സംഭവങ്ങളാണല്ലോ, സമയത്തിന് ചരിത്രമുണ്ടാക്കുന്നത് സ്റ്റീഫൻ ഹോക്കിങ് എന്ന തല മുതിർന്ന ഭൗതികജ്ഞന്റെ നിര്യാണം അത്തരമൊരു സംഭവമാണ്.‘സമയത്തിന്റെ ചരിത്രം’ എഴുതിയ പ്രതിഭയാണ് കാലപ്രവാഹത്തിൽ ആണ്ടു പോയിരിക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്.
പല രീതികളിൽ സവിശേഷമായിരുന്നു ആ ജീവിതം. സ്ഥലവും കാലവും ആപേക്ഷികമാണ് എന്ന് ഐൻസ്റ്റീൻ സിദ്ധാന്തിച്ചതോടെ ന്യൂട്ടൺ വരച്ചുവെച്ച പ്രപഞ്ചചിത്രം അസാധുവായി. ലോകത്തെ പ്രമുഖ മതങ്ങളിൽ പറയുന്നതായി വ്യാഖ്യാനിച്ചു പോന്ന ഉല്പത്തിക്കഥകൾ നിലനിൽക്കില്ലെന്നുവന്നു. എങ്കിൽപ്പിന്നെ മെച്ചമായി മറ്റെന്തുണ്ട് എന്നു കാണിക്കാൻ പറ്റാതെ യുമായി. സ്ഥിരസ്ഥിതി പ്രപഞ്ചം, വികസിക്കുന്ന പ്രപഞ്ചം, സ്പന്ദിക്കുന്ന പ്രപഞ്ചം, പ്രപഞ്ചസമൂഹപ്രപഞ്ചം എന്നിങ്ങനെ വിവിധ മാതൃകകൾ നിർദ്ദേശിക്കപ്പെട്ടു. ഇവയിൽ രണ്ടാമത്തേതിനെ, ഐൻസ്റ്റീൻ സ്ഥാപിച്ച ചിട്ടയിൽ വ്യാഖ്യാനിച്ച് നിലനിർത്തുകയാണ് ഹോക്കിങ് ചെയ്തത്. തമോഗർത്തങ്ങളുടെ കണ്ടുപിടുത്തം മുതൽ പ്രപഞ്ചത്തിലെ പശ്ചാത്തല ഊർജ്ജം വരെ ഇതിനു സഹായകമായി.
പക്ഷേ രണ്ടു കാര്യങ്ങൾ അപ്പോഴും ഒത്തില്ല. ഒന്ന്, പ്രപഞ്ച വികാസത്തിന്റെ തുടക്കമെങ്ങനെ എന്നും ആദ്യ നിമിഷങ്ങളിൽ സംഭവിച്ചതെന്ത് എന്നും നിർണീതമായില്ല.
രണ്ട്, വളരെ വലുതും സങ്കീർണവുമായ പ്രപഞ്ചത്തിനു പിന്നിൽ സങ്കീർണമായ ആസൂത്രണം (Ground design) ഉണ്ടെന്ന് നിശ്ചയമെങ്കിലും ആസൂത്രകനെപ്പറ്റി ഒന്നും പറയാനായില്ല.
ഈ രണ്ടു കാര്യങ്ങളും വെല്ലുവിളിക്കാനായി ഇനിയുള്ളവർക്കു വിട്ടു നൽകിയിരിക്കുന്നു– പ്രപഞ്ചചരിത്രത്തിന്റെ ആദ്യ നിമിഷങ്ങളിൽ സംഭവിച്ചതെന്തെന്ന് സൂക്ഷ്മമായി അറിയുക, സൂത്രധാരനെ കണ്ടെത്തുക.
ഭൗതികത്തിന്, പ്രത്യേകിച്ചും പ്രപഞ്ചവിജ്ഞാനീയത്തിന് സയൻസിന്റെ ലോകത്ത് രാജപദവി നേടിയെടുത്തത് ഇദ്ദേഹമാണ് സമയചരിത്രത്തില്‍ ഇങ്ങനെ പറയുന്നു: "ജീവശ്ശാസ്ത്രത്തിലെ നിയമങ്ങളെയെല്ലാം രസതന്ത്രത്തിൽ നിന്ന് നിഷ്പാദിപ്പിക്കാം; രസതന്ത്രത്തിലെ നിയമങ്ങളെയെല്ലാം ഭൗതികശാസ്ത്രനിയമങ്ങളിൽ നിന്ന് നിർദ്ധാരണം ചെയ്യാം." ലോകശ്രദ്ധ ഭൗതികത്തിലേക്കു പൊതുവെയും പ്രപഞ്ചവിജ്ഞാനീയത്തിലേക്കു വിശേഷിച്ചും പിടിച്ചു നിർത്താൻ അദ്ദേഹത്തിനു സാധിച്ചു.
