പാറ്റൂർ കേസിൽ സംഭവിച്ചതെന്ത്? തുറന്നടിച്ച് ജേക്കബ് തോമസ്

അഴിമതി എന്നുപറയുന്നതു കൈക്കൂലിയും അതു താഴെത്തട്ടിലാണ് ഏറെ രൂക്ഷം എന്നുമാണ് ഞാൻ കരുതിയിരുന്നത്. പൊതുസംവിധാനത്തിൽ തട്ടിപ്പുകൾ തടയാനുള്ള വലയുടെ കണ്ണികൾ വളരെ ചെറുതാണ്.അപ്പോൾ സ്വാഭാവികമായും ചെറുതും വലുതുമായ എല്ലാത്തരം അഴിമതി ജലജീവികളും അതിൽ കുടുങ്ങണം. എന്നാൽ നമ്മുടെ സംവിധാനത്തിലെ വലയിൽ ചെറുജീവികൾ മാത്രമാണു കുടുങ്ങുന്നത്. ഏതു വലയും തകർക്കാൻ കെൽപുള്ളവരാണ് വലിയ മൽസ്യങ്ങൾ, സ്രാവുകൾ. 

പാറ്റൂർ കേസ് എന്താണെന്നും താൻ എങ്ങനെയാണ് ആ കേസിൽ ഇടപെട്ടത് എന്നും വിശദീകരിക്കുമ്പോഴാണ് സ്രാവുകളെക്കുറിച്ച് ആത്മകഥയിൽ ഡിജിപി ജേക്കബ് തോമസ് പറയുന്നത്. അഴിമതിയുടെ ചെറുജീവികളല്ല; വലിയ സ്രാവുകളാണ് ഈ കേസിൽ ഉൾപ്പെട്ടതെന്നും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. ഈ പരാമർശങ്ങളുൾക്കൊള്ളുന്ന പുസ്തകം എഴുതിയതിന്റെ പേരിലാണ് ഇപ്പോൾ രണ്ടാമത്തെ സസ്പെൻഷൻ ജേക്കബ് തോമസിനെ തേടിവന്നിരിക്കുന്നത്. 

നിയമം അനുസരിച്ച് ഭരണപിഴവുകൾ കണ്ടെത്തുകയാണ് ലോകായുക്തയുടെ ജോലി എന്ന ആമുഖത്തോടെയാണു ജേക്കബ് തോമസ് പാറ്റൂർ കേസിനെക്കുറിച്ചു വിശദീകരിക്കുന്നത്. ഒരു പൊതുപ്രവർത്തകന്റെ പരാതിയിലാണു കേസിന്റെ തുടക്കം. പൊതുമുതൽ സ്വകാര്യവ്യക്തി കൈവശപ്പെടുത്തുന്നു എന്നാണു പരാതി. പരാതി അന്വേഷിക്കാൻ ലോകായുക്ത തീരുമാനിക്കുന്നു. അപ്പോഴേക്കും വിജിലൻസിലേക്കു മാറിയിരുന്നു ജേക്കബ് തോമസ്. പുറത്തുനിന്നുള്ള സ്പെഷൽ ഓഫിസർ എന്ന നിലയ്ക്കാണ് അദ്ദേഹം പാറ്റൂർ കേസിന്റെ നേതൃത്വം ഏറ്റെടുക്കുന്നത്. അന്വേഷണത്തിനു രണ്ടു ടീമുണ്ടാക്കി. ജേക്കബ് തോമസിനു പുറമെ ഒരു എസ്പി, രണ്ടു ഡിവൈഎസ്പി, രണ്ടു സിഐ. 

