം പിറവിക്ക് ആവശ്യം.

നല്ല കലയ്ക്കു വേണ്ടി, ആ രണ്ടാം ജന്മത്തിനു വേണ്ടി നമുക്ക് പരസ്പരം കൈകൾ കോർക്കാം."

Books In Malayalam LiteratureMalayalam Literature Newsമലയാളസാഹിത്യം