Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഉണ്ണി ആർ കഥയിലെ ഇരട്ടകൾ 

unni r ഉണ്ണി ആർ.

പ്രേമത്തിലോ പ്രണയത്തിലോ സംഭവിക്കുന്ന, സംഭവിക്കാവുന്ന പെണ്ണിന്റെയും ആണിന്റെയും സ്വഭാവഗതികളെ പിൻപറ്റി, ആ ബന്ധത്തിലെ ഉലച്ചിലും വളർച്ചയും ഒടുങ്ങലും കഥകൾക്കു വിഭവമാക്കി, ഉണ്ണി ആർ എഴുതിയ രണ്ടു കഥകൾ പരസ്പര വിപരീതങ്ങളിൽ സഞ്ചരിക്കുമ്പോഴും ഇരട്ടകളായി മലയാള ചെറുകഥയിലുണ്ട്. ആദ്യകഥയിൽനിന്നു രണ്ടാമത്തെ കഥയിലേക്ക്‌ എത്തുന്ന വായന, ആ കഥകളിൽ സംഭവിക്കുന്ന ശൈലീപരവും ഭാഷാപരവും രൂപപരവും വിചാരപരവും ആഖ്യാനപരവുമായ സംഘർഷങ്ങളെയും, ആ സംഘർഷങ്ങളെ കഥാകാരൻ മറികടക്കുന്നതിന്റെ കൗശലത്തെയും അമ്പരപ്പിക്കും വിധം അനുഭവിപ്പിക്കും. ആൺകാഴ്ചയിലും മേൽക്കൈയിലും കഥാഘടന വികസിക്കുമ്പോഴും ഈ രണ്ടു കഥകളിലും പെൺകഥാപാത്രങ്ങൾ സ്വതന്ത്ര നിലപാടെടുത്ത് ആണിന്റെ ഇടത്തെ അട്ടിമറിച്ച്, സാമ്പ്രദായിക കഥാനടത്തങ്ങളെ തിരസ്കരിച്ച്, കഥയിലും ജീവിതത്തിലും ആദ്യ സഞ്ചാരപാതകളുടെ കൗതുകവും ആകാംക്ഷയും നിറച്ച്, കഥകളെ വ്യത്യസ്തമാക്കി അനുഭവപ്പെടുത്തുന്നു. 

'മരണഭാഷ' എഴുതി എത്രയോ കഴിഞ്ഞാണ് ഉണ്ണി ആർ 'ഭാരതപര്യടനം' എഴുതുന്നത്. എന്നാൽ ഈ രണ്ടു കഥയിലും വളരെ സൂക്ഷ്മമായി പ്രവർത്തിക്കുന്ന പെൺ–ആൺ ബന്ധങ്ങളിലെ അതിരുകളും അതിരുഭേദങ്ങളും പെൺശരീരകേന്ദ്രിതമായി അനുഭവിച്ചറിഞ്ഞ് പ്രശ്നവൽക്കരിച്ച് അടയാളപ്പെടുത്തുന്നതിൽ ഉണ്ണി ആർ സ്വീകരിക്കുന്ന രണ്ട് വ്യത്യസ്ത സമീപനങ്ങൾ, ഈ രണ്ട് കഥകളുടെയും പുനർവായനയിലേക്ക് വായനക്കാരെ കൊണ്ടുചെന്നെത്തിക്കുന്നു. പ്രണയത്തിലായ രണ്ടു പെണ്ണുങ്ങൾ അവരുടെ സ്വത്വം വീണ്ടെടുക്കുന്നതും ആ സ്വത്വങ്ങളുടെ ആവിഷ്ക്കാരത്തിന് സ്വതന്ത്രമായി രണ്ടു വഴികൾ കണ്ടെത്തുന്നതും അങ്ങനെ അഭിലാഷങ്ങൾ നേടിയെടുക്കുന്നതും ഈ കഥകൾ പറഞ്ഞുവയ്ക്കുന്നു. 

