Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

'വാക്കാണ് ദൈവം‍, കേരളം എന്നും എന്നെ അസൂയപ്പെടുത്തുന്നു' കിരണ്‍ നഗാര്‍ക്കർ

Kiran-Nagarkar

ആദിയില്‍ വചനമുണ്ടായിരുന്നുവെന്നും വചനം ദൈവമായിരുന്നുവെന്നും വേദപുസ്തകം പറയുന്നത് ഓര്‍മിപ്പിക്കാനാണ് കൃതി വിജ്ഞാന സാഹിത്യോത്സവത്തിന്റെ ഉദ്ഘാടനത്തിനു താനെത്തിയതെന്ന് പ്രശസ്ത മറാത്തി എഴുത്തുകാരന്‍ കിരണ്‍ നഗാര്‍ക്കര്‍ പറഞ്ഞു. എഴുതുന്നവര്‍ക്ക് വാക്കാണ് ദൈവം. നാലു വയസ്സുവരെ മാത്രം മാതൃഭാഷയില്‍ പഠിച്ച് പിന്നീട് ഇംഗ്ലീഷ്മാധ്യമത്തിലേയ്ക്ക് തിരിഞ്ഞതിനാല്‍ ചെറുപ്പത്തില്‍ത്തന്നെ മാതൃഭാഷയുമായുള്ള ബന്ധം മുറിഞ്ഞു പോയിരുന്നു. കാലങ്ങൾക്കു ശേഷം മക്കളെ മാതൃഭാഷ പഠിപ്പിക്കേണ്ട സന്ദര്‍ഭത്തിലാണ് എനിക്കും എന്റെ ഭാഷ ഓര്‍മ വന്നത്. പിന്നീട് പരിശ്രമിച്ച് ആദ്യനോവല്‍ തന്നെ മാതൃഭാഷയിലെഴുതി. ഇന്ത്യയിലെ ഭാഷകള്‍ അതീവ സമ്പന്നമാണെന്നും ഓരോരുത്തരും കുട്ടിക്കാലത്തുതന്നെ മൂന്നോ നാലോ ഭാഷകള്‍ പഠിക്കേണ്ടതാണെന്നും കിരണ്‍ നഗാര്‍ക്കർ അഭിപ്രായപ്പെട്ടു.

കേരളത്തെപ്പറ്റി വളരെ കുട്ടിക്കാലത്തു തന്നെ മാതാപിതാക്കള്‍ പറഞ്ഞറിഞ്ഞിരുന്നു. സമ്പൂര്‍ണ വിദ്യാഭ്യാസത്തിന്റെയും നല്ല വായനക്കാരുടേയും നാടാണ് കേരളം. ഇവിടെ വന്ന് സ്ഥിരതാമസമാക്കാന്‍ പറ്റിയിരുന്നെങ്കില്‍ അതു ചെയ്‌തേനെ. മുംബൈക്കാരനായ എനിക്ക് കേരളത്തോട് അസൂയയാണെന്നും അദ്ദേഹം പറഞ്ഞു.

എസ്പിസിഎസ് പ്രസിഡന്റ് ഏഴാച്ചേരി രാമചന്ദ്രന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ സാഹിത്യോത്സവ ബുക്ക് പ്രൊഫ. എം. ലീലാവതി കെ. സച്ചിദാനന്ദനു നല്‍കി പ്രകാശപ്പിച്ചു. സച്ചിദാനന്ദന്‍, സി. രാധാകൃഷ്ണന്‍, രാജന്‍ ഗുരുക്കള്‍, യുകെയില്‍ നിന്നുള്ള എഡിറ്ററും പരിഭാഷകയുമായ അലക്‌സാണ്ട്ര ബുഷ്‌ലര്‍ എന്നിവര്‍ ആശംസാപ്രസംഗങ്ങള്‍ നടത്തി. ഫെസ്റ്റിവല്‍ ഡയറക്ടറും കേരള സാഹിത്യ അക്കാദമി പ്രസിഡന്റുമായ വൈശാഖന്‍ സ്വാഗതമാശംസിച്ചു. ഫെസ്റ്റിവല്‍ ജനറല്‍ കണ്‍വീനര്‍ എസ്. രമേശന്‍ നന്ദി പറഞ്ഞു.

കൃതിക്ക് മുന്നോടിയായി നടത്തിയ കാരൂര്‍ സ്മാരക ചെറുകഥാ മത്സരത്തില്‍ ഒന്നും രണ്ടും മൂന്നും നാലും സ്ഥാനങ്ങള്‍ നേടിയ വി.എം. ദേവദാസ്, അനില്‍ ദേവസ്സി, എം. പി. പവിത്ര, രഘുപതി എം.പി. എന്നിവര്‍ക്ക് കിരണ്‍ നഗാര്‍ക്കര്‍ അവാര്‍ഡു തുകയും ഉപഹാരങ്ങളും പ്രശസ്തി പത്രവും സമ്മാനിച്ചു.

Books In Malayalam LiteratureMalayalam Literature Newsമലയാളസാഹിത്യം