Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാലിക്കീശയിൽ തുടക്കം, ജനമനസിൽ വളർച്ച; ആ ചരിത്ര ബുക്സ്റ്റാൾ ഇനിയില്ല...

strand-book-stall സ്ട്രാൻഡ് ബുക് സ്റ്റാളിൽ ഇപ്പോൾ 40% ഇളവുണ്ട്. ഇവിടെനിന്നു ലഭിക്കാവുന്ന അവസാനത്തെ ഇളവ് വിൽപന... അതെ, ജനങ്ങളുടെ ബുക് സ്റ്റാൾ പ്രവർത്തനം നിർത്തുകയാണ്...

മുക്കാൽ നൂറ്റാണ്ട് മുൻപാണ് സംഭവം. സ്വിസ് ബുക്ക്ഷോപ്പിൽ ഇംഗ്ലിഷ് പുസ്തകങ്ങൾ തിരയുകയായിരുന്നു ‘പുസ്തകപ്പുഴു’വായ ഷാൻബാഗ്. ക്ലാസ് കഴിഞ്ഞാൽ വിദ്യാർഥിയായ ഷാൻഭാഗ് പതിവു പോലെ ആദ്യമോടുന്നത് പുസ്തകക്കടയിലേക്കാണ്. സെന്റ് സേവ്യേഴ്സ് കോളജിലെ വിദ്യാർഥിയായ ഷാൻബാഗ്, മാസവരുമാനത്തിൽ നിന്ന് മിച്ചംപിടിച്ചാണ് മാസത്തിൽ ഒരു പെൻഗ്വിൻ പുസ്തകം വാങ്ങുകയെന്ന സ്വപ്നത്തിനുള്ള തുക കണ്ടെത്തുന്നത്.

പുസ്തകങ്ങൾ മറിച്ചുനോക്കവേ, കടയിലെ സ്വിസ്ജീവനക്കാരൻ മുഖംചുമപ്പിച്ച് അടുത്തെത്തി. -‘പുസ്തകം വേണമെങ്കിൽ വാങ്ങണം. പണം മുടക്കാതെ വായിക്കാനുള്ളതല്ല.’ ഷാൻബാഗ് ചൂളി, ആ വിദേശിയുടെ ശബ്ദത്തിലെ ധാർഷ്ട്യം മനസ്സിൽകൊണ്ടു. മറുത്തൊന്നും പറയാതെ തിരിച്ചുനടന്നു. കൊച്ചുഷാൻബാഗ് അന്നൊരു കാര്യം മനസ്സിലുറപ്പിച്ചു - ഒരു ബുക് സ്റ്റാൾ തുറക്കണം. ജനങ്ങൾക്ക് ഇഷ്ടമുള്ള പുസ്തകങ്ങൾ, സൗജന്യ നിരക്കിൽ, യഥേഷ്ടം തിരഞ്ഞെടുക്കാൻ കഴിയുന്ന മാതൃകാ ഗ്രന്ഥശാല. 

 

കാലിക്കീശയിൽ തുടക്കം 

പോക്കറ്റിൽ കാൽകാശ് ഇല്ലാത്ത കാലത്തെ ഗ്രന്ഥശാലാ സ്വപ്നം സഫലമാകാതെ നീണ്ടു. പലമാർഗങ്ങളും തേടി. ഒന്നും ഫലപ്പെട്ടില്ല. അങ്ങനെയാണ് കൊളാബയിലെ സ്ട്രാൻഡ് സിനിമാ ഹാൾ ഉടമ കേകി മോദിയെ കാണാൻ ചെല്ലുന്നത്. ‘സിനിമാ ഹാളിനോടു ചേർന്ന് രണ്ട് ഷെൽഫ് സ്ഥാപിക്കാൻ അനുവദിക്കണം, പുസ്തകം വിൽക്കാനാണ്’– ഷാൻബാഗ് അപേക്ഷിച്ചു. കേകി മോദിക്ക് ഷാൻബാഗിനെ ഇഷ്ടമായി. അവന്റെ പുസ്തകത്തോടുള്ള ആരാധനയാണ് ആകർഷിച്ചത്. കേകി തോളിൽത്തട്ടിപ്പറഞ്ഞു - സമ്മതിച്ചിരിക്കുന്നു.

