പിന്നിൽനിന്നിട്ടും മുന്നിലെത്തി; തൂക്കുമരത്തിന്റെ നിഴലിൽ എഴുതിയ കഥാകാരൻ!

എം.സുകുമാരൻ

എഴുതാൻ ആഗ്രഹിക്കുമ്പോഴും എഴുത്തിന്റെ വ്യഥ അസഹ്യമായ വേദനയായി തിരിച്ചറിയുന്ന അപൂർവം എഴുത്തുകാരേയുള്ളൂ. എഴുതാനേറെയുണ്ടെങ്കിലും മടിക്കുന്ന മനസ്സുകൾ. ഓരോ കഥയെഴുതുമ്പോഴും എം.സുകുമാരൻ സ്വയം പറഞ്ഞു: ഇത് എന്റെ അവസാനത്തെ കഥ. കഥ എഴുതി കുറേക്കാലം കഴിയുമ്പോൾ വീണ്ടും പേനയെടുത്തു അദ്ദേഹം. വീണ്ടുമെഴുതി അവസാനത്തെ കഥ. വർഷങ്ങളുടെ വേർപാട്. വീണ്ടും പേന.....

ഒന്നിൽക്കൂടുതലുണ്ട് എം.സുകുമാരന്റെ അവസാനത്തെ കഥകൾ. അവയിൽ പ്രമുഖസ്ഥാനമുണ്ട് കാൽപനിക എഴുത്തുകാരനിൽനിന്ന് വിപ്ളവകാരിയിലേക്കു സുകുമാരനെ മാറ്റിയ ‘തൂക്കുമരങ്ങൾ ഞങ്ങൾക്ക്’  എന്ന കഥയ്ക്ക്. തന്നെക്കുറിച്ചും തന്റെ കഥകളെക്കുറിച്ചും വാചാലനാകുന്നതു പോയിട്ട് ഒരു വാക്കുപോലും ഉരിയാടാത്ത സുകുമാരൻ ഒരിക്കൽ ഈ കഥയെക്കുറിച്ചു പറഞ്ഞു: ഗ്രാമീണതയിൽനിന്നു തിരുവനന്തപുരത്തു ജോലി കിട്ടിയെത്തുമ്പോൾ നഗരം എഴുത്തിന്റെ തട്ടകമാകുമെന്നു കരുതിയിരുന്നില്ല. ലോഡ്ജ് വാസവും വായനയും എഴുത്തിനു വേഗം കൂട്ടി. കാൽപനികമായ എഴുത്തിന്റെ രീതിയിൽ കുറെ കഥകൾ പിറന്നു. ഭാവനയും യാഥാർഥ്യവും കൂടിക്കുഴഞ്ഞപ്പോൾ പരിചയമുള്ള മുഖങ്ങൾ പേരുമാറി കഥയിൽകടന്നുവന്നു.വ്യക്തിദുഃഖത്തിന്റെ കഥകളായിരുന്നു അവ.അമ്പലവാതിലുകൾ. വഴിപാട്. രഥോൽസവം. നക്ഷത്രരശ്മി. ആവരണം എന്നിങ്ങനെ. 

