തന്റെ ഫോട്ടോയെടുത്ത ആളുടെ കയ്യിൽനിന്നു മൊബൈൽ വാങ്ങി, യേശുദാസ് ചിത്രങ്ങൾ ഡിലീറ്റ് ചെയ്തത് ഈയിടെ വിവാദം സൃഷ്ടിച്ചു. ‘സെൽഫി സെൽഫിഷാണ്’ എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. യുഎസിൽ റോഡിലും മറ്റു പൊതുസ്ഥലങ്ങളിലും വ്യക്തികളുടെ ഫോട്ടോയെടുക്കുന്നത് അനുവദനീയമാണ്. പൊതുസ്ഥലങ്ങളിൽവച്ചു സ്വകാര്യ വ്യക്തികളുടെ ഫോട്ടോ, അവരുടെ അറിവുകൂടാതെ എടുക്കുന്നതു സംബന്ധിച്ച് ഇന്ത്യയിൽ ഇപ്പോഴും നിയമപരമായ വ്യക്തതയില്ല.
2015 ഡിസംബറിൽ ബെംഗളൂരുവിലെ കൊമേഷ്യൽ സ്ട്രീറ്റിൽവച്ച് തന്റെ ഫോട്ടോയെടുത്തു എന്ന് ഒരു പത്രപ്രവർത്തക പരാതിപ്പെട്ടതിനെ തുടർന്ന് ഒരാൾ അറസ്റ്റിലായി. മേയ് 2014ൽ അതേ നഗരത്തിലെ കണ്ണിങ്ങാം റോഡിലെ കഫേയിലിരുന്ന ഒരു സ്ത്രീയുടെ ഫോട്ടോയെടുക്കുന്നതിനിടെ ഒരു ഐപിഎസ് ഓഫിസറും അറസ്റ്റിലായി. രണ്ടിലും, സ്ത്രീകളോടുള്ള അതിക്രമങ്ങൾക്കെതിരായ വകുപ്പുകൾ ചുമത്തിയായിരുന്നു കേസ്. പൊതുവേ പറഞ്ഞാൽ ദുഷ്ടലാക്കോടെയോ ആക്രമോത്സുകമായോ ഉള്ള ഫൊട്ടോഗ്രഫി, നിലവിലുള്ള നിയമങ്ങൾവച്ചുതന്നെ, ഇന്ത്യയിലും കുറ്റകരമാണ്.
യേശുദാസിന്റെ ഫോട്ടോ എടുത്തത് ഒരു സ്വകാര്യസ്ഥലത്തു, ഹോട്ടലിൽ വച്ചാണ്. അത് അദ്ദേഹത്തിന്റെ സമ്മതപ്രകാരമല്ലാത്തതിനാൽ സ്വകാര്യതയിലുള്ള കടന്നുകയറ്റവും. മാത്രമല്ല, സെൽഫി, ഉഭയകക്ഷികളുടെ സമ്മതത്തോടെ സസന്തോഷം എടുക്കുന്ന ഓർമപ്പടമാണ്. ഇവിടെ സെൽഫി, സെൽഫിഷല്ല, ഒരുതരം ഫൊട്ടോഗ്രഫിക് ‘റേപ്’ ആകുന്നു.
ദത്തുനൽകിയ പൈതൃകം
കേന്ദ്ര വിനോദസഞ്ചാര വകുപ്പിന്റെ പൈതൃകസ്ഥലങ്ങൾ ദത്തെടുക്കുക എന്ന പദ്ധതി, ആറ്റിക്കുറുക്കി പറഞ്ഞാൽ, ഇത്രയേയുള്ളൂ: ചരിത്രസ്മാരകങ്ങളിൽ കുറച്ചു ശുചിമുറികൾ, ഭിന്നശേഷി സൗഹൃദത്വം, ഭൂദൃശ്യങ്ങളുടെ (ലാൻഡ്സ്കേപ്) പുനർനവീകരണം, കഫെറ്റീരിയകൾ, ക്യുആർ കോഡുള്ള ടിക്കറ്റിങ് സംവിധാനം, ശ്രവിക്കാവുന്ന വിവരണം (ഓഡിയോ ഗൈഡ്) തുടങ്ങി കുറച്ചു സൗകര്യങ്ങൾ എർപ്പെടുത്തുക. പുരാവസ്തുവകുപ്പിന്റെ പോക്കറ്റ് കാലിയായതുകൊണ്ട് സ്വകാര്യസ്ഥാപനങ്ങളുടെ സിഎസ്ആർ (കോർപറേറ്റ് സാമൂഹികോത്തരവാദിത്തം) ഫണ്ടിൽനിന്നു തുക നേരിട്ടു ചെലവഴിപ്പിച്ചുകൊണ്ടു പൈതൃകസ്ഥലങ്ങളുടെ മേൽനോട്ടം അവർക്കു നൽകുക. പകരം ഈ സ്ഥാപനങ്ങൾക്കു പുരാവസ്തു വകുപ്പ് അനുവദിക്കുന്ന രീതിയിൽ അവരുടെ പേരു പ്രദർശിപ്പിക്കാം.