മരണഭാഷ / പത്മിനി

ശരീരബദ്ധം മാത്രമായി, അശ്ലീലം പോലെ മുന്നേറുന്ന പ്രണയത്തിൽനിന്നു കുതറിമാറി അർഹിക്കുന്ന വിധം പ്രതികരിച്ചു സ്വതന്ത്രയാവുകയാണ് 'മരണഭാഷ'യിൽ പത്മിനി. ഏതതിരിനും അകത്തോ പുറത്തോ ആയി സംഭവിക്കുന്ന ശരീരഭോഗത്തെ അവസാനിപ്പിക്കാൻ, ശരീര കേന്ദ്രിതമായി മാത്രം വിടർന്നു വിലസുന്ന ആൺ കാമനയെ പ്രതിരോധിക്കാൻ, കുറ്റബോധമേതുമില്ലാതെ തയാറെടുക്കുന്ന പത്മിനി, ശരീരത്തെത്തന്നെയാണ് ഉപയോഗിക്കാൻ തീരുമാനിക്കുന്നത്. ആൺശരീരത്തിന്റെ ഇല്ലായ്മ തന്നെയാവും ശരീരബദ്ധം മാത്രമായ, ശരീരത്തിന്റെ അഴകളവുകളിൽ അഭിരമിക്കുന്ന ആൺ കാഴ്ചയെ മറികടക്കാൻ സഹായിക്കുകയെന്ന് അവർക്കു ബോധ്യപ്പെടുന്നു, ആൺ ശരീരത്തിന്റെ ഇല്ലാതാക്കൽ ആ ശരീരത്തിന്റെ കാണലിൽ മാത്രം വികസിച്ചു വരുന്ന പെൺ ശരീരത്തിന്റെ ഇല്ലാതാകലിലും അവസാനിക്കുമെന്ന ബോധ്യം. കഥയിലെ ഉണ്ണിയുടെ ശരീരത്തെ ഉപയോഗിക്കാൻ തന്നെയാണ് പത്മിനി തീരുമാനിക്കുന്നത്; എലിയെ കൊല്ലുംപോലെ കുരുക്കിട്ടു കൊന്നുകളയാൻ. പത്മിനി ഉണ്ണിയെ കൊല്ലുന്നതിന്റെ തലേന്ന് തന്റെ ഡയറിയിൽ ഇങ്ങനെയാണ് എഴുതുന്നത്. 'എന്തും ഭുജിക്കണമെന്ന് ആർത്തിയുള്ള അത്യാഗ്രഹിയായ ഒരു എലിയെ കൊല്ലുവാനുള്ള എളിയ ശ്രമം.' ഉണ്ണിയെ പത്മിനി ഓർത്തെടുക്കുന്നത് നോക്കുക. 'പത്മിനി ഉണ്ണിയുടെ ഉപമകളുടെ ചുറ്റുവഴികളിലൂടെ ബഹുദൂരം സഞ്ചരിച്ചു. അക്ഷരങ്ങൾക്കിടയിൽ നിന്നും ഉപമകളും അലങ്കാരങ്ങളുംകൊണ്ട് നിർമ്മിതമായ ഒരു പുരുഷരൂപം നിവർന്നു.' ശരീരം മാത്രം കാണുന്ന, അനുഭവിക്കുന്ന പുരുഷന്റെ എതിർനിൽപ്പിനെ ആ ശരീരത്തെ ഇല്ലായ്മ ചെയ്യുന്നതിലൂടെ മറികടക്കാൻ സ്ത്രീക്കാകണം എന്ന തീർപ്പിലാണ് 'മരണഭാഷ' അവസാനിക്കുന്നത്; ശരീര കാമനയെ ശരീര ധ്വംസനം കൊണ്ടു നേരിടുന്ന പത്മിനിയിൽ. 

ഭാരതപര്യടനം / ചന്ദ്രന്റെ പ്രണയിനി

ധർമാധർമങ്ങളുടെ ആലോചനകളിൽ അകപ്പെട്ട്, ശരീരത്തിന്റെ ഉപയോഗത്തെ ശുദ്ധാശുദ്ധ അതിരുകളിൽ തളച്ചിട്ട്, ആവിഷ്ക്കാരങ്ങൾ അസാധ്യമാവുന്ന പ്രണയത്തിൽ നിന്ന് ഇറങ്ങിനടക്കുകയാണ് 'ഭാരതപര്യടന'ത്തിലെ ചന്ദ്രന്റെ പ്രണയിനി. കഥയിൽ ഒരിടത്തും ഒരു സാന്നിധ്യമായിപ്പോലും ഈ കഥാപാത്രം കടന്നുവരുന്നില്ല എന്നിടത്താണ് ചന്ദ്രനിൽ മാത്രം അനുഭവപ്പെടുന്ന ആ പെൺസ്വത്വത്തിന്റെ ഇടഞ്ഞുമാറലിന്റെ യുക്തി വായനക്കാരിലേക്കു നടന്നടുക്കുന്നത്. ചന്ദ്രന്റെ പ്രണയിനിയുടെ സ്വത്വവിചാരങ്ങളെന്ത്, പ്രണയാഭിലാഷങ്ങളെന്ത്, ജീവിതത്തുടർച്ചകളെന്ത് എന്നൊന്നും ചന്ദ്രനെപ്പോലെതന്നെ വായനക്കാരും അറിയുന്നില്ല.

