Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കുറ്റം അധ്യാപകരുടേത് മാത്രമല്ല... ചുള്ളിക്കാടിന് ഒരു അധ്യാപികയുടെ മറുപടികുറിപ്പ്

balachandranchullikad-sreela ബാലചന്ദ്രൻ ചുള്ളിക്കാട്, കെ.ആർ. ശ്രീല

സ്കൂളിലോ കോളജിലോ സർവകലാശാലയിലോ ഇനി തന്റെ കവിത പഠിപ്പിക്കരുതെന്നും എല്ലാ പാഠ്യപദ്ധതിയിൽനിന്നും തന്റെ രചനകൾ ഒഴിവാക്കണമെന്നും കവി ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ അപേക്ഷയെ തുടർന്ന് ചർച്ചകൾ ചൂടുപിടിക്കുന്നു. തന്റെ കവിതയിൽ ഗവേഷണം അനുവദിക്കരുതെന്നും  അക്ഷരത്തെറ്റും വ്യാകരണത്തെറ്റും ആശയത്തെറ്റും പരിശോധിക്കാതെ മാർക്കു വാരിക്കോരിക്കൊടുത്തു വിദ്യാർഥികളെ വിജയിപ്പിക്കുകയും ഉന്നത ബിരുദങ്ങൾ നൽകുകയും ചെയ്യുന്നതാണ് ഇങ്ങനെയൊരപേക്ഷ ഉന്നയിക്കാൻ കാരണമെന്നും ചുള്ളിക്കാട് പറഞ്ഞിരുന്നു. 

ചുള്ളിക്കാടിന്റെ പ്രസ്താവനയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപേർ രംഗത്തെത്തി. വിഷയത്തോട് പ്രതികരിക്കുകയാണ് കവിയുടെ ആരാധികയും സെന്റ് തോമസ് ഹൈസ്കൂൾ കാർത്തികപ്പള്ളിയിലെ മലയാളം അധ്യാപികയുമായ കെ.ആർ. ശ്രീല. കവിതയെ ഓർത്ത് ചുള്ളിക്കാട് പരിതപിച്ചതിനെ കുറ്റം പറയാനാകില്ല. പാഠപുസ്തകങ്ങളിൽ കവിതകൾ സ്വീകരിക്കുമ്പോൾ കവിയുടെ സമ്മതം വാങ്ങണം. ചുള്ളിക്കാട് സമ്മതിച്ചിട്ടുണ്ട്. എന്നാൽ കവി ഇനി എന്റെ കവിതകൾ പഠിപ്പിക്കരുതെന്ന് പറയേണ്ടി വന്നതിനുള്ള കാരണങ്ങൾക്ക് സമൂഹം മറുപടി പറയേണ്ടതുണ്ടെന്ന് ശ്രീല വ്യക്തമാക്കുന്നു.

കുട്ടികളുടെ മുമ്പിൽ വെറും പൊയ്മുഖമണിഞ്ഞ കോമാളികളായി മാറുകയാണ് ഓരോ ആധ്യാപകരും. എല്ലാവരും ജയിക്കണമെന്ന് ഓരോ ഗവൺമെന്റും വാശി പിടിക്കുന്നു. ഉയരുന്ന വിജയ ശതമാനം ഭരണ നേട്ടങ്ങളിലൊന്നായി വിലയിരുത്തുന്നു. പക്ഷേ കുട്ടികളുടെ വിദ്യാഭ്യാസനിലവാരതകർച്ചയും മൂല്യച്യുതിയും ഭരണഅപചയങ്ങളാകുന്നത് ആരും ഗൗനിക്കാറില്ല. ശ്രീല പറയുന്നു

തിരുവനന്തുപുരം യൂണിവേഴ്സ്റ്റി കോളജിൽ നിന്നും മലയാളത്തിന് റാങ്ക് നേടി പാസായ ശ്രീല 30 വർഷമായി അധ്യാപനരംഗത്തുണ്ട്. 

കെ.ആര്‍.ശ്രീലയുടെ കുറിപ്പ് വായിക്കാം. 

