ധർമപാലൻ ഐഎഎസ്. ആദ്യനിയമനം തമിഴ്നാട്ടിൽ. ഔദ്യോഗിക ജോലി തുടങ്ങുകയാണ്. തലേന്നേ പോയിക്കണ്ടു ജോലി ചെയ്യാൻ പോകുന്ന ഓഫിസ്. മേലധികാരിയെകണ്ടു സംസാരിച്ചു. മടങ്ങുമ്പോൾ പിറ്റേന്നു മുതൽ ഇരിക്കാൻപോകുന്ന ഓഫിസ് മുറിയിലേക്കും നോക്കിയിരുന്നു.
ഔദ്യോഗികജീവിതത്തിന്റെ ആദ്യദിനം. മുറിയിലേക്കു കടക്കുമ്പോൾ പുതിയൊരു കസേര. മുമ്പ് അവിടെയുണ്ടായിരുന്ന പൊക്കംകൂടിയ സിംഹാസനം പോലുള്ള കസേര നീക്കം ചെയ്യപ്പെട്ടിരിക്കുന്നു. പുതുതായി ഇട്ടിരിക്കുന്നതു പഴയ ഒരു കസേര. പലർ ഇരുന്നു തളർന്ന ചൂരൽക്കസേര.ആ കസേരയിൽ ഇരിക്കുമ്പോൾ ദേഹം വിറച്ചു. കസേരയക്കുറിച്ചു ചോദിക്കണമെന്നുണ്ടായിരുന്നു. നാക്ക് ഉയരാൻ തുടങ്ങിയതാണ്. മുഴുവൻ മനഃശക്തിയും ചെലുത്തി അടക്കിപ്പിടിച്ചു.
ഓരോരുത്തരായി അകത്തേക്കുവന്നു നമസ്കാരം പറയുന്നു. എല്ലാ കണ്ണിലും കണ്ടത് ഒറ്റവാക്കാണ്: ‘നീ അതാണ്’. നൂറു നൂറു സിംഹാസനങ്ങളിൽ ഇരുന്നാലും നീ കറുത്തവൻ തന്നെ. അധികാരത്തിന്റെ ഏണിപ്പടികൾ എത്ര കയറിയാലും നീ ജാതിയിൽ താണവൻതന്നെ. ഐഎഎസോ ഐപിഎസോ നേടിയാലും പരിഹസിക്കപ്പെടേണ്ടവൻ തന്നെ. വെളുത്ത ഉടുപ്പിട്ടാലോ അധികാരത്തിൽ ഒച്ചവച്ചാലോ മാറുന്നതല്ല നിറം. ജാതി.
കസേരയ്ക്കുവേണ്ടി പൊരുതാമായിരുന്നു ധർമപാലന്. അൽപത്തരമായി വ്യാഖ്യാനിക്കും. കണ്ടില്ലെന്നു നടിച്ചാലോ ബലഹീനതയായി കണക്കാക്കും.
പെൻഡുലം പോലെ ആടുകയാണു ധർമപാലൻ. വിളിച്ചുവരുത്തപ്പെട്ട ഹെഡ് ക്ലാർക്ക് മുന്നിലുണ്ട്. അയാളുടെ കണ്ണുകളിൽ ഒരു ചിരി മിന്നിമാഞ്ഞുവോ. അതയാളുടെ മാത്രം ചിരിയല്ല. ഒരു സമൂഹത്തിന്റെ മുഴുവൻ ചിരിയാണ്. ജീവിതത്തിലുടനീളം ധർമപാലനെ വേട്ടയാടിയ ചിരി. സ്വസ്ഥതയും സമാധാനവും ഇല്ലാതാക്കിയ ചിരി. അധികാരത്തിന്റെ കസേരയ്ക്കു പകരം മുൾക്കിരീടത്തിലേക്ക് ഇരിക്കാൻ ക്ഷണിച്ച ചിരി. ആ ചിരി ഇന്നും മുഴങ്ങുന്നുവെന്നുവേണം വിചാരിക്കാൻ; അട്ടപ്പാടി മുക്കാലിയിൽ ക്രൂരമർദനമേറ്റു കൊല്ലപ്പെട്ട മധു എന്ന യുവാവിന്റെ ‘രക്താസക്ഷിത്വ’ത്തിന്റെ ചില പ്രതികരണങ്ങളിലൂടെ കടന്നുപോകുമ്പോൾ.
ജീവിച്ചിരുന്നവരെ കഥാപാത്രങ്ങളാക്കി തമിഴ് എഴുത്തുകാരൻ ജയമോഹൻ എഴുതിയ നോവലുകളിലൊന്നാണു നൂറു സിംഹാസനങ്ങൾ. ധർമപാലൻ ഐഎഎസിന്റെ ജീവിതകഥ. മനസ്സിലും ശരീരത്തിലുമുള്ള അവർണത പദവികൊണ്ടോ സമ്പത്തുകൊണ്ടോ തൂത്തുമാറ്റാൻ സമൂഹമൊരിക്കലും അനുവദിക്കില്ലെന്നു സമർത്ഥിച്ച ജീവിതകഥ. അട്ടപ്പാടിയിൽ നിന്നു ദാരിദ്ര്യത്തിന്റെ വാർത്തകളെത്തുമ്പോൾ, പട്ടിണി മരണങ്ങളുടെ കദനകഥകളെത്തുമ്പോൾ, വിശപ്പു സഹിക്കാതെ കയ്യിൽകിട്ടിയതെന്തും വാരിത്തിന്നവരുടെ ദയനീയ ചിത്രങ്ങൾ കാണുമ്പോൾ, ആരും ചോദിക്കാനില്ലെന്ന ധൈര്യത്തിൽ ആർക്കും വേണ്ടാത്തവരെന്ന് ആക്ഷേപിച്ചു മുഖ്യധാരയിൽനിന്ന് അകന്നുകഴിയുന്നവർ കൊല്ലപ്പെടുമ്പോൾ, മാരകമായ ആഘാതമേൽപിച്ചുകൊണ്ടു കടന്നുവരും ധർമപാലനും അയാൾക്കു നിഷേധിക്കപ്പെട്ട സിംഹാസനങ്ങളും.