unni-r-2

ഉപഭോഗതൃഷ്ണയാൽ മദിക്കപ്പെട്ട 'മരണഭാഷ'യിലെ ഉണ്ണിയല്ല 'ഭാരത പര്യടന'ത്തിലെ ചന്ദ്രൻ. ശരിതെറ്റുകളുടെയും ധർമാധർമങ്ങളുടെയും കറുപ്പിനും വെളുപ്പിനും ഇടയിലാണ് ചന്ദ്രന് പെണ്ണിന്റെ ശരീരം. പെണ്ണിനെ സാമ്പ്രദായിക ആൺകാഴ്ചയിൽ കാണാൻ ചന്ദ്രൻ ഒരിക്കലും മുതിരുന്നില്ല. ബോധത്തിലെയോ അബോധത്തിലെയോ കാമനയിലും അരുതാത്തതാണ് ചന്ദ്രന് താൻ പ്രണയിക്കുന്ന പെണ്ണിന്റെ ശരീരം. 'അധർമമാണത്' എന്നാണ് ചന്ദ്രൻ പറയുക. പ്രണയത്തിൽ ഏതു ശരി ഏതു തെറ്റ് എന്ന ആശങ്ക ഒട്ടുമേയില്ല ചന്ദ്രന്. അതിനെചൊല്ലി തീർപ്പുള്ള ബോധ്യങ്ങളിലാണ് അയാൾ ജീവിതം തീർക്കുന്നത്. 

'മരണഭാഷ'യിലെ പത്മിനിയുടെ 'കുമ്പസാരത്തിന്റെ ചുവയൊട്ടുമേ' ഇല്ലാത്ത തീർപ്പിലേക്ക് ചന്ദ്രന്റെ പ്രണയിനിക്ക് നടന്നു ചെല്ലേണ്ടി വരുന്നില്ല. അവർ ഈ ധർമാധർമ സംഘർഷത്തിൽനിന്നു സ്വതന്ത്രയാവുന്നത് തന്റെ കാമുകന് ഒടുവിലത്തെ സമ്മാനമായി ഒരു പുസ്തകം നൽകി ബന്ധം വേർപെടുത്തിക്കൊണ്ടാണ്. ചന്ദ്രന്റെ ജീവിതത്തിന്റെ ഭ്രമണപഥം തെറ്റിക്കുന്നതായി ആ പിൻമാറലും പുസ്തകവും.

പത്മിനിയുടെയും ചന്ദ്രന്റെ പ്രണയിനിയുടെയും തീരുമാനങ്ങൾക്കുശേഷം കഥയും ജീവിതവും പഴയതുപോലെയല്ല ഉണ്ണിക്കും ചന്ദ്രനും. ഉപഭോഗത്തിനു മാത്രമായോ നിർമമതയ്ക്കുമാത്രമായോ പിന്നെ ജീവിതം നിന്നുകൊടുക്കുന്നില്ല. തുടരേണ്ട ജീവിതത്തിന്റെ സ്വഭാവമെന്തെന്നു നിർണയിക്കുന്നത് പത്മിനിയുടെയും ചന്ദ്രന്റെ പ്രണയിനിയുടെയും തീരുമാനങ്ങളാണ്. സ്ത്രീ തന്റെ ജീവിതത്തെ സ്വയം നിർണയിക്കുന്ന ഇടത്താണ് അതു ചെന്നുനിൽക്കുന്നത്. പെണ്ണിന്റെ ജീവിതം സ്വയം നിർമിച്ചു തുടങ്ങുന്നതോടെ ആണിന്റെ ജീവിതത്തിന് സ്ഥാനഭ്രംശം ഉണ്ടാവുന്നു. ആൺ ലോകനിർമിതിയിൽ പെണ്ണിന്റെ എല്ലാ നിലയ്ക്കുമുള്ള അസാന്നിധ്യം തുറന്നുകാട്ടപ്പെടുന്നു.

