Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഭീകര നോവൽ ഓജോബോർഡ് ഒന്ന് കേട്ടാലോ!

akhil അഖിൽ പി. ധർമ്മജൻ

മുത്തശ്ശിയുടെ മടിയിൽ കിടന്നു ഉറക്കത്തിന്റെ ആഴങ്ങളിലേക്ക് വീണു പോകും മുൻപ് കേട്ട ആ കഥ ഇപ്പോഴും ഓർമ്മത്തുമ്പിലുണ്ട്. അല്ലെങ്കിലും ബാല്യകാലത്തേ ഗൃഹാതുരതകൾ അത്രയെളുപ്പം മായിച്ചു കളയാവുന്നതാണോ? എല്ലായ്പ്പോഴും മനുഷ്യൻ അങ്ങനെയൊരു ബാല്യത്തിന്റെ മനസ്സിലേക്കാണ് എത്തിപ്പെടാൻ മോഹിക്കുന്നതും. എത്ര ആഗ്രഹിച്ചാലും നടക്കാത്തത് പോലെ അത് പിന്നെയും അകലെ മാറിയിരുന്ന് അരികിലേക്ക് വിളിക്കും. ആ വിളി കേട്ടുള്ള മുന്നോട്ടു പോക്ക് തന്നെയാണ് ഓരോ മനുഷ്യന്റെയും ഗൃഹാതുരതയായി അടയാളപ്പെട്ടിരിക്കുന്നത്. 

കഥ കേൾക്കാനുള്ള ശീലമാണ് നമ്മൾ ആദ്യം വളർത്തിയെടുത്തത്. പിന്നെയും അക്ഷരങ്ങൾ കൂട്ടി ചേർത്ത് വായിക്കാൻ കഴിഞ്ഞതിനു ശേഷമാണ് ഓരോ വാക്കും എടുത്തു വായിക്കാൻ ശ്രമിക്കുന്നതും ഓരോ വാക്കിന്റെയും അർഥങ്ങൾ കണ്ടു പിടിക്കുന്നതും, പിന്നെയും എത്രയോ കഴിഞ്ഞു അതുപോലെ മനസ്സിലുള്ള പല കഥകളും എഴുതി വയ്ക്കാൻ! പക്ഷേ, എത്ര വയസ്സ് കഴിഞ്ഞാലും ആദ്യമായി ഒരു കഥ കേട്ട ആ അനുഭവം മറക്കാനാഗ്രഹിക്കുന്നവരല്ല ആരും. അതുകൊണ്ടു തന്നെയാണ് ഓഡിയോ ബുക്ക് എന്ന ഒരു പുതിയ കേൾവി സംസ്കാരം കഥകളിഷ്ടപ്പെടുന്നവർക്ക് മുന്നിൽ വന്നെത്തുന്നതും. വിദേശികൾക്ക് ഇപ്പോൾ പുസ്തക വായനയെക്കാൾ കൂടുതൽ താൽപര്യം അത് കേൾക്കാനാകും, കാരണം അതുകൊണ്ടു പലതുണ്ട് ഗുണം. സമയം ഒരുപാടു കളയണ്ട, എന്നതും പുസ്തകം വായിക്കുന്നതിന്റെ മുരടിപ്പ് അനുഭവിക്കണ്ട, അത്യാവശ്യം ഡ്രൈവിങ് പോലെയുള്ള പണികൾക്കിടയിലും അത് കേൾക്കാനാകും എന്നതുകൊണ്ടുമാണത്. എന്നാൽ മലയാളികൾക്ക് ഇതിന്റെയൊപ്പം ഒരു അനുഭവം കൂടി എഴുതി ചേർക്കണം, അതാണ് ഗൃഹാതുരത.

കേൾവിയുടെ പുതിയൊരു സംസ്കാരത്തെ മലയാളത്തിലേക്കും കൊണ്ടുവരാൻ നിരവധി പുതിയ ഒരുക്കങ്ങൾ നടന്നിട്ടുണ്ട്. പ്രശസ്തരായ എഴുത്തുകാരുടെ കഥകൾ പലതും ഇന്ന് ആപ്പ് വഴിയും യൂട്യുബിലും ഒക്കെ ലഭ്യമാണ്. പക്ഷേ, ചെറുകഥകളോ കവിതകളോ ഒക്കെയാണ് ഇത്തരത്തിൽ കേൾവിക്കായി മുന്നിലെത്തുന്നത്, അവിടെയാണ് ഒരു എമണ്ടൻ നോവലുമായി എത്തി കഥ കഫെ വ്യത്യസ്തമാകുന്നത്. 