സയൻസ് അതുണ്ടായ കാലം മുതൽക്കേ മതവുമായി സമരത്തിലായിരുന്നുവല്ലോ. പടിഞ്ഞാറൻ നാടുകളിൽ അതേ സമയം വിശ്വാസസമൂഹങ്ങൾ സയൻസിന്റെ ഭൗതികനേട്ടങ്ങൾ സ്വീകരിക്കുകയും ചെയ്തു. ഈ സ്നേഹ–വിദ്വേഷ ബന്ധത്തിൽ അധിഷ്ഠിതമാണ് പടിഞ്ഞാറൻ തത്ത്വചിന്തയുടെ ജാഞാനവ്യവസ്ഥ. ആ വ്യവസ്ഥയുടെ തുടർച്ചക്കാരിൽ പ്രമുഖനായിരുന്നു സ്റ്റീഫൻ ഹോക്കിങ്. അതിനാലാണ്, നിലവിലുള്ള ഭൗതികശാസ്ത്രത്തിന് പരിമിതികൾ ഉണ്ടെന്ന് ഒരിക്കലും സമ്മതിക്കാൻ കൂട്ടാക്കാതിരുന്നത്. ആ സ്വപ്രത്യയസ്ഥൈര്യം പ്രശംസനീയമെന്നും പറയാം.
ഭൗതികത്തിന് അദ്ദേഹം നൽകിയ സേവനത്തിന്റെ മറ്റൊരു മുഖമാണ് പൊതുജനങ്ങൾക്കായി രചിച്ച പുസ്തകങ്ങളും ലേഖനങ്ങളും പ്രഭാഷണങ്ങളും. ഇനിയെത്രയോ കാലംകൂടി ജ്ഞാനാന്വേഷികളെ പ്രചോദിപ്പിക്കാൻ ഈ സൃഷ്ടികൾക്കു കഴിയും എന്നു നിശ്ചയം.
ഇച്ഛാശക്തിയുടെ കാര്യത്തിൽ ഇദ്ദേഹത്തെ പിന്നിലാക്കാൻ കഴിഞ്ഞ വേറൊരാൾ എന്റെ ഓർമയിലില്ല. കർമേന്ദ്രീയങ്ങളില്‍ തൊണ്ണൂറ്റിയൊമ്പതു ശതമാനവും പ്രവർത്തനരഹിതമായിട്ടും തന്റെ മസ്തിഷ്കത്തിലെ പ്രകാശം (അതും, അസാമാന്യമായ നർമ്മബോധമുൾപ്പെടെ) വെറും രണ്ടു വിരൽത്തുമ്പുകളിലൂടെ പ്രസരിപ്പിക്കാൻ സാധിക്കുകയെന്നത് അസാമാന്യ വൈഭവം തന്നെ. ശരീരത്തിന് എന്തെങ്കിലും ചെറിയ കേടുവരുമ്പോഴേക്കും വിധിയെ പഴിച്ചും നിരാശരായും തോൽവി സ്വയം വരിക്കുന്നവരാണല്ലോ സാധാരണക്കാരായ നാമെല്ലാം. ഒന്നരക്കൊല്ലത്തിലേറെ ഇനി ആയുസ്സില്ല എന്ന് ഡോക്ടർമാർ വിധിയെഴുതിയ ഒരാൾ പതിറ്റാണ്ടുകൾ അക്ഷീണം ജോലി ചെയ്തു ജീവിച്ചത് ഏതൊരു സഹനശേഷിയും ഇച്ഛാശക്തിയും കാരണമാണോ അത് ലോകത്തെ എട്ടാമത്തെ മാഹാത്ഭുതം തന്നെ! ഈ ഭൂമിയിൽ ജന്മനാ ശാരീരികമായ വെല്ലുവിളികളും ശേഷി വിനാശകങ്ങളായ രോഗങ്ങളും ഇല്ലാതാക്കാൻ ജീവശാസ്ത്രത്തിനു കഴിയുംവരെ കോടിക്കണക്കിനാളുകളെ പ്രതീക്ഷകളിലേക്കു നയിക്കാൻ ഈ മഹനീയ ജീവിതത്തിനു സാധിക്കും.
എല്ലാ പുരോഗതികളെയും മറികടന്ന് സർവത്ര മലിനമാകുന്ന ഭൂമി രണ്ടു മൂന്നു പതിറ്റാണ്ടിനകം ജീവന് നിലനിൽക്കാനാവാതെ ആയിപ്പോകുമെന്ന കഥ കൂടി നമ്മെ ഓർമിപ്പിച്ചാണ് സ്റ്റീഫൻ ഹോക്കിങ് വിട പറഞ്ഞത്. ടെക്നോളജിയുടെ നീതിനിരപേക്ഷമായ മുട്ടാപ്പോക്കിന് ധാർമികമായ പരിഹാരം അഭികാമ്യമാണെന്നു പറയാൻ പക്ഷേ, ദക്കാർത്തെയുടെ പ്രകൃതിവിച്ഛിന്നാസ്തിത്വബോധം, അപ്പോഴും അദ്ദേഹത്തെ അനുവദിച്ചില്ല. മറ്റേതെങ്കിലും ഗ്രഹത്തിൽ കുടിയേറാൻ നിർദ്ദേശിച്ചതിന് അതിലെ യുക്തിരാഹിത്യവും തിരിച്ചറിഞ്ഞുള്ള ഉൾച്ചിരിയോടെയാവും എന്നു കരുതാനാണ് എനിക്കിഷ്ടം.
Malayalam Short Stories, Malayalam literature interviews,മലയാളസാഹിത്യം