നമ്മുടെ ക്ലാസ് മുറികളെക്കുറിച്ച് ബാലചന്ദ്രൻ ചുള്ളിക്കാട് പ്രകടിപ്പിച്ച ഉത്കണ്ഠയിൽ 30 വർഷമായി മലയാളം പഠിക്കുന്ന, ഭാഷയെ സ്നേഹിക്കുന്ന, ക്ലാസ് മുറികളറിയാവുന്ന അധ്യാപിക എന്ന നിലയിൽ ഞാനും പങ്കു ചേരുന്നു. ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ കവിതയോടുള്ള അടങ്ങാത്ത തൃഷ്ണയറിഞ്ഞ, കവിയായ ബാലചന്ദ്രനെ നേരിട്ട് കണ്ട് കവിതകളെ പ്രണയിച്ച 80കളിലെ വിദ്യാർഥിനി എന്ന നിലയിലും കവിയുടെ അഭിപ്രായത്തോട് പൂർണ്ണമായി യോജിക്കുന്നു. കരുണകാട്ടണം കവിതയാണ്, ഭാഷയാണ് വികലമാക്കരുത്. 

കവിതയെ ഓർത്ത് ചുള്ളിക്കാട് പരിതപിച്ചതിനെ കുറ്റം പറയാനാകില്ല. പാഠപുസ്തകങ്ങളിൽ കവിതകൾ സ്വീകരിക്കുമ്പോൾ കവിയുടെ സമ്മതം വാങ്ങണം. ചുള്ളിക്കാട് സമ്മതിച്ചിട്ടുണ്ട്. എന്നാൽ കവി ഇനി എന്റെ കവിതകൾ പഠിപ്പിക്കരുതെന്ന് പറയേണ്ടി വന്നതിനുള്ള കാരണങ്ങൾക്ക് സമൂഹം മറുപടി പറയേണ്ടതുണ്ട്.

കുട്ടിക്ക് മലയാളം അറിയില്ല എന്നു പറഞ്ഞാൽ അതിനെന്താണ്? മലയാളം പഠിച്ചിട്ട് എന്തുകാര്യം? എന്നു ചോദിക്കുന്ന മാതാപിതാക്കളോട് എന്തുപറയാൻ സാധിക്കും? പണ്ട് അക്ഷരം പഠിച്ച് വളർന്നു വന്ന കുട്ടികൾ പുസ്തകം വായിച്ച് ആസ്വദിച്ചു. ആശയ പ്രപഞ്ചങ്ങൾ വികസിച്ചു. ഇന്ന് ട്രയിനിംഗ് വിദ്യാർത്ഥികൾ അധ്യാപക പരിശീലനത്തിനു വരുമ്പോൾ കാണിക്കുന്ന ടീച്ചിംഗ് നോട്ടുകളിൽ പോലും അക്ഷരതെറ്റുകളുടെ ഘോഷയാത്രയാണ്. ഭാവിയിൽ അധ്യാപകരാകുന്ന അവരുടെ വിദ്യാർഥികളുടെ അവസ്ഥ ഊഹിക്കാവുന്നതേയുള്ളൂ. പരിഷ്കാരങ്ങൾ കൂടിയതോടെ പണ്ട് പരിശീലിപ്പിച്ചിരുന്ന പകർത്തിയെഴുത്തും നിലത്തെഴുത്തും ഓർമയിലാണ്ടൂ. നിലത്ത് മണ്ണിൽ അ ആ ഇ ഈ... എഴുതിയ തലമുറ മരണംവരെയും അക്ഷരങ്ങൾ മറക്കാറില്ലായിരുന്നു. മണ്ണിൽ വിരലുകൾകൊണ്ട് എഴുതുന്ന അക്ഷരങ്ങൾ തലച്ചോറിൽ പതിയുമായിരുന്നു. 

