അങ്ങനെ കമൽ സംവിധാനം ചെയ്ത ആമി എന്ന ചിത്രം അധികം ചർച്ച ചെയ്യപ്പെടാതെ തിയറ്റർ വിട്ടു. മലയാളിയുടെ പ്രിയ എഴുത്തുകാരി മാധവിക്കുട്ടിയുടെ ജീവിതം സിനിമയാകുന്നു എന്നു കേട്ടപ്പോൾ എല്ലാവരും അധികം സന്തോഷിച്ചിരുന്നു. എന്നാൽ മാധവിക്കുട്ടിയുടെ ആത്മാവിനെ തൊടാതെ, തൊലിപ്പുറം മാത്രം ക്യാമറകൊണ്ടു കണ്ടുപോയ ചിത്രമായിപ്പോയെങ്കിലും ആമിയിൽ കമൽ ഒരു കാര്യം ചെയ്തു. മാധവിക്കുട്ടിയുടെ ജീവിതത്തിൽ വെള്ളം ചേർക്കാതെ സിനിമ ചെയ്തു. കുട്ടിക്കാലം മുതൽ മതംമാറുന്നതുവരെയുള്ള അവരുടെ ജീവിതം സത്യസന്ധമായി തന്നെ കമൽ അവതരിപ്പിച്ചു. മാധവിക്കുട്ടിയെ മനസ്സിലാക്കാൻ സംവിധായകനു കഴിയാതെപോയപ്പോൾ ജീവിതം അതുപോലെ ചെയ്യാൻ സാധിച്ചു.
സെല്ലുലോയ്ഡ് എന്ന ചിത്രത്തിലൂടെ മലയാളത്തിലെ ആദ്യ സംവിധായകന്റെ ജീവിതം അവതരിപ്പിച്ചു വിജയിച്ച കമൽ മാധവിക്കുട്ടിയുടെ ജീവിതം സിനിമയാക്കുന്നു എന്നറിഞ്ഞപ്പോൾ എല്ലാവരും ഏറെ പ്രതീക്ഷിച്ചിരുന്നു. ബയോ പിക് ശ്രേണിയിലുള്ള ചിത്രമൊരുക്കുമ്പോൾ ആദ്യം പഠിക്കേണ്ടത് അവതരിപ്പിക്കുന്ന ആളുടെ ജീവിതം പഠിക്കുക എന്നതാണ്. മാധവിക്കുട്ടിയുടെ ജീവിതം അറിയാൻ അവർ എഴുതിയതും അവരെക്കുറിച്ച് മറ്റുള്ളവർ എഴുതിയതുമായ ഒട്ടേറെ ഗ്രന്ഥങ്ങൾ മലയാളത്തിലുണ്ട്. അതിലൊന്ന് എന്റെ കഥ എന്ന മാധവിക്കുട്ടിയുടെ തന്നെ കൃതിയാണ്. എന്റെ കഥ സ്വപ്നമോ യാഥാർഥ്യമോ എന്ന കാര്യത്തിൽ ഇപ്പോഴും ഗവേഷണങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. മറ്റൊന്ന് മാധവിക്കുട്ടിയുടെ സഹോദരി സുലോചന നാലാപ്പാട്ട് എഴുതിയ കൃതികളാണ്. അതിൽ ഏറെക്കുറെ കൃത്യമായ കാര്യങ്ങളാണ് അവർ ചേച്ചിയെക്കുറിച്ച് എഴുതിയിരിക്കുന്നത്.
