Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

"സെക്സ് പുസ്തകങ്ങളേക്കാൾ വിൽക്കപ്പെട്ട ഫിസിക്സ് പുസ്തകം"

stephen-hawking സ്റ്റീഫൻ ഹോക്കിങ്ങിന്റെ ‘എ ബ്രീഫ് ഹിസ്റ്ററി ഓഫ് ടൈം’ എന്ന പുസ്തകത്തെ വെല്ലാൻ ബൈബിളും ഷേക്സ്പിയറിന്റെ ചിലകൃതികളും മാത്രമേയുള്ളൂ

ഒരു കോടിയിലധികം കോപ്പികൾ വിറ്റഴിഞ്ഞ പുസ്തകം. പുറത്തിറങ്ങി  ദിവസങ്ങൾക്കകം രണ്ടാം പതിപ്പ്.  നാൽപതോളം ഭാഷകളിലേക്ക് പരിഭാഷ. ഡോ. സ്റ്റീഫൻ ഹോക്കിങ് എഴുതിയ ‘എ ബ്രീഫ് ഹിസ്റ്ററി ഓഫ് ടൈം’ എന്ന പുസ്തകത്തെ വെല്ലാൻ  ബൈബിളും ഷേക്സ്പിയറിന്റെ ചിലകൃതികളും മാത്രമേ ഇന്നോളം പുസ്തകലോകത്ത് ഉണ്ടായിട്ടുള്ളു. 

ശാസ്ത്ര ഗ്രന്ഥങ്ങൾ പോപുലർ ആകാൻ പ്രയാസമില്ലെന്ന് തെളിയിച്ച അദ്ഭുതപ്രതിഭാസമായിരുന്നു അത്. ലോകത്തെ 750 പേരിൽ ഒരാൾ വീതം ഈ പുസ്തകം വാങ്ങിച്ചിട്ടുണ്ട് എന്ന അപൂർവ ബഹുമതിയും സ്റ്റീഫൻ ഹോക്കിങ്ങിന്റെ ഈ പുസ്തകത്തിന് സ്വന്തം. 

സ്വതവേ സ്വൽപ്പം നർമ്മബോധമുണ്ട് സ്റ്റീഫൻ ഹോക്കിങ്ങിന്. പുസ്തകത്തിൽ അത് തെളിയുന്നുമുണ്ട്. പുസ്തകം പ്രസിദ്ധീകരിച്ചത് ഒരു ഏപ്രിൽ ഫൂൾ ദിവസം (1988 ഏപ്രിൽ 1) ആയിരുന്നു എന്ന് ചിരിയോടെ അദ്ദേഹം പറഞ്ഞു, ആ മുഖത്ത് ചിരി അത്ര തെളിയുകയില്ലെങ്കിലും.  “മഡോണ സെക്സിനെക്കുറിച്ച് എഴുതിയ പുസ്തകത്തെക്കാളും ഞാൻ ഫിസിക്സ് പുസ്തകങ്ങൾ വിറ്റിട്ടുണ്ട്” അദ്ദേഹം വീണ്ടും ചിരിക്കാതെ ചിരിക്കുന്നു. പ്രപഞ്ചത്തിന്റെ ഉദ്ഭവവും വികാസവും ആപേക്ഷികതാസിദ്ധാന്തവുമൊക്കെ സാധാരാണകാർക്ക് മനസ്സിലാകുന്നതോ അതിതാൽപര്യമുള്ള വിഷയമോ അല്ലാതിരുന്നിട്ടും അവരെക്കൊണ്ട് വായിപ്പിക്കുന്ന തരത്തിൽ പുസ്തകത്തിൽ രസകരമായി അവതരിപ്പിച്ചു എന്നതായിരുന്നു ഇതിലെ വിജയം. 

a-brief-history-of-time-1 ഒരു കോടിയിലധികം കോപ്പികൾ വിറ്റഴിഞ്ഞ പുസ്തകം. പുറത്തിറങ്ങി ദിവസങ്ങൾക്കകം രണ്ടാം പതിപ്പ്. നാൽപതോളം ഭാഷകളിലേക്ക് പരിഭാഷ.

രണ്ട് വ്യത്യസ്ത പഠനമണ്ഡലങ്ങളെ- കണികാശാസ്ത്രവും (particle physics) ആസ്ട്രോഫിസിക്സും. ജഡിലത ലവലേശമില്ലാത്ത, കവിതാമയമായ ആഖ്യാനരീതി കൊണ്ട് പുഷ്ക്കലമാക്കിയപ്പോൾ തീവണ്ടിസ്റ്റേഷൻ പ്ലാറ്റ് ഫോമുകളിലും വിമാനത്താവളങ്ങളിലും വഴിയോരക്കടകളിലും എളുപ്പവായനയക്ക് വേണ്ടി ഇറങ്ങുന്ന പുസ്തകങ്ങൾക്കൊപ്പം ഗഹനമായ ശാസ്ത്രസത്യങ്ങൾ നിറച്ച പുസ്തകം ആബാലവൃദ്ധം ജനങ്ങളെക്കൊണ്ട് വാങ്ങിപ്പിച്ചു എന്നതാണ് ഈ പുസ്തകത്തിന്റെ ചരിത്ര സാംഗത്യം.

