Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അതല്ലായിരുന്നു യഥാർഥ ചിത്രം !

nick ut napalm girl എം. സുകുമാരനെയും, നാപാം പെൺകുട്ടിയുടെ ചിത്രത്തെയും, വിവിധോദ്ദേശ്യ സ്റ്റേഡിയങ്ങളെയും കുറിച്ച് എൻ.എസ് മാധവൻ.

എഴുത്തുകാരൻ, ഒറ്റയ്ക്ക്

പെരുമാൾ മുരുകനെ പോലെ ഒരു ദിവസം എഴുത്തുജീവിതം അവസാനിപ്പിച്ച സാഹിത്യകാരനായിരുന്നു എം. സുകുമാരൻ. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സ്ഥാപനവത്‌കരണത്തെ ചിത്രീകരിച്ച ‘ശേഷക്രിയ’ എന്ന നോവൽ പ്രസിദ്ധീകരിച്ചതിനു ശേഷം അദ്ദേഹം പത്തുകൊല്ലത്തോളം ഒന്നും എഴുതിയില്ല. തിരിച്ചുവന്നതിനു ശേഷവും അദ്ദേഹത്തിന്റെ എഴുത്തുജീവിതം ഹ്രസ്വമായിരുന്നു. 1995നു ശേഷം സുകുമാരൻ ഒന്നുംതന്നെ എഴുതിയില്ല. 

ക്ഷുഭിതയൗവനവും വിദ്യാർഥിപ്രക്ഷോഭങ്ങളും കത്തിനിൽക്കുന്ന എഴുപതുകളിൽ പിറന്ന മലയാളസാഹിത്യത്തിലെ അത്യാധുനികതയിൽ, ആ കാലത്തിന്റെ രാഷ്ട്രീയം പകർത്തിയ ചുരുക്കം ചില എഴുത്തുകാരിൽ ഒരാളാണ് എം. സുകുമാരൻ. അദ്ദേഹത്തിന്റെ കഥകളിൽ കാലവും ദേശവും മാറിനിന്നു. അതുകൊണ്ടു വായനക്കാർ അവയിൽ വ്യംഗ്യമായ അർഥതലങ്ങൾ തപ്പി. സമകാലികവായനയുടെ വക്രതകൾ മാറിയ ഇന്നത്തെ കാലത്ത് അവ നിലനിൽക്കുന്നതു മലയാളത്തിലെ നല്ല കഥകളായിട്ടു തന്നെയാണ്. 

M. Sukumaran എം. സുകുമാരന്‍, പെരുമാൾ മുരുകൻ

എം. സുകുമാരൻ തന്നെ പറഞ്ഞ കഥയാണിത്: ഏജീസ് ഓഫിസിലെ ജോലിയിൽ നിന്നു പുറത്താക്കിയതിനു ശേഷം അദ്ദേഹം തിരികെ നാട്ടിൽ എത്തിയപ്പോൾ അമ്മ ചോദിച്ചു: “നിനക്കു പിന്നിൽ നിന്നാൽ പോരായിരുന്നോ?” അദ്ദേഹം പറഞ്ഞു: “ഞാൻ പിന്നിലായിരുന്നു അമ്മേ. പക്ഷേ, എന്റെ മുൻപിൽ നിന്നവർ പിൻവലിഞ്ഞ് എന്റെ പുറകിൽ വന്നുനിന്നു.” തുടർന്നു പിന്നിൽ നിന്നവരും ചിന്നിച്ചിതറി. ഒടുവിൽ എഴുത്തുകാരൻ ഒറ്റപ്പെട്ടവനാണെന്ന് ഓർമിപ്പിച്ചു കൊണ്ട് എം. സുകുമാരൻ കടന്നുപോയി.

അതല്ലായിരുന്നു യഥാർഥ ചിത്രം !

പ്രസിദ്ധ ഫൊട്ടോഗ്രഫർ നിക്ക് ഉട്ടിനെ കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി കേരളം അടുത്തറിഞ്ഞു. അദ്ദേഹത്തിന്റെ പ്രസിദ്ധമായ ‘യുദ്ധത്തിന്റെ ഭീകരത’ എന്ന ചിത്രം ഫോട്ടോ ജേണലിസത്തിന്റെ എല്ലാ മൗലികപ്രശ്നങ്ങളും ഉയർത്തുന്നു.