കനേഡിയൻ എഴുത്തുകാരിയായ മെറിലി വെയ്സ് ബോഡ് എന്ന എഴുത്തുകാരി ദ് ക്വീൻ ഓഫ് മലബാർ അഥവാ പ്രണയത്തിന്റെ രാജകുമാരി എന്ന പുസ്തകത്തിൽ പറയുന്ന കാര്യങ്ങളാണ് മാധവിക്കുട്ടിയുടെ ജീവിതത്തെ മനസ്സിലാക്കാനുള്ള മറ്റൊരു പുസ്തകം. ഈ പുസ്തകത്തിലാണ് മാധവിക്കുട്ടിയുടെ ദാമ്പത്യ ജീവിതവും മതംമാറ്റവുമൊക്കെ കൂടുതൽ പരാമർശിക്കുന്നത്. ഈ പുസ്തകം കമൽ വായിച്ചിരിക്കുമെന്ന കാര്യത്തിൽ സംശയമൊന്നുമില്ല. പക്ഷേ, ചിത്രം തിയറ്ററിലെത്തുന്നതിനു മുൻപ് കമൽ മെറിലി വെയ്സ് ബോഡിനെ തള്ളിപ്പറഞ്ഞിരുന്നു. മാധവിക്കുട്ടിയുടെ മക്കൾ പറഞ്ഞതുപ്രകാരം മെറിലി എഴുതിയതെല്ലാം കള്ളമാണെന്നാണ് കമലും അഭിമുഖങ്ങളിൽ ആവർത്തിച്ചു പറഞ്ഞിരുന്നത്.
മാധവിക്കുട്ടിയുടെ ഭർത്താവ് ദാസിന്റെ സ്വവർഗരതിയെക്കുറിച്ച് ഏറെപറയുന്നത് ഈ പുസ്തകത്തിലാണ്. തന്റെ മുന്നിൽ വച്ചുതന്നെ ദാസ് ഒരു ചെറുപ്പക്കാരനുമായി മുറിയിലേക്കു പോയതും എന്നിലെ സ്ത്രീ അപമാനിക്കപ്പെട്ടുവെന്നുമെല്ലാം മാധവിക്കുട്ടി പറഞ്ഞതായി മെറിലി ഈ പുസ്തകത്തിൽ പറയുന്നുണ്ട്. അതുപോലെ മാധവിക്കുട്ടിയുടെ മതംമാറ്റവും. കേരളത്തിലെ അറിയപ്പെടുന്ന ഒരു രാഷ്ട്രീയ നേതാവാണ് ഇതിനു പിന്നിലെന്നും അദ്ദേഹം വിവാഹം കഴിക്കാമെന്ന് ഉറപ്പുനൽകിയതായും മെറിലി എഴുതുന്നുണ്ട്. പ്രണയത്തിന്റെ നാളുകളിൽ തന്റെ കാമുകന്റെ വീട്ടിൽ പോയതും അദ്ദേഹത്തിന്റെ ഭാര്യ ഇല്ലാത്ത സമയത്ത് രണ്ടുപേരും ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതുമെല്ലാം മെറിലി എഴുതുന്നു. മതംമാറിയതിനു ശേഷം ഈ നേതാവ് കാലുമാറിയെന്നും താൻ ഒറ്റപ്പെട്ടുവെന്നും പുതിയ മതത്തിലെ ആളുകൾ തന്റെ കാര്യത്തിൽ ഇടപെടാൻ തുടങ്ങിയെന്നും മാധവിക്കുട്ടി മെറിലിയോടു പറയുന്നുണ്ട്.
