Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കരൾ പങ്കുവെച്ച് സാഹിത്യദമ്പതികൾ

b-mohan-kanimol

ഒറ്റനോട്ടത്തിൽ ആ പുസ്തകം ശ്രദ്ധിക്കപ്പെടാൻ കാരണം മുഖചിത്രം തന്നെ. കവർ നിറഞ്ഞുനിൽക്കുന്ന മുഖം. കവർ മറിച്ചാലോ കവിതകൾ. എന്തെഴുതിയാലും കവിതയാകുമെന്നു ധരിക്കുന്ന ഒരു കാലത്ത് ശ്രുതിസുന്ദരമായി, ധ്വനിഭംഗിയോടെ എഴുതിയ കവിതകൾ. വായിച്ചു മാറ്റിവച്ചാലും ഉള്ളിൽ തങ്ങിനിൽക്കും ആ കവിതകൾ. മറക്കാനാകാതെ മനസ്സിലുണ്ടാകും പ്രതിഭ കയ്യൊപ്പിട്ട പുസ്തകനിർമിതിയും. ഫുട്പാത്തിൽ ഒരുറുമ്പ് എന്നാണു പുസ്തകത്തിന്റെ പേര്. കണിമോളുടെ കാവ്യസമാഹാരം. പ്രസാധനം ഉൺമ. അക്ഷരങ്ങൾക്കു സമർപ്പിച്ച ഒരു ജീവിതത്തിലൂടെ പ്രസാധന സ്ഥാപനത്തെ സ്വന്തം പേരിനോടു കൂട്ടിച്ചേർത്ത ഉൺമമോഹൻ. ജീവിതപങ്കാളികളായ മോഹനും കണിമോളും കയ്യൊപ്പിട്ട മികച്ച പുസ്തകങ്ങളിലൊന്നാണ് ഫുട്പാത്തിൽ ഒരുറുമ്പ്. ഇരുവരുടെയും സർഗാത്മക ജീവിതത്തിന്റെ സാഫല്യം.

അച്ചടി കാത്തുകഴിയുന്ന പുസ്തകങ്ങളേറെയുണ്ട് എന്നും മോഹന്റെ മനസ്സിൽ. ഇതൾ വിരിയാൻ കാത്തിരിക്കുന്ന കവിതകളുടെ മുകുളങ്ങളുണ്ട് കണിമോളുടെ മനസ്സിലും. കാത്തിരുപ്പിനെ കുറച്ചൊന്നു ദീർഘിപ്പിച്ച് ഒരു ആശുപത്രിമുറിയിലാണ് ഇരുവരും ഇപ്പോൾ. 35 വർഷത്തെ അക്ഷരസപര്യയ്ക്കു ചെറിയൊരു ഇടവേള നൽ‌കിയിരിക്കുകയാണ് മോഹൻ. ആഗ്രഹിക്കാത്ത വിശ്രമവേള–അതും ഒരു ആശുപത്രിയിൽ. പുസ്തകങ്ങൾക്കിടയിൽ ജീവിതം തളച്ചിട്ട മോഹൻ അക്ഷരങ്ങൾക്കു നടുവിലാണ് ആശുപത്രിയിലും. അക്ഷരം നേടിക്കൊടുത്ത നശിക്കാത്ത സൗഹൃദങ്ങളുടെ നടുവിലും. മണിക്കൂറുകൾ നീളുന്ന ശസ്ത്രക്രിയയിലൂടെ ഇന്ന് മോഹൻ ആശുപത്രിയുടെ മരുന്നു മണത്തിൽനിന്ന് പുസ്തകങ്ങളുടെ മണത്തിലേക്കു തിരിച്ചുനടക്കാനുള്ള യാത്ര തുടങ്ങുന്നു. അരികിലുണ്ട് കണിമോൾ. സ്നേഹത്തിൽ കരുത്തിൽ ഒരുമിച്ച മോഹന് തന്റെ കരൾ പകുത്തുനൽകുകയാണ് മലയാളത്തിന്റെ പ്രിയപ്പെട്ട കവിയത്രിയായ കണിമോൾ. ജീവിതം പങ്കുവച്ച ദമ്പതികൾ ഇനി അക്ഷരാർഥത്തിൽ കരൾ കൂടി പങ്കുവച്ച് ജീവിതത്തിലേക്കു തിരിച്ചുനടക്കുമ്പോൾ സുഖാശംസകളുമായി ഒപ്പമുണ്ട് മലയാളം. ആയുരാരോഗ്യത്തിനു കരുത്തായി കൂടെയുണ്ട് അക്ഷരലോകം. 