അഞ്ചും ആറും പേജിലുള്ള പകർത്തെഴുത്തുകൾ കൈയക്ഷരം നന്നാക്കുക മാത്രമല്ല, ചില്ലക്ഷരങ്ങൾ മനസിലുറപ്പിക്കാൻ സഹായിക്കുന്നവയായിരുന്നു. പകർത്തിയെഴുതിയില്ലെങ്കിൽ കിട്ടുന്ന ചൂരൽകഷായങ്ങളെ ഭയന്നെങ്കിലും എഴുതിയിരുന്ന എഴുത്തുകൾ ഭാവിയിൽ പ്രയോജനം ചെയ്തിരുന്നു. ഇന്ന് കുട്ടിക്ക് നേരെ കൈയൊന്നോങ്ങിയാൽ, കണ്ണുരുട്ടിയാൽ അധ്യാപകനെതിരെ കേസാണ്. പത്താംക്ലാസിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് പോലും മര്യാദയ്ക്ക് മാതൃഭാഷ എഴുതാൻ അറിയാൻവയ്യാത്ത അവസ്ഥ സംജാതമായിരിക്കുകയാണ്. കുട്ടിയുടെ നിരക്ഷരതയിലും അ‍ജ്ഞതയിലും നിസഹായരായി നോക്കിയിരിക്കാൻ മാത്രമേ അധ്യാപകന് സാധിക്കുന്നുള്ളൂ. ഇതിന്റെയർഥം കുട്ടികളെ തല്ലുകൊടുത്തു പഠിപ്പിക്കണമെന്നല്ല, സത്യം... ധർമ്മം.... ന്യായം... തുടങ്ങിയ മൂല്യങ്ങൾ പഠിപ്പിക്കുന്ന അധ്യാപകർക്ക് ഏതുവിധേനയും കുട്ടികളെ പൊതു പരീക്ഷാസമയത്ത് ജയിപ്പിക്കണം എന്നുള്ള സമർദ്ദം ഏറി വരികയാണ്. 

കുട്ടികളെ കോപ്പി അടിപ്പിക്കുന്നതുൾപ്പെടെ... ഏത് മാർഗം സ്വീകരിച്ചും... സ്വന്തം സ്കൂളിന്റെ ... നിലനിൽപ് കാത്തുസൂക്ഷിക്കണം. 

കുട്ടികളുടെ മുമ്പിൽ വെറും പൊയ്മുഖമണിഞ്ഞ കോമാളികളായി മാറുകയാണ് ഓരോ ആധ്യാപകരും. എല്ലാവരും ജയിക്കണമെന്ന് ഓരോ ഗവൺമെന്റും വാശി പിടിക്കുന്നു.... ഉയരുന്ന വിജയ ശതമാനം ഭരണ നേട്ടങ്ങളിലൊന്നായി.. വിലയിരുത്തുന്നു. പക്ഷേ കുട്ടികളുടെ വിദ്യാഭ്യാസനിലവാരതകർച്ചയും മൂല്യച്യുതിയും ഭരണഅപചയങ്ങളാകുന്നത് ആരും ഗൗനിക്കാറില്ല. 

എന്റെ അടുത്ത സുഹൃത്ത് പ്രസിദ്ധമായ ഒരു കോളേജിൽ പ്രൊഫസർ. അവളുടെ മകൾ ഒട്ടും സമർഥയല്ല. പഠിക്കുന്നത് ഗ്രാമത്തിലെ കലാലയത്തിൽ .സ്വന്തം കോളേജിൽ മകളെ ചേർക്കാത്തതിന് അവൾ പറഞ്ഞ ന്യായം മകളുടെ പേപ്പർ നോക്കേണ്ടത് അവളുടെ കോളേജിലെ അധ്യാപകരാവണം അത്രേ?!

മകളെ ജയിപ്പിക്കാൻ മറ്റുമാർഗമൊന്നുമില്ല. എംഎ മലയാളത്തിന് പഠിക്കുന്ന  ആ മകൾക്ക് മലയാളം അറിയില്ല എന്നുള്ളതല്ല വിഷയം എങ്ങനെയെങ്കിലും വിജയിച്ച് കാശുനൽകി ജോലിക്ക് കയറ്റണം എന്നുള്ളതാണ് മാനദണ്ഡം.

ആ കുട്ടി പഠിച്ച് കോളേജിലെ അധ്യാപികയായാൽ? മുന്നിലിരിക്കുന്ന കുട്ടികൾ ഇനിയും 'ന്ദ'യ്ക്ക് പകരം 'ന്ത'യും എഴുതും.  ഭയപ്പാടോടെ ഓപ്പറേഷൻ തീയേറ്ററിൽ കൈക്കൂലി കൊടുത്ത് പാസായ  ഡോക്ടറുടെ മുമ്പിൽ കിടക്കുന്ന രോഗിയ്ക്ക് സമാനമല്ലേ ഈ അവസ്ഥ!!

നമ്മുടെ വിദ്യാഭ്യാസ നിലവാരം വല്ലാതെ തകർന്നിട്ടുണ്ട്. മലയാളം ബിരുദാനന്തര പഠനത്തിന്. 90%ൽ കൂടുതൽ മാർക്ക്.... മേടിച്ച കുട്ടികൾ പോലും നല്ല മലയാളം എഴുതാത്ത അവസ്ഥ കണ്ടറിഞ്ഞ് കണ്ണൂ മിഴിച്ചിട്ടുണ്ട്...