ഇക്കാര്യമെല്ലാം കമൽ അതേപടി തന്റെ സിനിമയിൽ പകർത്തിവയ്ക്കുന്നുണ്ട്. ബോംെബ നഗരത്തിൽ താമസിക്കുന്ന കാലത്ത് ദാസ് (മുരളിഗോപി) ഒരു ചെറുപ്പക്കാരനുമായി ശൃംഗരിക്കുന്നതും മുറിയിലേക്കു കൊണ്ടുപോകുന്നതും വിഷാദത്തോടെ കമല (മഞ്ജുവാരിയർ) നോക്കിനിൽക്കുന്നുണ്ട്. അതേപോലെ ഉറുദുവും ഗസലും ഇഷ്ടപ്പെടുന്ന ചെറുപ്പക്കാരൻ (അനൂപ് മേനോൻ) കമലയ്ക്കു മുന്നിൽ പ്രണയം അഭ്യർഥിക്കുന്നതും അവരെ തന്റെ മതത്തിലേക്കു ക്ഷണിക്കുന്നതും ഭാര്യയില്ലാത്ത സമയത്ത് പുഴക്കരയിൽ വച്ച് ലൈംഗിക ബന്ധത്തിലേക്കു കൊണ്ടുപോകുന്നതുമെല്ലാം ആമിയിൽ കമൽ ചിത്രീകരിക്കുന്നുണ്ട്. മെറിലിയെ തള്ളിപ്പറഞ്ഞ കമൽ എന്തുകൊണ്ട് ഈ പുസ്തത്തിലെ കാര്യങ്ങളെല്ലാം അതുപോലെ പകർത്തി എന്നു ചോദിച്ചാൽ അതിനു മറുപടി പറയേണ്ടത് അദ്ദേഹമാണ്. ഒരേസമയം തള്ളിപ്പറയുകയും സ്വന്തം സിനിമയിൽ അതേപോലെ പകർത്തിവയ്ക്കുകയും ചെയ്യുന്നതിലെ വൈരുദ്ധ്യം കമൽ തുറന്നുപറയുമായിരിക്കും.
പക്ഷേ, മതംമാറ്റകാര്യത്തിൽ കമൽ ഒരുതരത്തിലുമുള്ള സമ്മർദ്ദത്തിനും ഇടപെടാതെ ചിത്രമൊരുക്കി എന്നത് എടുത്തുപറയേണ്ട കാര്യം തന്നെയാണ്. നേതാവിന്റെ രൂപഭാവങ്ങൾ അതേപോലെ അവതരിപ്പിക്കുന്നതിനും അദ്ദേഹം കാണിക്കുന്ന വഞ്ചന ഒട്ടും വെള്ളം ചേർക്കാതെ കാണിക്കുന്നതിനും കമൽ ധൈര്യം കാണിച്ചു. തൊട്ടാൽ പൊള്ളുന്ന വിഷയമാണല്ലോ മതം. എന്നാൽ അതിനെ പേടിക്കാതെ തൊടാൻ കമൽ ധൈര്യം കാണിച്ചു. മതമേലധ്യക്ഷന്മാർ കമലയുടെ വീട്ടിൽ വരുന്നതും അവരെ വിലക്കുന്നതും കമല അതിനെ പ്രതിരോധിക്കുന്നതുമെല്ലാം കമൽ സത്യസന്ധമായി അവതരിപ്പിച്ചു (ഇക്കാര്യമെല്ലാം മെറിലിയുടെ പുസ്തകത്തിൽ വിശദമായി പറയുന്നുണ്ട്).
മലയാളിയുടെ കമലയായി മാറാൻ മഞ്ജുവാരിയർക്കു സാധിക്കാതെ പോയതാണ് സിനിമ പാളിപ്പോകാൻ മറ്റൊരു കാരണം. കമലയുടെ ആത്മാവിലേക്ക് ഇറങ്ങിച്ചെല്ലാൻ സംവിധായകനും സാധിച്ചില്ല. പ്രേക്ഷകർ ഇഷ്ടപ്പെടുന്ന ചില വിഷയങ്ങൾ പറഞ്ഞുപോകുന്നതിൽ കമൽ അമിത ശ്രദ്ധ കൊടുത്തപ്പോൾ സിനിമയുടെ താളം നഷ്ടപ്പെട്ടുപോയി.എൻ.എസ്. മാധവൻ എഴുതിയതുപോലെ നീർമാതളപ്പൂവിന്റെ ഗന്ധത്തിനു പകരം ഡെറ്റോളിന്റെ മണമായിപ്പോയി സിനിമയ്ക്ക്.
Books In Malayalam Literature, Malayalam Literature News, മലയാളസാഹിത്യം