കേസിന്റെ രഹസ്യസ്വഭാവം നഷ്ടപ്പെടുത്താതെയായിരുന്നു അന്വേഷണമെന്നു പറയുന്നു ജേക്കബ് തോമസ്. സമയനിഷ്ഠയോടെ നീങ്ങിയ അന്വേഷണം പൂർത്തിയാകുന്നതുവരെ എല്ലാവരും നിശ്ശബ്ദരായി കാര്യങ്ങൾ ചെയ്യണമെന്നും കേസിനെക്കുറിച്ചുള്ള ഒരു വിവരവും പുറത്തുപോകരുതെന്നും ആദ്യംതന്നെ തീരുമാനിച്ചിരുന്നു. ഇതൊരു സത്യാന്വേഷണമാണ്. ഏതറ്റം വരെ പോകാനാകുമെന്ന് ഉറപ്പില്ല. എങ്കിലും ഒരു തുരങ്കരപാത നിർമിക്കുന്നതുപോലെ സാവധാനം മുന്നോട്ടുപോകണം: തന്റെ ടീമിനോടു ജേക്കബ് തോമസ് പറഞ്ഞു. 

മൂന്നുമാസംകൊണ്ടു പൂർത്തിയായി ആദ്യറിപ്പോർട്. അന്തിമ രൂപം തയ്യാറാക്കിയത് ഒട്ടേറെ കരടുകൾക്കുശേഷം. കേസിൽ ഉൾപ്പെട്ടിരുന്ന ചില വ്യക്തികളെക്കുറിച്ചുള്ള സൂചന ആദ്യറിപ്പോർടിൽ വളെരെ ചുരുക്കി ഒരു ഖണ്ഡികയിൽ എഴുതിയിരുന്നു. പരാമർശിക്കപ്പെട്ടതു കേരളത്തിലെ ചില ഉന്നതർ. പക്ഷേ, വ്യക്തികളിൽ കേന്ദ്രീകരിക്കുന്നതിനുപകരം ഭരണനിർവഹണ സംവിധാനം മെച്ചപ്പെടുത്തുന്നതിലായിരുന്നു ഊന്നൽ. സമർപ്പിച്ച് ഒന്നരമാസം കഴിഞ്ഞു; റിപ്പോർട് കിട്ടിയതായുള്ള ഒരു സൂചനയുമില്ല അധികൃതരിൽനിന്ന്. 

അതോടെ ഉന്നതരുടെ പങ്കിനെക്കുറിച്ച് വിശദമായ ഒരു അന്വേഷണം തന്നെ നടത്താൻ തീരുമാനിച്ചു ജേക്കബ് തോമസ്. ഡിസംബറിൽ രണ്ടാം ഭാഗം സമർപ്പിച്ചു. അപ്പോൾ ചില ചോദ്യങ്ങൾ നേരിടേണ്ടിവന്നു. എന്തിനീ റിപ്പോർട് സമർപ്പിച്ചു ? നിങ്ങളോട് ആരാണ് ഇത്രയും അന്വേഷിക്കാൻ പറഞ്ഞത് ? കേസ് അന്വേഷിക്കാൻ നിർദേശിച്ചവർതന്നെയാണ് ഈ ചോദ്യങ്ങളും ചോദിച്ചതെന്ന് ഓർമിക്കുന്നു ജേക്കബ് തോമസ്. പാറ്റൂർ കേസിൽപെട്ട ഒരാളെയും വെറുതെ വിടരുത്. ലോകായുക്തയുടെ കരുത്ത് തെളിയിക്കാനുള്ള കേസാണിത് എന്നൊക്കെ പറഞ്ഞു തുടക്കത്തിൽ പ്രോത്സാഹിപ്പിച്ചവരാണ് എന്തിനു കൂടുതൽ അന്വേഷിച്ചത് എന്ന ചോദ്യവും ചോദിച്ചത്.

റിപ്പോർട് മറ്റാർക്കും നൽകാൻ പാടില്ലെന്നു വ്യക്തമാക്കി ലോകായുക്ത റജിസ്ട്രാർ ജേക്കബ് തോമസിനു കത്തു നൽകി. വിശദമായ രണ്ടു റിപ്പോർടുകൾക്കുപുറമെ മൂന്നാമതൊരു റിപ്പോർടു കൂടി ലോകായുക്തയിൽ നൽകിയിരുന്നു. മൊത്തം 31 സെന്റ് സ്ഥലം കയ്യേറിയതായ സർവേ റിപ്പോർടിനെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു മൂന്നാമത്തെ റിപ്പോർട്. കോടതിയിൽ എത്തിയ ഒരു കേസിന്റെ വിശദാംശങ്ങൾ വിവരാവകാശ നിയമപ്രകാരം ആര് ആവശ്യപ്പെട്ടാലും നൽകേണ്ടതാണെങ്കിലും പാറ്റൂർ കേസിന്റെ കാര്യത്തിൽ അതുണ്ടായില്ല. രണ്ടു വർഷം കഴിഞ്ഞിട്ടും ലോകായുക്ത ഒരു തീരുമാനവുമെടുത്തില്ല. 