അമ്പലവാസിയിൽനിന്ന് നെറ്റിയിൽ പന്തം കൊളുത്തി നിൽക്കുന്ന വിപ്ളവത്തിന്റെ തീപ്പന്തമായി സുകുമാരൻ പരിവർത്തനപ്പെടുന്നത് ഒരൊറ്റ കഥയിലൂടെയാണ്–തൂക്കുമരങ്ങൾ ഞങ്ങൾക്ക്. നക്സൽ സ്റ്റഡി ക്ളാസുകളിലൊന്നും പങ്കെടുത്തിട്ടില്ല സുകുമാരൻ. പക്ഷേ, അറുപതുകളുടെ അവസാനം ബംഗാളിലും കേരളത്തിലും പടർന്നുകയറിയ മുന്നേറ്റം നാട്ടിൽ ചലനമുണ്ടാക്കിയപ്പോൾ ആവേശം സിരകളിലേറ്റുവാങ്ങിവരിൽ അദ്ദേഹവുമുണ്ടായിരുന്നു. ആഞ്ഞടിച്ച വിപ്ളവക്കൊടുങ്കാറ്റിന്റെ ആവേശം ഏറ്റെടുത്ത് സുകുമാരൻ എഴുതി: എഴുത്തിന്റെ രണ്ടാം ഘട്ടത്തിലെ ആദ്യകഥ. ഇടതുപക്ഷത്തേക്കുള്ള കുടിയേറ്റത്തെ അടയാളപ്പെടുത്തിയ വാക്കുകൾ. ഒപ്പം ഏതു പക്ഷത്തുനിൽക്കുമ്പോഴും ചതിക്കപ്പെടുന്നതിന്റെ, വഞ്ചിക്കപ്പെടുന്നതിന്റെ വേദന. വിപ്ളവത്തിലുള്ള വിശ്വാസവും വിപ്ളവാനന്തരം ആവേശിക്കുന്ന വ്യാമോഹവും മുമ്പേ പ്രവചിച്ച കഥ. 

ആദർശധീരനാണ് തൂക്കുമരങ്ങൾ ഞങ്ങൾക്ക് എന്ന കഥയിലെ നായകൻ.ധീരമായ പ്രവൃത്തികളുടെ പേരിൽ താൻ ഒരിക്കലും ശിക്ഷിക്കപ്പെടുകയില്ല എന്നയാൾക്ക് അറിയാം. കുറ്റവാളികൾക്കുവേണ്ടി പണിതുയർത്തിയ കരിങ്കൽകോട്ടകളിലെ വെളിച്ചമെത്താത്ത മുറിയിൽ ഒരുനാൾ പോലും അന്തിയുറങ്ങില്ലെന്ന് ഉറപ്പുള്ളയാൾ. 

–എനിക്കുവേണ്ടി ഉയർത്തിയ ആ തൂക്കുമരം ചിതൽ തിന്നു നശിക്കുകയും പല്ലു കൊഴി‍ഞ്ഞ് ജരാനര ബാധിച്ച് ആരാച്ചാർ‌ അന്ത്യശ്വാസം വലിക്കുകയും ചെയ്യുമ്പോൾ ഞാൻ സഹതപിക്കും–

ആത്മവിശ്വാസം ആവോളമുണ്ടായിട്ടും തൂക്കുമരത്തിലേക്ക് അയാളെ വലിച്ചടുപ്പിച്ചതു മൂന്നു പ്രവൃത്തികൾ. 

ഗ്രാമത്തിലെ അരയാൽച്ചോട്ടിൽ എത്തുമ്പോൾ രോദനം കേട്ടു. സ്ത്രീയുടെ നിലവിളി. ചുറ്റും കൂടിനിൽക്കുന്നവർ ഒന്നിനും കഴിയാതെ നിൽക്കുമ്പോൾ രക്തം തിളച്ച അയാൾ കുടിലിന്റെ വാതിൽ ചവിട്ടിപ്പൊളിച്ചു. ഓലവാതിൽ തുറന്നു സ്ത്രീയുടെ മാനം കവർന്ന പുരുഷനെ വലിച്ചുപുറത്തിട്ടു.ഉപദ്രവിക്കാമായിരുന്നു അവനെ. അതുചെയ്തില്ല.പകരം ഉപദേശിച്ചു. ശേഷം ശിരസ്സുയർത്തി കൈവീശി നടന്നു. ധീരമായ പ്രവൃത്തി. വേണ്ട. ആരും അറിയണ്ട. 