1994–95.. കാലഘട്ടങ്ങളിൽ ലോക ബാങ്കിൽ നിന്ന് കടമെടുത്ത്... ബാങ്ക്... മുമ്പോട്ട് വച്ച നിയമാവലികൾ ഉൾക്കൊണ്ട്... നമ്മുടെ വിദ്യാഭ്യാസ മേഖല ആകെ ഉടച്ചു വാർക്കപ്പെട്ടു. പത്തിരുപത്തി മൂന്ന് വർഷം വേണ്ടി വന്നു.. അതിന്റെ ദുരന്തങ്ങൾ സമൂഹം തിരിച്ചറിയാൻ. നമുക്ക് സ്വസ്ഥമായി കുട്ടികളെ പഠിപ്പിക്കാൻ കഴിയുന്നില്ല! എന്തുകൊണ്ട് ? 1995 നു ശേഷം ഉണ്ടായ പരിഷ്ക്കാരങ്ങളുടെ ബാക്കിപത്രം. ഈ പരിഷ്ക്കാരങ്ങൾ ഉണ്ടാക്കി തുടങ്ങിയപ്പോൾത്തന്നെ നമ്മൾ വരാൻ പോകുന്ന ദുരന്തം ചൂണ്ടി കാണിച്ചില്ലേ ? വൃത്തം, അലങ്കാരം, ക്രിയ, കാലം ഇവ പഠിച്ചാൽ എന്താണ് ദോഷം ?

ഇംഗ്ലീഷ് പഠിക്കുന്ന കുട്ടികൾക്കും വ്യാകരണം അറിയില്ല. കുട്ടി വ്യാകരണം പഠിക്കാതെ ചാവാത്തവനെ കൊല്ലുന്ന അവസ്ഥ മാറേണ്ടേ ?

എല്ലാവരേയും... ഏതു വിധേനയും ജയിപ്പിക്കുകയാണ് നമ്മുടെ മുമ്പിലെ ഏറ്റവും വലിയ കടമ്പ. വിജയശതമാനം വിളമ്പുന്ന അധികാരികളുടെ മുഖത്ത് അത്തരം അഹന്തകൾ വായിച്ചെടുക്കാം. കുളിപ്പിച്ച് കുളിപ്പിച്ച് കുട്ടിയെ തന്നെ എങ്ങനെ ഇല്ലാതാക്കാമെന്ന ഗവേഷണ പരീക്ഷണങ്ങളിലാണ് നമ്മുടെ ക്ലാസ് മുറികൾ. ക്ലാസ് മുറിയിലെ ഹിറ്റ്ലറും സ്റ്റാലിനുമായിരുന്നവർ വെറും ഫെസിലിറ്റേറ്ററും ഇനീഷ്യേറ്ററുമായി മാറിയെങ്കിലും മാറിയ റോളിലെക്ക് അധ്യാപകരെ ഒരുക്കാനൊരു പദ്ധതിയും ഇല്ല തന്നെ. ക്ലാസ് മുറിയിലെ തകിടം മറിയൽ അധ്യാപകരെ കൂടുതൽ അരക്ഷിതരുമാക്കിയിരിക്കുന്നു.

നല്ല കുറച്ച് അധ്യാപകരെ തരൂ, അവർക്ക് ചുറ്റുമായി വ്യത്യസ്തമായൊരു സർവകലാശാല ഉണ്ടാക്കിത്തരാം എന്ന് കേരളത്തിലേക്കു വന്ന ഡോ. അനന്തമൂർത്തിയെപ്പോലും ഓടിച്ച ചരിത്രമാണ് നമുക്കുള്ളത്. പുതിയ കാലത്തെ നൈതികമായും സൗന്ദര്യപരമായും അഭിമുഖീകരിക്കാനും സ്വയം പാഠപുസ്തകമാകാനുമുള്ള ബാധ്യതയെക്കുറിച്ച് അധ്യാപകരോട് പറയാൻ ഇന്നാരുമില്ല. ഫലത്തിൽ അർധ നിരക്ഷരരുടെ വൃദ്ധസദനങ്ങളായി മാറിയിരിക്കുന്നു നമ്മുടെ ക്ലാസ് മുറികൾ. 

Books In Malayalam LiteratureMalayalam Literature Newsമലയാളസാഹിത്യം