പെണ്ണിന്റെ ഉള്ളടക്കത്തെ സൂക്ഷ്മമായി പിൻപറ്റി സ്ത്രീ ശാക്തീകരണത്തിന്റെ രാഷ്ട്രീയം ഉച്ചത്തിൽ പറയാതെ സ്വാതന്ത്ര്യത്തിന്റെ സ്വയം വഴികൾ കണ്ടെത്തുന്ന രണ്ടു കഥാപാത്രങ്ങൾ ജീവിതത്തിന്റെ തുടർച്ചകളിലേക്ക് സ്വാഭാവികമായി പരിണമിക്കുകയാണ് ഈ രണ്ടു കഥയിലും. ആണിൽ ചാരി നിൽക്കാതെയുള്ള, ആൺ ശരികളുടെ അതിരിനു പുറത്തെ പെൺനേരുകളുടെ ഇടങ്ങൾ തേടിയുള്ള പ്രതിരോധ നടത്തങ്ങളാണ് പത്മിനിയും ചന്ദ്രന്റെ പ്രണയിനിയും സാക്ഷാത്ക്കരിക്കുന്നത്. ഈ രണ്ടു തിരിഞ്ഞു നടത്തങ്ങളിലും ആൺ ലോകങ്ങളുടെ പാളം തെറ്റലാണ് പരിണതിയാകുന്നത്. ഉണ്ണിയിലും ചന്ദ്രനിലും അതിന്റെ കാരണം തേടുന്നത് അസ്ഥാനത്താവും. ആൺ സമൂഹത്തിന്റെ പൊതുബോധമാണ് അതിന് ഉത്തരം നൽകേണ്ടി വരിക. പത്മിനി ഉണ്ണിയോട് ചെയ്യുന്നതാണോ പരിഹാരമാർഗ്ഗം എന്ന ചോദ്യത്തിനു മുൻപ്, ഉണ്ണി പത്മിനിയോടു ചെയ്യുന്നതാണോ പ്രണയമാർഗ്ഗം, ജീവിതമാർഗ്ഗം എന്നാണ് ചോദിക്കേണ്ടത്. 

ശുദ്ധാശുദ്ധങ്ങളുടേയും ധർമാധർമങ്ങളുടെയും ഉരകല്ലിലാണോ ജീവിതത്തിന്റെ മാറ്റുരയ്ക്കേണ്ടത് എന്നാണ് ചോദ്യം. ജീവിതങ്ങൾ മാത്രം നിറഞ്ഞു കവിയുന്ന, ശരിയേത് തെറ്റേത് എന്ന് പക്ഷം പറയാത്ത, ആചാരമേത് അനാചാരമേത് എന്നു പതിരു തിരിക്കാത്ത, സത്യത്തിന്റെയും അസത്യത്തിന്റെയും നിറഭേദങ്ങൾ അറിയാത്ത, മഹാഭാരതം എന്ന പുരാണ കാവ്യഗ്രന്ഥം, ചന്ദ്രന് ഒടുവിലത്തെ സമ്മാനമായി നൽകാൻ ചന്ദ്രന്റെ പ്രണയിനിക്കാവുന്നതും ജീവിതത്തെ അവർക്കു സ്വന്തമായി നിർവചിക്കാൻ ആവുന്നതു കൊണ്ടാണ്. 

പരാതിപ്പെടുകയോ പരിതപിക്കുകയോ അല്ല പരിഹാരമാർഗ്ഗമെന്ന് ഈ രണ്ട് കഥാപാത്രങ്ങളും തീർച്ചയാക്കുന്നു, ആ തീർച്ചകളിൽ സ്വയം വളർന്ന് പൂർണരാകുന്നുമുണ്ട്. പത്മിനിയുടെ ഇരട്ടയായി ചന്ദ്രന്റെ കാമുകി മാറുന്നു. 'ഭാരത പര്യടന’ത്തിൽ ചന്ദ്രന് സംഭവിക്കുന്നതെന്ത് എന്ന് വ്യക്തമല്ല. എന്നാൽ മരണഭാഷയിലെ അവസാനവാചകം ചന്ദ്രനോടു നമുക്ക് പറയാൻ കഴിയുന്നു. 'ജീവിതമെന്നാൽ മരണത്തിനു മുമ്പുള്ളൊരു വെപ്രാളം മാത്രമാണ്. കരയല്ലേ ചന്ദ്രാ, എഴുന്നേറ്റു മുഖം കഴുകൂ.'