ഉഴുതുമറിച്ച മണ്ണിന്റെ ഗന്ധം ഉയർന്ന വയലേലകളിൽവച്ചായിരുന്നു രണ്ടാമത്തെ പ്രവൃത്തി. ഉച്ചവെയിലത്തും വയലിൽ നിലമുഴുന്ന കർഷകൻ. തളർന്നുവീഴാറായവൻ.ഏതുനിമിഷവും നുകത്തിൽ കമഴ്ന്നടിച്ചുവീഴാം. നോക്കിനിൽക്കാൻ കഴിയാതെ അയാൾ കർഷകനെ ഇടതുകൈ കൊണ്ടു താങ്ങി. അവന്റെ വിണ്ടുപൊട്ടാറായ ചുണ്ടുകളിൽ ഇളനീർ പകർന്നുകൊടുത്തു. താങ്ങിയെടുത്തു തെങ്ങിൻതണലിൽ കിടത്തി.

നെൽവയലുകൾക്കു കാവൽനിൽക്കുന്ന കർഷകരെ കണ്ടപ്പോൾ വീണ്ടും അയാളുടെ ആത്മബോധമുണർന്നു. ആത്മവീര്യത്തിന്റെ ചൂട്ടുകത്തിച്ച് അയാൾ ഗർജിച്ചു: നിങ്ങൾ വിശന്നുപൊരിയുന്നവർ.അത്താഴം കഴിക്കാതെ വിളഞ്ഞ നെൽവയലുകൾക്കു കാവൽനിൽക്കുന്നവർ.വിതയ്ക്കാത്തവരുടെ മുറ്റത്തു ധാന്യങ്ങൾ എത്തുന്നതിനുമുമ്പ് വിതച്ചവരേ നിങ്ങൾ ഈ രാത്രിയിൽ മുഴുവൻ ധാന്യങ്ങളും കൊയ്തെടുക്കുക. 

കൃഷിഭൂമി കർഷകർ സ്വന്തമാക്കിയപ്പോൾ അയാൾ നടന്നു. എനിക്കു കിരീടം വേണ്ട. പൂമാലകൾക്കുവേണ്ടി എന്റെ കഴുത്ത് കുനിയില്ല. 

അപ്പോഴേക്കും ശിഷ്യൻമാർ വന്നു. അയാൾ അവർക്ക് ഒരു കഥ പറഞ്ഞുകൊടുക്കുമ്പോഴേക്കും നാലുപേർ വന്നു. ഗ്രാമത്തിലെ നീതിപാലകന്റെ അടുത്തിനിന്നാണവരുടെ വരവ്. ശിക്ഷയുമായി നീതിപാലകൻ കാത്തിരിക്കുന്നു. വേഗം വരൂ. 

അവർ അയാളെ തള്ളിയിട്ടു. ചുറ്റിപ്പിടിച്ചു. ആഞ്ഞുതള്ളി. നീതിപാലകന്റെ അടുത്തേക്ക്. ആദ്യം ശിക്ഷയനുഭവിക്കുക എന്നതാണു ഗ്രാമത്തിലെ പതിവ്. പിന്നെ കുറ്റപത്രം വായിച്ചുകേൾപ്പിക്കും. 

ഒന്നാമത്തെ കുറ്റം: ഗ്രാമത്തിലെ കുടിലിൽ സ്ത്രീയുമായി രമിച്ചുകൊണ്ടിരുന്ന പുരുഷനെ പിടിച്ചുമാറ്റി.തന്നോടു ചെയ്തതു ക്രൂരതയാണെന്ന സാക്ഷ്യപ്പെടുത്താൻ സ്ത്രീയും അവിടെയുണ്ട്. 

ശിക്ഷ‌: വലതുകരം വെട്ടിമാറ്റുക. 

രണ്ടാമത്തെ കുറ്റം: അധ്വാനിച്ചുകൊണ്ടിരുന്നവരെ ഇളനീർ കൊടുത്തി മയക്കി ആലസ്യത്തിലേക്കു തള്ളിയിട്ടു. ഉൽപാദനം കുറഞ്ഞ് ഗ്രാമം ക്ഷാമത്തിന്റെ പിടിയിൽ. 

ശിക്ഷ: ഇടതുകൈ വെട്ടിമാറ്റുക. 

മൂന്നാമത്തെ കുറ്റം: വിതയ്ക്കാത്തവരുടെ മുറ്റത്തു ധാന്യങ്ങളെത്തുമെന്നു കരുതി വിതച്ചവരെക്കൊണ്ട് ധാന്യങ്ങൾ കൊയ്തെടുപ്പിച്ചു.