ഏറ്റവും മികച്ച നിശ്ചലചിത്ര ഫൊട്ടോഗ്രഫി ചെയ്യുന്നത് ‘ആ നിർണായക നിമിഷത്തെ’ പിടിച്ചെടുക്കുക എന്നതാണ്. ഫൊട്ടോഗ്രഫിയുടെ കുലപതി കാർട്ടിയർ ബ്രെസ്സന്റെയാണു നിർവചനം. നാപാം ബോംബ് ആക്രമണത്തിൽ തീയാളിയ വസ്ത്രങ്ങൾ ഊരിയെറിഞ്ഞോടിയ പെൺകുട്ടിയുടെ ചിത്രത്തിലൂടെ നിക്ക് ഉട്ടിന് അതു സാധിച്ചു. യുദ്ധവിരുദ്ധവികാരം ആളിക്കത്തിച്ച ഒരു തീപ്പൊരിയായിരുന്നു നാപാം പെൺകുട്ടിയുടെ ആ ചിത്രം.

nick ut napalm girl ചിത്രത്തിൽ വലതുവശത്ത്, പട്ടാളവേഷത്തിലുള്ള ഫൊട്ടോഗ്രഫറെ ക്രോപ് ചെയ്ത് മാറ്റിയാണ് നിക്ക് ഉട്ടിന്റെ പ്രശസ്തമായ ഫോട്ടോ 'യുദ്ധത്തിന്റെ ഭീകരത' പ്രസിദ്ധീകരിച്ചത്

ഇത്തരം അപകടസന്ദർഭങ്ങളിൽ ഒരു ഫൊട്ടോഗ്രഫർ പടം പിടിക്കണമോ അതോ നിസ്വാർഥനായി, ഫൊട്ടോഗ്രഫി നിർത്തിവച്ച് അപകടത്തിൽ പെട്ട ആളെ രക്ഷിക്കണമോ എന്നൊരു ധാർമികപ്രശ്നം ഇന്നും നീണ്ട ചർച്ചകൾക്കു വഴിവയ്ക്കുന്നു. ഇപ്പോൾ പൊതുഅഭിപ്രായം എതാണ്ട് ഇപ്രകാരമാണ്: ആദ്യം രേഖപ്പെടുത്തുക, പിന്നെ സഹായിക്കുക. നിക്ക് ഉട്ട് ചെയ്തതും അതു തന്നെയാണ്. പടം എടുത്തതിനു ശേഷം നാപാം പെൺകുട്ടിയെ അദ്ദേഹം ആശുപത്രിയിൽ എത്തിച്ചു.

അടുത്ത ധാർമികപ്രശ്നം കൂടുതൽ സങ്കീർണമാണ്. നിക്ക് ഉട്ട് പിടിച്ച ചിത്രമല്ല, ന്യൂയോർക്ക് ടൈംസിൽ അച്ചടിച്ചു വന്നത്. അദ്ദേഹത്തിന്റെ പടത്തിൽ നാപാം പെൺകുട്ടിയുടെ ഇടതു വശത്ത്, ഏതാണ്ട് അവളോടൊപ്പം ശ്രദ്ധ പിടിച്ചുപറ്റുന്ന, പട്ടാളവസ്ത്രം ധരിച്ച ഒരു ഫൊട്ടോഗ്രഫർ ഉണ്ടായിരുന്നു. അയാൾ ചിത്രത്തിൽ വെറും സാധാരണമായ ഒരു കാര്യം ചെയ്യുകയായിരുന്നു: ക്യാമറയിൽ ഫിലിം റോൾ മാറ്റുക. അത്രയും ഭാഗം മുറിച്ചുമാറ്റി പ്രസിദ്ധീകരിച്ചപ്പോൾ നാപാം പെൺകുട്ടി കൂടുതൽ ശ്രദ്ധ നേടി. ‘യുദ്ധത്തിന്റെ ഭീകരത’ എന്ന ചിത്രത്തിന്റെ പേരു കൂടുതൽ സാർഥകമായി. ഈ ചിത്രമാണ് ഇപ്പോൾ പ്രചരിക്കുന്നത്. 

പടങ്ങൾ, പ്രത്യേകിച്ച് നേരു പറയുവാൻ ബാധ്യസ്ഥമായ വാർത്താചിത്രങ്ങൾ ‘ക്രോപ്പ്’ ചെയ്യുന്നതു ധാർമികമാണോ? ഇത് ഒരു വാക്യത്തിൽ നിന്ന് ഒരു വാക്കോ ഒരു ചിഹ്നമോ എടുത്തുമാറ്റി അർഥം മറ്റൊന്നാക്കുന്നതു പോലെ അല്ലേ? പല ഉത്തരങ്ങളുള്ള ഒരു പ്രഹേളികയായി ഈ ചോദ്യം തുടരുന്നു. 

വരട്ടെ, വിവിധോദ്ദേശ്യ സ്റ്റേഡിയങ്ങൾ

ക്രിക്കറ്റോ ഫുട്ബോളോ? കൊച്ചിയിലെ ജവാഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ വെസ്റ്റ് ഇൻഡീസും ഇന്ത്യയും ആയി ഏകദിനമത്സരം നടക്കുമെന്ന വാർത്ത കൊളുത്തിവിട്ട വിവാദം ഇതാണ്. പ്രശ്നത്തിനു പരിഹാരം ഫുട്ബോൾ കൊച്ചിക്കും ക്രിക്കറ്റ് തിരുവനന്തപുരത്തിനും ആയി പകുത്തു നൽകുക എന്നതല്ല. രണ്ടു കളികളും, കൂടാതെ അത്‌ലറ്റിക്സും നടത്താവുന്ന വിവിധോദ്ദേശ്യ സ്റ്റേഡിയങ്ങളായി തന്നെ ഇവ തുടരണം.