കേകി തന്നെ സ്വന്തം ചെലവിൽ രണ്ടു ഷെൽഫ് നിർമിച്ചു നൽകി. അതാണ് മുംബൈ ഫോർട്ടിൽ ഗ്രന്ഥങ്ങളുടെ മുഖമുദ്രയായി മാറിയ സ്ട്രാൻഡ് ബുക്ക് സ്റ്റാൾ. 1948 നവംബർ 20ന് ആണ് ചരിത്ര ഗ്രന്ഥശാലയ്ക്ക് കൊളാബയിൽ തുടക്കം കുറിച്ചത്. പിന്നീട്, 1953ൽ ആണ്  ഫോർട്ടിൽ വിപുലമായ സ്ട്രാൻഡ് ബുക് സ്റ്റോറായി അവതാരമെടുത്തത്.

അതും ബോംബെ ഹൈക്കോടതി ചീഫ് പ്ലീഡറുടെ ഇടപെടൽ മൂലം. അന്നത്തെ ചീഫ് സർക്കാർ പ്ലീഡർ ഗുമസ്തെയാണ് ഇന്നത്തെ സ്ഥലം ബുക്ക് സ്റ്റാളിന് അനുവദിച്ചുനൽകിയത്. 

എഴുത്തുകാരുടെ സ്വന്തം

എഴുത്തുകാരുടെയും ആസ്വാദകരുടെയും വിദ്യാർഥികളുടെയും ജീവിതത്തിലെ നാഴികക്കല്ലായി മാറിയ സ്ട്രാൻഡ് കാലയവനികയ്ക്കുള്ളിൽ മറയുകയാണ്, 27ന്. ‘അച്ഛന്റെ ഒൻപതാം ചരമവാർഷികമാണന്ന്. ഗ്രന്ഥങ്ങൾ വായിച്ചറിഞ്ഞു മാത്രം ആസ്വാദകർക്ക് വിൽക്കുന്ന ശീലമായിരുന്നു അച്ഛന്. ഇന്ന് നഗരവീഥിയിലെങ്ങും പുസ്തകശാലകളാണ്. കടകൾ മാത്രമല്ല, വഴിയോര സ്റ്റാളുകളും ധാരാളം. ഇവരിൽ എത്രപേർ ഇവർ വിൽക്കുന്ന പുസ്തകം വായിക്കുന്നുവെന്നു പറയാനാകില്ല’ – ഷാൻബാഗിന്റെ മകൾ വിദ്യാ വിർക്കറിന്റെ വാക്കുകൾ. 

മുൻ പ്രസിഡന്റ് ഡോ. എ.പി.ജെ. അബ്ദുൽ കലാം, നൊബേൽ ജേതാവ് വി.എസ്. നായ്പാൽ, വിരമിച്ച മൈസൂർ ദിവാൻ സർ മിർസ മുഹമ്മദ് ഇസ്മായിൽ, എഴുത്തുകാരായ ഖുശ്വന്ത് സിങ്, സിദ്ധാർഥ് ഭാട്ടിയ, അമീഷ് ത്രിപാഠി, തിരക്കഥാകൃത്ത് സോണി താരാപോർവാല തുടങ്ങി സ്ട്രാൻഡിലെ പതിവുകാരായ പ്രതിഭകൾ ഏറെ. ‘സ്ട്രാൻഡിൽ നിന്ന് പുസ്തകം വാങ്ങുന്നത് ഒരനുഭവമായിരുന്നു’ വെന്നാണ് തിരക്കഥാകൃത്ത് സോണി താരാപോർവാല പ്രതികരിച്ചത്. ഉടമ പുസ്തക പ്രേമിയായതിനാലാകാം സ്റ്റാളിലെ ജോലിക്കാർക്കും പുസ്തകങ്ങളുടെ ഉള്ളടക്കം കാണാപ്പാഠമായിരുന്നു. 700ൽ പരം ബുക്കുകളാണ് ഇവിടെനിന്നു വാങ്ങിയത്. ഇത് എന്നെന്നേയ്ക്കുമായി അടയുന്നുവെന്നത് വേദനാജനകമാണ്- സോണി പറയുന്നു. 