സിവിൽ സർവീസിനുള്ള അഭിമുഖം. ധർമപാലനു നേരിടേണ്ടിവന്ന ആദ്യത്തെ ചോദ്യം തന്നെ ജാതിയെക്കുറിച്ച്. ഗോത്രവർഗ്ഗത്തിൽപെട്ട നായാടി. അലഞ്ഞുതിരിയുന്ന കുറവർ. പകൽവെട്ടത്തിൽ സഞ്ചരിക്കാനുള്ള അവകാശമില്ലായിരുന്നവർ. നേർക്കുനേർ കണ്ടാൽ ഉയർന്ന ജാതിക്കാർ ഒച്ചയും ബഹളുവുമുണ്ടാക്കി ആളെക്കൂട്ടി ചുറ്റിവളഞ്ഞ് കല്ലെടുത്തെറിഞ്ഞുകൊല്ലും. പകൽ കാടിന്റെയുള്ളിൽ. രാത്രി പുറത്തിറങ്ങി ചെറുപ്രാണികളെയും പട്ടികളെയും നായാടിപ്പിടിക്കും. എച്ചിൽ വീട്ടിൽനിന്നു ദൂരെക്കൊണ്ടുവയ്ക്കും; ഇവർക്കു കഴിക്കാൻ.
അഭിമുഖത്തിനിടെ ഒരു സാങ്കൽപിക ചോദ്യവും നേരിടേണ്ടിവന്നു ധർമപാലന്. നിങ്ങൾ ഓഫിസറായി പണിയെടുക്കുന്ന സ്ഥലത്ത് നിങ്ങൾ വിധി പറയേണ്ട ഒരു കേസിൽ ഒരു ഭാഗത്തു ന്യായവും മറുഭാഗത്ത് ഒരു നായാടിയും ഇരുന്നാൽ നിങ്ങൾ എന്തുതീരുമാനമാണ് എടുക്കുക?
ധർമപാലന്റെ തലയ്ക്കകത്തേക്ക് ചോര മുഴുവൻ ഇരച്ചുകയറി.
‘ഒരു നായാടിയെയും മറ്റൊരു മനുഷ്യനെയും രണ്ടുവശത്തും നിർത്തുകയാണെങ്കിൽ സമത്വം എന്ന ധർമത്തിന്റെ അടിസ്ഥാനത്തിൽ ആ ക്ഷണം തന്നെ നായാടി അനീതിക്കിരയായിക്കഴിഞ്ഞു. അവൻ എന്തു ചെയ്തിട്ടുണ്ടെങ്കിലും നിരപരാധിയാണ്’.
അതു കൊലപാതകമാണെങ്കിലോ ധർമപാലൻ. അപ്പോൾ നിങ്ങൾ എന്തു തീരുമാനിക്കും ?
ഉത്തരം പറയാൻ ഒരുനിമിഷം പോലും സംശയിച്ചില്ല ധർമപാലൻ. സാർ, കൊലപാതകം തന്നെയായാലും ഒരു നായാടി തന്നെയാണു നിരപരാധി. അവനോടുതന്നെയാണ് അനീതി കാട്ടിയിട്ടുള്ളത്.
തന്റെ വിധി എഴുതപ്പെട്ടുകഴിഞ്ഞുവെന്നു തീരുമാനിച്ചു പുറത്തേക്കിറങ്ങിയെങ്കിലും ധർമപാലനെ കാത്തിരുന്നു ഒരു കസേര. ഇപ്പോഴിതാ ഒരു തട്ടിൽ മർദനത്തിൽ വാരിയെല്ലു പൊട്ടി, ദേഹമാസകലം മർദനമേറ്റു തല തകർന്ന ഒരു ആദിവാസി യുവാവ്. മറുതട്ടിലോ ?
താൻ കാണുന്ന സമത്വത്തെ ധർമപാലൻ വിശദീകരിക്കുന്നുണ്ട്. സാർ ന്യായം എന്നു വച്ചാലെന്താണ് ? വെറും നിയമങ്ങളും സമ്പ്രദായങ്ങളുമാണോ ന്യായത്തെ തീരുമാനിക്കേണ്ടത്. ന്യായത്തിനു കാതലായി ധർമം ഉണ്ടായിരിക്കണം. ധർമങ്ങളിൽ ഏറ്റവും വലുതു സമത്വം തന്നെ. അതാണ് ഏറ്റവും വിശുദ്ധമായത്.
സമത്വം എന്ന ധർമത്തിന്റെ അടിസ്ഥാനത്തിൽ വിശന്നുവലഞ്ഞ ചെറുപ്പക്കാരനെ ഒരു തട്ടിൽനിർത്തി മറുതട്ടിലാരാണെന്ന് ഇനി കേരളസമൂഹത്തിനു തീരുമാനിക്കാം. ഒപ്പം സ്വന്തം മനസാക്ഷി ഏതു തട്ടിലെന്നും.
Books In Malayalam Literature, Malayalam Literature News, മലയാളസാഹിത്യം