ന്യൂഡൽഹിയിലെ ചെങ്കോട്ട ദത്തെടുക്കുന്നതു സംബന്ധിച്ചു ഡാൽമിയ ഭാരത് എന്ന സിമന്റ് കമ്പനിയുമായി വിനോദസഞ്ചാര വകുപ്പ് ധാരണ പത്രത്തിൽ ഒപ്പു വച്ചു. സിമന്റ് കമ്പനി നൽകേണ്ട തുക പ്രതിവർഷം അഞ്ചു കോടി രൂപ. ഈ രംഗത്തു സിമന്റ് കമ്പനിയുടെ പ്രാവീണ്യം: ശൂന്യം.
ഇതിനു പകരമായി ഇനിമുതൽ ദിവാനി ആമിന്റെയും രംഗ് മഹലിന്റെയും മുൻപിൽ സിമന്റ് കമ്പനിയുടെ പേരു വരും. ഇതിനു പുറമേ അവർക്കു വരുമാനവും ഉണ്ടാകാം. പദ്ധതിയുടെ മാർഗനിർദേശങ്ങളിൽ ഒട്ടും സുതാര്യമല്ലാത്തതു ടിക്കറ്റിങ്ങിനെ സംബന്ധിച്ചുള്ളതാണ്. ദത്തെടുക്കുന്ന കമ്പനി ഒരുരീതിയിലും സ്മാരകത്തിൽനിന്നു വരുമാനമെടുക്കരുതെന്നു പറഞ്ഞിട്ട്, അടുത്ത ശ്വാസത്തിൽ, ഭാവിയിൽ വേണമെങ്കിൽ അധികൃതരുടെ അനുവാദം തേടി അങ്ങനെയാകാമെന്നു പറയുന്നു.
എന്താണു ചരിത്രസ്മാരകങ്ങൾ എന്ന ചോദ്യത്തിനുള്ള ഉത്തരമാണ് ഈ പദ്ധതിയുടെ അടിസ്ഥാനപരമായ പാളിച്ചയുടെ കാരണം. ലോകവ്യാപകമായി അവയെ രാജ്യത്തിന്റെ പൈതൃകവും ഭാവിതലമുറയ്‌ക്ക് അഭിമാനപൂർവം കൈമാറേണ്ട രാഷ്ട്രസ്വത്തും ആയി കാണുന്നു. എന്നാൽ, ഈ പദ്ധതി അനുസരിച്ചു ചരിത്രസ്മാരകങ്ങൾ വിനോദസഞ്ചാരികൾക്കുവേണ്ടിയുള്ളതാണ്. അവരുടെ എണ്ണം കൂട്ടുക എന്നതാണു പദ്ധതിയുടെ പ്രധാന ഉദ്ദേശ്യം. അതിനുള്ള പരക്കംപാച്ചിലിൽ, നാടിന്റെ ചരിത്രമടക്കം എല്ലാം അപ്രസക്തമാകുന്നു.
ഐസ്‌ലൻഡിന് കയ്യടിക്കാം
ലോകകപ്പ് ചരിത്രത്തിൽ, ഐസ്‌ലൻഡ് പോലെ ചെറിയ രാജ്യം ഇതിനു മുൻപു ഫൈനൽസിൽ കളിച്ചിട്ടില്ല. അവർ അതിനുമുൻപുതന്നെ ഫുട്ബോൾപ്രേമികളെ കീഴടക്കിക്കഴിഞ്ഞിരിക്കുന്നു. ഫുട്ബോൾ സ്റ്റേഡിയങ്ങളിൽ ഇപ്പോൾ മുഴങ്ങിക്കേൾക്കുന്ന ‘ഇടിവെട്ട് കയ്യടി’ (thunderclap), അവരുടെ കാണികളുടെ സംഭാവനയാണ്. കൈകൾ പരത്തിവയ്ക്കുക, പിന്നെ മന്ത്രോച്ചാരണം പോലെ പതുക്കെയുള്ള ചാന്റ്, തുടർന്ന് ഒറ്റ കയ്യടി. ഐസ്‌ലൻഡ് ക്വാർട്ടർ ഫൈനലിൽ എത്തിയ 2016ലെ യൂറോകപ്പിനെ തുടർന്നാണു തണ്ടർക്ലാപ് ജനപ്രിയമാകുന്നത്.
