ഇതുവരെയും പറയാത്ത ഒരു നുണ പറയാന്‍
ഞങ്ങള്‍ വാതുവെച്ചു. ഞാനും ലീലയും.
ഒമ്പതോളം നുണകള്‍ അവള്‍ ഓര്‍ത്തു എന്ന് പറഞ്ഞു.
ഒരിക്കല്‍ ആനകളായി ഞങ്ങള്‍ കാട്ടില്‍ താമസിച്ചതും
അന്തി ഉറങ്ങിയതും വരെ.
ഞാന്‍ പത്തോ പതിനൊന്നൊ നുണകള്‍ ഓര്‍ത്തു.
തെരുവില്‍വെച്ച് കൊലചെയ്യപ്പെട്ട പിടിച്ചുപറിക്കാരന്‍
പിന്നൊരിക്കല്‍ വീട്ടു വാതില്‍ക്കല്‍ വന്ന്
ആ ആഴ്ച്ചയിലെ പത്രങ്ങള്‍ ചോദിച്ചത് വരെ.
വിഷം കഴിച്ച് വണ്ടിയില്‍ കയറിയ ഒരുവള്‍, ഒരു കവി.
മുമ്പിലേക്ക് ഓടി വരുന്ന ഓരോ സ്റ്റേഷനും ഉറ്റുനോക്കിക്കൊണ്ട്
യാത്ര ചെയ്ത അവള്‍, എല്ലാ സ്റ്റേഷനിലും
അവളുടെ ആദ്യത്തെ കാമുകനെ കണ്ട്
കൈ വീശി കാണിച്ചത് പറഞ്ഞ് ലീല കരഞ്ഞു.
ഞാന്‍ അവളെ സമാധാനിപ്പിച്ചു.
മറ്റൊരു രാജ്യത്തെ കവി. മരിച്ചു.
വിഷം കഴിച്ചുതന്നെയാകണം. അല്ലെങ്കില്‍
ഓടി വന്ന വണ്ടിയില്‍ കയറി
മറ്റൊരു രാജ്യത്തിലേയ്ക്ക് തന്നെ അവള്‍ പോയി
സാരമില്ല, ഞാന്‍ പറഞ്ഞു:
അന്യരാജ്യം അന്യസ്ഥലം അന്യഭാഷ
സാരമില്ല, ഞാന്‍ പറഞ്ഞു.
നീ എന്നല്ല ഞാനും അവളെ കണ്ടിട്ടില്ല.
അവളുടെ കവിതകള്‍ ഒന്നും നമ്മള്‍
സാരമില്ല, ഞാന്‍ പറഞ്ഞു.
അവളുടെ നുണയിലെ കാമുകന്‍
ആ ആഴ്ച്ചയിലെ പത്രങ്ങള്‍ തേടിപ്പിടിച്ച്
ഓരോ സ്റ്റേഷനിലെയും കല്‍ബഞ്ചില്‍ ഇരിക്കുന്നത് കണ്ട്
ഇളംവെയിലില്‍ മുറിയുന്ന അയാളുടെ നിഴല്‍ കണ്ട്
എന്റെ കണ്ണുകള്‍ നനഞ്ഞു.
ലീല എന്നെ നോക്കി ചിരിച്ചു.
ഇനി നീ പറയുന്ന നുണ കേള്‍ക്കട്ടെ,
അവള്‍ പറഞ്ഞു.
എന്റെ കൈപ്പത്തിക്കുള്ളില്‍
അതുവരെയും ഒളിപ്പിച്ചു വെച്ചിരുന്ന വിഷക്കുപ്പി
ഞാന്‍ വായിലേക്കൊഴിച്ചു.
ഞാന്‍ പറഞ്ഞു:
ഞാന്‍ മരിക്കാന്‍ പോകുന്നു,
ഇതാ ഇപ്പോള്‍ത്തന്നെ
പിന്നെ അവളെത്തന്നെ നോക്കി ഞാന്‍ ഇരുന്നു.
മിന്നിമായുന്ന അവളുടെ രണ്ടു കണ്ണുകളില്‍
രണ്ടു രാജ്യങ്ങളിലെ രണ്ടു സമയങ്ങള്‍
തുള്ളി തുള്ളിയായി വറ്റുന്നത് കണ്ടു.
വളരെ പഴയൊരു റെയില്‍വേ സ്റ്റേഷനില്‍
ഒരു നട്ടുച്ചക്ക് വന്നുനില്‍ക്കുന്ന ഒരു വണ്ടിയും
ഞാന്‍ കണ്ടു.
വണ്ടിയിലെ ഏറ്റവും പിറകിലെ കമ്പാര്‍ട്ട്മെന്റില്‍
ഉടലിലെ മുറിവുകള്‍ക്ക് മേലുരയുന്ന പുതപ്പുമിട്ടിരിക്കുന്ന
എന്നെ കണ്ടു.
പൊട്ടിയ നുണ. ലീല പറഞ്ഞു.
നോക്ക്, നിനക്കെന്നെ കരയിപ്പിക്കാന്‍ പോലുമായില്ല.
ഞാന്‍ പക്ഷേ, അവളെത്തന്നെ നോക്കി ഇരുന്നു
പിന്നെ എന്റെ കണ്ണുകള്‍ അടഞ്ഞു
ഞാന്‍ മരിച്ചു.
Books In Malayalam Literature, Malayalam Literature News, മലയാളസാഹിത്യം