"ഞങ്ങൾ കഴിഞ്ഞ വർഷമാണ് ഇങ്ങനെയൊരു ആശയം പ്രാവർത്തികമാക്കുന്നത്. ഞാനും സുഹൃത്ത് ഗിരീഷും. ഞാനിപ്പോൾ യു.കെയിലാണ്. ഇവിടെ ഇത്തരം കഥകളൊക്കെ കേൾക്കുന്ന ആപ്പുകൾ സാധാരണമാണ്. കൂടുതൽ പേരും കേൾക്കാനാണ് ശ്രമിക്കുന്നതും. ആദ്യമായി കേട്ട് കഴിഞ്ഞപ്പോൾ മുതൽ പിന്നെ ഞാനും അതിന്റെ അടിമയായി എന്നതാണ് സത്യം. പിന്നെ മണിക്കൂറുകൾ കഥകൾ കേൾക്കാൻ ഒരു മടിയുമില്ലാതെയായി. ഡ്രൈവ് ചെയ്തിരുന്നപ്പോൾ കേട്ടിരുന്ന അനുഭവം രാത്രി ഉറങ്ങുന്ന സമയം വരെയെത്തി. അപ്പോഴാണ് എന്തുകൊണ്ട് ഇത്തരമൊരു ആശയം മലയാളത്തിലെ നമ്മുടെ കേൾവിക്കാർക്കായി ചെയ്തുകൂടാ എന്നാലോചിച്ചത്. ചേർത്തലയുള്ള സുഹൃത്ത് ഗിരീഷുമായി ആലോചിച്ചു. അങ്ങനെയാണ് ഞങ്ങൾ കഥ കഫെ തുടങ്ങുന്നത്." കഥ കഫെ തുടങ്ങിയ അനുഭവങ്ങളെ കുറിച്ച് അതിന്റെ പ്രധാന സാരഥിയായ ബിനുരാജ് നായർ പറയുന്നു.

oujo-board-book

ചെറുകഥകളൊക്കെ ഓഡിയോ ബുക്കായി പലരും കേട്ടിട്ടുണ്ടാകും പക്ഷേ, ഒരു നോവൽ? അതിശയം തോന്നുന്നുണ്ടെങ്കിൽ ആ നോവലിൽ തങ്ങൾക്ക് നൂറു ശതമാനം വിശ്വാസമുണ്ടെന്ന് ഉറപ്പിക്കുകയാണ് ബിനുരാജ്. കഥ കഫെ ആദ്യമായി ചെയ്യുന്ന മലയാള പുസ്തകം ഒരു നോവലാണ്, ആമസോണിൽ ടോപ്പ് ലിസ്റ്റിംഗിൽ ഒന്നാമതെത്തിയ ത്രില്ലർ നോവലായ അഖിൽ പി ധർമ്മജന്റെ "ഓജോബോർഡ്" ആണ് കഥ കഫെ ആദ്യമായി ചെയ്ത നോവൽ.

അനുഭവത്തെ കുറിച്ച് അഖിൽ പറയുന്നു,

"ഓജോബോർഡ് ഓഡിയോ ആയി ഇറങ്ങിയ ശേഷം എനിക്ക് തോന്നിയത് ഒരുപക്ഷേ ഇത് ഏറ്റവും കൂടുതൽ പ്രയോജനപ്പെടുക കാഴ്ചയില്ലാത്തവർക്കാകും എന്നാണ്. പുസ്തകം ഇറങ്ങിയ സമയത്ത് പലരും അത് മറ്റുള്ളവരെ കൊണ്ട് വായിപ്പിച്ചു കേട്ടിരുന്നു എന്നൊക്കെ അഭിപ്രായം അറിയിച്ചിരുന്നു. പക്ഷേ അതൊക്കെ എത്ര പേർക്ക് പറ്റും? കഥ കഫെയുടെ ഈ പുതിയ രീതി തീർച്ചയായും അവർക്കിഷ്ടപ്പെടും. അഞ്ചു മണിക്കൂറാണ് നോവൽ ഓഡിയോ ആയി കേൾക്കാൻ പറ്റുക. ".

ബ്രോം സ്റ്റോക്കറിന്റെ ഡ്രാക്കുളയ്ക്ക് തൊട്ടു പിന്നിൽ വരെ എത്തിയ നോവലാണ് അഖിലിന്റെ ഓജോബോർഡ്. ആമസോണിൽ ട്രെൻഡ് ആക്കപ്പെട്ട ഭീകര നോവൽ. അതുകൊണ്ടു തന്നെ ഓജോബോർഡ് കഥ കഫേയ്ക്ക് ഒരു മുതൽ കൂട്ടാണ്. ബിനുരാജ് പറയുന്നു,