ഐസ്‌ലൻഡിന്റെ ജനസംഖ്യ മൂന്നരലക്ഷമാണ്; ഇതിൽ അരലക്ഷംപേർ വിദേശികളും. ശേഷിക്കുന്ന മൂന്നുലക്ഷത്തിൽ പാതി സ്ത്രീകളായിരിക്കും. പിന്നെ വരുന്ന ഒന്നരലക്ഷത്തിൽ 18നും 35നും ഇടയ്‌ക്കു പ്രായമുള്ളവർ 38000 പേർ വരും. അവരിൽനിന്നു ശരീരശേഷിയും മാനസികാരോഗ്യവും കുറഞ്ഞവരെ മാറ്റിനിർത്തിയാൽ 36,000 പേർ വരും. ഇത്രയും പേരിൽനിന്നാണു ലോകകപ്പ് ഫൈനൽസിൽ എത്തിയ ഫുട്ബോൾ കളിക്കാർ ഉണ്ടായത്. അദ്ഭുതങ്ങളിൽ അദ്ഭുതം, അതിലൊരാൾ കടലുകൾ പലതും കടന്നു കൊച്ചിയിലെത്തി കേരള ബ്ലാസ്റ്റേഴ്സിനുവേണ്ടി കളിച്ചു– ഗുഡ്യോൺ ബാൾഡ്‌വിൻസൺ.
ഇരുപതുവർഷം മുൻപാണ് ഐസ്‌ലൻഡ് ഒരു ഫുട്ബോൾ ശക്തിയാകാൻ തീരുമാനിച്ചത്. അതിനുവേണ്ടി അവർ രണ്ടു കാര്യങ്ങൾ ചെയ്തു. ആദ്യമായി യൂറോപ്പിലെ ഫുട്ബോൾ ശക്തികളായ രാജ്യങ്ങളിലേക്ക്, പ്രത്യേകിച്ച് ഇംഗ്ലണ്ടിലേക്ക്, എ ലെവൽ അല്ലെങ്കിൽ ബി ലെവൽ കോച്ചുകളായി പരിശീലനം നേടാൻ ധാരാളം ആളുകളെ അയച്ചു. ഇന്ന് ഐസ്‌ലൻഡിൽ 800 പേർക്ക് ഒരു ഉന്നതനിലവാരമുള്ള കോച്ച് ഉണ്ട്; ഇംഗ്ലണ്ടിൽ ഈ സംഖ്യ 1100 ആണ്.
രണ്ടാമതായി, ഫിഫയുടെ സഹായത്തോടെ, ഇൻഡോർ സ്റ്റേഡിയങ്ങളും ചൂടുപിടിപ്പിച്ച ടർഫുള്ള തുറന്ന കളിസ്ഥലങ്ങളും നിർമിച്ചു. കൊല്ലംമുഴുവൻ ഫുട്ബോൾ കളിക്കുവാനുള്ള സൗകര്യം കളിക്കാർക്കു ലഭിച്ചു. ഓർക്കുക ആർട്ടിക് മേഖലയിൽ അതിശൈത്യം അനുഭവിക്കുന്ന രാജ്യമാണ് ഐസ്‌ലൻഡ്. 1998ൽ ഈ രാജ്യത്തിന്റെ ഫിഫ റാങ്ക് 78 ആയിരുന്നെങ്കിൽ ഇപ്പോൾ 22 ആണ്. അന്ന് 111 ആയിരുന്ന ഇന്ത്യ ഇപ്പോൾ 97ൽ എത്തിനിൽക്കുന്നു. നമുക്കു പല പാഠങ്ങളും, തൃശൂരിന്റെ അത്ര ജനസംഖ്യയുള്ള ഈ രാജ്യത്തുനിന്നു പഠിക്കാനുണ്ട്.
സ്കോർപ്പിയോൺ കിക്ക്:
കുറ്റവാസന വർധിപ്പിക്കുന്നതിനാൽ ജയിലിൽ മട്ടൻ വിളമ്പുന്നതു നിർത്തണം, ജയിൽ ഡിജിപി ശ്രീലേഖ.
അതിലും നല്ലത് മട്ടൻ മൊത്തത്തിൽ നിരോധിക്കുകയാണ്; പിന്നെ ജയിലുകളുടെയും ജയിൽ ഡിജിപിയുടെയും ആവശ്യം വരില്ലല്ലോ.
Malayalam Short Stories, Malayalam literature interviews,മലയാളസാഹിത്യം