മലയാളത്തിന്റെ പ്രിയഎഴുത്തുകാരൻ തിരക്കഥാ രചനയിലാണ്. ഓട്ടോറിക്ഷക്കാരന്റെ ഭാര്യ എന്ന തന്റെ ചെറുകഥയ്ക്ക് തിരക്കഥയൊരുക്കുകയാണ് എം. മുകുന്ദൻ. കണ്ണൂർ പയ്യാമ്പലം ഗെസ്റ്റ്ഹൗസിൽ വച്ച് അദ്ദേഹം എഴുത്തിന്റെ പുതിയൊരു മേഖലയിലേക്കു കടക്കുന്നു.
കഴിഞ്ഞവർഷം പ്രസിദ്ധീകരിച്ച ചെറുകഥയായിരുന്നു ഓട്ടോറിക്ഷക്കാരന്റെ ഭാര്യ. സ്വന്തം തട്ടകമായ മാഹിയിൽ നിന്നു തന്നെയാണ് മുകുന്ദൻ ഈ കഥയ്ക്കും കഥാപാത്രങ്ങളെ കണ്ടെത്തിയത്. മീത്തലെപീടികയിലെ ഓട്ടോറിക്ഷക്കാരനായിരുന്നു സജീവൻ. അലസനും മടിയനുമായ അവന്റെ ഭാര്യ കുടുംബം പോറ്റാൻ ഓട്ടോറിക്ഷാ ഡ്രൈവറാവുകയാണ്. പണ്ട് ശ്രീനിവാസൻ ചിന്താവിഷ്ടയായ ശ്യാമള എന്ന സിനിമയിൽ അവതരിപ്പിച്ചതുപോലയൊരു കഥാപാത്രം. എന്നാൽ സജീവന്റെ ഭാര്യ ജീവിതം സധൈര്യം മുന്നോട്ടുകൊണ്ടുപോകുകയാണ്.
പ്രശസ്ത സംവിധായകൻ ഹരികുമാർ ഒരുക്കുന്ന ചിത്രത്തിലൂടെ മുകുന്ദൻ തിരക്കഥാകൃത്തായി മാറുകയാണ്. ഇതിനു മുൻപ് തിരക്കഥയിൽ ഒരിക്കൽ കൈവച്ചിട്ടുണ്ടെങ്കിലും അതുപൂർത്തിയാക്കിയിരുന്നില്ല. ലെനിൻ രാജേന്ദ്രൻ സംവിധാനം ചെയ്ത ദൈവത്തിന്റെ വികൃതികൾ എന്ന സിനിമയ്ക്കുവേണ്ടി തിരക്കഥ എഴുതിത്തുടങ്ങിയെങ്കിലും കുറച്ചുകഴിഞ്ഞപ്പോൾ നിർത്തി. ഡൽഹിയിൽ തിരക്കുള്ളതുകാരണം പൂർത്തിയാക്കാൻ സാധിച്ചില്ല. എന്നാൽ ഇക്കുറി ഓട്ടോറിക്ഷക്കാരന്റെ ഭാര്യയ്ക്ക് മുഴുവൻ തിരക്കഥയും എഴുതുന്നത് മുകുന്ദൻ തന്നെയാണ്. പയ്യാമ്പലം ഗെസ്റ്റ് ഹൗസിൽ ഇരുന്ന് മുപ്പതോളം സീൻ എഴുതിക്കഴിഞ്ഞു.
സിനിമ അനൗൺസ് ചെയ്തതുമുതൽ എല്ലാവരും ചോദിക്കുന്നതാണ് ആരായിരിക്കും ഓട്ടോറിക്ഷക്കാരന്റെ ഭാര്യയുടെ റോളിലെന്ന്. എന്നു നിന്റെ മൊയ്തീനിലൂടെ കാഞ്ചനമാലയായി സ്ക്രീനിലെത്തിയ പാർവതി തന്നെയാണ് ഓട്ടോ ഓടിക്കുക. അലസനായ ഭർത്താവായി ബിജുമേനോനും. രണ്ടുപേരുടെയും ഡേറ്റുകൾ ഒത്തുവന്നാൽ സിനിമ ചിത്രീകരണം തുടങ്ങും.
ഓട്ടോറിക്ഷക്കാരന്റെ ഭാര്യയുടെ ജീവിതം അവതരിപ്പിക്കുന്നതിലൂടെ മാഹിയിലെ വർത്തമാനകാല ജീവിതം കൂടി പറയാനാണ് മുകുന്ദൻ തീരുമാനിച്ചിരിക്കുന്നത്. മാഹിയിൽ ഇപ്പോഴുള്ള കുറേ ജീവിതങ്ങൾ സിനിമയിൽ പുനർജനിക്കും. ഫ്രഞ്ച് പാട്ടും സിനിമയിലുണ്ടാകും. മാഹി, തലശ്ശേരി എന്നിവിടങ്ങളിൽ വച്ചായിരിക്കും ചിത്രീകരണം.
തിരക്കഥ പൂർത്തിയായ ശേഷമേ സാഹിത്യരചനയിലേക്കുള്ളൂവെന്നാണ് മുകുന്ദൻ പറയുന്നത്. നൃത്തം വയ്ക്കുന്ന കുടകൾ എന്ന നോവലിനു ശേഷം മുകുന്ദൻ പേന ചലിപ്പിക്കുന്ന തിരക്കഥയ്ക്ക് മലയാളികൾ കാത്തിരിക്കും. എം.ടി. വാസുദേവൻനായർ തിരക്കഥയെഴുതിയ സുകൃതം എന്ന സിനിമയ്ക്കു ശേഷം ഹരികുമാർ കൈകാര്യം ചെയ്യുന്ന മറ്റൊരു സാഹിത്യസൃഷ്ടിയാണ് ഈ സിനിമ. മമ്മൂട്ടിയായിരുന്നു സുകൃതത്തിലെ നായകൻ. എം.ടിയുടെ തന്നെ ജീവിതത്തിലെ കുറേ സന്ദർഭങ്ങൾ ഈ സിനിമയിലുണ്ടായിരുന്നു.
Books In Malayalam Literature, Malayalam Literature News, മലയാളസാഹിത്യം