foot-pathil-oru-urumb

ആലപ്പുഴ ജില്ലയിൽ മാവേലിക്കരയ്ക്കടുത്തുള്ള കൊച്ചുഗ്രാമമാണ് നൂറനാട്. ബി. മോഹന്റെ ജന്മദേശം. അക്ഷരങ്ങളുടെ തോഴനായ മോഹൻ ഉൺമയെന്ന മാസികയിലൂടെ നടത്തിയ സാംസ്കാരിക വിപ്ലവം അദ്ദേഹത്തെ നൂറനാട് മോഹനാക്കി പിന്നീട് ഉൺമ മോഹനനും. പ്രസാധകൻ എന്നതിനൊപ്പം എഴുത്തുകാരനും സാമൂഹിക പ്രവർ‌ത്തകനും കൂടിയാണു മോഹൻ. കവിതയുടെ കൈപിടിച്ചുനടന്ന, ഇടുക്കിയിൽനിന്നുള്ള കണിമോൾ മോഹനുമായി അടുക്കുന്നതും സാഹിത്യസംഗമങ്ങളിലൂടെ. 1992–ൽ വിവാഹം. കവിതയും പ്രണയും ഇഴചേർന്ന ജീവിതം. പ്രസാധകന്റെയും കവിയത്രിയുടെയും പ്രണയത്തിനു സാക്ഷ്യമായി കവിതയല്ലാതെ മറ്റൊന്നും വേണ്ടെങ്കിലും ഒരു കരളിലൂടെ ജീവിതം പങ്കിടാൻ ഒരുങ്ങുകയാണ് ഇരുവരും. കൊച്ചി അമൃത ആശുപത്രിയിൽ ഇന്നു മോഹനു ശസ്ത്രക്രിയ. ഒരുവർഷമായി കരൾരോഗത്തിന്റെ പിടിയിലാണു മോഹൻ. കരൾ മാറ്റിവയ്ക്കൽ മാത്രമാണ് ഇനി പരിഹാരം. കരളു പങ്കിടാൻ കൂടെയുണ്ട് കണിമോൾ. പരിശോധനകളെല്ലാം അനുകൂലമായതിനെത്തുടർന്നാണ് ഇന്നു ശസ്ത്രക്രിയ നടത്തുന്നത്.

ശസ്ത്രക്രിയയ്ക്കുവേണ്ടിയുള്ള കാത്തിരിപ്പിനിടയിലും നന്ദി പറയുകയാണ് മോഹൻ. സഹജീവികളുടെ സ്നേഹത്തിന്. ജീവിതത്തിലെ മരുന്നുമണമുള്ള ഒരു കാലത്തിലൂടെ കടന്നുപോകുമ്പോൾ സ്നേഹവും കരുത്തുമായി കൂടെ നിൽക്കുന്ന മനസ്സുകൾക്ക്. അദ്ദേഹമെഴുതി: 

'35 വർഷം അക്ഷരപ്പാതയിലെ കൊടുംചൂടിലും തണുപ്പിലും മഞ്ഞിലും നടന്നലഞ്ഞതിന്റെ ക്ഷീണം കുറച്ചൊന്നുമല്ല ഞാനനുഭവിച്ചത്. കുട്ടിക്കാലത്തെപ്പറ്റിയോർത്ത് ഇപ്പോഴും ഞാൻ കരയാറുണ്ട്. ഇന്നിപ്പോൾ മൂന്നരദശാബ്ദത്തിനുശേഷം ആദ്യമായി അൽപം വിശ്രമിക്കാൻ ഇടവന്നപ്പോൾ അതും കൊച്ചി അമൃതയിലെ രോഗക്കിടക്കയിലായപ്പോൾ മനസ്സു നുറുങ്ങുന്നതു രോഗചിന്തയാലല്ല. മറ്റു പലവിധ വികാരങ്ങളാൽ. സഹജീവികളുടെ സ്നേഹത്തിനു മുന്നിൽ ഞാൻ അന്തിച്ചുനിൽക്കുന്നു. രോഗവാർത്ത പുറത്തറിഞ്ഞ ശേഷമുണ്ടായ അനുഭവങ്ങളെഴുതാൻ ഒരു പുസ്തകം തന്നെ വേണം. എല്ലാവരും ഒപ്പമുണ്ടെന്ന വിശ്വാസം വല്ലാത്ത ധൈര്യം നൽകുന്നു.' 

മലയാളത്തിന്റെ കാത്തിരിപ്പ് തുടങ്ങുകയാണ്. അശുപത്രിക്കിടക്കയ്ക്കു ചിരിച്ചുകൊണ്ട് നന്ദി പറഞ്ഞു തിരിച്ചെത്തുന്ന മോഹനെ കാത്ത്, അനുഭവങ്ങളുടെ ആ വലിയ പുസ്തകത്തിനും... കണിമോൾ എഴുതിയതുപോലെ –‘അനന്തഗാന്ധാര സ്മൃതികളിൽ ലയമുണർന്നു പൂവുകൾ പുനർജ്ജനി’ക്കട്ടെ....

Malayalam Short Stories, Malayalam literature interviews,മലയാളസാഹിത്യം