ശിക്ഷ: കൺപോളകൾ കുതിരവാൽ കൊണ്ടു കൂട്ടിത്തുന്നുക. ഇനി ഇവൻ ഒന്നും കാണരുത്. 

ഒരു ശിക്ഷ കൂടിയുണ്ട്. ജീവിച്ചിരുന്നാൽ ചെയ്തേക്കാവുന്ന കുറ്റങ്ങൾക്കുവേണ്ടി കടൽക്കരയിലെ തൂക്കുമരത്തിൽ മരിക്കുന്നതുവരെ തൂക്കിലിടുക. 

കടൽത്തീരത്തേക്കു നടക്കുമ്പോൾ തന്നെ ചുമന്നുനടക്കുന്നയാളോട് അയാൾ അഭ്യർഥിച്ചു: എന്നെ രക്ഷിക്കൂ. നിങ്ങൾക്കു മാത്രമേ എന്തെങ്കിലും ചെയ്യാനാവൂ. 

രക്ഷിക്കാമെന്നയാൾ വാക്കുകൊടുത്തു. ഒരു ചോദ്യം മാത്രം. രക്ഷപ്പെട്ടാൽ നിങ്ങൾ എന്തു ചെയ്യും: 

ഈ ഗ്രാമം വിടും. മറ്റേതെങ്കിലും ഗ്രാമത്തിൽ വയലേലകളുടെ നടുവിലൂടെ നടക്കും. ഗ്രാമീണരെ എനിക്കറിയാവുന്നതു പഠിപ്പിക്കും. ഇനിയെനിക്കു നഷ്ടപ്പെടാൻ കൈകളില്ലല്ലോ! 

ഭരണകൂടവും വിശ്വസിച്ച പ്രത്യയശാസ്ത്രവും ഒരേപോലെ കുറ്റക്കരനെന്നു വിധിച്ചയാളാണ് എം. സുകുമാരൻ.ശത്രുവിന്റെയും മിത്രത്തിന്റെയും വെട്ടും കുത്തും ഏറ്റയാൾ. മുന്നിൽനിന്നും പിന്നിൽനിന്നും ചവിട്ടിവീഴ്ത്തപ്പെട്ടയാൾ. കഥയെഴുതിയതിന്റെ പേരിൽ നക്സലൈറ്റ് എന്നു മുദ്ര കുത്തപ്പെട്ടു. നോവൽ‌ എഴുതിയതിന്റെ പേരിൽ പാർട്ടിയിൽനിന്നു പുറത്താക്കപ്പെട്ടു. സമരം ചെയ്തതിന്റെ പേരിൽ ഓഫിസിൽനിന്നും. 

ജോലി നഷ്ടപ്പെട്ടു തെരുവിലേക്ക് ഇറങ്ങിയപ്പോൾ അമ്മ എഴുതിച്ചോദിച്ചു: എന്തിനാ മോനേ, മുന്നിൽ നിൽക്കാൻ പോയത് ? 

മകൻ അമ്മയ്ക്കെഴുതി: അമ്മയുടെ മകൻ പിന്നിലാണ് നിന്നത്. മുന്നിലുണ്ടായിരുന്നവർ പിന്നിലായപ്പോഴാണു ഞാൻ മുന്നിലെത്തിയത് ! 

ഇന്നു വൈകിട്ട് ശാന്തികവാടത്തിൽ ഒരു ചിതയ്ക്കു കൂടി തീ കൊളുത്തപ്പെടുമ്പോൾ എരിഞ്ഞടങ്ങുകയല്ല, ഉയിർത്തെഴുന്നേൽക്കുകയാണ് പിന്നിൽനിന്നിട്ടും ഒന്നാമതെത്തിയ എം.സുകുമാരൻ എന്ന എഴുത്തുകാരൻ. 

Read more : Malayalam Short Stories, Malayalam literature interviews,മലയാളസാഹിത്യം