പാറ്റൂർ കേസ് എന്തുകൊണ്ടു തന്നെ സ്വാധീനിച്ചു എന്നും ആത്മകഥയിൽ ജേക്കബ് തോമസ് വ്യക്തമാക്കുന്നു. അഴിമതിക്കെതിരെ നടപടി എടുക്കേണ്ട ഒരു സ്ഥാപനം അഴിമതി കാണുമ്പോൾ അങ്കലാപ്പിലാവുന്ന അവസ്ഥയ്ക്ക് ദൃക്സാക്ഷിയായി ഈ കേസിലെന്നു പറയുന്നു ജേക്കബ് തോമസ്. പക്ഷേ നിരാശനാവുന്നതിനുപകരം ദൃഡനിശ്ചയത്തോടെ താൻ മുന്നോട്ടുപോയെന്നും അതുകൊണ്ടാണു ജേക്കബ് തോമസ് എന്ന ഉദ്യോഗസ്ഥൻ കേരളത്തിൽ അറിയപ്പെട്ടതെന്നും കൂടി അദ്ദേഹം വിശദീകരിക്കുന്നു. 

അഴിമതിക്കെതിരായ യുഎൻ കൺവൻഷനിൽ ഇന്ത്യ ഒപ്പുവയ്ക്കുന്നതു 2011–ൽ. പാറ്റൂർ കേസ് അന്വേഷണം ആരംഭിക്കുന്നതു 2014 മധ്യത്തിൽ. നീതിനിർവഹണം തടസ്സപ്പെടുത്തൽ, അധികാര ദുർവിനിയോഗം, ചുമതല നിർവഹണത്തിൽ വീഴ്ച എന്നിവയും അഴിമതി തന്നെയാണ്. ഇതൊക്കെ ഭരണത്തിന്റെ തലപ്പത്തുള്ളവർ തന്നെ ചെയ്യുന്നുണ്ടോ എന്ന സംശയം ജേക്കബ് തോമസിന്റെ മനസ്സിൽ സൃഷ്ടിക്കുന്നതു പാറ്റൂർ കേസാണ്. കേസ് ആദ്യമന്വേഷിച്ചതു വിജിലൻസ്. ക്രമക്കേടുകൾ അക്കമിട്ടു നിരത്തിയാണു വിജിലൻസ് റിപ്പോർട് സമർപ്പിച്ചത്. ഇതിനൊപ്പം ലോകായുക്ത അന്വേഷണത്തിന്റെ ഭാഗമായുള്ള മൂന്നു റിപ്പോർടുകൾ കൂടിയായി. ഇതേ വിഷയത്തിൽ കംട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ (സിഎജി) അന്നത്തെ റവന്യൂ സെക്രട്ടറിക്കു കത്തും നൽകിയിരുന്നു. റവന്യൂ സെക്രട്ടറിയുടെ നിർദേശാനുസരണം ലാൻഡ് റവന്യൂ കമ്മിഷണർ അന്വേഷണം നടത്തി. സിഎജിയുടെ നിലപാട് ശരിവച്ച് റവന്യൂ സെക്രട്ടറിക്കു കത്തും നൽകി. റവന്യൂ സെക്രട്ടറി ജില്ലാ കലക്ടർക്കു കൈമാറി. കലക്ടർ തുടർനടപടികൾക്കായി ഫയൽ താഴേക്കും വിട്ടു– ജേക്കബ് തോമസ് ആത്മകഥയിൽ വിശദീകരിക്കുന്നു.