"ഇതിനു മുൻപ് ഞങ്ങൾ പ്രശസ്തരായ ഇംഗ്ലീഷ് എഴുത്തുകാരായ, റിച്ചാര്‍ഡ് കോര്‍ണല്‍, റുഡ്യാര്‍ഡ് കിപ്ലിംഗ്, മാര്‍ക്ക് ട്വയിന്‍, എച്ച് ജി വെല്‍സ്, ഓസ്‌കര്‍ വൈല്‍ഡ്, സര്‍ ആര്‍തര്‍ കൊനാന്‍ ഡോയല്‍ എന്നിവരുടെയൊക്കെ പുസ്തകത്തിന്റെ മലയാളം പരിഭാഷകളാണ് ചെയ്തിരുന്നത്. അതും അവയൊന്നും കോപ്പി റൈറ്റഡ് പുസ്തകങ്ങളുമല്ല. ആദ്യമായി മലയാളത്തിൽ നിന്നുള്ള കോപ്പി റൈറ്റഡ് ആയ ഒരു പുസ്തകം ചെയ്യുന്നത് ഓജോബോർഡാണ്. സാധാരണ ബാക്ക് ഗ്രൗണ്ട് സ്‌കോർ ഒന്നിനും നൽകിയിരുന്നില്ല, എന്നാൽ ഈ നോവലിന്റെ വിശേഷത കൊണ്ട് ചെറിയ ബാക്ക് ഗ്രൗണ്ട് സ്‌കോർ നൽകിയിരുന്നു. ഇപ്പോൾ തന്നെ നന്നായി നോവൽ ഈ ആപ്പിലൂടെ വായിക്കപ്പെടുന്നുണ്ട്. പ്രായമായവർക്ക് വരെ ഈ രീതി ഇഷ്ടപ്പെടുന്നുണ്ടെന്നാണ് പല അഭിപ്രായങ്ങളും തെളിയിക്കുന്നത്. 

പ്രീമിയം ആയാണ് ഓജോബോർഡ് ഈ ആപ്പിൽ നിന്ന് ലഭിക്കുക. കഥകഫെ എന്ന ആപ്പ് ഗൂഗിൾ പ്ലെസ്റ്റോറിൽ ലഭ്യമാണ്. ഡൗൺലോഡ് ചെയ്ത ശേഷം പുസ്തകങ്ങൾ തിരഞ്ഞെടുക്കാം. വളരെ പ്രൊഫഷണൽ ആയി ആർട്ടിസ്റ്റുകളെ കൊണ്ട് സ്റ്റുഡിയോയിലാണ് ഇതിന്റെ റെക്കോർഡിങ് നടത്തുന്നത്. 

ഓജോബോർഡ് അഞ്ചു മണിക്കൂറുണ്ട്, അത്രയും സമയം ആളുകൾ ഇതിന്റെ കീഴിൽ ഇരിക്കുമോ എന്ന സംശയമൊന്നും എനിക്കില്ല, കാരണം രസകരമായ വായനയ്ക്ക് വേണ്ടി തീർച്ചയായും നമ്മൾ എത്ര സമയവും ഇരിക്കും. ഓജോബോർഡ് നൽകുന്നതും അത്തരത്തിലുള്ളൊരു വായനയാണ്. അതുകൊണ്ട് ഈ കേൾവിയിൽ ഞങ്ങൾക്ക് വിശ്വാസമുണ്ട്." ബിനുരാജിന് പ്രതീക്ഷകളുണ്ട്. കാരണം ആ പഴയ കഥ കേൾക്കലിന്റെ കാലത്തിലേക്കാണ് ഇത്തരം പുതിയ ആപ്പുകൾ നമ്മളെയൊക്കെ കൊണ്ട് പോകുന്നത്. ഉറങ്ങുമ്പോൾ രസകരമായ ഒരു കഥ കേട്ടുറങ്ങണമെങ്കിൽ ഇനിയത് അത്രയും എളുപ്പമാക്കപ്പെടുന്നു. ഒരു ബുക്ക് വായിക്കുമ്പോഴും അതെ ബുക്ക് കേൾക്കുമ്പോഴും തലച്ചോറിൽ ഉണ്ടാകുന്നത് ഒരേ തരം മാറ്റങ്ങളാണ് എന്നാണു വിർജീനിയ സർവകലാശാലയിലെ ഗവേഷകനായ ഡാനിയേൽ വില്ലിങ്‌ഹാം കണ്ടെത്തിയിരിക്കുന്നത്. അല്ലെങ്കിൽ തന്നെ ഇതിന്റെ പിന്നിലുള്ള സാങ്കേതികതയ്ക്ക് ഉത്തരം തിരയുന്നതെന്തിന് കഥ കേട്ടിട്ട് സ്വയം തീരുമാനത്തിലെത്താമല്ലോ. കാഴ്ചയില്ലാത്തവർക്കും വായിക്കാൻ താൽപര്യമില്ലാത്തവർക്കും അതിനു വേണ്ടി സമയം ചിലവഴിക്കാൻ താൽപര്യമില്ലാത്തവർക്കും കഥ കേൾക്കാൻ ഇഷ്ടമുള്ളവർക്കും കഥ കഫെ ഏറെ ഇഷ്ടമാകുമെന്നുറപ്പ്.

Malayalam Short Stories, Malayalam literature interviews,മലയാളസാഹിത്യം