മറ്റെവിടെയും കിട്ടാത്ത അപൂർവ ക്ലാസിക് ഗ്രന്ഥങ്ങൾ സ്ട്രാൻഡിൽ ലഭിക്കുമെന്നതാണ് ഇതുമായി തന്നെ അടുപ്പിച്ചതെന്ന് എഴുത്തുകാരൻ സിദ്ധാർഥ് ഭാട്ടിയ. 1970കളിൽ കോളജ് കാലത്ത് തുടങ്ങിയ അടുപ്പമാണെന്നും അദ്ദേഹം ഓർക്കുന്നു.

പത്മശ്രീ ഷാൻബാഗ്

കർണാടകയിലെ കൊച്ചു ഗ്രാമത്തിൽ നിന്ന് മഹാനഗരത്തിൽ കുടിയേറിയ തെക്കാട്ടെ നാരായൺ ഷാൻബാഗ് എന്ന ടി.എൻ. ഷാൻബാഗ് 1925ൽ മംഗലാപുരത്താണ് ജനിച്ചത്. മുംബൈ സെന്റ് സേവ്യേഴ്സിലായിരുന്നു കോളജ് വിദ്യാഭ്യാസം. പുസ്തക പ്രചാരണ രംഗത്ത് മികവു പ്രകടിപ്പിച്ച പണ്ഡിതനായ ഷാൻബാഗിന് 2003ൽ പദ്മശ്രീ നൽകി രാജ്യം ആദരിച്ചു. നേതാജി സുഭാഷ് ചന്ദ്രബോസ് ദേശീയ പുരസ്കാരം, എബിഐ മാൻ ഓഫ് ദ് ഇയർ പുരസ്കാരം തുടങ്ങിയ മറ്റു പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്. 2009 ഫെബ്രുവരി 27ന് മുംബൈയിലായിരുന്നു അന്ത്യം. രണ്ടു മക്കൾ: വിദ്യ, അരുൺ.

ഓഫറുകളുടെ പെരുമഴ

എപ്പോൾ ചെന്നാലും വിലയിൽ കുറഞ്ഞത് 20 ശതമാനമെങ്കിലും കിഴിവ് സ്ട്രാൻഡിൽ പതിവാണ്. ഇതിനു പുറമേ, വർഷംതോറും 40 മുതൽ 50 ശതമാനം വരെ ഇളവിലുള്ള വാർഷിക വിൽപന നഗരത്തിലെ ഒരാഘോഷമാണ്. മറൈൻ ലൈൻസിലെ സുന്ദർബായ് ഹാളിൽ നടത്തുന്ന പുസ്തകമേളയ്ക്ക് നഗരത്തിന്റെ വിദൂര മേഖലയിൽനിന്നു പോലും ആളുകൾ എത്താറുണ്ട്. ഷോപ്പിങ് മാളുകളിൽനിന്നു പർച്ചേസിങ് കഴിഞ്ഞ് ജനം കൂട്ടത്തോടെ പുറത്തിറങ്ങുന്നതിനു സമാനമായാണ് ജനം മടങ്ങുക.

സ്ട്രാൻഡ് ബുക് സ്റ്റാളിൽ ഇപ്പോൾ 40% ഇളവുണ്ട്. ഇവിടെനിന്നു ലഭിക്കാവുന്ന അവസാനത്തെ ഇളവു വിൽപനയാണിത്. 40% ഡിസ്കൗണ്ടിൽ പുസ്തകങ്ങൾ ലഭ്യമെന്ന സ്റ്റാളിനു മുൻപിലെ പോസ്റ്റർ, പണ്ടത്തെ ഇളവു വാർത്തകളെപ്പോലെ വിദ്യാർഥികളെയും ആസ്വാദകരെയും ഹരം കൊള്ളിക്കുന്നില്ല. 

എക്കാലത്തെയും പ്രിയപ്പെട്ട ഗ്രന്ഥശാല അടഞ്ഞുപോകുന്നതിന്റെ മണിമുഴക്കമാണീ പോസ്റ്ററുകൾ. പ്രമുഖ എഴുത്തുകാരൻ ഖുശ്വന്ത് സിങ് ബിബിസി ഷോയിൽ പണ്ട് സ്മരിച്ചപോലെ, ‘ദ് ഒൺലി പഴ്സനൽ ബുക് ഷോപ്പ് ഇൻ ഇന്ത്യ’ യാണ് ഓർമയാകുന്നത്.

Books In Malayalam LiteratureMalayalam Literature Newsമലയാളസാഹിത്യം