എന്നാൽ ഡോ. സ്റ്റീഫൻ ഹോക്കിങ്ങിന് ഇതത്ര എളുപ്പമായിരുന്നില്ല. പ്രസാധകർ  അദ്ദേഹത്തോടൊപ്പം നിരന്തം പണിയെടുത്താണ് ഇന്നു കാണുന്ന ജനപ്രിയത പുസ്തകത്തിൽ ഏറ്റിയെടുത്തത്. ആദ്യം നൂറു പേജോളം വരുന്ന, കാര്യങ്ങൾ കടുകട്ടിയിൽ പ്രതിപാദിക്കുന്ന കയ്യെഴുത്തു പ്രതിയാണ് പ്രസാധകരായ ‘ബാന്റാം ബുക്സ്’ ന്റെ കയ്യിൽ കിട്ടുന്നത്. അതി ക്ളിഷ്ടമായ സമവാക്യങ്ങളും പ്രമാണസൂത്രങ്ങളും ഫോർമുലകളും സാധാരണവായനക്കാർക്ക് കടിച്ചാൽ പൊട്ടാത്ത വിധം സങ്കീർണ്ണമാക്കിയ കൃതി. ലളിതവായനക്കാർക്ക് വേണ്ടി പുസ്തകങ്ങൾ അച്ചടിക്കുന്ന ബാന്റം ബുക്സിന് ഇതു താങ്ങാവുന്നതായിരുന്നില്ല. അവർ ഹോക്കിങ്ങിനോട് ഇക്കാര്യം പറഞ്ഞപ്പോൾ പുസ്തകം ലളിതമാക്കി മാറ്റാൻ ഹോക്കിങ് സമ്മതിച്ചു. ഒരു ശാസ്ത്രപണ്ഡിതൻ ഒരിക്കലും സമ്മതിക്കാത്ത കാര്യമായിരുന്നു അതെന്നു കൂടി ഓർക്കണം. 

പുസ്തകത്തിന്റെ എഡിറ്റിങ് പകുതിവഴിയിലായപ്പോൾ, ശ്വാസനാളത്തിൽ നടത്തിയ ശസ്ത്രക്രിയ കാരണം  ഹോക്കിങ്ങിനു സംസാരശേഷി പൂർണമായി നഷ്ടപ്പെട്ടിരുന്നു. ശാരീരികവിഷമതകൾ തെല്ലും അലോസരപ്പെടുത്താത്ത ആ മനസ്സ് കഠിനാദ്ധ്വാനം പിൻതുടർന്നു. ലളിതവിശദീകരണങ്ങൾ ഉൾപ്പെടുത്തിയ പുസ്തകം ഇരുന്നൂറ് പേജായി. സമവാക്യങ്ങളും ഫോർമുലകളും മുഴുവൻ വെട്ടി മാറ്റി, ഐൻസ്റ്റീന്റെ E=mc² ഒഴിച്ച്! 

എല്ലാ പ്രസാധകനിയമങ്ങളെയും പ്രതീക്ഷകളെയും അട്ടിമറിച്ചുകൊണ്ട്  ‘സമയത്തിന്റെ ഒരു ചുരുക്കച്ചരിത്രം” പ്രപഞ്ചത്തിന്റെ ആദിയും അന്തവും ശാസ്ത്രീയമായി സമർത്ഥിക്കുന്ന, ഗാലക്സികൾ തമ്മിലുള്ള ബന്ധങ്ങളും ഇടയ്ക്കുള്ള  “പുഴുദ്വാരങ്ങളും (‘wormholes’) തമോഗർത്തങ്ങൾ രൂപപ്പെട്ടുവരുന്ന വഴികളും ബിഗ് ബാങ് തിയറിയും  ശൂന്യതയുടെ നിർവചനങ്ങളും സരസവും ലളിതവുമായി എന്നാൽ അതീവോജ്വലമായി പ്രതിപാദിച്ചുകൊണ്ട് വാങ്മയചിത്രങ്ങളായി നമ്മുടെ മുൻപിൽ പ്രത്യക്ഷപ്പെടുകയായിരുന്നു, ഒരു ‘കൾട് ക്ലാസിക്ക്” ആയി. വായനക്കാരെ ഏറെ സന്തോഷിപ്പിച്ചത് അവരിലും ചില്ലറ ശാസ്ത്രീയത ഒളിഞ്ഞുകിടക്കുന്നുണ്ട് എന്ന് തെര്യപ്പെടുത്തുന്നതായി തോന്നിപ്പിച്ചതാണ്. അതായിരുന്നു പുസ്തകത്തിന്റെ, ഡോ. സ്റ്റീഫൻ ഹോക്കിങ്ങിന്റെ വിജയവും. 

Malayalam Short Stories, Malayalam literature interviews,മലയാളസാഹിത്യം