ഒരേ വിചാരപരിസരത്തു നിന്നുകൊണ്ട് ഒരാവിഷ്ക്കാരത്തിൽനിന്ന് മറ്റൊന്നിലേക്ക് എഴുതിയെത്തുന്ന ഉണ്ണി ആർ കഥയുടെ ഘടനയിൽ ബോധപൂർവമായ മാറ്റം വരുത്തുവാൻ ആഗ്രഹിക്കുന്നില്ല. രണ്ട് സുഹൃത്തുക്കളുടെ സംഭാഷണങ്ങളിലൂടെ വെളിപ്പെട്ടു വരുന്ന കഥാഗതി, നിർണായകമായ തീരുമാനങ്ങളിലെത്തി നിലപാടിലുറച്ചു സ്വാതന്ത്രരാവുന്ന സ്ത്രീകൾ, രണ്ടു പേരും പ്രണയിനികൾ, കഥാന്ത്യത്തിൽ സുഹൃത്തുക്കളിലൊരാളിൽ അവശേഷിക്കുന്ന ആകാംക്ഷ, കൗതുകം, അമ്പരപ്പ്, ഒറ്റപ്പെടലിന്റെ നിരാലംബത്വത്തിന്റെ ചുഴിയിലകപ്പെടുന്ന മുഖ്യകഥാപാത്രം എന്നിങ്ങനെ സമാനതകള‌േറെ കണ്ടെത്താം രണ്ടു കഥകളിലും. കഥാരചനയിൽ ഉണ്ടായിവരുന്ന ഭാവമാറ്റങ്ങളിൽ എതിർദിശകളിൽ നിൽക്കുന്ന കൗശലതയാൽ ഉണ്ണി ആറിന്റെ എഴുത്തിൽ സംഭവിക്കുന്ന പരിണാമഗതി അടയാളപ്പെടുത്താൻ ആവുംവിധം വിഭിന്നമാണ് കഥാഭാഷ. ദുർമേദസൊഴിവായ, സൂക്ഷ്മചടുലമായ ഭാഷകൊണ്ട് വളരെ അകന്നു നിൽക്കുന്നുണ്ട് 'മരണഭാഷ'യിൽ നിന്ന് 'ഭാരതപര്യടനം'.

‘മരണഭാഷ’യുടെ ഇരട്ടക്കഥയാണ് ‘ഭാരതപര്യടനം’ എന്നു നമുക്കു കരുതാം. കഥാന്ത്യത്തിൽ അശാന്തനായി നടന്നു നീങ്ങുന്ന ചന്ദ്രന്റെ രൂപത്തിനു പിന്നാലെ ശാന്തനായി നടന്നു പോവുന്ന ഒരു നായ കൂടിയാവുമ്പോൾ കഥയുടെ പേര് 'വാനപ്രസ്ഥം' എന്നായിരിക്കില്ലേ കൂടുതൽ ശരിയെന്നു വായനക്കാർക്കു തോന്നാം. ആ പേരിൽ എംടി ഒരു ചെറുകഥ മുന്നേ എഴുതിയതാവണം കുട്ടിക്കൃഷ്ണമാരാരോടു ക്ഷമ പറഞ്ഞ് ഈ കഥയ്ക്ക് 'ഭാരതപര്യടനം' എന്ന പേരിടാൻ ഉണ്ണി ആറിനെ പ്രേരിപ്പിച്ചത്. കുമാരനാശാനിൽനിന്നു കടം കൊണ്ട് ലീല എന്ന പേര് മുൻപൊരു ചെറുകഥയ്ക്കു നൽകിയതും ഈ സന്ദർഭത്തിൽ ഓർക്കാം. സമാനമായ ചിന്താപരിസരത്തുനിന്ന് രണ്ടു വ്യത്യസ്ത രീതിയിൽ ആഖ്യാനം നടത്തുന്ന, ഒരു കഥാകാരന്റെതന്നെ രണ്ടു കഥകൾ മലയാളത്തിൽ വേറെയുണ്ടെന്നു തോന്നുന്നില്ല.

Malayalam Short Stories, Malayalam literature interviews,മലയാളസാഹിത്യം