Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലൈംഗിക അഴിമതി; സാഹിത്യ നൊബേൽ റദ്ദാക്കി

Nobel prize medal

സാഹിത്യത്തിന് ഈ വർഷം നൊബേൽ പുരസ്കാരമില്ല. 2018 ൽ സാഹിത്യ നൊബേൽ പ്രഖ്യാപനം ഉണ്ടാകില്ലെന്ന് സ്വീഡിഷ് അക്കാദമി അറിയിച്ചു. അർഹതയുള്ള രചനകളുടെയും എഴുത്തുകാരുടെയും അഭാവമല്ല കാരണമെന്നും വിശദീകരണമുണ്ട്. നൊബേല്‍ പുരസ്കാര നിര്‍ണയസമിതിയംഗവും സാഹിത്യകാരിയുമായ കാതറിന ഫ്രോസ്റ്റെന്‍സണിന്റെ ഭര്‍ത്താവ് ഴാങ് ക്ലോദ് ആര്‍നോള്‍ട്ടിന്റെ പേരിലുയര്‍ന്ന ലൈംഗിക ആരോപണമാണ് ഇങ്ങനൊരു തീരുമാനത്തിലേക്ക് അക്കാദമിയെ നയിച്ചത്. 

ഈ വർഷത്തെ സാഹിത്യ നൊബേൽ പ്രഖ്യാപനം ഒരു വർഷത്തേക്കു നീട്ടിവച്ച് 2019 ൽ രണ്ടു പേർക്കു പുരസ്കാരം നൽകും. 230 വര്‍ഷത്തെ നൊബേല്‍ സാഹിത്യ പുരസ്‌കാരചരിത്രത്തിൽ ഇത് രണ്ടാം തവണയാണ് പുരസ്കാരപ്രഖ്യാപനം മാറ്റിവയ്ക്കുന്നത്. 1943-ൽ രണ്ടാംലോകമഹായുദ്ധകാലത്താണ് ഇതിനുമുമ്പ് നൊബേല്‍ സാഹിത്യ പുരസ്‌കാരം നല്‍കാതിരുന്നത്.

സ്വീഡിഷ് അക്കാദമി മറ്റു നൊബേൽ പുരസ്കാര നിർണയങ്ങളുടെ ഭാഗമല്ലാത്തതിനാൽ സാഹിത്യമൊഴികെയുള്ള മറ്റു പുരസ്കാരങ്ങൾ പതിവു പോലെ പ്രഖ്യാപിക്കും.

ലോകം മുഴുവൻ കത്തിപ്പടർന്ന 'മി ടൂ' പ്രചാരണത്തിന്റെ ചുവടുപിടിച്ച്, ഫ്രഞ്ച് ഫൊട്ടോഗ്രഫറായ ആര്‍നോള്‍ട്ടിനെതിരെ ലൈംഗിക ആരോപണവുമായി 18 സ്ത്രീകള്‍ കഴിഞ്ഞ നവംബറിൽ രംഗത്തെത്തിയിരുന്നു. സ്വീഡിഷ് അക്കാദമിയുടെ പരിസരങ്ങളിൽ വെച്ചാണ് ഈ ലൈംഗികകുറ്റകൃത്യങ്ങൾ അരങ്ങേറിയതെന്നും പരാതിയിൽ പറയുന്നു. ആരോപണങ്ങൾ ആര്‍നോള്‍ട്ട് നിഷേധിച്ചിരുന്നു. 

ആരോപണത്തിന്റെ പേരില്‍ ഇദ്ദേഹത്തിന്റെ ഭാര്യ കാതറിനയെ സമിതിയില്‍നിന്നു പുറത്താക്കേണ്ടതില്ലെന്ന് സ്വീഡിഷ് അക്കാദമി വോട്ടെടുപ്പിലൂടെ തീരുമാനിച്ചു. 

ലൈംഗിക അഴിമതി ആരോപണങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ പൊതുജനങ്ങളുടെ വിശ്വാസം കാക്കാൻ പുരസ്കാരം വേണ്ടെന്നുവയ്ക്കുന്നതാണ് നല്ലതെന്ന നിലപാടിലാണ് അക്കാദമി. 

Malayalam Short Stories, Malayalam literature interviews,മലയാളസാഹിത്യം