അതിനുള്ള ഉപായവും സാങ്കേതികവിദ്യയും ഇപ്പോൾ ലഭ്യമാണ്. ആവശ്യമാണു കണ്ടുപിടിത്തത്തിന്റെ മാതാവ് എന്നു ക്രിക്കറ്റ് ഭരണവ്യവസ്ഥയോടു മുഴുവൻ വഴക്കിട്ടു സ്വന്തമായി സീരിസ് തുടങ്ങിയ കെരി പാക്കറെക്കാൾ നന്നായി ആർക്കറിയാം? അദ്ദേഹം സീരിസ് തുടങ്ങുമ്പോൾ ഓസ്ട്രേലിയയിലെ ക്രിക്കറ്റ് അധികൃതർ അദ്ദേഹത്തിനു ഗ്രൗണ്ടുകൾ നൽകിയില്ല. ഓസ്ട്രേലിയൻ ഫുട്ബോൾ മൈതാനങ്ങൾ അദ്ദേഹം വാടകയ്‌ക്ക് എടുത്തു. പക്ഷേ, അവയുടെ ഉടമകൾ മൈതാനം കുത്തിക്കിളച്ചു പിച്ചുകൾ ഉണ്ടാക്കാനുള്ള സമ്മതം നൽകിയില്ല. പാക്കർ പിച്ചുകൾ പുറത്തുണ്ടാക്കി മൈതാനത്തിൽ കൊണ്ടുവന്നു പിടിപ്പിച്ചു; സീസൺ കഴിയുമ്പോൾ അതെടുത്തു മാറ്റി. അങ്ങനെയാണു ഡ്രോപ് ഇൻ അഥവാ പോർട്ടബ്‌ൾ പിച്ചുകൾ ഉണ്ടാകുന്നത്. വിവിധോദ്ദേശ്യ സ്റ്റേഡിയങ്ങളിൽ ക്രിക്കറ്റും ഫുട്ബോളും കളിക്കണമെങ്കിൽ ഇതാണ് ഒരു പോംവഴി.

ns-madhavan

കേരളത്തിലെ സ്പോർട്സ് ഭരണാധികാരികൾ ഈ വക കാര്യങ്ങളിൽ ഏറ്റവും പുതിയ അറിവുകൾ ഉള്ളവരാണ്. അതുകൊണ്ടാണ്, കാര്യവട്ടത്തെ സ്പോർട്സ് ഹബ് സ്റ്റേഡിയം വർഷത്തിൽ 180 ദിവസത്തെ ഉപയോഗത്തിനായി കേരള ക്രിക്കറ്റ് അസോസിയേഷന് വിട്ടുനൽകുന്ന കരാർ 2016 സെപ്റ്റംബറിൽ ഒപ്പിടുന്ന വേളയിൽ, സ്റ്റേഡിയത്തിന്റെ ഉടമസ്ഥരായ കാര്യവട്ടം സ്പോർട്സ് ഫെസിലിറ്റീസ് ലിമിറ്റഡിന്റെ ഡയറക്ടർ അനിൽ കുമാർ പണ്ടാല പറഞ്ഞത്, “ഇവിടെ ഡ്രോപ് ഇൻ പിച്ച് സ്ഥാപിക്കും. എട്ടുപത്തു കോടി രൂപ ചെലവാകും, അടുത്ത വർഷം പണി പൂർത്തിയാകും. മെൽബണിനും ക്വിൻസ്‌ലാൻഡിനും ശേഷം ഇതായിരിക്കും ഈ സൗകര്യമുള്ള ലോകത്തിലെ മൂന്നാമത്തെ ഇടം.’’ തിരുവനന്തപുരത്തെ ഡ്രോപ് ഇൻ പിച്ചിനെപ്പറ്റി പിന്നീട് പ്രസ്താവനകൾ കണ്ടിട്ടില്ല. 

സ്കോർപ്പിയോൺ കിക്ക്: ചക്ക സംസ്ഥാനഫലമായി കൃഷിമന്ത്രി പ്രഖ്യാപിച്ചു. അവസാനലാപ്പിൽ അപ്രതീക്ഷിതമായി വത്തക്ക ഉയർത്തിയ വെല്ലുവിളിയെ അതിജീവിച്ചാണ് ഈ നേട്ടം!    

Malayalam Short Stories, Malayalam literature interviews,മലയാളസാഹിത്യം